വില്ലേജ് റോക് സ്റ്റാഴ്‍സ്: വെറുതെ കാണാനുള്ളതല്ല സ്വപ്‍നങ്ങള്‍, ധുനുവിനെ കണ്ടുപഠിക്കാം, റിമ ദാസിനെയും!

വില്ലേജ് റോക് സ്റ്റാഴ്‍സ്: വെറുതെ കാണാനുള്ളതല്ല സ്വപ്‍നങ്ങള്‍, ധുനുവിനെ കണ്ടുപഠിക്കാം, റിമ ദാസിനെയും!

Village Rockstars review

മികച്ച സിനിമയ്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരം ലഭിച്ച വില്ലേജ് റോക് സ്റ്റാഴ്‍സ് എന്ന സിനിമയുടെ റിവ്യു.


സ്വപ്‍നങ്ങള്‍ വെറുതെ കാണാനുള്ളതല്ല, അത് യാഥാര്‍ഥ്യമാക്കാനുള്ളതാണ്. വില്ലേജ് റോക്സ്റ്റാഴ്സിലെ ധുനു നല്‍കുന്നത് വലിയ പ്രതീക്ഷകളാണ്. പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയായ ധുനുവിന് ഒരു ഗിത്താര്‍ സ്വന്തമായി വേണമെന്നാണ് ആഗ്രഹം. ഒരു ഗിത്താറിസ്റ്റ് ആകണമെന്നും. അവളുടെ ആ ആഗ്രഹത്തിന്റെ, യാഥാര്‍ഥ്യത്തിലേക്കുള്ള വളര്‍ച്ചയാണ് റിമ ദാസ് ഒരുക്കിയ വില്ലേജ് റോക്സ്റ്റാഴ്‍സ് പറയുന്നത്. ഒപ്പം വ്യത്യസ്‍ത കാലങ്ങളിലെ ഒരു ഗ്രാമത്തിന്റെയും കഥയും.

Village Rockstars review

പത്തുവയസ്സുകാരിയാണ് ധുനു. അസാമിലെ ഒരു ഗ്രാമത്തില്‍ അമ്മയും സഹോദരന്‍ മനബേന്ദ്രനും അടങ്ങുന്നതാണ് ധുനുവിന്റെ കുടുംബം. സംഗീത ഉപകരണങ്ങളുടെ തെര്‍മ്മോക്കോള്‍ രൂപങ്ങള്‍ ഉണ്ടാക്കി ഗാനങ്ങള്‍ പാടുന്നതായി അഭിനയിക്കുന്ന ആണ്‍കുട്ടികളുടെ കളി ധുനുവിനെ ആകര്‍ഷിക്കുന്നു. അവള്‍ തന്നെ പിന്നീട് സ്വന്തമായി ഗിത്താറിന്റെ ഒരു ഡമ്മി രൂപമുണ്ടാക്കുന്നു. പക്ഷേ സ്വന്തമായി ഒരു ഗിറ്റാര്‍ വേണമെന്നായിരുന്നു അവളുടെ ആഗ്രഹം. ഒരു ഇലക്ട്രിക് ഗിറ്റാര്‍ വാങ്ങുന്നതിനായി പണം സ്വരുക്കൂട്ടാന്‍ അവള്‍ ആരംഭിക്കുന്നു. അവള്‍ സ്വന്തമായി ജോലി ചെയ്‍ത് സമ്പാദിക്കുന്ന പണം ഒരു മുളയുടെ പൊത്തിലാണ് സൂക്ഷിക്കുന്നത്. അതിനിടയിലാണ് അവളുടെ ഗ്രാമം വെള്ളപ്പൊക്കത്തില്‍ പെടുന്നത്. വീടു മാറി താമസിക്കേണ്ടിയും വരുന്നു. വെള്ളമിറങ്ങിയതിനു ശേഷം വീട്ടില്‍ തിരിച്ചെത്തുന്ന ധുനു താന്‍ സമ്പാദിച്ച പണം അമ്മയ്‍ക്ക് നല്‍കുന്നു. പ്രതീക്ഷകളുടെ തുടര്‍ച്ച ദൃശ്യവത്ക്കരിച്ചാണ് സിനിമ അവസാനിക്കുന്നത്.

Village Rockstars review

ഒരേസമയം ഡോക്യുമെന്ററിയുടെ സ്വഭാവം ഉള്‍ക്കൊണ്ടും ഭാവനയുടെ ആകാശത്തിലേക്ക് ക്യാമറ തിരിച്ചുവച്ചുമാണ് റിമ ദാസ് വില്ലേജ് റോക്‍സ്റ്റാഴ്‍സ് ഒരുക്കിയിരിക്കുന്നത്. പാറിപ്പറന്നുനടക്കുന്ന പെണ്‍കുട്ടിയായ ധുനുവില്‍ കേന്ദ്രീകരിച്ച് കഥ പറയുമ്പോള്‍ അത് സ്‍ത്രീയുടെ കരുത്തിനെയും ഉള്‍ക്കൊണ്ടാണ് അവതരിപ്പിക്കുന്നത്. ആണ്‍കുട്ടികള്‍ക്കൊപ്പം ചിരിച്ചും കളിച്ചും ഉല്ലസിച്ചും ജീവിക്കുന്ന കുട്ടിക്കാലത്ത് നിന്ന് ഋതുമതിയിലേക്ക് വളരുമ്പോള്‍ സമൂഹത്തില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടിവരുന്ന പതിവ് സാഹചര്യം സിനിമയിലുമുണ്ട്. പക്ഷേ തളച്ചിടാതെ പ്രതീക്ഷകള്‍ക്കൊപ്പം സഞ്ചരിക്കാനാണ് ധുനുവിനോടും സമൂഹത്തോടും സംവിധായിക പറയുന്നത്.  വെള്ളപ്പൊക്കത്തില്‍ ഭര്‍ത്താവ് മരിച്ചുപോയ അമ്മയെയും കരുത്തിന്റെയും പ്രതീക്ഷയുടെയും ഉദാഹരണമായാണ് അവതരിപ്പിച്ചിരിക്കുന്നത്. നീന്താന്‍ പേടിയായതിനാലാണ് അച്ഛന്‍ മരിച്ചുപോയതെന്ന് പറയുന്ന ആ അമ്മ ധുനു നീന്തല്‍ പഠിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നുണ്ട്. മരംകയറി പെണ്ണെന്ന് അയല്‍പക്കത്തെ സ്‍ത്രീകള്‍ പരിഹസിക്കുമ്പോഴും അവള്‍ എല്ലാം ചെയ്‍തുപഠിക്കണമെന്നും താന്‍ സ്വന്തം കാലില്‍ നിന്നാണ് ജീവിതം മുന്നോട്ടുനയിക്കുന്നതെന്നുമാണ് അമ്മ പറയുന്നത്.

Village Rockstars review

വളരെ ചുരുങ്ങിയ ബജറ്റില്‍ ചിത്രീകരിച്ച സിനിമയായിരുന്നിട്ടും ദൃശ്യഭംഗിയാല്‍ സമ്പന്നവുമാണ് വില്ലേജ് റോക്‍സ്റ്റാര്‍. ആ ഗ്രാമത്തിലെ ജീവിതം പ്രേക്ഷകനെ അനുഭവിക്കുകയാണ് ഛായാഗ്രാഹണവും നിര്‍വഹിച്ച റിമ. ഒരു ഗ്രാമത്തിലെ എല്ലാ കാലവും സമര്‍ഥമായി സിനിമയില്‍ സമ്മേളിപ്പിച്ചിരിക്കുന്നു, നാലു വര്‍ഷം കൊണ്ട് ചിത്രീകരിച്ച വില്ലേജ് റോക്‍സ്റ്റാര്‍. കുട്ടികള്‍ കളിച്ചുല്ലസിച്ചിരുന്ന പ്രദേശവും മരവുമെല്ലാം ആദ്യം നേരിട്ട് കാണുന്ന പ്രേക്ഷകനെ അത് വെള്ളപ്പൊക്കത്തില്‍ മറഞ്ഞുപോയ കാഴ്‍ചയും സിനിമയുടെ ചുരുങ്ങിയ, സാങ്കേതികമായ സമയത്തില്‍ സംവിധായിക കാണിക്കുന്നു. റിമ ദാസിനു കയ്യടിക്കാം!

സ്വന്തം ഗ്രാമത്തില്‍ നിന്നുള്ളവരെ തന്നെ അഭിനേതാക്കളായി കണ്ടെത്തിയ സംവിധായിക അവരെ വളരെ സ്വാഭാവികമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ധുനുവിനെ അവതരിപ്പിച്ച ബനിത ദാസിന്റെ ചടുലതയും പ്രസരിപ്പും സിനിമയില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ധുനുവിന് കൂടെയുള്ള മറ്റ് കുട്ടികളും മുതിര്‍ന്നവരുമെല്ലാ ആ സ്വാഭാവികതയില്‍ ഒന്നുചേരുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios