അയോധ്യ വിധി: സുപ്രീംകോടതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി കത്തെഴുതിയെന്ന് വ്യാജ പ്രചാരണം; ബംഗ്ലാദേശില്‍ മുന്നറിയിപ്പ്
ഹിന്ദുരാഷ്‌ട്ര സങ്കല്‍പത്തെ പിന്തുണയ്‌ക്കുന്ന പരമോന്നത കോടതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയറിയിച്ചു എന്ന് ഒരു കത്ത് സഹിതമായിരുന്നു പ്രചാരണം
ദില്ലി: അയോധ്യ വിധിയില്‍ സുപ്രീംകോടതിക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തെഴുതിയതായുള്ള പ്രചാരണം വ്യാജമെന്ന മുന്നറിയിപ്പുമായി ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. "പ്രാദേശിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജവും വിദ്വേഷം പരത്തുന്നതുമാണ്. കത്ത് ബംഗ്ലാദേശിലുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും സാമൂഹ്യസൗഹാര്‍ദം തകര്‍ക്കുന്നതുമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ പൊതു ഇടങ്ങളില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. അത് അനുവദിക്കാനാവില്ല" എന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
ഹിന്ദുരാഷ്‌ട്ര സങ്കല്‍പത്തെ പിന്തുണയ്‌ക്കുന്ന പരമോന്നത കോടതിക്ക് പ്രധാനമന്ത്രി നന്ദിയറിയിച്ചു എന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചാരണം. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ വ്യാജ ലെറ്റര്‍ ഹെഡ് ഉപയോഗിച്ച് കത്ത് തയ്യാറാക്കി പ്രചരിപ്പിക്കുകയായിരുന്നു ചിലര്‍. പ്രധാനമന്ത്രിയുടെ ഒപ്പിനോട് സാമ്യമുള്ള മുദ്ര കത്തില്‍ ഉണ്ടായിരുന്നു എന്നതും വിശ്വാസ്യത കൂട്ടി. അയോധ്യ വിധി പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌യെ അഭിസംബോധന ചെയ്ത് 11.11.2019 എന്ന തിയതിയിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.
കത്തിന്‍റെ ഉള്ളടക്കം ഇങ്ങനെ
"ഹിന്ദുരാഷ്‌ട്രത്തിനായുള്ള മഹത്തായ സംഭാവനകള്‍ക്ക് സുപ്രീംകോടതി ബഞ്ചിനെ അഭിനന്ദിക്കുന്നു. മഹത്തായ തീരുമാനമെടുത്ത ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചിനോട് ഹിന്ദുക്കള്‍ എക്കാലത്തും കടപ്പെട്ടിരിക്കും. ബഹുമാനപ്പെട്ട കോടതിക്കും കുടുംബാംഗങ്ങള്‍ക്കും ഭാവിഉദ്യമങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുകയും വീണ്ടും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്യുന്നു. സങ്കീര്‍ണമായ ഈ വേളയിലെ വിലമതിക്കാനാവാത്ത പിന്തുണയ്‌ക്ക് നന്ദി"- ഇതായിരുന്നു കത്തിന്‍റെ ഉള്ളടക്കം.
കത്തിന് പിന്നിലെ വസ്‌തുത
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാജ ഒപ്പ് ഉപയോഗിച്ചാണ് കത്ത് തയ്യാറാക്കിയത്. ഇതിന് യഥാര്‍ത്ഥ ഒപ്പുമായി ചെറിയ സാമ്യമുണ്ട്. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ചിനെ അഭിനന്ദിച്ചുകൊണ്ട് മോദി കത്തെഴുതിയതായി ഇതുവരെ ആധികാരികമായ വാര്‍ത്താക്കുറിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. അയോധ്യ വിധി വന്ന ദിവസം പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ ഇത്തരം പരാമര്‍ശങ്ങളൊന്നും അടങ്ങിയിരുന്നില്ല എന്നതും വ്യാജ കത്തിന് പിന്നിലെ കള്ളി പുറത്തുകൊണ്ടുവരുന്നു. വസ്‌തുതാനിരീക്ഷണ വെബ്‌സൈറ്റായ ബൂംലൈവാണ് പ്രധാനമന്ത്രിയുടെ പേരിലുള്ള കത്ത് വ്യാജമാണെന്ന് കണ്ടെത്തിയത്.