താനോസ്: സുപ്രസിദ്ധനായ വില്ലനെക്കുറിച്ച്..!

  • കഴിഞ്ഞ ഏപ്രില്‍ 27ന് ഇറങ്ങിയ ദ ആവേഞ്ചേര്‍സ്: ഇന്‍ഫിനിറ്റി വാര്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ പണം വാരിപ്പടമാകുന്ന ഈ ചിത്രത്തിലെ വില്ലനാണ് താനോസ്
Thanos is the best Marvel villain yet

പ്രതിനായകന്‍ എന്നത് ഒരു ഹീറോയുടെയും വളര്‍ച്ചയിലെ ഒരു പ്രധാനഘടകമാണ്. പ്രതിനായകന്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യുമ്പോഴാണ് ചരിത്രത്തിലും, സാഹിത്യത്തിലും, സിനിമയിലും ഒക്കെ നാടകീയത ജനിക്കുന്നുള്ളു, കഥ മുന്നോട്ട് പോകുന്നുള്ളു. അടിസ്ഥാനപരമായി സംഘര്‍ഷം നിറ‌ഞ്ഞ കഥകളില്‍ പ്രതിനായകത്വത്തിന് വളരെ വലിയൊരു റോളുണ്ടെന്ന് ചുരുക്കം. പ്രതിനായകന്‍ അഥവ വില്ലന്‍, എന്നും ചര്‍ച്ചയ്ക്ക് പാത്രമാകുന്ന വിഷയമാണ്. ഷേക്സ്പിയറെ പഠിപ്പിക്കുന്ന ഒരോ സാഹിത്യ വിദ്യാര്‍ത്ഥിയും ഒഥല്ലോയിലെ ഇയാഗോയെ വിടാറില്ല. അത് പോലെ ചരിത്രത്തില്‍ ഹിറ്റ്ലറെക്കുറിച്ച് പഠിച്ചിട്ടും പറഞ്ഞിട്ടും മതിയാകാറില്ല. കറുത്ത ഏടാണെങ്കിലും എന്ത് കൊണ്ടാണ് പ്രതിനായകന്മാര്‍ ചര്‍ച്ചയാകുന്നത്. അതിന് പലകാരണങ്ങളുമുണ്ട്. എങ്കില്‍ ഇന്ന് ലോകം  ചര്‍ച്ച ചെയ്യുന്ന ഒരു വില്ലനെക്കുറിച്ച് സംസാരിക്കാം. താനോസ്.

ലോകത്തിലെ എണ്ണംപറഞ്ഞ കോമിക്സ് പ്രസാധകരാണ് മാര്‍വല്‍ കോമിക്സ്. 1939 ല്‍ തുടങ്ങുന്ന മാര്‍വല്‍സിന്‍റെ കോമിക്സ്  കഥയില്‍ നാം വായിച്ച് പരിചയിച്ച സൂപ്പര്‍ ഹീറോകള്‍ ഏറെയാണ് സ്പൈഡര്‍മാന്‍, അയേണ്‍മാന്‍, തോര്‍, ഫെന്‍റാസ്റ്റിക്ക് ഫോര്‍, വൂള്‍വെറിന്‍, എക്സ്-മാന്‍സ്. പക്ഷെ ഇവരുടെ ഒരു വില്ലനെയാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത് താനോസ്, പത്ത് കൊല്ലത്തോളമായി ഒരോ അടുക്കായി മാര്‍വല്‍സ് തങ്ങളുടെ സിനിമ സാമ്രാജ്യം പടുത്തുയര്‍ത്തുകയായിരുന്നു. മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സ്, 18 ചിത്രങ്ങള്‍ ഉള്ള പരമ്പരയിലെ ഏറ്റവും വലിയ ചിത്രമാണ് കഴിഞ്ഞ ഏപ്രില്‍ 27ന് ഇറങ്ങിയ ദ ആവേഞ്ചേര്‍സ്: ഇന്‍ഫിനിറ്റി വാര്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ പണം വാരിപ്പടമാകുന്ന ഈ ചിത്രത്തിലെ വില്ലനാണ് താനോസ്.

എന്താണ് താനോസ് ഇത്ര ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണം, ചിലപ്പോള്‍ ഒരോ അടുക്കായി പത്ത് കൊല്ലത്തോളമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കുട്ടികളെയും പ്രായമായവരെയും ഒരു പോലെ രസിപ്പിച്ച ഒരു ചലച്ചിത്ര പരമ്പരയിലെ ഏറ്റവും ശക്തനായ വില്ലന്‍. മുന്‍പ് തങ്ങളുടെ സൂപ്പര്‍ഹീറോകളെ ഒരോ പടത്തിലും രംഗത്ത് ഇറക്കുമ്പോഴും ടെയ്ല്‍ എന്‍റിലോ, ഇടയിലോ ഗുപ്തമാക്കിയ സൂപ്പര്‍ വില്ലന്‍ പവര്‍ അറിഞ്ഞതിലുള്ള ആകാംക്ഷ. ഈ രണ്ട് കാരണങ്ങള്‍ താനോസ് ചര്‍ച്ച ചെയ്യപ്പെടാനുള്ള കാരണം തന്നെയാണ്. എന്നാല്‍ ഒരു സൂപ്പര്‍ ഹീറോ പടത്തില്‍ തന്‍റെ ക്രൂരതകള്‍ എല്ലാം കാണിച്ച് ഒടുക്കം നായകന്‍റെ ഇടിയില്‍ പപ്പടം പോലെ പൊടിയുന്ന ഒരു ക്യാരക്ടറല്ല താനോസ് എന്നതും ഒരു ഘടകമാണ്.

നേരത്തെ പറഞ്ഞപോലെ പത്ത് കൊല്ലത്തില്‍ പേര് അന്വര്‍ത്ഥമാക്കും പോലെ മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സ് വിനോദ രംഗത്തെ ഒരു പ്രവഞ്ചം തന്നെ ആയിട്ടുണ്ട്. മാര്‍വലിന്‍റെയോ അവരുടെ പാരെന്‍റ് കമ്പനിയായ ഡിസ്നിയുടെയും പ്രതീക്ഷകള്‍ക്ക് അപ്പുറത്തേക്ക് അവര്‍ വളര്‍ന്നിരിക്കുന്നു. 2008 ആദ്യത്തെ അയേണ്‍മാന്‍ ചിത്രത്തില്‍ തുടങ്ങിയ മാര്‍വല്‍ 2018 ല്‍ എത്തുമ്പോള്‍  ദ ആവേഞ്ചേര്‍സ്: ഇന്‍ഫിനിറ്റി വാര്‍ എന്ന ചിത്രത്തില്‍ അസഖ്യം സൂപ്പര്‍ ഹീറോകളെ വിവിധ അണികളിലായി മുന്നില്‍ നിര്‍ത്തുന്നു. അതിന് ആരാധകരുമുണ്ട്. ചരട് പൊട്ടാത്ത ഹാസ്യവും കാഴ്ചയിലെ ഗ്രാഫിക്ക് വിസ്മയങ്ങളും, ചരട് പൊട്ടാത്ത വൈകാരികതയും, നാടകീയതയും പ്രേക്ഷകനില്‍ എത്തിക്കാന്‍ ഒരു ചിത്രത്തിനും ആകുന്നു.  ദ ആവേഞ്ചേര്‍സ്: ഇന്‍ഫിനിറ്റി വാറിന് മുന്‍പായി ഫെബ്രുവരിയില്‍ തീയറ്ററില്‍ എത്തിയ മാര്‍വല്‍ ചിത്രം ബ്ലാക് പാന്തര്‍ ചര്‍ച്ച ചെയ്യപ്പെട്ടത് അതിന്‍റെ 'കറുത്തവന്‍റെ' രാഷ്ട്രീയം കൊണ്ടാണ്. അതാണ് രസിപ്പിച്ചും ചിന്തിപ്പിച്ചും വളര്‍ന്ന ഫ്രാഞ്ചെസിയിലെ ഏറ്റവും പുതിയ വിസ്മയത്തില്‍ വില്ലനാണ് സംസാരം..വില്ലന്‍ മാത്രം.

