പ്രളയാനന്തരം പ്രേക്ഷകരെ തിരിച്ചുവിളിച്ച് ടൊവീനോ; സിനിമാവ്യവസായത്തിന് കുതിപ്പ് പകര്‍ന്ന് 'തീവണ്ടി'
മായാനദിക്കും മറഡോണയ്ക്കും ശേഷം തീവണ്ടി കൂടി എത്തുമ്പോള്‍ വിശ്വസിച്ച് ടിക്കറ്റെടുക്കാവുന്ന യുവതാരം എന്ന പ്രതിച്ഛായയിലേക്ക് എത്തുകയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ ടൊവീനോ.
അപ്രതീക്ഷിതമായെത്തിയ, നൂറ്റാണ്ടിന്റെ മഹാപ്രളയം കേരളത്തിനുണ്ടാക്കിയ സാമ്പത്തികനഷ്ടം എത്രയെന്ന് ഇനിയും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. കേരളത്തിലെ ഏറ്റവും വലിയ ഉത്സവസീസണായ ഓണം പ്രളയത്തില്‍ മുങ്ങിയതോടെ സിനിമാവ്യവസായവും വലിയ തിരിച്ചടിയാണ് നേരിട്ടത്. മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, ബിജു മേനോന്‍ എന്നിവര്‍ അണിനിരക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം നേരത്തേ പലതവണ റിലീസ് മാറ്റിയ ടൊവീനോയുടെ തീവണ്ടിയും ഓണം റിലീസുകളായി തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. എന്നാല്‍ പ്രളയം കാരണം റിലീസ് സാധ്യമല്ലാത്ത സാഹചര്യമുണ്ടാവുകയും ചിത്രങ്ങള്‍ മാറ്റുകയും ചെയ്തു.
പ്രളയ ദുരിതത്തില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും നാട് കരകയറിയതിന് ശേഷം വാരത്തില്‍ ഒരു ചിത്രം എന്ന നിലയ്ക്ക് ഓണം റിലീസുകള്‍ എത്തിക്കാന്‍ ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സിനിമാസംഘടനകളുടെ യോഗത്തിലാണ് തീരുമാനമായത്. അതുപ്രകാരമാണ് ടൊവീനോയുടെ പലതവണ മുന്‍പ് റിലീസ് മാറ്റിവച്ച തീവണ്ടി സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. തീവണ്ടി ആദ്യനാല് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഫിലിം ചേംബറിന്റേത് മികച്ച തീരുമാനമായിരുന്നുവെന്നാണ് തീയേറ്റര്‍ കളക്ഷന്‍ തെളിയിക്കുന്നത്. പ്രളയാനന്തരം തീയേറ്റര്‍ വിട്ടുനിന്ന പ്രേക്ഷകരെ തിരിച്ചെത്തിച്ചു എന്നത് മാത്രമല്ല, വലിയ സാമ്പത്തികവിജയത്തിലേക്ക് കടക്കുകയാണ് ടൊവീനോയെ നായകനാക്കി ഫെല്ലിനി ടി പി എന്ന നവാഗതസംവിധായകന്‍ ഒരുക്കിയ ചിത്രമെന്നാണ് തീയേറ്ററുകളിലെ തിരക്ക് സൂചിപ്പിക്കുന്നത്.
ആദ്യവാരാന്ത്യം പിന്നിടുമ്പോള്‍ ചിത്രം ആറ് കോടിയിലേറെ ഗ്രോസ് നേടിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. 151 കേന്ദ്രങ്ങളിലായിരുന്നു കേരളത്തിനകത്ത് ചിത്രത്തിന്റെ റിലീസ്. വെള്ളി, ശനി, ഞായര്‍ ദിനങ്ങളില്‍ മിക്ക പ്രധാന കേന്ദ്രങ്ങളിലും ഏതാണ്ട് എല്ലാ പ്രദര്‍ശനങ്ങളും ഹൗസ് ഫുള്‍ ആയിരുന്നു. വാരാന്ത്യത്തിന് ശേഷമുള്ള തിങ്കളാഴ്ചയും കളക്ഷനില്‍ കാര്യമായ കുറവില്ല എന്ന് മാത്രമല്ല ചില തീയേറ്ററുകളിലൊക്കെ അഡീഷണല്‍ ഷോകളും സംഘടിപ്പിച്ചിട്ടുണ്ട്. ഇത് ചിത്രം സമീപകാലത്തെ എണ്ണപ്പെടുന്ന സാമ്പത്തികവിജയത്തിലേക്ക് തീവണ്ടി ചൂളംവിളിച്ചേക്കാം എന്ന സൂചനയാണ് നല്‍കുന്നത്.
