'തീവണ്ടിയുടെ കളക്ഷന്‍ പറയില്ല, കാരണം ഗ്രേറ്റ്ഫാദര്‍'

'കഴിഞ്ഞ നാല് മാസമായി തീയേറ്ററുകാര്‍ ഒരു വലിയ വിജയത്തിനായുള്ള കാത്തിരിപ്പിലാണ്. പലരും ഓണത്തിന് ജീവനക്കാര്‍ക്ക് നല്‍കാനുള്ള ബോണസ് ഇപ്പോഴാണ് കൊടുത്തതെന്ന് പറയുന്നു.'

shaji nadeshan about theevandi success
Author
Thiruvananthapuram, First Published Sep 13, 2018, 5:42 PM IST

അപ്രതീക്ഷിതമായെത്തിയ പ്രളയം സംസ്ഥാനത്തിന് വരുത്തിവച്ച നാശനഷ്ടത്തിന്‍റെ തോത് എത്രയെന്ന് ഇനിയും വെളിപ്പെട്ടിട്ടില്ല. മറ്റെല്ലാ വ്യവസായങ്ങളെയും എന്നപോലെ ചലച്ചിത്രവ്യവസായത്തിനും ഇരുട്ടടിയായിരുന്നു പ്രളയം. ഓണം എന്ന വര്‍ഷത്തിലെ ഏറ്റവും മികച്ച സീസണാണ് സിനിമാ വ്യവസായത്തിന് നഷ്ടമായത്. എന്നാല്‍ ഉണ്ടായ നഷ്ടം ചെറിയ തോതിലെങ്കിലും പരിഹരിക്കപ്പെടുന്നതിന്‍റെ സന്തോഷത്തിലാണ് ഇപ്പോള്‍ തീയേറ്റര്‍ ഉടമകള്‍. ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ ഫെല്ലിനി ടി പി സംവിധാനം ചെയ്ത തീവണ്ടി എന്ന ചിത്രമാണ് ആ സന്തോഷത്തിന് കാരണം. ഏറെക്കാലത്തിന് ശേഷം ഒരു മലയാളചിത്രം തീയേറ്ററുകള്‍ നിറയ്ക്കുന്ന കാഴ്ചയാണ് കേരളമെങ്ങും. ചിത്രം ആദ്യ വാരത്തിലേക്ക് കടക്കാനൊരുങ്ങുമ്പോള്‍ ചിത്രം ഇതുവരെ നേടിയ ബോക്സ്ഓഫീസ് കളക്ഷന്‍ എത്രയാണ്. ഓഗസ്റ്റ് സിനിമയുടെ സാരഥികളില്‍ ഒരാളായ ഷാജി നടേശനോടാണ് ചോദ്യം. ചിത്രം തങ്ങളെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിജയമാണെന്നും എന്നാല്‍ ബോക്സ്ഓഫീസ് കണക്ക് പരസ്യപ്പെടുത്താനില്ലെന്നും ഷാജി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. അതിന് കാരണവും പറയുന്നു അദ്ദേഹം.

സിനിമയുടെ കളക്ഷന്‍ വിളിച്ചുപറഞ്ഞ് ഹൈപ്പ് കൂട്ടുന്നതില്‍ ഓഗസ്റ്റ് സിനിമയ്ക്ക് ഇപ്പോള്‍ താല്‍പര്യമില്ലെന്ന് പറയുന്നു ഷാജി. അതിന് കാരണം മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറിന്‍റെ ആദ്യദിന കളക്ഷന്‍ പുറത്തുവിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളും കോലാഹലങ്ങളുമാണെന്നും. "ഗ്രേറ്റ് ഫാദറിന്‍റെ ഒരു ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ടതിന്‍റെ കോലാഹലം ഇതുവരെ അടങ്ങിയിട്ടില്ല. അതിനാല്‍ തീവണ്ടിയുടെ കാര്യത്തില്‍ നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ എളിമയോടെ പിന്നിലേക്ക് മാറിനില്‍ക്കാനാണ് തീരുമാനം. സിനിമ നേടുന്ന വിജയത്തിന്‍റെ തോത് ജനങ്ങള്‍ തന്നെ തീരുമാനിക്കട്ടെ എന്നാണ് ഇപ്പോള്‍ ഞങ്ങളുടെ ചിന്ത."

അണിയറക്കാര്‍ ഒരു അവകാശവാദവും ഉന്നയിക്കാത്ത സിനിമയായിരുന്നു തീവണ്ടിയെന്നും ടൊവീനോയുടെ സാന്നിധ്യമാണ് വിജയം പതിന്മടങ്ങ് ഇരട്ടിയാക്കിയതെന്നും പറയുന്നു ഷാജി നടേശന്‍. "ഒരു ചെറിയ പടമാണ് തീവണ്ടി. ഒരു അവകാശവാദവും ഞങ്ങളാരും പറഞ്ഞിരുന്നില്ല. ഒരുപാട് തവണ റിലീസും മാറ്റിവച്ചിരുന്നു. സിനിമയുടെ നിലവാരത്തിനൊപ്പം ദൈവാനുഗ്രഹം കൂടിയാണ് ഈ വിജയം സാധ്യമാക്കിയതെന്നാണ് കരുതുന്നത്. പിന്നെ, ടൊവീനോയ്ക്ക് യുവജനങ്ങളുടെയിടയിലുണ്ടായ വലിയ സ്വീകാര്യത, പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൊക്കെ സജീവസാന്നിധ്യമായിരുന്നല്ലോ അദ്ദേഹം. ടൊവീനോയുടെ സാന്നിധ്യമാണ് വിജയം പതിന്മടങ്ങാക്കിയതെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍."

ചിത്രം ദൃശ്യത്തിന്‍റെയോ പ്രേമത്തിന്‍റെയോ നിരയിലേക്ക് എത്തുമെന്ന് പ്രതീക്ഷയുണ്ടെന്നും ഈ വാരാന്ത്യം പിന്നിടുന്നതോടെ ഓഗസ്റ്റ് സിനിമ നിര്‍മ്മിച്ചവയില്‍ ഏറ്റവും വലിയ വിജയമാവും തീവണ്ടിയെന്നും പറയുന്നു ഷാജി നടേശന്‍. "സത്യം പറഞ്ഞാല്‍ തീയേറ്ററുകളില്‍ ഞെട്ടിക്കുന്ന രീതിയില്‍ ആളുണ്ട്. വര്‍ക്കിംഗ് ഡെയ്‍സിലൊക്കെ റിലീസ് ദിനത്തിലെ അത്രതന്നെ ആളുണ്ട്. ഇന്ന് രാവിലത്തെ ഷോ കുറച്ച് മോശമായിരുന്നു. ഉച്ചയോടെ പിക്കപ്പ് ആയി. ഇന്നത്തെ ഫസ്റ്റ്, സെക്കന്‍റ് ഷോകള്‍ക്ക് ടിക്കറ്റ് കിട്ടാത്ത സ്ഥിതിയുണ്ട്. ദൃശ്യം, പ്രേമം ലെവലിലേക്ക് ഈ സിനിമ കയറും എന്നതിന്‍റെ സൂചനകളാണ് ബോക്സ്ഓഫീസില്‍നിന്ന് ലഭിക്കുന്നത്. തീയേറ്ററുകാരെല്ലാം അതിന്‍റെ ആവേശത്തിലാണ്. കഴിഞ്ഞ നാല് മാസമായി തീയേറ്ററുകാര്‍ ഒരു വലിയ വിജയത്തിനായുള്ള കാത്തിരിപ്പിലാണ്. പലരും ഓണത്തിന് ജീവനക്കാര്‍ക്ക് നല്‍കാനുള്ള ബോണസ് ഇപ്പോഴാണ് കൊടുത്തതെന്ന് പറയുന്നു. ഇത്രയുംകാലം സിനിമയില്‍ നിന്നിട്ട് തീയേറ്ററുകാര്‍ക്ക് ഇത്രയും മികച്ചൊരു വിജയം കൊടുക്കുന്ന സിനിമ കൊണ്ടുവരാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്. ഓഗസ്റ്റ് സിനിമ ഇതുവരെ നിര്‍മ്മിച്ചവയില്‍ ഏറ്റവും വലിയ വിജയത്തിലേക്കാണ് തീവണ്ടി പോകുന്നത്. ഈ വാരാന്ത്യത്തോടെ ആ നേട്ടം തീവണ്ടി ഞങ്ങള്‍ക്ക് നേടിത്തരും എന്നാണ് പ്രതീക്ഷ", ഷാജി നടേശന്‍ പറഞ്ഞവസാനിപ്പിക്കുന്നു.

Follow Us:
Download App:
  • android
  • ios