താനോസ്

Thanos is the best Marvel villain yet

താനോസ് എന്ന വില്ലന്‍ ആദ്യമായി മാര്‍വലിന്‍റെ കോമിക്സ് ബുക്കില്‍ പ്രത്യക്ഷപ്പെടുന്നത് 1973ലാണ് അയേണ്‍മാന്‍റെ 55 മത്തെ പതിപ്പില്‍. മൈക്ക് ഫെഡ്രിക്കാണ് താനോസിന്‍റെ സൃഷ്ടാവ്. പിന്നീട് പലപ്പോഴും കോമിക്സ് ബുക്കിലെ സൂപ്പര്‍ വില്ലനായി താനോസ് പ്രത്യക്ഷപ്പെട്ടു. മാര്‍വല്‍ 2012 ലാണ് തങ്ങളുടെ സിനിമാറ്റിക്ക് യൂണിവേഴ്സിലേക്ക് താനോസിനെ കൊണ്ടുവരുന്നത്. മാര്‍വല്‍സ് ആവഞ്ചേര്‍സില്‍, അതിലെ ടെയ്ല്‍ എന്‍റില്‍ പ്രത്യക്ഷപ്പെടുന്ന താനോസ് പിന്നീട് 2014 ലെ ഗാര്‍ഡിയന്‍ ഓഫ് ഗ്യാലക്സി, ആവേഞ്ചേര്‍സ് ഏജ് ഓഫ് ഓള്‍ട്ടന്‍ (2015) ചിത്രങ്ങളിലും പ്രത്യേക്ഷപ്പെടുന്നു. ജോസ് ബ്രോളിനാണ് ഈ കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത്.

മാര്‍വലിന്‍റെ കഥയില്‍ താനോസിന്‍റെ ജീവചരിത്രം വിവരിക്കുന്നത് ഇങ്ങനെയാണ്,  സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ടൈറ്റനിലെ ഭരണാധികാരി സൂയിസണിന്‍റെ പുത്രനാണ് താനോസ്. ഈറോസ് എന്ന സഹോദരനുമുണ്ട്. വളരെ വ്യത്യസ്തമായ രൂപ പ്രകൃതിയില്‍ ജനിക്കുന്ന താനോസിനെ അമ്മ ജനനത്തില്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നെങ്കിലും അതില്‍ നിന്ന് പിന്‍വാങ്ങുന്നു. പിന്നീട് മരണത്തിന്‍റെ ആരാധകനാകുന്ന താനോസ് ടൈറ്റനിലെ സ്വന്തം ജനതയെപ്പോലും നശിപ്പിച്ചാണ് ലോകത്തിന്‍റെ സര്‍വ്വനിയന്ത്രണവും നടത്തുന്ന 6 കല്ലുകള്‍ തേടി ഇറങ്ങുന്നത്. മാര്‍വല്‍ കോമിക്സ് ഇവയ്ക്ക് ഇന്‍ഫിനിറ്റ് സ്റ്റോണ്‍ എന്നാണ് പറയുന്നത്.

ഇന്‍ഫിനിറ്റി സ്റ്റോണ്‍സിനെ ചുറ്റിപറ്റി തന്നെയാണ് മാര്‍വല്‍സിന്‍റെ സിനിമാറ്റിക്ക് യൂണിവേഴ്സ് പുരോഗമിച്ചത്. ലോക നിയന്ത്രണം ഏറ്റെടുക്കാനുള്ള താനോസിന്‍റെ യാത്രയില്‍ ഈ സ്റ്റോണ്‍സ് ആ വില്ലന്‍ സ്വന്തമാക്കുമോ എന്നതാണ്  ദ ആവേഞ്ചേര്‍സ്: ഇന്‍ഫിനിറ്റി വാര്‍ എന്ന ചിത്രം പറയുന്നത്. എങ്കിലും ഒരു കോമിക് ചിത്രം എന്നതിനപ്പുറം താനോസ് ചര്‍ച്ചയാകുന്ന ചില ഘടകങ്ങള്‍ നോക്കാം.

എന്താണ് മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സ് - ഈ വീഡിയോ കാണൂ

..ഇതിനപ്പുറം സ്പോയിലര്‍ അലെര്‍ട്ട്...

