പനങ്ങാട്ട് പത്മദളാക്ഷന്‍ മലയാളിയുടെ 'കുതിരവട്ടം പപ്പു'വായ കഥ
കാലാനുസൃതമായി സിനിമയുടെ ഭാവുകത്വം മാറിക്കൊണ്ടിരുന്നപ്പോള്‍ അഭിനയത്തിന്റെ പരിചയത്തില്‍ നിന്നും മാത്രം പാഠങ്ങളുള്‍ക്കൊണ്ട് വളര്‍ന്ന അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് പപ്പു. അങ്ങാടിയില്‍ നിന്നും ചന്ദ്രലേഖയിലേക്കെത്തുമ്പോള്‍ അഭിനയത്തിന്റെ സൂക്ഷ്മ തലങ്ങളിലേക്ക് എത്തുന്നുണ്ട് കുതിരവട്ടം പപ്പു. കുതിരവട്ടം പപ്പു സ്‌ക്രീനില്‍ നിന്ന് മാഞ്ഞിട്ട് പത്തൊന്‍പത് വര്‍ഷങ്ങള്‍..
കോഴിക്കോട് സ്റ്റേഡിയത്തിനടുത്ത് ഒരു കാര്‍ണിവല്‍ പരിപാടി നടക്കുകയാണ്. മണിക്കൂറുകള്‍ നീളുന്ന പലവിധ പരിപാടികള്‍ക്കിടയില്‍ ആളുകളെ രസിപ്പിക്കാന്‍ ഫില്ലര്‍ കോമഡിയുമായി ഇടയ്ക്കിടെ ഒരാള്‍ വരുന്നുണ്ട്. പേര് പത്മദളാക്ഷന്‍. മുഴുവന്‍ പേര് പനങ്ങാട്ട് പത്മദളാക്ഷന്‍. കുറിയ പ്രകൃതം. തനി കോഴിക്കോടന്‍ സ്ലാങ്ങിലുള്ള സ്വാഭാവികമായ നര്‍മ്മം. ആളുകള്‍ക്ക് നന്നായി രസിച്ചു അയാളുടെ കോമഡി. അന്ന് മിമിക്‌സ് പരേഡ് എന്നൊരു കലാരൂപം വികസിതമായിട്ടില്ല. ഇങ്ങനെയുള്ള വണ്‍മാന്‍ ഷോകള്‍ വലിയ ജനക്കൂട്ടങ്ങള്‍ക്കുമുന്നില്‍ നടത്തി പിടിച്ചു നില്‍ക്കാന്‍ വലിയ പ്രയാസമാണ്. അതില്‍ അനായാസം തിളങ്ങി നിന്ന കാലത്താണ് പത്മദളാക്ഷനുമുന്നില്‍ ദേശപോഷിണി വായനശാലയുടെ നാടകങ്ങളില്‍ അഭിനയിക്കാനുള്ള അവസരം കിട്ടുന്നത്. ഒരുപാട് ലഘുനാടകങ്ങളില്‍ അക്കാലത്ത് പപ്പു മുഖം കാണിച്ചിരുന്നു. തുടക്കത്തില്‍ സമസ്യ, മനസ്സ് എന്നീ പ്രൊഫഷണല്‍ നാടകങ്ങളില്‍ പത്മദളാക്ഷന്‍ അന്നഭിനയിച്ചു.
നെല്ലിക്കോട് ഭാസ്‌കരന്‍, കുഞ്ഞാണ്ടി, തിക്കോടിയന്‍, കെ ടി മുഹമ്മദ് എന്നിവരോടൊപ്പം നാടകങ്ങളില്‍ അഭിനയിച്ചുള്ള പരിചയമാണ് അദ്ദേഹത്തെ രാമു കാര്യാട്ടുമായി അടുപ്പിക്കുന്നത്. എസ് കെ പൊറ്റെക്കാട്ടിന്റെ കഥയെ ആസ്പദമാക്കി കെ ടി മുഹമ്മദ് തിരക്കഥയെഴുതി രാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മൂടുപടത്തില്‍ അന്ന് ഒരുപാട് കോഴിക്കോട്ടുകാര്‍ക്ക് സഹകരിക്കാനുള്ള അവസരം തരപ്പെട്ടിരുന്നു. കൂട്ടത്തില്‍ പത്മദളാക്ഷനും കിട്ടി ഒരു ചെറിയ റോള്‍.
