അവസാനം അവളാ തീരുമാനമെടുത്തു; ആ കുഞ്ഞു ജീവിതം ബാക്കിയായി!
രണ്ടു വയസ്സുള്ള ഒരു മകനുള്ള ശ്യാമ എന്ന വീട്ടമ്മയുടെ ജീവിതത്തിലെ അത്തരമൊരു നിര്‍ണായക തീരുമാനത്തെ കുറിച്ചാണ് ഈ ഹ്രസ്വചിത്രം സംസാരിക്കുന്നത്. മറ്റൊരു കുഞ്ഞു കൂടി വന്നാല്‍, താറുമാറാകുന്ന ജീവിതാവസ്ഥകള്‍ മുന്‍നിര്‍ത്തിയാണ് ഭര്‍ത്താവ് ഭ്രൂണഹത്യയ്ക്ക് അവരെ നിര്‍ബന്ധിക്കുന്നത്. മുന്നില്‍ മറ്റ് മാര്‍ഗമില്ലാതെ അവരതിന് ഡോക്ടറെ കാണുന്നു. എന്നാല്‍, ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള നിര്‍ണായകമായ ഒരു ചോദ്യം അവരുടെ മുന്നിലേക്കിട്ട് ഡോക്ടര്‍ തീരുമാനം അവര്‍ക്ക് വിടുന്നു. ശ്യാമ ജീവിതത്തിന്റെ വഴി തെരഞ്ഞെടുക്കുന്നു.
മനോഹരമായ ദൃശ്യഭാഷയാണ് ഈ ചിത്രത്തിന്‍േറത്. എന്നാല്‍, ദൃശ്യമാധ്യമത്തിന്റെ സാദ്ധ്യതകള്‍ ഉപയോഗിക്കുമ്പോള്‍ തന്നെ പ്രഭാഷണപരത മുന്നിട്ടു നില്‍ക്കുന്നതാണ് പ്രധാന പോരായ്മ. പറയേണ്ടത് വാചകങ്ങളില്‍ കൂടി പറയുമ്പോള്‍, അപ്രസക്തമാവുന്നത് ദൃശ്യഭാഷയുടെ കരുത്തു തന്നെ. എങ്കിലും ഭ്രൂണഹത്യയ്ക്ക് എതിരെ ശക്തമായ സന്ദേശം തന്നെയാണ് ഈ ചിത്രം മുന്നോട്ടുവെയ്ക്കുന്നത്.
ടെക്‌നോ പാര്‍ക്കിലെ യു.എസ്.ടി ഗ്ലോബല്‍ ജീവനക്കാരന്‍ കിരണ്‍ പ്രസാദ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം രാജേഷ് ഭാസ്‌കരന്‍ നായരാണ് നിര്‍മിച്ചത്. ഇതിനകം പന്ത്രണ്ടായിരത്തിലേറെ തവണ യൂ ട്യൂബില്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.