താനോസ് എന്ന വില്ലന്‍ വായിക്കപ്പെടുന്ന വിധം

കുട്ടികള്‍ക്കുള്ള കോമിക്സ് പടത്തിലെ ഒരു വില്ലനെ ഇത്ര അപഗ്രഥിക്കാനുണ്ടോ, എന്ന ചോദ്യത്തെ വാതിലനപ്പുറം വച്ച് ചില കാര്യങ്ങള്‍ ചിന്തിക്കാം. താനോസിനെ ഇത്രയും മുന്നൊരുക്കത്തോടെ മാര്‍വല്‍സ് ഇത്രയും കാത്തുവച്ച് അവതരിപ്പിക്കുമ്പോള്‍ താനോസിന്‍റെ ലക്ഷ്യത്തിലും മനോഹരമായ കാര്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട് സംവിധായകരായ റൂസോ ബ്രദേര്‍സും, എഴുത്തുകാരും. ചില അഭിപ്രായങ്ങളില്‍ ലോകത്തിന്‍റെ പലഭാഗത്തുനിന്നുള്ള റിവ്യൂകളില്‍ താനോസ് വില്ലന്‍ അല്ല ഹീറോയാണ് എന്ന വായനകളും വരുന്നു.

താനോസ് ലോകത്തെ രക്ഷിക്കുന്നവനാണ് എന്നാണ് ഒരു വായന. അതായത് ഈ പ്രവഞ്ചത്തിന്‍റെ വിഭാവങ്ങള്‍ തീരുന്നു കൊണ്ടിരിക്കുന്ന അവസ്ഥയില്‍ 14 ട്രില്ലിൺ ജീവനുകളുമായി 9 റീലീമസ് നിലനില്‍ക്കുക എന്നത് സമീപ ഭാവിയിൽ ലോകത്തിന്‍റെ അന്ത്യം കുറിക്കുമെന്ന് കരുതി ഒരു ദൗത്യത്തിന് ഇറങ്ങുന്നവനാണ് താനോസ്.  താനോസ് ഒരു വില്ലനല്ല ലോകത്തിന്‍റെ നന്മ മുന്നില്‍ കണ്ട് ഇറങ്ങുന്ന  പോരാളിയാണെന്നാണ് വാദം. ഒരു നല്ല നേതാവാണ് , ഒരു നല്ല ഭരണാധികാരി ആണ് താനോസ് എന്നതാണ് ചില റിവ്യൂകളില്‍ കണ്ടവാദം.

ദ ആവേഞ്ചേര്‍സ്: ഇന്‍ഫിനിറ്റി വാറിലെ ടൈറ്റനിലെ പോരാട്ടത്തിന് ശേഷം അയേണ്‍ മാന്‍ ടോണി സ്റ്റാർക് നെ നോക്കി നിങ്ങള്‍ എന്‍റെ ബഹുമാനം പിടിച്ചുപറ്റുന്നു എന്ന് പറയുന്ന താനോസ്, ടൈം സ്റ്റോണ്‍ ലഭിക്കുന്നതിന് പകരമായി നല്‍കിയ വാക്കിന്‍റെ പേരില്‍ ടോണിയെ കൊല്ലാതെ വിടുന്നു. ലോകത്തിലെ  പകുതി ജീവിതങ്ങളെ അവസാനിപ്പിച്ച് സമീപഭാവിയില്‍ പ്രവഞ്ചത്തിന്‍റെ അന്ത്യം തടയുക എന്നതാണ് താനോസിന്‍റെ ലക്ഷ്യം എന്ന് കാണാം. എന്നാല്‍ ഇങ്ങനെ നശിപ്പിക്കുമ്പോൾ അതിൽ പാവപ്പെട്ടവനും, പണക്കാരനും, ശക്തനും, ദുര്‍ബലനും ഒരേ പോലെ ഉള്‍പ്പെടുന്നു  എന്നത് താനോസിന്‍റെ ധാര്‍മ്മികതയാണ് എന്നാണ് താനോസ് വില്ലനല്ലെന്ന് പറയുന്നവരുടെ വാദം.

തന്‍റെ ദത്തു പുത്രി ഗമോറയോട് , തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷവും താനോസ് സ്നേഹം നിറഞ്ഞ പിതാവെന്ന രീതിയിലാണ് പെരുമാറുന്നത്. ക്ലൈമാക്സില്‍, ദൗത്യം പൂര്‍ത്തികരിച്ചോ എന്ന ഗമോറയുടെ ചോദ്യത്തിന് എല്ലാം നഷ്ടപ്പെട്ടാണ് ഇത് നേടിയത് എന്നാണ് താനോസ് നല്‍കുന്ന മറുപടി അതില്‍ നിന്ന് തന്നെ താനോസിന്‍റെ മറ്റൊരു മുഖം കാണാം.  തനിക്കു നഷ്ടപെട്ടതും താൻ നഷ്ടപ്പെടുത്തിയതും ഓർത്തു ദുഃഖിക്കുന്ന താനോസിനെ കാണിച്ചാണ്   ദ ആവേഞ്ചേര്‍സ്: ഇന്‍ഫിനിറ്റി വാര്‍ നിര്‍ത്തുന്നത്. ഈ ദു:ഖം അടുത്തഭാഗത്തേക്കുള്ള ലീഡ് ആണെന്നാണ് പ്രത്യേകത.

