ന്യൂയോര്‍ക്കിലെ ഈ റസ്റ്റോറന്‍റില്‍ വിളമ്പുന്നത് മനുഷ്യമാംസമോ? സത്യാവസ്ഥ ഇതാണ്
ന്യൂയോര്‍ക്കിലെ റസ്റ്റോറന്‍റില്‍ വിളമ്പുന്നത് മനുഷ്യമാംസമാണെന്ന വാര്‍ത്തകളുടെ സത്യാവസ്ഥ ഇതാണ്.
ന്യൂയോര്‍ക്ക്: 'ആഹാരശൃംഖലയില്‍ മനുഷ്യനാണ് ഏറ്റവും മുകളിലുള്ള ജീവി. മനുഷ്യമാംസം മാത്രമാണ് നമുക്ക് ഇനി കഴിക്കാന്‍ ബാക്കിയുള്ളതും. ഞങ്ങളുടെ റസ്റ്റോറന്‍റില്‍ മനുഷ്യമാംസം വിളമ്പുന്നതിനായി വളരെയധികം ശ്രമിച്ചിട്ടുണ്ട്. ഒടുവില്‍ സര്‍ക്കാര്‍ അതിന് അനുവാദം നല്‍കിയിരിക്കുന്നു'... ന്യൂയോര്‍ക്കിലെ സ്കിന്‍ എന്ന റസ്റ്റോറന്‍റിന്‍റെ ഉടമ മാരിയോ ഡോര്‍സിയെ ഉദ്ധരിച്ച് 'എമ്പയര്‍ ന്യൂസ്' എന്ന വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ലേഖനമാണിത്.
2016 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിച്ചവര്‍ ഞെട്ടി. സത്യാവസ്ഥ എന്തെന്ന് അറിയാന്‍ അവര്‍ പല ശ്രമങ്ങളും നടത്തി. 'എലൈറ്റ് ന്യൂസ് പ്രസ്', 'ഡെസേര്‍ട്ട് ഹെറാള്‍ഡ്' എന്നീ വെബ്സൈറ്റുകളിലും ഇതേ ലേഖനത്തിലെ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഒടുവില്‍ എമ്പയര്‍ ന്യൂസ് തന്നെ സംഗതിയുടെ സത്യാവസ്ഥ പുറത്തുവിട്ടിരിക്കുകയാണ്.
വിനോദത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു എന്നാണ് എമ്പയര്‍ ന്യൂസ് തന്നെ അവരെക്കുറിച്ച് വിവരിക്കുന്നത്. അറിയപ്പെടുന്ന ആളുകള്‍, സെലിബ്രിറ്റി പാരഡികള്‍, ആക്ഷേപഹാസ്യങ്ങള്‍ എന്നിവ ഒഴികെ തങ്ങളുടെ തങ്ങളുടെ വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങളിലും പ്രത്യക്ഷപ്പെടുന്നത് സാങ്കല്‍പ്പിക പേരുകള്‍ മാത്രമാണെന്നും യഥാര്‍ത്ഥ പേരുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് യാദൃശ്ചികമാണെന്നും എമ്പയര്‍ ന്യൂസ് വിശദീകരിക്കുന്നു.
എമ്പയര്‍ ന്യൂസ് വിനോദത്തിന് വേണ്ടി മാത്രമാണെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ലേഖനം പ്രത്യക്ഷപ്പെട്ട മറ്റ് വെബ്സൈറ്റുകള്‍ അങ്ങനെയല്ലാത്തത് വായനക്കാരില്‍ പേടിയും ആശങ്കയും ഉണ്ടാക്കിയെന്നത് വാസ്തവം. ന്യൂയോര്‍ക്കിലെ റസ്റ്റോറന്‍റ് മനുഷ്യമാംസം വിളമ്പുന്നെന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.