തൃശൂർ റൗണ്ടിന് ചുറ്റും ഒരു 'തൃശിവ പേരൂർ ക്ലിപ്‍തം'
'ആമേൻ', 'ഉട്ടോപ്യയിലെ രാജാവ്' എന്നെ ചിത്രങ്ങൾക്ക് ശേഷം പി എസ് റഫീക്കിന്റെ തിരക്കഥയി എഴുതി നവാഗതനായ രതീഷ് കുമാർ സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ സംഗീതം ബിജിപാൽ, ഛായാഗ്രഹണം സ്വരൂപ് ഫിലിപ്, എഡിറ്റിങ് ഷമീർ മുഹമ്മദ് എന്നിവരാണ് കൈകാര്യം ചെയ്തത്. ആസിഫ് അലി അവതരിപ്പിക്കുന്ന ഗിരിജ വല്ലഭൻ, അപർണ ബാലമുരളിയുടെ ഭഗീരഥി, ചെമ്പൻ വിനോദിന്റെ ഡേവിഡ് പോളി, ബാബുരാജിന്റെ ജോസ് ചെമ്പാടൻ, ശില്പി ശർമയുടെ നിലീന മെഹന്ദി തുടങ്ങിയവർ 'തൃശ്ശിവ പേരൂർ ക്ളിപ്ത'ത്തിലെ പ്രധാന കഥാപാത്രങ്ങൾ ആയപ്പോൾ രചന നാരായണൻകുട്ടി, ഇർഷാദ്,, സറീന വഹാബ്, ജയരാജ് വാര്യർ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
സ്‌കൂൾ പഠന കാലം മുതലുള്ള രണ്ടു പേരുടെ ശത്രുത ഇന്നും നില നിൽക്കുന്നുണ്ട്. ഈ രണ്ടു പേരും, അവരുടെ ശിങ്കിടികളും എന്നും എതിർ പക്ഷത്തെ തോൽപിക്കണം എന്ന ചിന്തയിൽ ജീവിക്കുന്നവരാണ്. അങ്ങനെ ഒരു സംഭവത്തെ അധികരിച്ചാണ് ഈ ചിത്രം മുന്നോട്ടു പോകുന്നത്. തമാശ തന്നെയാണ് സിനിമയുടെ പ്രധാന ഭാഗവും. ചെമ്പൻ വിനോദും ബാബുരാജുമാണ് യഥാക്രമം നായാകനെയും പ്രതിനായകനെയും അവതരിപ്പിക്കുന്നത്. ഇവർക്കിടയിൽ വരുന്ന പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തന്നെയാണ് ആസിഫിന്റേതും അപർണ ബാലമുരളിയുടേതും.
'വർണ്യത്തിൽ ആശങ്ക' എന്ന ചിത്രത്തിന് ശേഷം വീണ്ടും തന്റെ റോൾ ഗംഭീരമാക്കിയിട്ടുണ്ട് ചെമ്പൻ വിനോദ്. എല്ലാ തല്ലുകൊള്ളിത്തരത്തിനും കൂടെ നിൽക്കുന്ന ചങ്ങാതിമാരും സിനിമയ്ക്ക് മാറ്റേകുന്നുണ്ട്. അതേസമയം ബാബുരാജിന്റെയും ആസിഫിന്റെയും കഥാപാത്രങ്ങൾ മുന്നേ പലയിടത്തും കണ്ടു മറന്ന രൂപ ഭാവങ്ങളോട് കൂടെ തന്നെ ആണ് വരുന്നത്. അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുന്ന, സ്ത്രീയുടെ ദേഹത്ത് കൈ വച്ചാൽ അത് വെട്ടിക്കളയാൻ പോലും മടിയില്ലാത്ത ശക്തമായ ഒരു സ്ത്രീ കഥാപാത്രമായി അപർണ ബാലമുരളിയുടെ ഭാഗീരഥി വരുന്നുണ്ട്. അഭിനയത്തിൽ അല്‍പം മസിൽ പിടുത്തം ഇടയ്ക്കൊക്കെ കണ്ടു വരുന്നുണ്ട്. അതേസമയം അവസാന ഭാഗത്തു കഥാപാത്രത്തിൽ സംഭവിക്കുന്ന സ്വഭാവ മാറ്റം കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യാൻ പറ്റാതെ പോയിട്ടും ഉണ്ട്. നന്ദു, ഇർഷാദ് എന്നിവരാണ് പ്രകടനത്തിൽ തിളങ്ങിയ മറ്റു രണ്ടു പേര്‍.
'വള്ളിം തെറ്റി പുള്ളിം തെറ്റി', 'കവി ഉദ്ദേശിച്ചത്' തുടങ്ങിയ ചിത്രങ്ങൾ പറഞ്ഞു വച്ച സിനിമ പശ്ചാത്തലത്തെ തൃശ്ശൂരേയ്‍ക്കു പറിച്ചു നേടുകയാണ് ഇവിടെ. ഗാനങ്ങളും പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും സിനിമയ്ക്ക് നല്ലൊരു ആമ്പിയൻസ് നൽകിയെങ്കിലും പി എസ് റഫീക്കിന്റെ തിരക്കഥ പ്രതീക്ഷയ്‌ക്കൊത്തു വളരാതെ പോവുന്നിടത്തു ഈ ക്ലിപ്തം ഒരു സാധാരണ സിനിമയ്ക്കപ്പുറത്തേക്കു സഞ്ചരിക്കാൻ പറ്റാതെ പോകുന്നു. ആൺ കഥാപാത്രങ്ങളിൽ ഏറെയും സ്ത്രീയെ കൂടെ കിട്ടണം എന്ന ആഗ്രഹത്തിൽ നടക്കുന്നത് ആയതു കൊണ്ട് അത്തരം സംഭാഷണങ്ങളാണ് ചിരിപ്പിക്കാൻ കൂടുതലായും ഉപയോഗിച്ചിട്ടുള്ളത്. തമാശയ്‍ക്കു വേണ്ടി മാത്രം പല കഥാപാത്രങ്ങളെയും കൊണ്ട് വന്നപ്പോൾ രസച്ചരട് വിട്ടു പോവുകയാണ് ചെയ്തത്. ബാബുരാജിന്റെയും ചെമ്പൻ വിനോദിന്റെയും സ്‌കൂൾ കാലഘട്ടം കാണിക്കാൻ കൊണ്ടുവന്ന രണ്ടു പേരും കാഴ്ചയിലും അവരെ പോലെ തന്നെ ആയിരുന്നത് സിനിമയിൽ പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകം തന്നെയാണ്.
തൃശൂർ കാഴ്ചകളും തമാശകളും ഒക്കെ ആയി ആദ്യ പകുതി പ്രേക്ഷകനെ പിടിച്ചിരുത്താൻ പോന്നതാണെങ്കിലും രണ്ടാം പകുതി ആ കാര്യത്തിൽ താഴോട്ടാണ് പോകുന്നത്. പലപ്പോഴും പ്രേക്ഷകർ കണ്ടു മറന്ന ആഖ്യാന രീതിയെ നന്നായി പിന്തുടരുന്നും ഉണ്ട് ഈ ചിത്രം. ഒരു നേരമ്പോക്കിന് ടിക്കറ്റെടുക്കാം.