അഭിനയമികവില്‍ മഞ്ജു വാര്യര്‍, ഉദാഹരണം സുജാത- റിവ്യു
മഞ്ജു വാര്യര്‍ നായികയാകുന്നുവെന്ന സിനിമയെന്ന നിലയില്‍ ശ്രദ്ധ നേടിയ തീയേറ്ററിലെത്തിയ ചിത്രമാണ് ഉദാഹരണം സുജാത. മഞ്ജു വാര്യര്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമ തന്നെയാണ് കാഴ്ചയിലും ഉദാഹരണം സുജാത. നാട്ടിന്‍പുറത്തുകാരിയായ സുജാത എന്ന വീട്ടമ്മയായി മികച്ച പ്രകടനം തന്നെയാണ് മഞ്ജു വാര്യര്‍ നടത്തിയിരിക്കുന്നതും. പക്ഷേ പുതിയ കാലത്തെ സിനിമയുടെ നിരയില്‍ ഇടംപിടിക്കാന്‍ ഉദാഹരണം സുജാതയ്‍ക്ക് കഴിഞ്ഞിട്ടുമില്ല. പക്ഷേ കുടുംബപ്രേക്ഷകര്‍ക്ക് ആകര്‍ഷകമാവുന്ന ഒരു ഫീല്‍ ഗുഡ് മൂവിയാണ് ഉദാഹരണം സുജാത.
തിരുവനന്തപുരം ചെങ്കല്‍ച്ചൂള കോളനിയിലെ നിവാസിയായ സുജാതയായിട്ടാണ് മഞ്ജു വാര്യര്‍ വേഷപ്പകര്‍ച്ച നടത്തിയിരിക്കുന്നത്. സുജാത എങ്ങനെയാണ് ഒരു ഉദാഹരണമായി മാറുന്നത് എന്നാണ് സിനിമ പറയുന്നത്. പത്താംക്ലാസ്സുകാരിയായ മകളുടെ ഭാവി മാത്രമാണ് സുജാതയുടെ സ്വപ്നം. മകളെ നല്ല രീതിയില്‍ പഠിപ്പിച്ച് വലിയ നിലയില്‍ എത്തിക്കാന്‍ പാടുപെടുന്ന സുജാതയാണ് സിനിമ നിറയെ. പ്രശസ്തനായ തിരക്കഥാകൃത്തിന്റെ വീട്ടിലുള്‍പ്പടെ വേലക്കാരിയായും മറ്റ് ചില സ്ഥാപനങ്ങളില്‍ ക്ലീനിംഗ് ജീവനക്കാരിയായും ജോലി ചെയ്യുന്ന സുജാതയുടെ കഷ്‍ടപ്പാടുകളാണ് സംവിധായകന്‍ സിനിമയുടെ തുടക്കത്തില്‍ പറഞ്ഞുവയ്‍ക്കുന്നത്. അതേസമയം തന്നെ പഠനത്തില്‍ ശ്രദ്ധിക്കാതെയുള്ള മകളുടെ ഉഴപ്പും. മകള്‍ പഠനത്തില്‍ ശ്രദ്ധ ചെലുത്താന്‍ വേണ്ടി സുജാത തന്നെ ഒരു ഉദാഹരണമായി മാറുകയും ചെയ്യുന്നയിടത്താണ് സിനിമയുടെ ഗതിയും മാറുന്നത്.
നായികയുടെ ജീവിതപശ്ചാത്തലവും കഠിനാദ്ധ്വാനവുമൊക്കെ സൂചിപ്പിക്കാന്‍ വേണ്ടിയുടെ ആദ്യത്തെ അരമണിക്കൂര്‍ പ്രേക്ഷകന് ക്ലീഷേയായി തോന്നും. മഞ്ജു വാര്യരുടെ അഭിനയമികവിലാണ് സിനിമ ആ രംഗങ്ങളില്‍ പിടിച്ചുനില്‍ക്കുന്നത്. സിനിമ രണ്ടാം പകുതിയിലെ ഫീല്‍ ചെയ്യിപ്പിക്കുന്ന രംഗങ്ങളായിരിക്കും ഉദാഹരണം സുജാതയോട് ഇഷ്‍ടം തോന്നിപ്പിക്കുക.
ശരീരഭാഷയിലും അഭിനയത്തിലും മഞ്ജു വാര്യര്‍ ഉദാഹരണം സുജാതയായിത്തന്നെ മാറുന്നുണ്ട്. മഞ്ജു വാര്യരില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന പ്രകടനമികവ് തന്നെ സിനിമയിലുണ്ട്. കയ്യൊതുക്കമുള്ള അഭിനയമാണ് മഞ്ജു സുജാതയ്ക്ക് നല്‍കിയിരിക്കുന്നത്. പക്ഷേ തിരുവനന്തപുരം സ്ലാംഗിലെ ഡയലോഗുകള്‍ മഞ്ജു വാര്യരില്‍ നിന്ന് വഴുതി മാറുന്നതാണ് കഥാപാത്രത്തെ ചെറുതായി ബാധിക്കുന്നത്. മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ മകളായ ആതിരാ കൃഷ്‍ണനായി അഭിനയിച്ചിരിക്കുന്നത് ഐശ്വര്യാ രാജനാണ്. മഞ്ജു വാര്യരും ഐശ്വര്യാ രാജനും തമ്മിലുള്ള കോമ്പിനേഷനും രസകരമായിട്ടുണ്ട്. സിനിമയിലെ വലിയ ഒരു പ്ലസ് പോയന്റ് ജോജുവിന്റെ പ്രകടനമാണ്. പ്രത്യേക മാനറിസങ്ങളുള്ള കണക്ക് അധ്യാപകനായി ജോജു കയ്യടി നേടുന്നു. അഭിനേതാക്കളില്‍ നെടുമുടി വേണുവും മോശമാക്കിയില്ല. തിരുവനന്തുപുരത്തുകാരിയായി അഭിജയും മികവ് കാട്ടുന്നു.
കഥാപരിസരത്തിനും രംഗങ്ങള്‍ക്കും അനുയോജ്യമായ പശ്ചാത്തലസംഗീതമാണ് ആകര്‍ഷണമായ മറ്റൊരു ഘടകം. ഗോപി സുന്ദര്‍ ആണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മധു നീലകണ്ഠന്റെ ക്യാമറ ദൃശ്യഭംഗിയോടെ തിരുവനന്തപുരത്തെ കൃത്യതയോടെ അടയാളപ്പെടുത്തുന്നുമുണ്ട്. ആദ്യസംരഭമെന്ന നിലയില്‍ സംവിധായകന്‍ ഫാന്റം പ്രവീണ്‍ മോശമാക്കിയില്ല.