ടൊവീനോ ഫാക്ടര്‍
മായാനദിക്കും മറഡോണയ്ക്കും ശേഷം തീവണ്ടി കൂടി എത്തുമ്പോള്‍ വിശ്വസിച്ച് ടിക്കറ്റെടുക്കാവുന്ന യുവതാരം എന്ന പ്രതിച്ഛായയിലേക്ക് എത്തുകയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ ടൊവീനോ. നായകനല്ലാതെ എത്തിയ എന്ന് നിന്റെ മൊയ്തീന്‍ (2015) മുതലുള്ള കരിയറിലെ പ്രധാന ചിത്രങ്ങളെടുത്താല്‍ ടൊവീനോയുടെ തെരഞ്ഞെടുപ്പുള്ള ശ്രദ്ധ കാണാം. പൃഥ്വിരാജിനും പാര്‍വ്വതിക്കുമൊപ്പം ടൊവീനോയുടെ കരിയറിലും കുതിപ്പ് നല്‍കിയ ചിത്രമായിരുന്നു ആര്‍ എസ് വിമലിന്റെ മൊയ്തീന്‍. പിന്നീടാണ് ഗപ്പിയുടെ (2016) വരവ്. ബോക്‌സ്ഓഫീസ് കണക്കുകള്‍ പരിശോധിച്ചാല്‍ ചിത്രം വിജയമല്ലെങ്കിലും ടൊവീനോയിലെ അഭിനേതാവ്/ നായകന്‍ ആത്മവിശ്വാസത്തോടെയുള്ള യാത്ര ആരംഭിച്ചത് ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഈ ചിത്രത്തോടെയാണ്. ഫേസ്ബുക്ക് സിനിമാഗ്രൂപ്പുകളില്‍ പിന്നീട് ചര്‍ച്ചയായ ചിത്രം ഡിവിഡി ഇറങ്ങിയപ്പോള്‍ വലിയ പ്രേക്ഷകശ്രദ്ധ നേടി. കഴിഞ്ഞ വര്‍ഷമെത്തിയ ഒരു മെക്‌സിക്കന്‍ അപാരത മുതലാണ് ടൊവീനോയുടെ താരമൂല്യം ചലച്ചിത്രവ്യവസായം മനസ്സിലാക്കാന്‍ തുടങ്ങിയത്. വലിയ പ്രീ-റിലീസ് പബ്ലിസിറ്റിയുമായെത്തിയ ചിത്രത്തിന്റെ ഇനിഷ്യല്‍ കളക്ഷന്‍ നിര്‍മ്മാതാക്കളെത്തന്നെ ഞെട്ടിക്കുന്നതായിരുന്നു. ബോക്‌സ്ഓഫീസ് കളക്ഷനില്‍ ഊന്നിയുള്ള പബ്ലിസിറ്റി പ്രചാരത്തില്‍ വന്ന പുലിമുരുകന് പിന്നാലെയെത്തിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ വലിയ സാമ്പത്തികവിജയങ്ങളില്‍ ഒന്നാണ്. ബേസില്‍ ജോസഫിന്റെ ഗോദയിലൂടെ വിജയവഴിയില്‍ തുടര്‍ന്നു ടൊവീനോ. ടൈപ്പ് കാസ്റ്റ് എന്ന കുരുക്കില്‍ വീഴാതെയുള്ള തെരഞ്ഞെടുപ്പിന്റെ ഉദാഹരണമായി ഗോദയും തുടര്‍ന്നുവന്ന, ആഷിക് അബുവിന്റെ മായാനദിയും മറഡോണയും ഇപ്പോള്‍ തീവണ്ടിയുമൊക്കെ.
