ബോളിവുഡിനെ ചിരിപ്പിച്ച കാദര്‍ഖാന്റെ കരയിക്കുന്ന ജീവിതകഥ!
1937ല്‍ അഫ്ഗാനിസ്ഥാനില്‍ കാബൂളിലായിരുന്നു കാദര്‍ ഖാന്റെ ജനനം. അദ്ദേഹത്തിന്റെ ബാല്യകാലത്തുതന്നെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി. അപരിചിതമായ ഒരു രാജ്യത്ത് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തിന്റെ പിതാവ് തിരഞ്ഞെടുത്ത സ്ഥലം, ഇന്ത്യയിലെ തന്നെ ഏറ്റവും കുപ്രസിദ്ധമായ ഒരു ചേരിയായിരുന്നു. കാമാത്തിപുര. അവിടെ അടുക്കടുക്കായി കിടക്കുന്ന ആയിരക്കണക്കിന് ചെറ്റക്കുടിലുകളിലൊന്നില്‍ അഫീമിനും കഞ്ചാവിനും വേശ്യകള്‍ക്കുമിടയില്‍ കാദര്‍ഖാന്റെ ബാല്യം പിന്നിട്ടു.
'ഈ ലോകത്തില്‍ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത് മരണത്തെ സധൈര്യം നേരിടുന്നവരാണ്. മരണത്തെ ഭയക്കുന്നവന്റെ ജീവിതം മരണതുല്യമാണ്. നീ ചെല്ല്.. സുഖത്തെ പുറംകാലുകൊണ്ട് തൊഴിക്ക്. ദു:ഖത്തെ നെഞ്ചോട് ചേര്‍ക്ക്... നിന്റെ വിധി നിന്റെ കാല്‍ക്കീഴില്‍ വന്നുകിടക്കും.. വിധിയെ ജയിച്ചവനാവും നീ.. മുകദ്ദര്‍ കാ സിക്കന്ദര്‍..' മുകദ്ദര്‍ കാ സികന്ദര്‍ (Conquerer of Destiny) എന്ന ചിത്രത്തില്‍ കാദര്‍ ഖാന്‍ തന്നെ അഭിനയിച്ച ഫക്കീറിന്റെ കഥാപാത്രം അമ്മ മരിച്ച സങ്കടത്തില്‍ ചുടുകാട്ടില്‍ കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞ് അമിതാഭിനോട് പറയുന്ന ഡയലോഗാണിത്. സംഭവ ബഹുലമായ തന്റെ ജീവിതത്തില്‍ അദ്ദേഹത്തിന്റെ പോളിസിയും ഇതുതന്നെയായിരുന്നു.
1937ല്‍ അഫ്ഗാനിസ്ഥാനില്‍ കാബൂളിലായിരുന്നു കാദര്‍ ഖാന്റെ ജനനം. അദ്ദേഹത്തിന്റെ ബാല്യകാലത്തുതന്നെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി. അപരിചിതമായ ഒരു രാജ്യത്ത് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തിന്റെ പിതാവ് തിരഞ്ഞെടുത്ത സ്ഥലം, ഇന്ത്യയിലെ തന്നെ ഏറ്റവും കുപ്രസിദ്ധമായ ഒരു ചേരിയായിരുന്നു. കാമാത്തിപുര. അവിടെ അടുക്കടുക്കായി കിടക്കുന്ന ആയിരക്കണക്കിന് ചെറ്റക്കുടിലുകളിലൊന്നില്‍ അഫീമിനും കഞ്ചാവിനും വേശ്യകള്‍ക്കുമിടയില്‍ കാദര്‍ഖാന്റെ ബാല്യം പിന്നിട്ടു. കുഞ്ഞിലേ തന്നെ, കാദറിനെ അമ്മ എന്നും നിർബന്ധിച്ച് പള്ളിയിലേക്ക് നിസ്കരിക്കാൻ പറഞ്ഞയക്കുമായിരുന്നു. എന്നാൽ പള്ളിയും പ്രാർത്ഥനയുമൊന്നും കാദറിന് പഥ്യമായിരുന്നില്ല. പള്ളിയിൽ കേറാതെ സ്ഥിരം തൊട്ടടുത്തുള്ള മയ്യത്തുപറമ്പിൽ മീസാങ്കല്ലുകൾക്കിടയിൽ ചെന്നിരിക്കും അവൻ. നിസ്കാര സമയം കഴിയുമ്പോൾ തിരിച്ചു വീട്ടിലേക്കു പോവും. വുളു ചെയ്യാത്ത കാലുകൾ കാണുമ്പൊൾ ഉമ്മ അവനെ സ്ഥിരം പിടികൂടുമായിരുന്നെങ്കിലും അവൻ അതുതന്നെ ആവർത്തിച്ചുപോന്നു.മറ്റുള്ള കുട്ടികളിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു കാദർ. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ, 'മനുഷ്യനിൽ വിപ്ലവം ജന്മനാൽ ഉണ്ടാവുന്ന ഒന്നാണ്. അങ്ങനെ ഒരു വിപ്ലവകാരിയായ പിറന്നുവീണയാളായിരുന്നു കാദർ ഖാൻ.
തന്റെ പത്താമത്തെ വയസ്സിൽ കാദർ ഖാൻ നാടകത്തിൽ അരങ്ങേറി. ആ കഥ വളരെ വിചിത്രമായ ഒന്നാണ്'. മെഹ്ബൂബ് ഖാൻ സാഹിബിന്റെ 'റോട്ടി'യിലൊക്കെ അഭിനയിച്ചിട്ടുള്ള ഒരു നാടകനടനുണ്ടായിരുന്നു ബോംബെയിൽ, അഷ്‌റഫ് ഖാൻ. അദ്ദേഹത്തിന് റോമിയോ ജൂലിയറ്റ് അച്ചിൽ വാർത്ത തന്റെ പുതിയ നാടകമായ 'വാമക് അസ്ര'യിൽ രാജകുമാരനായി നടിക്കാൻ ഒരു പത്തുവയസുകാരനെ വേണമായിരുന്നു. പത്തുനാല്പതു പേജ് നീളുന്ന നെടുങ്കൻ ഡയലോഗുകൾ മടി കൂടാതെ പകർത്തിയെഴുതാനും, പിന്നെ അത് ഉദ്വേഗം ചോർന്നുപോവാതെ നിറഞ്ഞ സദസ്സിനുമുന്നിൽ അവതരിപ്പിക്കാനും ഒക്കെ കെല്പുള്ള ഒരു പത്തുവയസ്സുകാരൻ. ഏതാണ് അസാധ്യമെന്നുതന്നെ പറയാവുന്ന ഒരാവശ്യം. ആരെയും കുടാതെ വശംകെട്ട് അഷ്‌റഫ് ഖാൻ നിൽക്കുമ്പോഴാണ് ആരോ അദ്ദേഹത്തോട് ഒരു വിചിത്ര ബാലനെപ്പറ്റി പറഞ്ഞത്, പള്ളിയിലെ മീസാങ്കല്ലുകൾക്കിടയിൽ ചെന്നിരുന്ന് ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ചു പറയുന്ന ഒരു നട്ടപ്രാന്തൻ ചെറുക്കനെപ്പറ്റി.
അഷ്റഫ് ഖാന്‍ അന്ന് രാത്രി പള്ളിപ്പറമ്പിലെത്തി. അന്നുതൊട്ട് പല രാത്രികളിലും അദ്ദേഹം നിശ്ശബ്ദനായിരുന്നുകൊണ്ട് കാദര്‍ഖാന്റെ പ്രകടനങ്ങള്‍ വീക്ഷിച്ചു. ഒടുവില്‍ ഒരു രാത്രി ഇരുളില്‍ എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ടിരുന്ന ആ പയ്യന്റെ മുഖത്തേക്ക് ടോര്‍ച്ചടിച്ച് അദ്ദേഹം ചോദിച്ചു, 'ഇവിടെ വാ... നീയെന്തൊക്കെയാണ് അവിടെ ഇരുട്ടത്തിരുന്ന് പുലമ്പുന്നത്?'