എന്നാല്‍ വില്ലന്‍, വില്ലന്‍ തന്നെ

താനോസിനെ ഒറ്റനോട്ടത്തില്‍ നല്ലവന്‍ എന്ന് തോന്നിപ്പിക്കാവുന്ന കാര്യങ്ങള്‍ എല്ലാം മാര്‍വല്‍ ചെയ്തുവച്ചിട്ടുണ്ട് എന്നതാണ് നേര്. അതിനാല്‍ തന്നെയാണ് ഇതുവരെ മാര്‍വല്‍ സിനിമ സാമ്രാജ്യത്തെ താങ്ങിനിര്‍ത്തിയ താരങ്ങളെ എല്ലാം അടിച്ച് നിലംപരത്തി താനോസ് വരുമ്പോള്‍ അതിന് ഒരു പരിഗണനയും, സ്നേഹവും വില്ലന്‍ എന്നതിനപ്പുറം കിട്ടുന്നത്. താനോസ് ലോകത്തെ രക്ഷിക്കാനുള്ള ദൗത്യത്തിലാണെന്ന തോന്നലും ഉണ്ടാക്കുന്നത്. പക്ഷെ ആദ്യമായി ശ്രദ്ധിക്കേണ്ടത് കഴിഞ്ഞ പത്ത് കൊല്ലത്തോളമായി മാര്‍വല്‍ സിനിമകളില്‍ സൃഷ്ടിച്ച വില്ലന്‍മാരെ ശ്രദ്ധിക്കുക. ആദ്യത്തെ ചില സിനിമകള്‍ ഒഴിച്ച്. പിന്നെ സിംഗിള്‍ ഹീറോ സിനിമകള്‍ ഒഴിച്ച് വില്ലന്‍മാര്‍ ഒക്കെ ചില ന്യായീകരണങ്ങള്‍ നിരത്തുന്നവരാണ്. പ്രത്യേകിച്ച് ആവേഞ്ചേര്‍സ് ഏജ് ഓഫ് ഓള്‍ട്ടന്‍  തൊട്ട്. ഇതില്‍ തന്നെ ക്യാപ്റ്റന്‍ അമേരിക്ക - സിവില്‍ വാര്‍ (2016) എന്ന ചിത്രത്തിലെ സെമോ എന്ന വില്ലനെ ശ്രദ്ധിച്ചാല്‍ മതി. സുക്കോവിയയില്‍ ആവേഞ്ചേര്‍സ് ഉണ്ടാക്കിയ യുദ്ധത്തില്‍ സ്വന്തം കുടുംബം നഷ്ടപ്പെട്ടതിന്‍റെ പ്രതികാരമായി ആവേഞ്ചേര്‍സിനെ മുഴുവന്‍ തകര്‍ക്കുന്ന സാധാരണക്കാരനായാണ് സെമോ. ഇത്തരത്തില്‍ തന്നെ അവസാനം ഇറങ്ങിയ ബ്ലാക് പാന്തേറിലെ വില്ലന്‍ എറിക്ക് സ്റ്റീഫനും വ്യത്യസ്തമായ ഒരു പാശ്ചാത്തലം മാര്‍വല്‍ നല്‍കുന്നു. അതിനാല്‍ തന്നെ വില്ലന്‍മാര്‍ക്ക് അടുത്തകാലത്തായി മാര്‍വല്‍ നല്‍കുന്ന പ്രത്യേക പരിചരണം മാത്രമാണ് താനോസിന്‍റെ 'ലോകം രക്ഷിക്കല്‍' പരിപാടിയെന്ന് കാണാം.

