കൊവിഡിനെ പ്രതിരോധിക്കാന്‍ 22 നിര്‍ദേശങ്ങള്‍; ഡോ. ദേവി പ്രസാദ് ഷെട്ടിയുടെ പേരിലുള്ള സന്ദേശം വ്യാജം
കൊവിഡിനെ പ്രതിരോധിക്കാന്‍ പ്രശസ്ത ഹൃദയ ശസ്‌ത്രക്രിയാ വിദഗ്ധന്‍ ഡോ. ദേവി പ്രസാദ് ഷെട്ടി മുന്നോട്ടുവെക്കുന്ന 22 നിര്‍ദേശങ്ങള്‍ എന്ന പേരിലാണ് പോസ്റ്റ് പ്രചരിക്കുന്നത്
ബെംഗളൂരു: കൊവിഡിന് വാക്‌സിന്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ മരുന്നുകള്‍ക്കും ചികിത്സകള്‍ക്കും പഞ്ഞമില്ല. ഇത്തരത്തിലൊരു ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. കൊവിഡിനെ പ്രതിരോധിക്കാന്‍ പ്രശസ്ത ഹൃദയ ശസ്‌ത്രക്രിയാ വിദഗ്ധന്‍ ഡോ. ദേവി പ്രസാദ് ഷെട്ടി മുന്നോട്ടുവെക്കുന്ന 22 നിര്‍ദേശങ്ങള്‍ എന്ന പേരിലാണ് പോസ്റ്റ് പ്രചരിക്കുന്നത്.
പ്രചാരണം ഇങ്ങനെ
ബിശ്വദേബ് എന്നയാളാണ് സന്ദേശം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തത്. കൊവിഡിനെ പ്രതിരോധിക്കാന്‍ ഒരു വര്‍ഷക്കാലം പിന്തുടരേണ്ട കാര്യങ്ങള്‍ എന്നപേരിലാണ് 22 നിര്‍ദേശങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഷൂ പുറത്തുവക്കുക, തുവാലകള്‍ക്ക് പകരം സാനിറ്റൈസറുകള്‍ ഉപയോഗിക്കുക, പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കുക തുടങ്ങിയ 22 നിര്‍ദേശങ്ങളാണ് പോസ്റ്റില്‍ പറയുന്നത്. 56,000ത്തിലേറെ ഷെയര്‍ ലഭിച്ചു ഈ പോസ്റ്റിന്.
വസ്‌തുത
എന്നാല്‍, പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും ഡോ. ദേവി പ്രസാദ് ഷെട്ടി ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ല എന്നും ഇന്ത്യ ടുഡേ ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തി.
വസ്‌തുതാ പരിശോധനാ രീതി
കൊവിഡിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയിരുന്നു ഡോ. ദേവി പ്രസാദ് ഷെട്ടി. അതില്‍ പറയുന്ന കാര്യങ്ങളോട് സാമ്യമുള്ള ചില നിര്‍ദേശങ്ങള്‍ പ്രചരിക്കുന്ന പട്ടികയിലുണ്ടെങ്കിലും വ്യത്യാസം എളുപ്പത്തില്‍ തിരിച്ചറിയാം. കൊവിഡ് പ്രതിരോധത്തെ കുറിച്ച് യൂട്യൂബിലുള്ള അദേഹത്തിന്‍റെ വീഡിയോയിലും 22 നിര്‍ദേശങ്ങളെ കുറിച്ച് പരാമര്‍ശമില്ല. പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ഇ-മെയിലിലൂടെ ഇന്ത്യ ടുഡേയെ അറിയിക്കുകയും ചെയ്തു ഡോ. ദേവി പ്രസാദ് ഷെട്ടി.
Read more: പ്രിയങ്ക ഗാന്ധി തയ്യാറാക്കിയ 1000 ബസുകള്‍; കേരളത്തിലടക്കം വൈറലായ ചിത്രം വ്യാജം
നിഗമനം
കൊവിഡിനെ പ്രതിരോധിക്കാനുള്ള 22 നിര്‍ദേശങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ഇത്തരമൊരു പട്ടിക ഡോ. ദേവി പ്രസാദ് ഷെട്ടി പുറത്തിറക്കിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...