'ഒന്നുമില്ല... എനിക്ക് തോന്നുംപോലെ ചുമ്മാ പറയുന്നു...' എന്ന് കാദര്‍ മറുപടി പറഞ്ഞു.
അവനെ ഉറ്റുനോക്കിക്കൊണ്ട് അഷ്റഫ് ഖാന്‍ ചോദിച്ചു, 'നാടകത്തില്‍ അഭിനയിക്കാന്‍ പോരുന്നോ..?'
കാദര്‍ ആ വാക്ക് ആദ്യമായി കേള്‍ക്കുകയായിരുന്നു. 'നാടകമോ..? അതെന്താ..?'
'ഇതൊക്കെത്തന്നെ... നീ ഇവിടെയിരുന്ന് പറഞ്ഞുകൊണ്ടിരുന്നില്ലേ, അങ്ങനെയൊക്കെത്തന്നെ തട്ടേല്‍ക്കേറിയും പറഞ്ഞാല്‍ മതി.'
തന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളോട് അടുത്ത ദിവസം കാദറിനെ തന്റെ ബംഗ്‌ളാവിലേക്ക് കൂട്ടിക്കൊണ്ടുവരാനേല്‍പ്പിച്ച് അന്ന് അഷ്റഫ് ഖാന്‍ മടങ്ങി.
അടുത്ത ദിവസം മുതല്‍ അഷ്റഫ് ഖാന്റെ ശിക്ഷണത്തില്‍ കാദര്‍ നാടകം പഠിക്കാന്‍ തുടങ്ങി. പിതൃസമാനമായ ഒരു വാത്സല്യം അദ്ദേഹത്തിന് കാദറിനോടുണ്ടായിരുന്നു. ആ റോളിലേക്ക് കാദര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഒടുവില്‍ മാസങ്ങളോളം നീണ്ടുനിന്ന പരിശീലനത്തിനൊടുവില്‍ ആ നാടകം ആദ്യമായി അരങ്ങത്തെത്തി. കാദറിന്റെ പ്രകടനത്തിന് നിലയ്ക്കാത്ത കയ്യടി കിട്ടി. കാണികള്‍ക്കിടയില്‍ നിന്നും കാദറിനറിയാത്ത ഒരു വൃദ്ധന്‍ സ്റ്റേജിലേക്ക് കേറി വന്ന് ഒരു നൂറു രൂപാ നോട്ടെടുത്ത് കാദറിന്റെ കയ്യില്‍ പിടിപ്പിച്ചു. എന്നിട്ടുപറഞ്ഞു, 'ഇത് നിനക്ക് ചിലപ്പോള്‍ വലിയൊരു സംഖ്യയായിരിക്കും. അതിലുപരി ഇത് ഞാന്‍ നിനക്ക് തരുന്ന ഒരു സര്‍ട്ടിഫിക്കറ്റാണ്. നീ നന്നായി വരും...' ആ വയോധികന്‍ ആരാണെന്ന് കാദര്‍ഖാന് ഒരിക്കലും കണ്ടുപിടിക്കാനായില്ല. അന്നത്തെ ജീവിതത്തിലെ ദാരിദ്ര്യം പക്ഷേ, കാദര്‍ഖാനെ ആ സര്‍ട്ടിഫിക്കറ്റ് സൂക്ഷിച്ചുവെക്കാന്‍ അനുവദിച്ചില്ല. അത് ചില്ലറയാക്കി വീട്ടിലേക്ക് റേഷന്‍ വാങ്ങി. അത് കൈമോശം വന്നു. പിന്നീട് എത്രയോ വേദികളില്‍ കാദര്‍ നിറഞ്ഞാടി.
