കൊറോണയെ ചെറുക്കാന്‍ അമിതമായി ഗോമൂത്രം കുടിച്ച ബാബാ രാംദേവ് ആശുപത്രിയിലായോ?; സത്യമിതാണ്
ബാബാ രാംദേവ് പൂര്‍ണ ആരോഗ്യവനാണെന്നും കൊറോണവൈറസിനെതിരെ ഗോമൂത്രം കുടിച്ച് അവശനായെന്ന വാര്‍ത്ത അസംബന്ധമാണെന്നും അദ്ദേഹത്തിന്‍റെ വക്താവ് തിജറാവാല മാധ്യമങ്ങളോട് പറഞ്ഞു.
ദില്ലി: അവശനിലയിലായി ദില്ലി എയിംസ് ആശുപത്രിയില്‍ യോഗ ഗുരു ബാബാ രാംദേവിനെ പ്രവേശിപ്പിച്ചെന്ന് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. കൊറൊണവൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ ഗോമൂത്രം കുടിച്ച് അവശനിലയിലായതിനെ തുടര്‍ന്നാണ് ബാബാ രാംദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. ട്വിറ്ററിലും ഫേസ്ബുക്കിലുമാണ് വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍, ഫോട്ടോ 2011ലേതാണെന്ന് മാധ്യമങ്ങള്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി.
2011ല്‍ കള്ളപ്പണത്തിനെതിരെ നിരാഹാര സമരം നടത്തിയ രാംദേവ് അവശനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ എടുത്ത ചിത്രമാണ് പ്രചരിക്കുന്നത്. ബാബാ രാംദേവ് പൂര്‍ണ ആരോഗ്യവനാണെന്നും കൊറോണവൈറസിനെതിരെ ഗോമൂത്രം കുടിച്ച് അവശനായെന്ന വാര്‍ത്ത അസംബന്ധമാണെന്നും അദ്ദേഹത്തിന്‍റെ വക്താവ് തിജറാവാല മാധ്യമങ്ങളോട് പറഞ്ഞു. ബാബാ രാംദേവ് ചടങ്ങില്‍ പങ്കെടുക്കാനായി ബെംഗളൂരുവിലേക്ക് തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമീപ ദിവസങ്ങളില്‍ രാംദേവ് പങ്കെടുത്ത വാര്‍ത്താചാനലുകളിലെ ചര്‍ച്ചയുടെ ചിത്രങ്ങളും വക്താവ് പങ്കുവെച്ചു.
നേരത്തെ കൊറോണവൈറസിനെ ചെറുക്കാന്‍ ഗോമൂത്രം കുടിച്ചാല്‍ മതിയെന്ന തരത്തില്‍ വിവിധയാളുകള്‍ പ്രചാരണം നടത്തിയിരുന്നു. കൊറോണയെ ചെറുക്കാന്‍ ഗോമൂത്രവും ചാണകബിസ്കറ്റും മതിയെന്ന വിഎച്ച്പി നേതാവിന്‍റെ പരാമര്‍ശം വിവാദമായിരുന്നു.