ഇത് വിവാഹത്തോടെയുള്ള ഇടവേളയല്ല, ഞാന്‍ സിനിമയിലേക്ക് തിരിച്ച് വരും: നവ്യ നായര്‍
വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറി നിന്നതല്ല. പക്ഷേ ഞാന്‍ സിനിമയില്‍ ഇല്ലെന്നേയുള്ളു. മിനി സ്‌ക്രീനിലും നൃത്ത രംഗത്തും ഞാന്‍ സജീവമാണ്. പക്ഷേ സിനിമയിലേക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും വരും
സി.വി. സിനിയ
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ സ്‌പോര്‍ട്‌സ് ഹബില്‍ നൃത്തം പരിശീലിക്കുകയായിരുന്നു മലയാളികളുടെ പ്രിയനടി നവ്യാ നായര്‍. സംവിധായകന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നൃത്തം ചിട്ടപ്പെടുത്തുകയാണ് നവ്യ. ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്‌കാര വേദിയില്‍ നിറ സാന്നിദ്ധമാവാനുള്ള തയാറെടുപ്പിലായിരുന്നു താരം. അതിനിടയിലെ ഇടവേളയില്‍ തന്റെ സ്ത്രീത്വത്തെക്കുറിച്ച് നവ്യ പതുക്കെ പറഞ്ഞു തുടങ്ങി...
- ഏഷ്യാനെറ്റ് സ്ത്രീശക്തി പുരസ്‌കാരത്തെ കുറിച്ച്?
ഏഷ്യാനെറ്റ് സ്ത്രീ ശക്തി പുരസ്‌കാരത്തില്‍ കെ.ആര്‍. ഗൗരിയമ്മയ്ക്കുള്ള ഒരു സമര്‍പ്പണമാണ് അവതരിപ്പിക്കുന്നത്. ജീവിച്ചിരിക്കുന്നവരില്‍ ശക്തയായ സ്ത്രീയാണ് അവര്‍. അവര്‍ക്ക് വേണ്ടിയാണ് ഈ നൃത്താവിഷ്‌കാരം.
- സ്ത്രീയെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ അഭിമാനിച്ച നിമിഷം ഏതാണ്?
ഞാന്‍ അമ്മയായപ്പോഴാണ് ഒരു സ്ത്രീയെന്ന നിലയില്‍ ഏറ്റവും അഭിമാനിച്ചത്. അതുവരെ സ്ത്രീയെന്ന നിലയില്‍ അഭിമാനിച്ചിട്ടുണ്ട്. പക്ഷേ മാതൃത്വം എന്നത് എത്രയോ വലുതാണ്.
- അമ്മയില്‍ നിന്നാണ് ഒരു സ്ത്രീയെന്ന ആദ്യപാഠം നാം പഠിക്കുന്നത്. താങ്കളുടെ കാഴ്ചപ്പാടില്‍ ഒരു സ്ത്രീ എങ്ങനെയായിരിക്കണമെന്നാണ്?
അമ്മ തന്നെയാണ് എപ്പോഴും മാതൃക. കാരണം നമ്മള്‍ കാണുന്ന ആദ്യ സ്ത്രീ അമ്മ തന്നെയാണ്. മാത്രമല്ല പല സ്ത്രീകളെ പോലെയും കണ്ടീഷണല്‍ ആയിട്ടുള്ള ഒരു സ്ത്രീയാണ് എന്റെ അമ്മയും. എത്ര ക്ഷീണമുണ്ടെങ്കിലും ഭക്ഷണം പാചകം ചെയ്തു കൊടുക്കുക എത്ര വയ്യെങ്കിലും അത് മറച്ച് വച്ച് ജോലി ചെയ്യുക എന്ന് ഞങ്ങളെ പറഞ്ഞ് പഠിപ്പിച്ചത് അമ്മയാണ്. സ്ത്രീയെന്നാല്‍ എല്ലാവര്‍ക്കും വേണ്ടി എല്ലാം മറച്ച് വച്ച് എന്നും ചിരിച്ചുകൊണ്ട് ജോലി ചെയ്യുന്ന ഒരാള്‍, അമ്മ എന്നാണ് ഞാന്‍ കണ്ടിട്ടുള്ളത്. എന്നാല്‍ മുതിര്‍ന്നതിന് ശേഷം എനിക്ക് അതിനോട് വിയോജിപ്പൊന്നും തോന്നിയിട്ടില്ല. അച്ഛനും അമ്മയും ജോലിക്ക് പോകുന്നവരാണ്. അച്ഛനെ പോലെ തന്നെ ക്ഷീണിതയാണ്. അവിടെ അച്ഛനും അമ്മയും ഒരു പോലെയാണ്. മാത്രമല്ല പണ്ടത്തെ കാലത്ത് അത് അംഗീകരിക്കുമായിരുന്നു. എല്ലാ ജോലികളും പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയണമെന്നില്ല. അത് പോലെ പുരുഷന്മാര്‍ക്കും എല്ലാ ജോലികളും അവരെ പോലെ ചെയ്യണമെന്നില്ല. അവര്‍ ചെയ്യുന്ന കാര്യത്തില്‍ നമ്മളും സഹായിക്കാം. അങ്ങനെയാകുമ്പോള്‍ അത് രണ്ടുപേര്‍ക്കും വളരെ സഹായകരമാകും. നല്ല ജീവിതവുമാകും.
