തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്ന് ബിജെപി എംപി; സത്യം പുറത്ത്
ക്വാറന്‍റൈന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ച 70 പേരില്‍ 8 പേര്‍ കൊവിഡ് 19 പോസിറ്റീവ് ആണെന്ന് തെളിഞ്ഞ ശേഷവും മറ്റുള്ളവരുമായി ഇടപെടുന്നുവെന്നു. ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറുന്നു. നൃത്തം ചെയ്തുകൊണ്ട് എല്ലായിടത്തും തുപ്പിയിടുന്നുവെന്നായിരുന്നു ശോഭ കരന്ത്‍ലജ തിങ്കളാഴ്ച ട്വീറ്റ് ചെയ്തത്
ബെംഗളുരു: ദില്ലിയിലെ തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്ത ശേഷം ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ച കര്‍ണാടകയിലെ ബെലഗാവിയില്‍ നിന്നുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍ തുപ്പിയെന്നും മോശമായി പെരുമാറിയെന്നുമുള്ള ബിജെപി എംപി ശോഭ കരന്ത്ലജയുടെ വാദം അടിസ്ഥാനരഹിതം. ക്വാറന്‍റൈന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ച 70 പേരില്‍ 8 പേര്‍ കൊവിഡ് 19 പോസിറ്റീവ് ആണെന്ന് തെളിഞ്ഞ ശേഷവും മറ്റുള്ളവരുമായി ഇടപെടുന്നുവെന്നു. ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറുന്നു. നൃത്തം ചെയ്തുകൊണ്ട് എല്ലായിടത്തും തുപ്പിയിടുന്നുവെന്നായിരുന്നു ശോഭ കരന്ത്‍ലജ തിങ്കളാഴ്ച ട്വീറ്റ് ചെയ്തത്. തബ്ലീഗ് ജമാഅത്തിന്‍റെ ഉദ്ദേശമെന്താണെന്ന് അറിയാന്‍ രാജ്യത്തിന് താല്‍പര്യമുണ്ട് എന്നും ശോഭ കരന്ത്ലജ വീഡിയോ സഹിതമുള്ള ട്വീറ്റില്‍ കുറിച്ചിരുന്നു.
എന്നാല്‍ ശോഭ കരന്ത്ലജയുടെ വാദം തെറ്റാണെന്ന് ബെലഗാവി ഡെപ്യൂട്ടി കമ്മീഷണര്‍ ദി ന്യൂസ് മിനിട്ടിനോട് വ്യക്തമാക്കി. തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്ത ശേഷം ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ച ബെലഗാവിയില്‍ നിന്നുള്ളവരില്‍ നിന്ന് ഇത്തരം സമീപനം ഉണ്ടായിട്ടില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. തബ്ലീഗ് ജമാത്തില്‍ പങ്കെടുത്ത 33 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ഇവരില്‍ മൂന്ന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്നും ബെലഗാവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഡോ വിനയ് ബസ്തികോപ് വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചവരെ ക്വാറന്‍റൈന്‍ ചെയ്തവര്‍ക്കൊപ്പമല്ല ഐസൊലേഷനിലാണ് കിടത്തിയിരിക്കുന്നതെന്നും ഡോക്ടര്‍ വിനയ് വ്യക്തമാക്കുന്നു. ദില്ലിയില്‍ നടന്ന തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 33 പേരെയാണ് മാര്‍ച്ച് 31 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ സ്രവ പരിശോധനയില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും വിനയ് കൂട്ടിച്ചര്‍ത്തു.
ബിജെപി എംപി ട്വീറ്റിനൊപ്പം നല്‍കിയ വീഡിയോ രോഗബാധ സ്ഥിരീകരിച്ചവരെ മറ്റുള്ളവരില്‍ നിന്ന് മാറ്റുന്ന സമയത്ത് എടുത്തതാണെന്നും ഡോ വിനയ് പറഞ്ഞു. രോഗ ബാധ സ്ഥിരീകരിച്ചവര്‍ ആശുപത്രിയില്‍ സ്വതന്ത്രരായി നടക്കുകയാണെന്ന വാദം തെറ്റാണെന്നും ഡോ വിനയ് കൂട്ടിച്ചേര്‍ത്തു. ഇവരുടെ ചികിത്സാ വിവരവും രോഗവിവരവും കൃത്യമായ നിരീക്ഷണത്തിലാണെന്നും ഡോ വിനയ് വ്യക്തമാക്കി. ശുചിത്വം പുലര്‍ത്തേണ്ടതിന്‍റേയും വൈറസ് ബാധ ചെറുക്കാന്‍ പാലിക്കേണ്ട കാര്യങ്ങളും ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചവര്‍ക്ക് ആശുപത്രിയില്‍ നിന്ന് വ്യക്തമാക്കുന്നുണ്ടെന്നും ഡോ. വിനയ് പറഞ്ഞു.
ഇത് ആദ്യമായല്ല ബിജെപി എംപി ശോഭ കരന്ത്ലജ വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ ഇതിന് മുന്‍പും ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. 2017ല്‍ ഉത്തരകര്‍ണാടകയില്‍ ഹിന്ദുയുവാവിനെതിരെ ക്രൂരമായ ആക്രമണം നടന്നുവെന്ന എംപിയുടെ വാദം വിവാദമായിരുന്നു. 2019ല്‍ പശുക്കളെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന് ബെലഗാവി സ്വദേശി കൊല്ലപ്പെട്ടുവെന്നും ഇവര്‍ തെറ്റായ വാര്‍ത്ത് പ്രചരിപ്പിച്ചിരുന്നു.