എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നത്, ആ അഭിപ്രായങ്ങള്‍ എന്റേതല്ല: ശ്രീനിവാസന്‍

Sreenivasans responds on fake account

രണ്ടു ദിവസമായി സിപിഎമ്മിനെതിരെ നടന്‍ ശ്രീനിവാസന്റെ പേരില്‍ നിരവധി ട്വീറ്റുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഒരു സോഷ്യല്‍ മീഡിയയിലും തനിക്ക് അക്കൗണ്ട് ഇല്ലെന്നും വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ പരാതി നല്‍കുമെന്നും ശ്രീനിവാസന്‍ asianetnews.tvയോട് പറഞ്ഞു.

ട്വിറ്ററിലോ ഫേസ്ബുക്കിലോ എനിക്ക് അക്കൗണ്ടില്ല. എനിക്കു വേണ്ടി സോഷ്യല്‍ മീഡിയ പേജ് നോക്കാന്‍ ആരെയും എല്‍പ്പിച്ചിട്ടുമില്ല. ഇപ്പോള്‍ എന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ പറയുന്നതരത്തില്‍  ഒരു അഭിപ്രായവും എനിക്കില്ല. എന്തിനാണ് ആള്‍ക്കാര്‍ ഇങ്ങനെ ദ്രോഹിക്കുന്നത്. ഒരു പണിയുമില്ലാത്തവരായിരിക്കും. അടുത്തകാലത്ത് ഇങ്ങനെ കുറേ സംഭവങ്ങള്‍ നടക്കുന്നു. ഇത് വലിയ ദ്രോഹമാണ്. ഉടന്‍തന്നെ ഇതിനെതിരെ ഞാന്‍ പരാതി നല്‍കും. ഐജി മനോജ് എബ്രഹാമിന് പരാതി കൊടുക്കാനാണ് ഞാന്‍ ആലോചിക്കുന്നത്. മുമ്പ് ഇങ്ങനെ ഒരു സംഭവമുണ്ടായപ്പോള്‍ അന്ന് ഡിജിപി ആയിരുന്ന ടി പി സെന്‍കുമാറിന്  പരാതി നല്‍കിയിരുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം എനിക്ക് പൊലീസിന്റെ കത്ത് കിട്ടി. ആ അക്കൗണ്ട് യുഎസില്‍ നിന്ന് കൈകാര്യം ചെയ്യുന്നതാണെന്നും അതിനാല്‍ കേരള പൊലീസിന്റെ പരിധിക്കു പുറത്തുള്ള കാര്യമാണ് എന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. എന്തായാലും ഇങ്ങനെയുള്ള ദ്രോഹികള്‍ക്കെതിരെ നിയമപരമായി മുന്നോട്ടുപോകും- ശ്രീനിവാസന്‍ asianetnews.tvയോട് പറഞ്ഞു.

Sreenivasan @Sreeni-theActor എന്ന പേരിലാണ് വ്യാജ അക്കൗണ്ടുള്ളത്. ഇതുവരെ  ഈ പേജില്‍ നിന്ന് ഇരുപതോളം ട്വീറ്റുകളാണ് ചെയ്‍തിരിക്കുന്നത്. അധികവും സിപിഎമ്മിന് എതിരെയുള്ളതും. കിലോയ്ക്ക് 300 രൂപ വിലയുള്ള ബീഫ്  പട്ടിണി പാവങ്ങളുടെ ഭക്ഷണമാണെന്ന് പറഞ്ഞ ഒരു മുഖ്യമന്ത്രി നമുക്കുണ്ട് എന്നായിരുന്നു ഒരു ട്വിറ്റ്. അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ പോഷകാഹാര കുറവ് മൂലം മരിക്കുമ്പോള്‍ രാഷ്ട്രീയത്തിലെ സരോജ്കുമാരന്‍മാര്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തി ഉള്ളവനെ പരിപോഷിപ്പിക്കുകയാണെന്നാണ് മറ്റൊരു ട്വീറ്റ്. കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തിലുടെ നീളം രാഷ്ട്രീയ അക്രമങ്ങള്‍ തുടരുകയാണ് ആഭ്യന്തര വകുപ്പ് ഉറങ്ങുകയാണോ ഉറക്കം നടിക്കുകയാണോയെന്നും ട്വീറ്റ് ചെയ്‍തിരിക്കുന്നു. നോട്ട് നിയന്ത്രണം വന്നപ്പോൾ ഒരു കോലാഹലം തന്നെയുണ്ടായി ഞാനും കരുതി ലോകാവസാനമുണ്ടാകുമെന്നു ATMമ്മിൽ മരിച്ചു വീഴുന്നവരുടെ എണ്ണം കാത്ത് ചാനലുകൾ എന്നും ട്വീറ്റ് ചെയ്‍തിരിക്കുന്നു. പ്രതിപക്ഷത്തിന് എതിരെയും ഒരു ട്വീറ്റില്‍ പരാമര്‍ശിച്ചിരിക്കുന്നു. മന്ത്രിയുടെ സഹോദരനും ഭരണകക്ഷിMLAയും ഭൂമി കൈയേറ്റം നടത്തിയെന്ന് ആരോപിച്ചിട്ടു പ്രതിപക്ഷംമുങ്ങി. മുൻCMന്റെ സിൽബന്ധിയുടെ കൈയേറ്റം മുന്നിലുണ്ട് എന്നാണ് ട്വീറ്റ് ചെയ്‍തിരിക്കുന്നത്.

 

 

Latest Videos
Follow Us:
Download App:
  • android
  • ios