ഇതര സംസ്ഥാനക്കാരില്‍ നിന്ന് പണം പിടിച്ചുപറിച്ചോ റെയില്‍വെ പൊലീസ്? പ്രചരിക്കുന്ന വീഡിയോക്ക് പിന്നിലെ സത്യം
റോഡുകളും റെയില്‍വേ ട്രാക്കുകളും വഴിയൊക്കെയാണ് ആളുകള്‍ നാട്ടിലേക്കെത്താന്‍ ദീര്‍ഘദൂരം നടക്കുന്നത്. ഇങ്ങനെ നടക്കുന്നവരില്‍ നിന്ന് റെയില്‍വെ പൊലീസ് പണം കൈപ്പറ്റുന്നു എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുകയാണ്.
സൂറത്ത്: കൊവിഡ് 19 വ്യാപനം തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടെ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ വീടുകളിലേക്ക് പലായനം ചെയ്യുകയാണ്. റോഡുകളും റെയില്‍വേ ട്രാക്കുകളും വഴിയൊക്കെയാണ് ആളുകള്‍ നാട്ടിലേക്കെത്താന്‍ ദീര്‍ഘദൂരം നടക്കുന്നത്. ഇങ്ങനെ നടക്കുന്നവരില്‍ നിന്ന് റെയില്‍വെ പൊലീസ് പണം കൈപ്പറ്റുന്നു എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുകയാണ്.
റെയില്‍വേ ട്രാക്കിലൂടെ നടന്നുവരുന്ന ഒരു സ്‌ത്രീയില്‍ നിന്ന് ഉദ്യോഗസ്ഥന്‍ പണം വാങ്ങിക്കുന്നതാണ് ദൃശ്യത്തില്‍. 'എന്താണ് ഈ രാജ്യത്ത് നടക്കുന്നത്, ഇയാളെ റെയില്‍വേ മന്ത്രി സസ്‌പെന്‍ഡ് ചെയ്യണം' എന്നാവശ്യപ്പെട്ടായിരുന്നു ഒരു പോസ്റ്റ്. നാട്ടിലേക്ക് മടങ്ങിപ്പോകുന്ന തൊഴിലാളികളെ റെയില്‍വെ പൊലീസ് ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും പോസ്റ്റുകളിലും ട്വീറ്റുകളിലും പറയുന്നു.
ലോക്ക് ഡൗണിലെ വീഡിയോ അല്ല ഇപ്പോള്‍ പ്രചരിക്കുന്നത് എന്ന് തെളിഞ്ഞിരിക്കുന്നു. വീഡിയോയിലുള്ളവര്‍ ഗുജറാത്തിയിലാണ് സംസാരിക്കുന്നത്. ‘Gujarat police railway money passengers women’ എന്ന് യൂട്യൂബില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ഇതിന്‍റെ ഒറിജിനല്‍ വീഡിയോ ലഭിക്കും. ടിവി9 ഗുജറാത്തി 2019 ജൂലൈ 12ന് ഈ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്.
റെയില്‍വേ ട്രാക്ക് വഴി നാട്ടിലേക്ക് നടക്കുന്ന തൊഴിലാളികളല്ല വീഡിയോയിലുള്ളത് എന്നതും തെളിഞ്ഞു. 'സൂറത്തില്‍ മദ്യക്കടത്തുകാരില്‍ നിന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നു' എന്നാണ് വീഡിയോയുടെ വിവരണത്തില്‍ പറയുന്നത്. വീഡിയോ വൈറലായതോടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്‌തതായി ഒരു ട്വീറ്റില്‍ പറയുന്നു. എന്തായാലും നിലവിലെ കൊവിഡ് 19 ലോക്ക് ഡൗണുമായി വീഡിയോക്ക് യാതൊരു ബന്ധവുമില്ല.
Read more: മുംബൈയില്‍ കൊവിഡ് വ്യാപനം തടയാന്‍ ആര്‍മിയെ വിന്യസിക്കുന്നതായി വ്യാജ പ്രചാരണം