- നേരത്തെ പുരുഷന്മാര്‍ മാത്രമായ മേഖലകളില്‍ ഇപ്പോള്‍ നിറഞ്ഞ സ്ത്രീ സാന്നിധ്യവുമുണ്ട്. സിനിമയില്‍ തന്നെ നോക്കിയാല്‍ സ്ത്രീകള്‍ സംവിധാന രംഗത്തേക്കും മറ്റും വരുന്നില്ലേ? ഈയൊരു മാറ്റത്തെ എങ്ങനെ കാണുന്നു?
നേരത്തെ പുരുഷന്‍മാര്‍ മാത്രം ഉള്ളിടത്ത് പുരുഷാധിപത്യം എന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷേ നേരത്തെ സ്ത്രീകള്‍ ജോലി ചെയ്തിരുന്നില്ല. സ്ത്രീകള്‍ ഈ മേഖലകളിലൊന്നും വന്നിരുന്നില്ല. ഈയിടെ എല്ലാവരും ഓരോ പ്രൊഫഷനില്‍ അവരുടെ ജോലി കണ്ടെത്താന്‍ സന്നദ്ധരായി മുന്നോട്ട് വരുന്നുവെന്നതാണ്. അതില്‍ സന്തോഷമുണ്ട്. ഇന്ന് സ്ത്രീകള്‍ക്ക് അതിനുള്ള അവസരങ്ങളുണ്ട്.
- സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇപ്പോഴാണ് പലരും തുറന്നുപറയുന്നത്. ഇത്രയും വര്‍ഷത്തിനിടയില്‍ സ്ത്രീയെന്ന നിലയില്‍ എന്തെങ്കിലും തരത്തില്‍ മോശം അനുഭവം ഉണ്ടായിട്ടുണ്ടോ?
സത്യസന്ധമായി പറയാലോ, ഞാന്‍ പത്ത് വര്‍ഷമായി എത്തിയിട്ട്. ഇന്നുവരെ മോശമായ രീതിയില്‍ എന്നെ ആരും സമീപിച്ചിട്ടില്ല. ഞാന്‍ എപ്പോഴും ഈ മേഖലയില്‍ സുരക്ഷിതയാണ്.
- മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും അഭിനയിച്ചല്ലോ. ഏത് സിനിമാ മേഖലയിലാണ് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ ബഹുമാനം, പരിഗണന ലഭിച്ചിട്ടുള്ളതെന്നാണ് തോന്നിയിട്ടുള്ളത്?
എല്ലാ ഭാഷകളിലും എനിക്ക് ഒരുപോലെയാണ് തോന്നിയിട്ടുള്ളത്. ഇപ്പോള്‍ തമിഴര്‍ മാഡം എന്ന് വിളിക്കുന്നു. നമ്മുടെ നാട്ടില്‍ മോളേ എന്ന് വിളിക്കുന്നു. ചിലര്‍ നമ്മുടെ പേര് തന്നെ വിളിക്കും. അത്രയേ വ്യത്യാസമുള്ളൂ. എന്നാല്‍ എപ്പോഴും എന്നെ മാഡം എന്ന് വിളിക്കണമെന്ന് പ്രതീക്ഷിക്കുന്ന വ്യക്തിയൊന്നുമല്ല ഞാന്‍. എല്ലായിടത്തും നമുക്ക് വേണ്ട പരിഗണനയും ബഹുമാനവും എല്ലാവരില്‍ നിന്നും ലഭിക്കുന്നുണ്ട്.വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണല്ലോ? സിനിമയിലേക്ക് വീണ്ടും പ്രതീക്ഷിക്കാമോ?
വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറി നിന്നതല്ല. പക്ഷേ ഞാന്‍ സിനിമയില്‍ ഇല്ലെന്നേയുള്ളു. മിനി സ്‌ക്രീനിലും നൃത്ത രംഗത്തും ഞാന്‍ സജീവമാണ്. പക്ഷേ സിനിമയിലേക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും വരും.
സ്ത്രീകള്‍ എല്ലാവരും കരുത്തരാണ്. അവര്‍ നേരത്തെ മുന്നോട്ട് വന്നിരുന്നില്ല.. ആ സ്ത്രീകളെയാണ് നാം തിരിച്ചറിയേണ്ടത്.. അവര്‍ക്ക് എപ്പോഴും ഈ സമൂഹത്തില്‍ സ്ഥാനമുണ്ട് പറഞ്ഞ് മുഴുമിപ്പിക്കുന്നതിന് മുമ്പ് വീണ്ടും നൃത്ത പരിശീലനത്തിനായി നവ്യയെ അണിയറ പ്രവര്‍ത്തകര്‍ വിളിച്ചു.. ഒരു നിമിഷം ഇപ്പോള്‍ വരാമെന്ന മട്ടില്‍ അവരോട് ആംഗ്യം കാണിച്ച ഒരു പുഞ്ചിരിയോടെ നവ്യ അവരുടെ അടുത്തേക്ക് നടന്നു.