ജോര്‍ജ് ഫ്ലോയ്‌ഡിന്‍റെ നീതിക്കായോ ഈ ചുംബനം; വൈറല്‍ ചിത്രത്തിന് പിന്നില്‍
പ്രതിഷേധത്തിനിടെ യുവ കമിതാക്കള്‍ റോഡില്‍ കിടന്ന് ചുംബിക്കുന്നതാണ് ചിത്രത്തില്‍
വാഷിംഗ്‌ടണ്‍: പൊലീസുകാരന്‍ കാല്‍മുട്ടുകൊണ്ട് കഴുത്തുഞെരിച്ച് കൊന്ന ആഫ്രോ അമേരിക്കന്‍ ജോര്‍ജ് ഫ്ലോയ്ഡിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിഷേധം കത്തിപ്പടരുകയാണ്. മിനിയാപോളിസ് നഗരത്തില്‍ ആരംഭിച്ച പ്രതിഷേധ പ്രകടനങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പ്രതിഷേധജ്വാല തീര്‍ത്തു. നൂറുകണക്കിനാളുകള്‍ തെരുവിലിറങ്ങിയ പ്രതിഷേധങ്ങളുടെ നിരവധി ചിത്രങ്ങളാണ് ഇതിനകം പുറത്തുവന്നത്. ഇക്കൂട്ടത്തിലുള്ള ചിത്രം എന്ന അവകാശവാദങ്ങളോടെ പഴയൊരു ഫോട്ടോയും പ്രചരിക്കുന്നുണ്ട്.
പ്രചാരണം ഇങ്ങനെ
പ്രതിഷേധത്തിനിടെ യുവ കമിതാക്കള്‍ റോഡില്‍ കിടന്ന് ചുംബിക്കുന്നതാണ് ചിത്രത്തില്‍. ജോര്‍ജ് ഫ്ലോയ്ഡിന്‍റെ നീതിക്കായുള്ള പ്രതിഷേധത്തിനിടയില്‍ പകര്‍ത്തിയ ചിത്രമാണ് ഇതെന്നാണ് പ്രചാരണങ്ങള്‍. 'അമേരിക്കയില്‍ ഇങ്ങനെയാണ് പ്രതിഷേധങ്ങള്‍' എന്ന കുറിപ്പോടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ചുവടെ. #ALLLIVESMATTER എന്ന ഹാഷ്‌ടാഗോടെ ആയിരുന്നു ട്വീറ്റ്.
ചിത്രം അമേരിക്കന്‍ പ്രക്ഷോഭത്തിന്‍റെയോ? വസ്‌തുത
പ്രചരിക്കുന്ന ചിത്രം അമേരിക്കയില്‍ കറുത്തവര്‍ഗക്കാരുടെ നീതിക്കായി നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടേത് അല്ല എന്നതാണ് വസ്‌തുത.
വസ്‌തുതാ പരിശോധനാ രീതി
ഈ ചിത്രം 2011ല്‍ കാനഡയിലെ വാൻകൂവറില്‍ നിന്ന് പകര്‍ത്തിയതാണ് എന്ന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ വ്യക്തമായി. രണ്ട് ഐസ് ഹോക്കി ടീമുകളുടെ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയിലാണ് കമിതാക്കള്‍ ചുംബിച്ചത്. ഈ സംഭവം അന്ന് ആഗോള വാര്‍ത്തയായിരുന്നു. കാനഡക്കാരിയായ അലക്‌സ് തോമസും ഓസ്‌ട്രേലിയക്കാരനായ കാമുകന്‍ സ്‌കോട്ട് ജോണ്‍സുമാണ് ചിത്രത്തിലെന്ന് സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. റിച്ച് ലാം എന്ന ഫോട്ടോഗ്രാഫറാണ് ചിത്രം പകര്‍ത്തിയത്.
നിഗമനം
ഒന്‍പത് വര്‍ഷം പഴക്കമുള്ള ചിത്രമാണ് ഇപ്പോഴത്തെ അമേരിക്കന്‍ പ്രക്ഷോഭങ്ങളുടേത് എന്ന പേരില്‍ പ്രചരിക്കുന്നത്. കാനഡയില്‍ നിന്നുള്ള ഈ ചിത്രത്തിന് ജോര്‍ജ് ഫ്ലോയ്ഡ് സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...