അതിനുശേഷം അദ്ദേഹത്തിന് കാര്യമായൊരു റോള്‍ കിട്ടുന്നത് 'ഭാര്‍ഗവീ നിലയം' എന്ന ചിത്രത്തിലേക്കാണ്. ചെറുതാണെങ്കിലും രസകരമായ ഒരു കഥാപാത്രം. ബഷീറിന്റെ നീലവെളിച്ചമെന്ന കഥയെ ആസ്പദമാക്കി എ വിന്‍സന്റ് സംവിധാനം ചെയ്ത ആ ചിത്രത്തില്‍ കഥാപാത്രത്തിന്റെ പേരും ബഷീര്‍ തന്നെ നിശ്ചയിച്ചു- പപ്പു. സിനിമ ജനപ്രിയമായി. ആ കഥാപാത്രത്തെയും ആളുകള്‍ക്കിഷ്ടമായി. എന്തായാലും ആ പേര് പത്മദളാക്ഷന് നന്നായി ബോധിച്ചു. തന്റെ സുദീര്‍ഘമായ പേരും കൊണ്ട് സിനിമാ രംഗത്ത് എങ്ങനെ കഴിച്ചുകൂട്ടും എന്നോര്‍ത്ത് വേവലാതിപ്പെട്ടുകൊണ്ടിരിക്കെയാണ് പപ്പു എന്ന കുഞ്ഞന്‍ പേര് വീണുകിട്ടുന്നത്. ഒരു ഗുമ്മിന് തുടക്കത്തില്‍, നാട്ടുകാര്‍ക്ക് കേട്ടുപരിചയമുള്ള കോഴിക്കോട്ടെ പുരാതനമായൊരു മാനസിക രോഗാശുപത്രി നിന്നിരുന്ന സ്ഥലത്തിന്റെ പേരും കൂടി ചേര്‍ത്ത് പത്മദളാക്ഷന്‍ ഉറപ്പിച്ചു. ഇനി സിനിമാരംഗത്ത് തന്റെ പേരതു തന്നെ, 'കുതിരവട്ടം പപ്പു..'
പിന്നെ പപ്പുവിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തന്റെ സുദീര്‍ഘമായ കരിയറില്‍ അദ്ദേഹം ആയിരത്തിലധികം സിനിമകളില്‍ അഭിനയിച്ചു. അങ്ങാടി, അവളുടെ രാവുകള്‍, വെള്ളാനകളുടെ നാട്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ജോര്‍ജുകുട്ടി C/o ജോര്‍ജ്ജുകുട്ടി, മണിച്ചിത്രത്താഴ്, ഏയ് ഓട്ടോ, തേന്മാവിന്‍ കൊമ്പത്ത്, ചന്ദ്രലേഖ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ വളരെ മികച്ച ഹാസ്യകഥാപാത്രങ്ങളെ പപ്പു അവതരിപ്പിച്ചിട്ടുണ്ട്.