മാത്തനും മറഡോണയും
ഉയര്‍ന്നുവരുന്ന താരം എന്നതിനപ്പുറത്ത് ടൊവീനോ തോമസിലെ നടന്‍ ഭൂരിഭാഗം പ്രേക്ഷകരുടെയും കണ്ണില്‍ പെട്ടത് ആഷിക് അബുവിന്റെ മായാനദിയിലാവും, ഗപ്പി കണ്ടവര്‍ ഒഴികെ. ടൊവീനോയിലെ നടന് തന്റെ തെരഞ്ഞെടുപ്പുകളില്‍ സ്വയം കണ്‍വിക്ഷന്‍ ഉണ്ടാക്കിയ സിനിമയാവും മായാനദി. ഗപ്പിയിലെ തേജസ് വര്‍ക്കിയെ കണ്ടവര്‍ കുറവാണെങ്കില്‍ മായാനദിയും അതിലെ മാത്തന്‍ എന്ന കഥാപാത്രത്തെയും ഒരേസമയം പലതരം പ്രേക്ഷകര്‍ ഏറ്റെടുത്തു. ടൊവീനോയുടെ ഫിസിക്കാലിറ്റിയെക്കൂടി ഉപയോഗിച്ച് ആഷിക് അബു സൃഷ്ടിച്ച കഥാപാത്രം അയാളിലെ നടന്റെ വളര്‍ച്ചയെ കൃത്യമായി അടയാളപ്പെടുത്തി. മായാനദി ടൊവീനോയ്ക്ക് നല്‍കിയ ആത്മവിശ്വാസം എന്തായിരുന്നെന്ന് മറഡോണയുടെ കാഴ്ചയില്‍ വ്യക്തമാകും. ആന്തരികമായ hardness ഉള്ള, വയലന്റ് ആയ കഥാപാത്രത്തെ ടൊവീനോ അനായാസമായി സ്‌ക്രീനിലെത്തിച്ചു. പലരംഗങ്ങളിലും അത്ഭുതപ്പെടുത്തി. ക്വട്ടേഷന്‍ ഏറ്റെടുത്ത് പോകുന്ന വീട്ടില്‍ ഗൃഹനാഥനുമായി ഏറ്റുമുട്ടുന്നതിന് മുന്‍പ് അയാളുടെ ചെറിയ മകളെ മണിച്ചിത്രത്താഴിലെ ഡയലോഗ് പറയാന്‍ നിര്‍ബന്ധിക്കുന്ന രംഗം ഉദാഹരണം.
നേടിക്കൊണ്ടിരിക്കുന്ന ജനപ്രീതിയുടെ തെളിവ് പോലെ ട്രോള്‍ പേജുകളുടെ ടൈംലൈനില്‍ ഇപ്പോള്‍ തീവണ്ടിയുടെ നിരന്തരസാന്നിധ്യമുണ്ട്. അടുത്തടുത്ത ചിത്രങ്ങളിലെ ലിപ് ലോക്ക് രംഗങ്ങളാണ് ട്രോളന്മാര്‍ ഏറ്റ് പിടിച്ചിരിക്കുന്നതെങ്കില്‍ ഒരുവശത്ത് താരമൂല്യം ഉയരുമ്പോള്‍ത്തന്നെ ആവര്‍ത്തനസ്വഭാവമുള്ള കഥാപാത്രങ്ങളെ ഒഴിവാക്കിയാണ് ഇതുവരെയുള്ള ടൊവീനോയുടെ തെരഞ്ഞെടുപ്പ്. തീയേറ്ററിലെത്തിയ ചിത്രങ്ങള്‍ മാത്രമല്ല, അനൗണ്‍സ് ചെയ്യപ്പെട്ട സിനിമകളും കഥാപാത്രങ്ങളും ടൈപ്പ് കാസ്റ്റ് കുരുക്കില്‍ നിന്ന് അകന്നുനില്‍ക്കുന്നവയാണ്. ഇപ്പോഴത്തെ റൊമാന്റിക് ഹീറോ ഇമേജില്‍ നിന്ന് പുറത്തുകടക്കുന്ന ചിത്രങ്ങളാണ് ടൊവീനോയുടേതായി അടുത്ത് പുറത്തുവരാനുള്ളത്. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം മാരി 2വില്‍ പ്രതിനായകനായാണ് ടൊവീനോ പ്രത്യക്ഷപ്പെടുക. പൃഥ്വിരാജ് സംവിധായകനാവുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ ഏറെ പ്രത്യേകതകളുള്ള വേഷമാണ് ടൊവീനോയ്ക്ക്. മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യനും പ്രതീക്ഷയുള്ള പ്രോജക്ട് തന്നെ.