ഇതിനപ്പുറം, ലോകത്തിലെ പകുതി ജീവനെ ഇല്ലാതാക്കി ലോക നാശത്തെ തടയുക എന്നത് മുന്‍പും ഏറിയും കുറഞ്ഞും ചരിത്രത്തിലെ, സിനിമയിലെ, സാഹിത്യത്തിലെ വില്ലന്മാർ പറഞ്ഞുവച്ചതാണ്. മലയാളത്തിൽ സുരേഷ് ഗോപിയുടെ ടൈം എന്ന ചിത്രത്തിലെ സായികുമാറിന്‍റെ വില്ലൻ ക്യാരക്ടർ മുതൽ ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ വരെ അത് നമ്മുക്ക് കാണുവാന്‍ സാധിക്കും. എന്തിന് ചരിത്രത്തിലെ ഹിറ്റ്ലർ പോലും ഈ ആശയമുണ്ടായിരുന്നു എന്നതാണ് സത്യം, ദ ആവേഞ്ചേര്‍സ്: ഇന്‍ഫിനിറ്റി വാറിലെ ടൈറ്റനിലെ യുദ്ധരംഗത്ത് താനോസിനോട് ഡോ. സ്ട്രേഞ്ച് ഇത് തുറന്ന് പറയുന്നുണ്ട്. താനോസിന്‍റെ പ്രവര്‍ത്തിയെ "വംശഹത്യ" എന്ന് തന്നെയാണ് ഡോ. സ്ട്രെഞ്ചിന്‍റെ കഥാപാത്രം വിളിക്കുന്നു. അതേ തീര്‍ച്ചയായും ഇത് ഒരു വംശഹത്യയാണ്.

എന്നാല്‍ ചരിത്രത്തില്‍ പോലും ഇത്തരം "വംശഹത്യ" സിദ്ധാന്തങ്ങള്‍ ഉണ്ടെന്നതാണ് സത്യം. പതിനെട്ടാം നൂറ്റാണ്ടിലെ സാമൂഹ്യ ചിന്തകനായിരുന്ന തോമസ്‌ റോബര്‍ട്ട്‌ മല്തൂസ്  മല്തൂസിയനിസം എന്ന പേരില്‍ ഈ വിഷയത്തില്‍ ഒരു സിദ്ധാന്തമുണ്ട്. ഇത് പ്രകാരം വിസ്ഫോടനാടിസ്ഥാനത്തില്‍ ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ ലീനിയര്‍ രീതിയിലാണ് ഇവിടുത്തെ വിഭാവങ്ങള്‍ വര്‍ദ്ധിക്കുന്നത്. അതിനാല്‍ തന്നെ വിഭാവങ്ങളുടെ ലഭ്യതയെ ജനസംഖ്യ മറികടക്കും.ഇന്നും ലോകത്തുള്ള പല ജനസംഖ്യ നിയന്ത്രണ പരിപാടികളുടെയും സൈദ്ധാന്തിക അടിത്തറ മല്സ്തൂസിന്‍റെതാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ലോകത്തിന്‍റെ പലഭാഗത്തും ഇത്തരം ആശയങ്ങള്‍ ഉദിക്കുന്നത്.  അടിയന്തരാവസ്ഥകാലത്ത്  . ചേരിനിവാസികളെ തെരഞ്ഞു പിടിച്ചു വന്ധീകരണം ചെയ്ത രീതിയൊക്കെ ആലോചിക്കുക, കള്ളപ്പണം പിടിക്കാന്‍ എന്ന പേരില്‍ ഒറ്റ രാത്രിയില്‍ നോട്ട് നിരോധിക്കുന്നത് ആലോചിക്കുക. പക്ഷെ ഇതോക്കെ നടത്തുന്നവര്‍ക്ക് ജയ് വിളിക്കാന്‍ ആളുണ്ടാകും. അത് തന്നെയാണ് താനോസിനെ ഇഷ്ടപ്പെടാനും കാരണം. നല്ല നേതാവ് എന്ന് വിളിക്കാന്‍ ചിലരെ പ്രേരിപ്പിക്കുന്നത്. താനോസ് നല്ല നേതാവാണെന്ന് പറയുമ്പോള്‍ കാലഘട്ടത്തെ അതിനോട് കൂട്ടിവായിച്ചാല്‍, മാലയാളത്തിലെ ഒരു ട്രോള്‍ മീം പറയും പോലെ 'നല്ല രസമാണ്'.

Latest Videos
Follow Us:
Download App:
  • android
  • ios