ഫാക്ട് ചെക്ക്: എയർ ഇന്ത്യയുടേതെന്ന് പ്രചരിക്കുന്ന ആ വീഡിയോ വ്യാജമാണ്; തെളിവുകളിതാ
സാമൂഹ്യ അകലം പാലിക്കുന്നതിനെക്കുറിച്ചും സീറ്റ് ക്രമീകരണത്തെക്കുറിച്ചും യാത്രക്കാരിലൊരാൾ ക്രൂ അംഗങ്ങളിൽ ഒരാളുമായി തർക്കിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്.
ദില്ലി: മറ്റ് സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന ചിക്കാഗോയിൽ നിന്നുള്ള ദില്ലി എയർ ഇന്ത്യ ഫ്ലൈറ്റാണെന്ന അടിക്കുറിപ്പോടെ, വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നു. സാമൂഹ്യ അകലം പാലിക്കുന്നതിനെക്കുറിച്ചും സീറ്റ് ക്രമീകരണത്തെക്കുറിച്ചും യാത്രക്കാരിലൊരാൾ ക്രൂ അംഗങ്ങളിൽ ഒരാളുമായി തർക്കിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്.
വീഡിയോയുടെ തലക്കെട്ട് ഇങ്ങനെയാണ്, എയർ ഇന്ത്യയുടെ ചിക്കാഗോ ദില്ലി ഫ്ലൈറ്റാണിത്. സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യുന്നതിന് വേണ്ടി യാത്രക്കൂലിയുടെ മൂന്നിരട്ടിയാണ് യാത്രക്കാർ കൊടുത്തത്. എന്നാൽ ഫ്ലൈറ്റിനുള്ളിലെ യഥാർത്ഥ ദൃശ്യം ഇതാണ്. ഒപ്പം ആളുകൾ വിമാനത്തിനുള്ളിൽ തൊട്ടടുത്ത് ഇരിക്കുന്നതും വീഡിയോയിൽ കാണാം. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
എന്നാൽ ഈ വിഡിയോയെക്കുറിച്ചുള്ള വാർത്ത വ്യാജമാണെന്ന് ന്യൂസ് മൊബൈൽ റിപ്പോർട്ട് ചെയ്യുന്നു. എയർ ഇന്ത്യ ഫ്ലൈറ്റിനുള്ളിൽ ഇത്തരത്തിലൊരു വീഡിയോ ചിത്രീകരിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം പ്രസ് ഇൻഫോർമേഷൻ ബ്യൂറോ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഈ വാർത്തയുടെ നിജസ്ഥിതി വെളിപ്പെടുത്തി ട്വീറ്റ് ചെയ്തു. അയൽരാജ്യത്ത് നിന്നുള്ള എയർലൈനിന്റേതാണ് ഈ വീഡിയോ എന്ന് പിഐബി വ്യക്തമാക്കുന്നു.
പാകിസ്ഥാനിലെ എയർലൈനിനുള്ളിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതായി ന്യൂസ് മൊബൈൽ തെളിവുകൾ സഹിതം വെളിപ്പെടുത്തുന്നു. പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനത്തിനുള്ളിൽ വച്ച് അമിത ചാർജ്ജ് ഈടാക്കിയതിനെക്കുറിച്ചും സാമൂഹിക അകലം പാലിക്കാത്തതിനെക്കുറിച്ചും യാത്രക്കാർ പരാതിപ്പെടുന്ന ഒരു വീഡിയോയെക്കുറിച്ച് 2020 ഏപ്രിൽ 29 ന് എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എയർ ഇന്ത്യയുടേതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന അതേ വീഡിയോ തന്നെയാണിത് തെളിവ് സഹിതം വ്യക്തമാകുന്നു. ചുരുക്കത്തിൽ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് എയർ ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല.