വരത്തന്‍: പേരില്‍ വീഴരുത്!
സ്വന്തം സിനിമകള്‍ പുറത്തിറങ്ങുംമുന്‍പ് അവകാശവാദങ്ങളൊന്നും ഉന്നയിക്കാത്ത സംവിധായകനാണ് അമല്‍ നീരദ്. പുതിയ സിനിമയുടെ കാര്യത്തിലും അങ്ങനെതന്നെ. പക്ഷേ ഇവിടെ 'വരത്തന്‍' എന്ന പേരില്‍ത്തട്ടി തീയേറ്ററിലേക്കെത്തുന്ന കാണികള്‍ ചിലത് പ്രതീക്ഷിക്കുക സ്വാഭാവികം.
സിനിമകളുടെ റിലീസിന് മുന്‍പുള്ള പബ്ലിസിറ്റി മെറ്റീരിയലുകള്‍ വഴി പ്രേക്ഷകരില്‍ ഏറ്റവും കൗതുകമുണര്‍ത്താറുള്ള സംവിധായകരില്‍ ഒരാളാണ് അമല്‍ നീരദ്. അതിനാല്‍ത്തന്നെ പ്രേക്ഷകരുടെ കണ്ണില്‍ പെടാതെ ഒരു അമല്‍ നീരദ് ചിത്രവും തീയേറ്ററുകളിലെത്താറില്ല. എന്നാല്‍ റിലീസിന് മുന്‍പ് ഏറ്റവും കുറവ് പബ്ലിസിറ്റി മെറ്റീരിയല്‍ പുറത്തെത്തിയ അമല്‍ നീരദ് ചിത്രമാവും വരത്തന്‍. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒരു സിനിമ ചെയ്യുന്നുവെന്നതല്ലാതെ, ചിത്രീകരണമൊക്കെ കഴിഞ്ഞ് അവസാനഘട്ടത്തിലാണ് സിനിമയുടെ പേര് പോലും പുറത്തുവിട്ടത്. വരത്തന്‍ എന്ന പേരും ചിത്രത്തിന്റെ ആദ്യം പുറത്തുവന്ന, ഫഹദിന്റെ സ്ലോ മോഷനിലുള്ള ആക്ഷനോടുകൂടിയ 36 സെക്കന്റ് ടീസറും പിന്നീടുവന്ന കളര്‍ഫുള്‍ പോസ്റ്ററുകളുമൊക്കെ കണ്ടപ്പോഴുള്ള കൗതുകം ഇതായിരുന്നു- 'സ്‌റ്റൈല്‍ ഓവര്‍ സബ്‌സ്റ്റന്‍സ്' എന്ന വിമര്‍ശനം പുതിയ ചിത്രത്തിലും അമല്‍ നീരദിന് നേരിടേണ്ടിവരുമോ? അത്തരം വിമര്‍ശനങ്ങള്‍ക്ക് പുതിയ ചിത്രത്തിലും സാധ്യതയുണ്ടെന്നാണ് കാഴ്ചാനുഭവം.
ദുബൈയിലെ ഐടി മേഖലയില്‍ പണിയെടുക്കുന്നയാളാണ് എബിന്‍ (ഫഹദ് ഫാസില്‍). ഭാര്യ പ്രിയ പോളുമൊത്തുള്ള (ഐശ്വര്യ ലക്ഷ്മി) ദുബൈ ജീവിതവുമായി അയാള്‍ ഏറെ പൊരുത്തപ്പെട്ടിട്ടുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനം നേരിടുന്ന സാമ്പത്തികപ്രതിസന്ധി അയാളുടെ ജീവിതത്തിലും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്. വൈകാരികജീവിതത്തിലും ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുന്നു. പൂര്‍വ്വികസ്വത്തായി പ്രിയയ്ക്ക് കിട്ടിയ ഇടുക്കി മലയോരമേഖലയിലുളള ബംഗ്ലാവിലേക്കാണ് അവര്‍ എത്തുന്നത്. ഒരു മെട്രോ നഗരത്തില്‍ നിന്ന് പൊടുന്നനെ കേരളത്തിലെ ഒരു ഹൈറേഞ്ച് മേഖലയിലെത്തി ജീവിച്ചുതുടങ്ങുന്ന അവര്‍ക്ക് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളും അതുണ്ടാക്കുന്ന പ്രതികരണങ്ങളുമാണ് വരത്തന്‍.
ജാതി, മതം, ഭാഷ, ലിംഗം, പ്രദേശം തുടങ്ങി നാനാതരം വിഭജനങ്ങളാല്‍ 'അന്യത്വം' ആരോപിച്ച് മനുഷ്യര്‍ തെരുവില്‍ ആള്‍ക്കൂട്ടക്കൊലയ്ക്ക് വിധേയരാവുന്ന കാലത്ത് 'വരത്തന്‍' (outsider) എന്ന പദത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ ആശയത്തെ പോപ്പുലര്‍ സിനിമാ ഫോര്‍മാറ്റില്‍ അവതരിപ്പിക്കാനാണെന്ന് തോന്നുന്നു സുഹാസ്, ഷര്‍ഫു എന്നിവരുടെ തിരക്കഥയില്‍ അമല്‍ നീരദിന്റെ ശ്രമം. ഇവിടെ 'അന്യര്‍' ദുബൈ എന്ന മെട്രോ നഗരത്തില്‍ നിന്ന് വരുന്നവരും 'മോബ്' ഹൈറേഞ്ചുകാരുമാണ്. ഔട്ട്‌സൈഡര്‍ ആശയത്തിലൂന്നി കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കഥ പറയാന്‍ ഇവിടെയുള്ള സദാചാര പൊലീസിംഗിനെയും അതിന് പിന്നിലുള്ള ലൈംഗിക ദാരിദ്ര്യത്തെയുമൊക്കെയാണ് രചയിതാക്കള്‍ ആശ്രയിച്ചിരിക്കുന്നത്. തങ്ങള്‍ക്കിടയിലേക്കെത്തുന്ന നാഗരികനായ പുരുഷന്റെ സുന്ദരിയായ ഭാര്യയാണ് 'അബിന്' നേരെയുള്ള 'വരത്തന്‍' സംബോധനകള്‍ക്ക് പിന്നില്‍ എന്നതിനാല്‍ മോറല്‍ പൊലീസിംഗ് തലത്തിന് അപ്പുറത്തേക്ക് ടൈറ്റിലിന് അര്‍ഥവ്യാപ്തി പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല.
മോറല്‍ പൊലീസിംഗ് എന്ന സമകാലികതയെ വിഷയമാക്കുമ്പോഴും അതിനെ ഒറ്റനായകന്‍ vs വില്ലന്‍ കുടുംബം എന്ന മലയാള സിനിമയുടെ പഴയ സാമ്പ്രദായിക ശീലത്തിലാണ് സിനിമ പിന്തുടരുന്നത്. നായകന്‍ അന്തിമമായി വിജയിക്കുമോ എന്നതിലേക്കാണ് സംവിധായകന്‍ പ്രേക്ഷകരുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്. അതേസമയം ഐശ്വര്യലക്ഷ്മിയുടെ കഥാപാത്രത്തിലൂടെ ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ ഇന്നത്തെ സ്ത്രീ നേരിടേണ്ടിവരുന്ന പ്രതിസന്ധിയെ വിശ്വസനീയമായി അവതരിപ്പിച്ചിട്ടുമുണ്ട് ചിത്രം.
ഇടുക്കിയിലെ പതിനെട്ടാംമൈല്‍ എന്ന സ്ഥലത്താണ് കഥ നടക്കുന്നതായി പറഞ്ഞിരിക്കുന്നതെങ്കിലും ഒരു ഹൈറേഞ്ച് പ്രദേശം എന്നതിനപ്പുറത്ത് നരേഷനില്‍ കൂടുതല്‍ പങ്ക് വഹിക്കാനില്ല ആ സ്ഥലത്തിന്. അമല്‍ നീരദിലുള്ള പ്രേക്ഷകപ്രതീക്ഷ വര്‍ധിപ്പിച്ച ചിത്രങ്ങളായിരുന്നു 5 സുന്ദരികളിലെ കുള്ളന്റെ ഭാര്യയും പിന്നീടുവന്ന ഇയ്യോബിന്റെ പുസ്തകവും. സ്ലോ മോഷനും മഴയുമെല്ലാമായി 'സ്‌റ്റൈല്‍ ഓവര്‍ സബ്‌സ്റ്റന്‍സ്' വിമര്‍ശനം നേരിട്ടിരുന്ന അമല്‍ നീരദിന് പുതിയ പ്രേക്ഷകരെ നേടിയെടുത്ത് കൊടുത്തിരുന്നു ഈ വര്‍ക്കുകള്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷമിറങ്ങിയ സിഐഎ: കൊമ്രേഡ് ഇന്‍ അമേരിക്കയും ഇപ്പോള്‍ വരത്തനും കാണുമ്പോള്‍ അമല്‍ പ്രേക്ഷകര്‍ക്ക് തന്നിലുള്ള അമിത പ്രതീക്ഷകളെല്ലാം മാറ്റിവച്ച് ഇഷ്ടമുള്ള വഴിയേ ക്യാമറ തിരിക്കുന്നതുപോലെയാണ് തോന്നുക. പറയുന്ന വിഷയം എന്തുതന്നെ ആയാലും വിഷ്വല്‍ സ്റ്റൈലേസേഷനിലേക്ക് എപ്പോള്‍ വേണമെങ്കിലും കടക്കാവുന്ന ഒരു ദൃശ്യഭാഷ. ടൈറ്റില്‍ കാര്‍ഡില്‍ നന്ദി എഴുതിക്കാണിച്ചതുകൊണ്ട് മാത്രമല്ല, രാം ഗോപാല്‍ വര്‍മ്മയെ ചില ഷോട്ടുകളില്‍ അനുഭവപ്പെട്ടത്. നായകനും സംവിധായകനും നിര്‍മ്മാണം കൂടി നിര്‍വ്വഹിക്കുന്ന ചിത്രം മിനിമല്‍ പ്രൊഡക്ഷനിലാണെങ്കിലും കാഴ്ചാനുഭവത്തില്‍ അങ്ങനെയല്ല.
പറവ, കൂടെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിറ്റില്‍ സ്വയാമ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രമാണ് വരത്തന്‍. ഒളിപ്പിച്ചുവെച്ച ക്യാമറയുടെ പെര്‍സ്‌പെക്ടീവ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് മൊത്തത്തിലുള്ള ദൃശ്യപരിചരണം. 'ഔട്ട്‌സൈഡറു'ടെയോ 'മോബി'ന്റെയോ കാഴ്ചപ്പാടിലുള്ള, ഒളിഞ്ഞുനോട്ടം പോലെ തോന്നിപ്പിക്കുന്ന ഷോട്ടുകള്‍ എമ്പാടുമുണ്ട്. മുന്‍ അമല്‍ നീരദ് ചിത്രങ്ങളിലുള്ള വിഷ്വല്‍ റിച്ച്‌നെസ്സിന് പകരം വിഷ്വല്‍ നീറ്റ്‌നെസ് ആണ് വരത്തനില്‍ കാണാനാവുക. വിഷ്വലിയുള്ള ആഡംബരമായി തോന്നുക രാത്രി തുടങ്ങി പുലര്‍ച്ചെ വരെ നീളുന്ന ക്ലൈമാക്‌സ് ഫൈറ്റ് സീക്വന്‍സുകളാണ്. വീഡിയോ ഗെയിമിംഗ് പ്രതീതി തരുന്നുണ്ട് അബിനും പ്രതിനായകന്മാരുമായുള്ള സംഘട്ടനരംഗങ്ങള്‍. സുശിന്‍ ശ്യാമിന്റെ പശ്ചാത്തലസംഗീതമാണ് ചിത്രത്തിന് പലപ്പോഴും മൂഡ് നല്‍കുന്നതും നിലനിര്‍ത്തുന്നതും.
സ്വന്തം സിനിമകള്‍ പുറത്തിറങ്ങുംമുന്‍പ് അവകാശവാദങ്ങളൊന്നും ഉന്നയിക്കാത്ത സംവിധായകനാണ് അമല്‍ നീരദ്. പുതിയ സിനിമയുടെ കാര്യത്തിലും അങ്ങനെതന്നെ. പക്ഷേ ഇവിടെ 'വരത്തന്‍' എന്ന പേരില്‍ത്തട്ടി തീയേറ്ററിലേക്കെത്തുന്ന കാണികള്‍ ചിലത് പ്രതീക്ഷിക്കുക സ്വാഭാവികം. അത്തരം പ്രതീക്ഷകളുടെ വഴിയേ അല്ല അമല്‍ നീരദ് ക്യാമറ തിരിച്ചിരിക്കുന്നത്.