പൗരത്വ നിയമ ഭേദഗതി: മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചോ വാജ്‌പേയിയുടെ അനന്തരവള്‍? സത്യമിത്
അയുബ് ഖുറേഷി എന്ന ഫേസ്‌ബുക്ക് യൂസറാണ് സര്‍ക്കാരിനെതിരെ വാജ്‌പേയിയുടെ അനന്തരവള്‍ രംഗത്തെത്തി എന്ന അവകാശവാദത്തോടെ വീഡിയോ പങ്കുവെച്ചത്
ദില്ലി: സിഎഎ, എന്‍ആര്‍സി വിഷയങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ മുന്‍ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ അനന്തരവള്‍ രൂക്ഷമായി വിമര്‍ശിച്ചോ. ഫേസ്‌ബുക്കില്‍ അയുബ് ഖുറേഷി എന്നയാളാണ് സര്‍ക്കാരിനെതിരെ വാജ്‌പേയിയുടെ അനന്തരവള്‍ രംഗത്തെത്തി എന്ന അവകാശവാദത്തോടെ ഒരു വീഡിയോ പങ്കുവെച്ചത്. എന്നാല്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വീഡിയോയിലെ സ്‌ത്രീ വാജ്‌പേയിയുടെ അനന്തരവള്‍ അല്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി വീഡിയോ
'സിഎഎ, എന്‍ആര്‍സി വിഷയങ്ങളില്‍ അടൽ ബിഹാരി വാജ്‌പേയിയുടെ അനന്തരവളുടെ അഭിപ്രായം കാണുക'- എന്ന തലക്കെട്ടിലാണ് ഫേസ്‌ബുക്കില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. എട്ട് ലക്ഷത്തിലധികം പേര്‍ ഇതിനകം കണ്ട വീഡിയോക്ക് 44,000ലധികം ഷെയറും 10,000ത്തിലധികം റിയാക്‌ഷനുമാണ് ലഭിച്ചത്.
വീഡിയോയിലുള്ളത് ആര്?
വീഡിയോയില്‍ ഉള്ള സ്‌ത്രീ ആരെന്ന് കണ്ടെത്തിയിരിക്കുകയാണ് വസ്‌തുതാ നിരീക്ഷണ വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസ്. വാജ്‌പേയിയുടെ അനന്തരവളല്ല, ദില്ലിയില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകയാണ് വീഡിയോയില്‍ ഉള്ളതെന്ന് ആള്‍ട്ട് ന്യൂസ് പറയുന്നു. അതിയ ആല്‍വി എന്നാണ് ഇവരുടെ പേര്. 'ജാമിയ മിലിയ സര്‍വകലാശാലയിലെ പ്രതിഷേധത്തിലുണ്ടായിരുന്നു താന്‍, അടൽ ബിഹാരി വാജ്‌പേയിയുടെ അനന്തരവളല്ല ഞാന്‍'- ആല്‍വി ആള്‍ട്ട് ന്യൂസിനോട് പറഞ്ഞു.
വാജ്‌പേയിയുടെ അനന്തരവള്‍ കരുണ ശുക്ലയ്‌ക്ക് 69 വയസ് പ്രായമുണ്ട്. എന്നാല്‍ അതിയ ആല്‍വി ഒരു യുവതിയാണെന്ന് വീഡിയോയില്‍ വ്യക്തം. ഫേസ്‌ബുക്കില്‍ മാത്രമല്ല, ട്വിറ്ററിലും യൂടൂബിലും തെറ്റായ വാദങ്ങളോടെ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോക്ക് പിന്നിലെ വസ്‌തുത പുറത്തുവന്നിട്ടും വ്യാജ പ്രചാരണങ്ങള്‍ തുടരുകയാണ്.