ഇതാ, വിനായകന്‍ സംഗീതം നല്‍കിയ ഗാനം!
തിരുവനന്തപുരം: കമ്മട്ടിപ്പാടം എന്ന സിനിമയുടെ ജീവന്‍ തന്നെ ആ ഗാനമായിരുന്നു. കീഴാളജീവിതത്തിന്‍റെ തുടിപ്പു മുഴുവന്‍ ആവാഹിക്കുന്ന, അരികു ചേർക്കപ്പെട്ടവന്‍റെ നൊമ്പരം ജ്വലിക്കുന്ന ഗാനം.
അന്‍വര്‍ അലിയുടെ ശക്തമായ കവിതയ്ക്ക് നാടോടിപ്പാട്ടിന്‍റെ താളാത്മകതയുള്ള ഈണം നല്‍കിയത് കമ്മട്ടിപ്പാടത്തിലെ തന്നെ മുഖ്യ നടനായിരുന്നു. വിനായകന്‍. സിനിമയേക്കാള്‍ സംഗീതത്തെ പ്രണയിക്കുന്ന വിനായകന്‍ ആ വരികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ പകരുകയായിരുന്നു. ഗിറ്റാറും ഉടുക്കും പുള്ളവര്‍ കുടവും അകമ്പടി പകരുന്ന ആ ഗാനം മലയാള സിനിമയ്ക്ക് അത്ര പരിചിതമായ ഒന്നായിരുന്നില്ല.
ഗാനത്തിന്റെ അവതരണം തന്നെ നടപ്പുരീതികളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. ഒരു അച്ഛനും മകനും തമ്മിലുള്ള സംഭാഷണം പാട്ടിന്‍റെ മാസ്മരികത ഒട്ടും ചോരാതെ ആലപിച്ചിരിക്കുന്നു മുഖ്യഗായകരായ സുനില്‍ മത്തായിയും സാവിയോ ലാസും. ഒപ്പം വിനായകനും സേതുസാവിത്രിയും.
ഉടുക്കിന്‍റെയും ഗിറ്റാറിന്‍റെയുമൊപ്പം നാടന്‍ശീലുകള്‍ കോര്‍ത്തിണക്കിയ ഓര്‍ക്കസ്ട്ര. ജോണ്‍ പി വര്‍ക്കി ഗിതാറും ഫ്രാന്‍സിസ് സേവിയര്‍ വയലിനും വായിക്കുന്നു. ജനാര്‍ദ്ദനന്‍ പുതുശ്ശേരിയാണ് പുള്ളവര്‍ കുടവും ഉടുക്കും വായിക്കുന്നത്.
മനുഷ്യർ അതിരുകളിട്ട് കെട്ടിപ്പൊക്കിയ ഭൂമിയും വെട്ടിപ്പിടിച്ച കായലോരങ്ങളുമൊന്നും നമ്മുടേതല്ലെന്ന് പറയുന്ന ഗാനം ആരുമല്ലാതായിപ്പോയവന്റെ നിലവിളിയാണ്. ഒരേ സമയം മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് ഒരു തിരുത്തുപാട്ടും ഒരു വിപ്ലവഗാനവുമാണ് പുഴുപുലികള്‍ എന്ന ഗാനം.