കൊറോണവൈറസ് ബാധിക്കാതിരിക്കാന്‍ മാംസഭക്ഷണം ഒഴിവാക്കണമെന്ന് വാട്സ് ആപ് പ്രചാരണം; സത്യമെന്ത്
ആരോഗ്യ മന്ത്രാലയം ഇത്തരത്തിലൊരു നിര്‍ദേശം പുറത്തിറക്കിയിട്ടില്ലെന്ന് ആള്‍ട്ട് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ചൈനയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശമാണ് പുറത്തിറക്കിയത്.
ദില്ലി: കൊറോണവൈറസ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പേരില്‍ വ്യാജ പ്രചാരണം. വാട്സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലാണ് വ്യാജപ്രചാരണം വ്യാപകമായത്. കൊറൊണവൈറസ് സംബന്ധിച്ച് സ്വീകരിക്കേണ്ട മുന്നറിയിപ്പുകള്‍ സംബന്ധിച്ചാണ് വ്യാജപ്രചാരണം നടന്നത്. ദാഹത്തോടെ ഇരിക്കരുതെന്നും വരണ്ട തൊണ്ടയില്‍ 10 മിനിറ്റിനകം വൈറസ് ബാധിക്കുമെന്നും വ്യാജ സന്ദേശത്തില്‍ പറയുന്നു.
വാട്സ് ആപ്പില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശം
ഈര്‍പ്പമുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക, 2020 മാര്‍ച്ച് 20 അവസാനം തിരക്കുള്ള പൊതു സ്ഥലത്ത് നിന്ന് കഴിയുന്നതും ഒഴിഞ്ഞുനില്‍ക്കണമെന്നുമാണ് അറിയിപ്പില്‍ പറയുന്നത്. ട്രെയിന്‍, തിയറ്റര്‍ എന്നിവിടങ്ങളില്‍ പോകുമ്പോള്‍ മാസ്ക് ധരിക്കണമെന്നും പറയുന്നു. ജനുവരി 28നാണ് പ്രചാരണം തുടങ്ങിയത്. ദില്ലി പബ്ലിക് സ്കൂള്‍ ബിരത്നഗര്‍ അവരുടെ ഫേസ്ബുക്ക് പേജില്‍ വ്യാജ അറിയിപ്പുകള്‍ ഷെയര്‍ ചെയ്തു. ഇതിന് പുറമെ, വ്യാജപ്രചാരണം വാട്സ് ആപ് ഇന്‍ കയോ എന്ന ഗ്രൂപ്പിലാണ് പ്രചാരണം നടക്കുന്നു.
ആരോഗ്യമന്ത്രാലയത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന അറിയിപ്പ്
മാംസഭക്ഷണം ഒഴിവാക്കുക, തിളച്ച വെള്ളം കുടിക്കുക, വൃത്തിയായി നടക്കുക, തുളസിയില, ഇഞ്ചി, കുരുമുളക് എന്നിവ തിളപ്പിച്ച വെള്ളം കുടിക്കുക, ഭക്ഷണത്തില്‍ രസം ഉള്‍പ്പെടുത്തുക, പച്ചക്കറി സൂപ്പ് കുടിക്കുക, ചൂടുള്ള വെള്ളം കുറച്ച് കുറച്ചായി കുടിക്കുക എന്നാണ് പ്രചാരണം. ആന്‍റിബയോട്ടിക് കൊറോണവൈറസിന് ഫലപ്രദമല്ലെന്നും പറയുന്നു. ഡോ. ശരദ് കസര്‍ലെ എന്നയാളുടെ പേരിലാണ് പ്രചാരണം നടക്കുന്നത്. ഇന്ത്യയില്‍ 11 പേര്‍ക്ക് വൈറസ് ബാധയേറ്റെന്നും പ്രചരിക്കുന്നുണ്ട്.
ദില്ലി പബ്ലിക് സ്കൂള്‍ ഷെയര്‍ ചെയ്ത അറിയിപ്പ്
എന്നാല്‍, ആരോഗ്യ മന്ത്രാലയം ഇത്തരത്തിലൊരു നിര്‍ദേശം പുറത്തിറക്കിയിട്ടില്ലെന്ന് ആള്‍ട്ട് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ചൈനയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശം മാത്രമാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്. ഈ നിര്‍ദേശത്തെ വളച്ചൊടിച്ചാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയത്. ജനുവരി 17നാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. ജനുവരി 25ന് നിര്‍ദേശം വീണ്ടും പുതുക്കി. കൊറോണവൈറസ് മനുഷ്യരില്‍ നിന്ന് പകരുമെന്ന വിവരം ലഭിച്ചതിന് ശേഷമാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയത്. ആര്‍ക്കെങ്കിലും വൈറസ് ബാധിച്ചെങ്കില്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചുള്ള 264 പേജ് ഡോക്യുമെന്‍റും പുറത്തിറക്കിയിരുന്നു.