ദുരാചാരം അണ്‍സെന്‍സേര്‍ഡ് -എസ് ദുര്‍ഗ റിവ്യൂ
സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‍ത എസ് ദുര്‍ഗയുടെ റിവ്യു. ജിതിന്‍ എസ് ആര്‍ എഴുതുന്നു
ദുരാചാരത്തിന്റെ രാത്രി പുലരുന്നതേയില്ല. അവസാനിക്കാത്ത വഴികളിലൂടെ അത് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ആ വഴികളിലൂടെ ഒരു സെന്‍സര്‍ ചെയ്യാത്ത യാത്ര സമ്മാനിക്കുകയാണ് സനല്‍കുമാര്‍ ശശിധരന്റെ S*** ദുര്‍ഗ. ആരാധനയുടെയും കാമത്തിന്റെയും ഇരയാകുന്ന ഒരേപേരിന്റെ ഉടമയായ സ്‍ത്രീകളാണ് ഈ സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്.
ഒരു കഥ പറയുകയല്ല സംവിധായകന്‍. കാഴ്ചക്കാരനാണ് അയാള്‍. ആണ്‍കൂട്ടത്തിന്റെ ആഘോഷത്തില്‍ ഒറ്റപ്പെടുന്ന ദുര്‍ഗയെ പിന്തുടരുകയാണ് ക്യാമറ. ആ കാഴ്ചയോടൊപ്പം പ്രേക്ഷകനും യാത്രയ്‍ക്ക് നിര്‍ബന്ധിതനാകുന്നു.
പകലെപ്പോഴോ തുടങ്ങി രാത്രി വൈകിയും ആരാധനയുടെ ആഘോഷം തുടരുന്നവര്‍ക്ക് ദുര്‍ഗ ദേവിയാണ്. വൈക്കോലില്‍ പൊതിഞ്ഞ ആ രൂപം മുന്നില്‍ നടക്കുന്ന ഭ്രാന്തിന്റെ ഭാഷ മനസിലാകാതെ പുഞ്ചിരിക്കുന്നു. സ്വയം തുളച്ച രൂപങ്ങള്‍ ആരാധനയോടെ യാത്ര തുടരുമ്പോള്‍ ദുര്‍ഗ നിസഹായമായ കെട്ടുകാഴ്‍ച മാത്രമാവുകയാണ്.
സമാനമായ ഒരു രാത്രിയിലാണ് ദുര്‍ഗയുടെയും കബീറിന്റെയും യാത്ര. ചുറ്റിലുമുള്ള ആണ്‍കൂട്ടത്തിന്റെ ഭാഷ അവള്‍ക്കും അപരിചിതമാണ്. രാത്രിയില്‍ പുറത്തിറങ്ങുന്ന പെണ്ണെന്നതിനൊപ്പം കൂട്ടുകാരന്റെ മുസ്ലീം സ്വത്വവും അവളെ പ്രതിസന്ധിയിലാക്കുന്നു. ഭാഷ അപ്രസക്തമാക്കുന്ന അവഹേളനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു ലൂപ്പിലെന്ന പോലെ ആവര്‍ത്തിക്കുകയാണ് യാത്ര.
ഉത്സവത്തിന്റെ ശബ്‍ദവും നിറവിന്യാസവും ആക്രമണത്തിലും ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ദുര്‍ഗയെ നിസഹായയാക്കുന്ന സന്ദര്‍ഭങ്ങള്‍ രണ്ടിടത്തും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സിനിമ അവസാനിച്ചിട്ടും അവസാനിക്കുന്നില്ലത്.
ഹരികുമാര്‍ മാധവന്‍ നായരുടെ സിങ്ക് സൗണ്ട് സിനിമയുടെ റിയലിസ്റ്റിക് ശൈലിയില്‍ മുഖ്യപങ്ക് വഹിക്കുന്നു. വിദേശമേളകളില്‍ പ്രശംസ നേടിയ പ്രതാപ് ജോസഫിന്റെ ക്യാമറ കാഴ്‍ചശീലങ്ങളെ മറികടക്കുന്നുണ്ട്. സിനിമയില്‍ സ്വാഭാവികമല്ലാതെ ഒന്നുമില്ലെന്ന് ബോദ്ധ്യപ്പെടുത്തുന്നതില്‍ ഇരുവരും വിജയിച്ചു.
സംവിധായകനെന്ന നിലയില്‍ സനല്‍കുമാറിന്റെ വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട് എസ് ദുര്‍ഗ. സിനിമയല്ലെന്ന ആക്ഷേപം കേട്ട 'ഒഴിവുദിവസത്തെ കളി'യില്‍ നിന്നും ഏറെ മുന്നേറിയിട്ടുണ്ട് സനല്‍. എഴുതപ്പെട്ട സംഭാഷണത്തെ പിന്തുടരാതെ ദൃശ്യങ്ങളിലൂടെ സംവദിക്കാനാകുന്നുണ്ട് സിനിമയ്‍ക്ക്.
അമ്പതോളം വിദേശ ചലച്ചിത്ര മേളകളില്‍, മലയാള സിനിമ ഒരിക്കലും നേടാത്ത പുരസ്‌കാരവും പ്രശംസയും നേടിയിട്ടും ജന്മനാട്ടില്‍ തഴയപ്പെട്ടതാണ് സിനിമക്കപ്പുറമുള്ള ആന്റി ക്ലൈമാക്‌സ്. എസ് ദുര്‍ഗ 'മലയാള സിനിമ ഇന്ന്' വിഭാഗത്തിലല്ല, ലോകസിനിമാ പട്ടികയിലാണ് ഇടംപിടിക്കേണ്ടതെന്ന് നിസ്സംശയം പറയാം.