ഒരുപാടുകൊല്ലത്തെ നാടകപ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ നിന്നും വന്നിട്ടുള്ള പലരും അവരുടെ പരമ്പരാഗത സങ്കേതങ്ങളില്‍ ഉറച്ചു നിന്ന കാലത്ത്, സിനിമാഭിനയത്തില്‍ കാര്യമായ അക്കാദമിക് പരിശീലനമൊന്നും കൂടാതെ സ്വന്തം അഭിനയ ശൈലിയെ പരിഷ്‌കരിച്ചെടുക്കാന്‍ കഴിഞ്ഞ അപൂര്‍വം നടന്മാരില്‍ ഒരാളായിരുന്നു പപ്പു. മിക്കവാറും ചെയ്തിരുന്ന വേഷങ്ങള്‍ 'സ്ലാപ് സ്റ്റിക് കോമഡി' വിഭാഗത്തിലുള്ളവയായിരുന്നു. അതില്‍ തന്നെ തനി നാട്ടുമ്പുറത്തുകാരന്റെ ഒരു അതിശയോക്തി കലര്‍ന്ന ഭാവപ്രകടനത്തെ സ്വാംശീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തന്നെ ഏല്‍പ്പിക്കുന്ന കഥാപാത്രത്തിന്റെ 'ക്ളാസ് ബിഹേവിയറി'ല്‍ നിന്നും പാളിപ്പോവാതെ വളരെ സൂക്ഷ്മമായ ഇംപ്രൊവൈസേഷനുകള്‍ സാധ്യമാക്കി എന്നുള്ളതാണ് അദ്ദേഹത്തിന്റെ മഹത്വം. കഥാപാത്രത്തിന്റെ 'ക്ളാസ്' മാറുന്നതിനനുസരിച്ച് അനായാസം അതിന് ചേരുംവിധം തന്റെ ശരീരഭാഷയും അദ്ദേഹം മാറ്റിയെടുത്തിരുന്നു. അത് അപൂര്‍വ്വം നടന്മാര്‍ക്ക് പറ്റുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ചും സിനിമയുടെ അടിസ്ഥാന സങ്കേതങ്ങളില്‍ ആഴത്തിലുള്ള പഠനപരിശീലനങ്ങള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്ക്.
മലയാളിയ്ക്ക് ഒരു സ്വഭാവമുണ്ട്. ക്ളാസിക്കല്‍ കലകളുമായി താദാത്മ്യം പ്രാപിക്കുന്ന ഭാവാഭിനയങ്ങളെ നമ്മള്‍ ഏറെ പുകഴ്ത്താറുണ്ട്. ഉദാഹരണത്തിന് അടൂര്‍ ഭാസി. അദ്ദേഹം മികച്ചൊരു ഹാസ്യനടനായിരുന്നു. അദ്ദേഹത്തിന്റെ അഭിനയത്തില്‍ ചാക്യാര്‍കൂത്തിന്റെയും ഓട്ടന്‍തുള്ളലിന്റെയും ഒക്കെ അംശങ്ങള്‍ നിഴലിച്ചു കാണാം. അടൂര്‍ഭാസി അത്തരം സ്വാധീനത്തോടെ ചെയ്തിരുന്ന കാര്യങ്ങള്‍, അല്ലെങ്കില്‍ അതിലുമധികം കാര്യങ്ങള്‍ വളരെ നൈസര്‍ഗികമായ ചെയ്തിരുന്നു കുതിരവട്ടം പപ്പു.
എന്നാല്‍ പരശ്ശതം കോമഡി വേഷങ്ങള്‍ തന്മയത്വത്തോടെ ചെയ്തു ഫലിപ്പിച്ച കുതിരവട്ടം പപ്പു, നാടകത്തിന്റെ സകല മാനറിസങ്ങളോടും കൂടി 'ദി കിംഗ്' എന്ന ചിത്രത്തില്‍ ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ റോൾ, പാത്തോസ് പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ, അനായാസമായി അഭിനയിച്ചു ഫലിപ്പിച്ചപ്പോഴാണ് പല മലയാളികളും ജീവിതത്തില്‍ ആദ്യമായി അദ്ദേഹത്തെ ഒന്ന് അഭിനന്ദിക്കാനുള്ള മനസ്സുകാണിച്ചത്. യഥാര്‍ത്ഥത്തില്‍, അദ്ദേഹം അന്നോളം അഭിനയിച്ച ഹാസ്യകഥാപാത്രങ്ങളുടെ ഏഴയലത്തുപോലും ഈ പ്രകടനത്തെ അടുപ്പിക്കാന്‍ പറ്റില്ല. സങ്കടപ്പെടുത്താന്‍ ഏതൊരു നാടക നടനും പറ്റും. എന്നാല്‍ സിനിമ എന്ന മാധ്യമത്തിന്റെ പരിമിതിക്കകത്തു നിന്നുകൊണ്ട് സ്വാഭാവികമായി അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിയുന്നവര്‍ വിരളമാണ്.
അവളുടെ രാവുകളിലെ കൂട്ടിക്കൊടുപ്പുകാരന്റെ വേഷം അദ്ദേഹം അതിഗംഭീരമാക്കി. വെള്ളാനകളുടെ നാട്ടിലെ 'ഇപ്പൊ ശരിയാക്കിത്തരാം..' എന്ന് പറയുന്ന താന്‍പോരിമയുള്ള മെക്കാനിക്കിന്റെ വേഷത്തില്‍ അദ്ദേഹത്തെ കണ്ടാല്‍ അക്കാലത്തെ ഒരു മെക്കാനിക്ക് അല്ലെന്ന് പറയുകയേ ഇല്ല. ഏയ് ഓട്ടോയിലെ ഓട്ടോ ഡ്രൈവറുടെ വേഷം, അതിലെ ശരീരഭാഷ, കൃത്യമായ കോഴിക്കോടന്‍ ആക്‌സന്റ്. 'അല്ല, ഇങ്ങള് തമാശ്യാക്കാണ്...?' എന്നുള്ള ഈറപിടിച്ച ചോദ്യം എല്ലാം ചേര്‍ന്ന് കോഴിക്കോട്ടെ ജില്ലാസ്പത്രിയുടെ നടയ്ക്കല്‍ കാത്തുകിടക്കുന്ന ഒരു ഓട്ടോഡ്രൈവര്‍ തന്നെ. അവിടെ നിന്നും ജോര്‍ജുകുട്ടി എന്ന സിനിമയിലെ പൗലോസ് എന്ന വിമുക്ത ഭടന്റെ വേഷത്തില്‍ വരുമ്പോള്‍ അദ്ദേഹം ആ ശരീരഭാഷ ആവാഹിക്കുകയായി. 'മഴപെയ്യുന്ന മദ്ദളം കൊട്ടുന്നു' എന്ന ചിത്രത്തില്‍ കുബേരനായ കോമക്കുറുപ്പിന്റെ വേഷത്തില്‍ അദ്ദേഹം അടിമുടി മാറുന്നു. നാടുവാഴികളിലെ ചായയില്‍ വിം കലക്കുന്ന ഡ്രൈവര്‍ വേഷം അദ്ദേഹം വളരെ ലളിതമായി അഭിനയിക്കുന്നുണ്ട്. തേന്മാവിന്‍ കൊമ്പത്തിലെ 'ടാസ്‌കി വിളിക്കാന്‍' പറയുന്ന അമ്മാവന്റെ വേഷത്തില്‍ അദ്ദേഹം ശരിക്കും ഒരു മുഴുക്കുടിയന്‍ തന്നെ. മണിച്ചിത്രത്താഴില്‍ അദ്ദേഹം എത്ര സ്വാഭാവികമായിട്ടാണ്, 'ഇപ്പൊ എന്നെ കണ്ടാല്‍ വല്ല കൊഴപ്പോം പറയുമോ..' എന്ന ഒരൊറ്റ ചോദ്യത്തിലൂടെ സ്വാഭാവിക നര്‍മ്മത്തെ ആവാഹിക്കുന്നത്.
മലയാളത്തിലെ സംവിധായകര്‍ സ്വതവേ ഒരു റോളിലെ ഹാസ്യനടന്മാരുടെ പ്രകടനം ഹിറ്റായാല്‍ തുടര്‍ന്നുവരുന്ന ചിത്രങ്ങളിലും അതേപോലെ ആവര്‍ത്തിക്കാന്‍ അവരെ നിര്‍ബന്ധിക്കും. നടനെ പാടെ കയറൂരി വിട്ടാല്‍ ചിലപ്പോള്‍ പാളിപ്പോവാനുള്ള സാധ്യതയുണ്ട്. ചില റോളുകളിലൊക്കെ പപ്പുവിനും അങ്ങനെ സംഭവിച്ചിട്ടുണ്ട്. ആ ഏനക്കേടില്ലാതെ പോയ ഒരേയൊരു നടന്‍ ജഗതി മാത്രമായിരുന്നു. ജഗതി പതിവായി സംവിധായകരോട് ഒന്നേ ചോദിച്ചിരുന്നുള്ളൂ. 'ഡേ.. തറയാക്കണോ..? തത്തറയാക്കണോ..?' എങ്ങനെ ചെയ്താലും പാളിപ്പോവാതിരിക്കാനുള്ള അപാരമായ സിദ്ധി അദ്ദേഹത്തിനു മാത്രം സ്വായത്തമായുള്ള ഒന്നാണ്.
കാലാനുസൃതമായി സിനിമയുടെ ഭാവുകത്വം മാറിക്കൊണ്ടിരുന്നപ്പോള്‍ അഭിനയത്തിന്റെ പരിചയത്തില്‍ നിന്നും മാത്രം പാഠങ്ങളുള്‍ക്കൊണ്ട് വളര്‍ന്ന അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് പപ്പു. അങ്ങാടിയില്‍ നിന്നും ചന്ദ്രലേഖയിലേക്കെത്തുമ്പോള്‍ അഭിനയത്തിന്റെ സൂക്ഷ്മ തലങ്ങളിലേക്ക് എത്തുന്നുണ്ട് കുതിരവട്ടം പപ്പു. ഉദാഹരണത്തിന് 'ചന്ദ്രലേഖ'യിലെ കോണ്ടസ സീനില്‍ പപ്പുവിന്റെ ഭാവപ്രകടനങ്ങള്‍.. 'എന്താണീ കോണ്ടസ?'എന്ന് ഒരു സീനില്‍ ഇന്നസെന്റിനോട് പപ്പു ചോദിക്കുമ്പോള്‍, അദ്ദേഹം തന്റെ കഥാപാത്രത്തിന്റെ 'മാനേജര്‍' എന്ന സോഷ്യല്‍ സ്റ്റാറ്റസ് നിലനിര്‍ത്തിക്കൊണ്ടുതന്നെ, വളരെ ഒതുക്കത്തോടെ അതിലെ നര്‍മ്മത്തെയും അഭിനയിച്ചു ഫലിപ്പിച്ചുകൊണ്ട് ആ കഥാപാത്രത്തിന്റെ എക്‌സിക്യൂഷനെ വേറൊരു തലത്തിലേക്ക് കൊണ്ടുപോയി. 'അങ്ങാടി'യിലാവട്ടെ ആ റോള്‍ ആവശ്യപ്പെടുന്ന ക്ലാസ്സ് ബിഹേവിയറിനെത്തന്നെ കൃത്യമായി അഡാപ്റ്റ് ചെയുകയും അതിനുള്ളില്‍ നിന്നുകൊണ്ട് ഹ്യൂമറിന്റെ ഡിസ്പോസിഷന്‍ നടത്തുകയും ചെയ്തു. ഇന്നത്തെക്കാലത്ത്, വര്‍ഷങ്ങള്‍ നീണ്ടുനിന്ന അക്കാദമിക് പരിശീലനത്തിന്റെ കൂടി ഫലമായാണെങ്കിലും ഇതേ കാര്യം ഏറെക്കുറെ വിജയകരമായി ചെയ്യുന്നത് ഫഹദ് ഫാസില്‍ ആണ്.
ഷാജി കൈലാസ് സംവിധാനം നിര്‍വഹിച്ച നരസിംഹം ആയിരുന്നു പപ്പു അഭിനയിച്ച അവസാനത്തെ ചിത്രം. 2000 ഫെബ്രുവരി 25 ന് വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ പപ്പു മരണത്തിനു കീഴടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്നുള്ള ഡയലോഗുകളും അദ്ദേഹത്തിന്റെ പലവിധ ഭാവ വിശേഷങ്ങളും ട്രോളുകളിലൂടെ ഇന്നും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. കാലാതിവര്‍ത്തിയായ അദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍ക്ക് പോകെപ്പോകെ മിഴിവേറിവരുന്നതേയുള്ളൂ.