സിബിഎസ്ഇ 10, 12 പരീക്ഷകള്‍ ഏപ്രില്‍ 22ന് പുനരാരംഭിക്കുമോ; സംശയമകറ്റാം
10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ഏപ്രില്‍ 22ന് പുനരാരംഭിക്കുമെന്ന് സിബിഎസ്ഇ വ്യക്തമാക്കുന്നതായി ഒരു വാർത്താക്കുറിപ്പ് പ്രചരിക്കുന്നുണ്ട്
ദില്ലി: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. 10, 12 ക്ലാസുകളിലേത് ഉള്‍പ്പടെയുള്ള എല്ലാ പരീക്ഷകളും നിർത്തിവച്ചിരിക്കുന്നു. എന്നാല്‍ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ഏപ്രില്‍ 22ന് പുനരാരംഭിക്കുമെന്ന് സിബിഎസ്ഇ വ്യക്തമാക്കുന്നതായി ഒരു വാർത്താക്കുറിപ്പ് പ്രചരിക്കുന്നുണ്ട്.
Read more: ഏപ്രില്‍ 15 മുതലുള്ള റെയില്‍വേ ടിക്കറ്റ് ബുക്കിങുകള്‍ ആരംഭിച്ചെന്ന വാര്‍ത്ത സത്യമോ?
എന്നാല്‍ ഇക്കാര്യത്തില്‍ വിദ്യാർത്ഥികള്‍ക്ക് ആശങ്ക വേണ്ട. ഈ വാർത്താക്കുറിപ്പ് സിബിഎസ്ഇ പുറത്തിറക്കിയതല്ല എന്നതാണ് വസ്തുത. സിബിഎസ്ഇയുടെ വ്യാജ ലെറ്റർപാഡ് ഉപയോഗിച്ച് നിർമ്മിച്ചതാണ് വാർത്താക്കുറിപ്പ് എന്ന് പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോ(പിഐബി) വ്യക്തമാക്കി. പരീക്ഷകളുടെ തിയതികള്‍ നിശ്ചയിച്ചിട്ടില്ലെന്നും പിഐബി ട്വീറ്റ് ചെയ്തു.
പരീക്ഷകള്‍ നടക്കുമോ; സിബിഎസ്ഇ പറയുന്നു
10, 12 ക്ലാസുകളുടെ പരീക്ഷകൾ നടത്താനുള്ള അനുകൂല സാഹചര്യം വന്നാല്‍ തുടർന്നുള്ള പ്രവേശനങ്ങൾക്ക് ആവശ്യമായ 29 വിഷയങ്ങൾക്ക് മാത്രം പരീക്ഷ നടത്തുമെന്ന് സിബിഎസ്ഇ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 9, 11 ക്ലാസുകളില്‍ ടേം, പിരിയോഡിക്കല്‍ പരീക്ഷകളുടെ ഫലം, പ്രോജക്റ്റ് എന്നിവ വിലയിരുത്തി അർഹരായവരെ വിജയിപ്പിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക