മൈക്കിള്‍ ഇടിക്കുളയെ പ്രേക്ഷകര്‍ ഏറ്റെടുത്തു- റിവ്യൂ

velipadinte pusthakam review

സിനിയ

മോഹന്‍ലാല്‍ - ലാല്‍ ജോസ് കൂട്ടുക്കെട്ട് ചിത്രത്തിനായി പ്രേക്ഷകര്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി. ആ സ്വപ്‌ന സാക്ഷാത്കാരമാണ് ഓണച്ചിത്രമായി റിലീസായ വെളിപാടിന്റെ പുസ്തകം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാളായും പുരോഹിതനായും വിശ്വനാഥനുമായെല്ലാം മാറുമ്പോള്‍ തിയേറ്ററില്‍ നിറഞ്ഞ കൈയ്യടി തന്നെയായിരുന്നു. താരരാജാവിന്റെ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ലയെന്നു തന്നെ പറയാം.

ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ കോളേജ് ക്യാംപസിലെ സൗഹൃദത്തിന്റെ ആഴവും തമാശകളുമെല്ലാം മികച്ചതാക്കി മാറ്റാന്‍ കഴിഞ്ഞതുപോലെ തന്നെ കോളേജിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രവും പുരോഗമിക്കുന്നത്. കോളേജ് ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ വേണ്ടി വൈസ് പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ ഒരു സിനിമയെടുക്കാന്‍ തീരുമാനിക്കുന്നു. അതിനായി കടലോര ഗ്രാമമായ ആഴി പൂന്തറയിലെ നാട്ടുകാരുടെ ഹീറോയായ വിശ്വനാഥന്റെ ജീവിതത്തിലേക്കും മരണത്തിലേക്കും ഒരു സിനിമയിലൂടെ മൈക്കിള്‍ ഇടിക്കുളയും വിദ്യാര്‍ത്ഥികളും കടന്നു ചെല്ലുന്നതാണ് സിനിമയുടെ പ്രമേയം.  

തല്ലും വഴുക്കുമായി നടന്നിരുന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് വൈസ് പ്രിന്‍സിപ്പാളായി മൈക്കിള്‍ ഇടിക്കുള (മോഹന്‍ലാല്‍) വരുന്നതോടു കൂടി കോളേജില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നു. സാധാരണയായി കോളേജ് ക്യാംപസില്‍ നടക്കുന്ന തരത്തിലുള്ള ഒരുപാട് തമാശകളിലേക്ക് സംവിധായകന്‍ ഇറങ്ങിച്ചെല്ലുന്നില്ലെങ്കിലും പ്രേക്ഷകരെ ബോറടിപ്പിക്കാതെ കൊണ്ടുപോകാന്‍ സംവിധായകന് കഴിയുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ ഊഷ്മളമായ ബന്ധം ക്യാംപസില്‍ നിലനിര്‍ത്താന്‍ അധ്യാപകനും പുരോഹിതനുമായ മൈക്കിള്‍ ഇടിക്കുള ശ്രമിക്കുന്നുണ്ട്. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ക്ലാസ്‌മേറ്റ്‌സിന് ശേഷം ലാല്‍ ജോസ് ചെയ്യുന്ന ഒരു ക്യാംപസ് ചിത്രം കൂടിയാണിത്.  

ഒരു വൈസ് പ്രിന്‍സിപ്പാള്‍ ഉണ്ടായിരിക്കെ ക്യാംപസിലേക്ക് മറ്റൊരു വൈസ് പ്രിന്‍സിപ്പാളായ മൈക്കിള്‍ ഇടിക്കുള (മോഹന്‍ലാല്‍) എത്തുന്ന മാസ് എന്‍ട്രിയും ക്യാംപസ് തമാശകളെല്ലാം ആദ്യ പകുതിയില്‍ മനോഹരമായി നിറഞ്ഞാടുമ്പോള്‍ രണ്ടാം പകുതിയില്‍ വിശ്വനാഥന്റെ ജീവിതം തേടി കഥ കടലോര ഗ്രാമത്തിലേക്ക് എത്തുന്നു. കോളേജ് നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിച്ച തുറയിലെ വിശ്വനാഥന്‍ എന്ന യുവാവിന്റ ജീവിതവും മരണവും തേടിയാണ് സിനിമ നിര്‍മ്മിക്കുന്നത്. രണ്ടാം ഭാഗത്തില്‍ വിശ്വനാഥനായി മോഹന്‍ലാല്‍ എത്തുന്നതോടെ കഥ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു.

ചിത്രത്തില്‍ മനോഹരമായ ഫ്രെയിമുകള്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. വിഷ്ണു ശര്‍മ്മയുടെ ക്യാമറയെ കുറിച്ച് ലാല്‍ ജോസ് പറഞ്ഞതുപോലെ സിനിമയിലെ ഓരോ ഷോട്ടും മനോഹരമാക്കുന്നതില്‍ വിഷ്ണു ശര്‍മ്മ അത്രകണ്ട് ശ്രമിച്ചിട്ടുണ്ടെന്ന് ചിത്രം കഴിഞ്ഞിറങ്ങുമ്പോള്‍ പ്രേക്ഷകന് മനസ്സിലാവും. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥ തരക്കേടില്ലാത്ത തരത്തില്‍ തന്നെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ചിത്രത്തിലെ ജിമിക്കി കമ്മല്‍ നേരത്തെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. ഇതുപോലെ തന്ന മറ്റ് ഗാനങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്.

മൈക്കിള്‍ ഇടിക്കുളയായി മോഹന്‍ലാലും വിശ്വനാഥനായി അനൂപ് മേനോനും ഗംഭീര പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. സിദ്ധിഖും, അങ്കമാലീസ് ഡയറീസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതമായ അന്ന രേഷ്മ രാജും തന്റെ വേഷം ഭംഗിയായി ചെയ്തു. ചിത്രത്തില്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്ന റോള്‍ ഏറ്റെടുക്കുന്നത് വൈസ് പ്രിന്‍സിപ്പാളായി വേഷമിട്ട പ്രേംരാജ്(സലിം കുമാര്‍) ആണ്. അപ്പാനി രവി എന്ന ശരത്തും ചെമ്പന്‍ വിനോദുമെല്ലാം തങ്ങളുടെ വേഷങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചു. എന്നാല്‍ കഥ രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ ആദ്യ പകുതിയില്‍ മനോഹരമായതുപോലെയായില്ലേയെന്ന് പ്രേക്ഷകര്‍ ചിന്തിപ്പിക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തിന്റെ അവസാന ഭാഗത്തേക്ക് വരുമ്പോള്‍ ചിത്രം പ്രേക്ഷകര്‍ ചിന്തിക്കാത്ത തരത്തിലേക്ക് ട്വിസ്റ്റ് സംഭവിക്കുന്നു. അതു തന്നെയാണ് ലാല്‍ ജോസ് സിനിമയില്‍ ഒളിപ്പിച്ച് വച്ചതും.

Latest Videos
Follow Us:
Download App:
  • android
  • ios