ഇതിനിടയില്‍ അദ്ദേഹം യൗവ്വനത്തിലേക്ക് കടന്നു. സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ കഴിഞ്ഞ് ഉപരിപഠനത്തിനു ചേര്‍ന്നു. അതിനിടയിലും നാടകങ്ങള്‍ എഴുതി, അഭിനയിച്ചു. ബോംബെയിലെ പല കോളേജുകളിലും കാദര്‍ ഖാന്‍ എഴുതിയ നാടകങ്ങള്‍ പിള്ളേര്‍ കളിച്ചു. തിയറി ഓഫ് സ്ട്രക്ച്ചറും, ഹൈഡ്രോളിക്സും, സ്‌ട്രെങ്ത് ഓഫ് മെറ്റീരിയല്‍സും ഒക്കെ പഠിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സ് ചെഖോവിലും മാക്‌സിം ഗോര്‍ക്കിയിലും സ്റ്റാനിസ്‌ളാവ്‌സ്‌കിയിലും ഒക്കെ പറന്നുനടന്നു.
കോളേജ് വിദ്യാഭ്യാസകാലത്താണ് കാദറിന്റെ ഉപ്പയും ഉമ്മയും തമ്മില്‍ പിരിയുന്നത്. ഉമ്മയുടെ അമ്മാവന്‍ അധികം താമസിയാതെ അവരെ രണ്ടാമതും വിവാഹം കഴിപ്പിച്ചു. കാദര്‍ ഖാന്റെ ജീവിതത്തിലെ ആദ്യത്തെ വില്ലനായിരുന്നു രണ്ടാനച്ഛന്‍. ശരിക്കും സിനിമയിലും സീരിയലിലുമൊക്കെ കാണുമ്പോലുള്ള ഒരു ടിപ്പിക്കല്‍ രണ്ടാനച്ഛന്‍.
കോളേജില്‍ പല കലോത്സവങ്ങള്‍ക്കും കാദറിന്റെ സംഘം നാടകങ്ങള്‍ അവതരിപ്പിക്കുമായിരുന്നു. അന്നൊരിക്കല്‍ അദ്ദേഹം എഴുതി സംവിധാനം ചെയ്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ലോക്കല്‍ ട്രെയിന്‍' എന്ന നാടകത്തിന് മികച്ച നാടകത്തിനും സംവിധാനത്തിനും അഭിനേതാവിനുമുള്ള സമ്മാനങ്ങള്‍ കിട്ടി. ആ ട്രോഫി തന്റെ ഉമ്മയെ കാണിക്കാനായി കാദര്‍ നേരെ ഓടി വീട്ടിലേക്കുവന്നു. കഷ്ടകാലത്തിന് രണ്ടാനച്ഛന്‍ വീട്ടിലുള്ള ദിവസമായിരുന്നു അത്. കാദറിനോട് മിണ്ടാനുള്ള മാനസികനിലയിലല്ലായിരുന്നു അയാള്‍. ട്രോഫി കണ്ടതും അയാള്‍ക്ക് കലികേറി. കാതുപൊട്ടുന്ന ചീത്തപറഞ്ഞ് കാദറിനെ പൊതിരെ തല്ലി അയാള്‍ വീടിന് പുറത്താക്കി. അന്നിറങ്ങിയതാണ് കാദര്‍ തന്റെ വീട്ടില്‍ നിന്നും. നേരെ ചെന്നത് തന്റെ കോളേജിലെ പ്രിന്‍സിപ്പലിന്റെ അടുത്തേക്കായിരുന്നു. അദ്ദേഹം സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ കാദറിനും ഒരു കട്ടില്‍ ശരിയാക്കി. അന്ന് കാദറിന് വയസ്സ് 24.
'ലോക്കല്‍ ട്രെയിനി'ന് സമ്മാനങ്ങള്‍ കിട്ടിയ കാലത്തുതന്നെ പല ഹിന്ദി സിനിമാ സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും കണ്ണില്‍ കാദര്‍ ഖാന്‍ പെട്ടുകഴിഞ്ഞിരുന്നു. അങ്ങനെയാണ് 'ജവാനി ദിവാനി' നിര്‍മിച്ചുകൊണ്ടിരുന്ന രമേശ് ബെഹല്‍ അദ്ദേഹത്തോട് അതിന്റെ ഡയലോഗുകള്‍ എഴുതാന്‍ ആവശ്യപ്പെടുന്നത്. അവര്‍ക്ക് ധൃതിയുണ്ടായിരുന്നു.അടുത്തയാഴ്ച ഷൂട്ടിങ് തുടങ്ങണം. കാദറിനാണെങ്കില്‍ ചെന്നിരുന്ന് സൈ്വര്യമായി എഴുതാന്‍ ഒരിടവുമില്ലായിരുന്നു. ഒരുകെട്ട് കടലാസും പേനയുമായി കാദര്‍ നേരെ ക്രോസ്സ് മൈദാനിലേക്കു ചെന്നു. അതിന്റെ ഒരു മൂലയ്ക്ക് മതിലിനോട് ചേര്‍ന്ന് തണല്‍ നോക്കി ഇരിപ്പുറപ്പിച്ചു. അവിടുത്തെ ഫുട്‌ബോള്‍ കളി കാദറിന് ചെറിയതോതില്‍ അലോസരമുണ്ടാക്കിയെങ്കിലും നാലു മണിക്കൂര്‍ കൊണ്ട് അദ്ദേഹം സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി. ഉര്‍ദുവിലായിരുന്നു എഴുത്തത്രയും.
ആ സിനിമ അടുത്ത ആഴ്ചയില്‍ തന്നെ ഷൂട്ടിങ്ങ് തുടങ്ങി. ഷൂട്ടിങ്ങിലും കാദര്‍ ഖാന്റെ തത്സമയ സംഭാവനകള്‍ സിനിമയ്ക്ക് മിഴിവേകിക്കൊണ്ടിരുന്നു. ആ സിനിമാ ചിത്രീകരണകാലം കാദര്‍ ഖാന് കൂടുതല്‍ പ്രശസ്തി നല്‍കി. ഹിന്ദി സിനിമയില്‍ ഒരു സ്റ്റാര്‍ തിരക്കഥാ കൃത്ത് ജനിച്ചിരിക്കുന്നു എന്ന വാര്‍ത്ത ഇന്‍ഡസ്ട്രിയില്‍ മൊത്തം പരന്നു. ആദ്യചിത്രത്തിന് കാദര്‍ഖാന് കിട്ടിയ പ്രതിഫലം 1500 രൂപയായിരുന്നു. അന്നായിരുന്നു അദ്ദേഹം ആദ്യമായി അഞ്ഞൂറിന്റെ ഒരു നോട്ട് കാണുന്നത്. അതും നോക്കിക്കൊണ്ട് അങ്ങനെ ഇരിക്കുന്ന സമയത്താണ് മറ്റൊരു നിര്‍മാതാവ് കാദറിനെ അന്വേഷിച്ചെത്തുന്നത്. അയാള്‍ പറഞ്ഞു, 'ഞാനൊരു സിനിമയെടുക്കാന്‍ പോവുകയാണ്. പേര്, ഖേല്‍ ഖേല്‍ മേം... ഇതാ തിരക്കഥ. നിങ്ങളെക്കൊണ്ട് ഡയലോഗുകള്‍ എഴുതിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അഡ്വാന്‍സ് ആയി ഇതിരിക്കട്ടെ...' ഒരു കവര്‍ കാദര്‍ ഖാനുനേരെ നീണ്ടു. അതില്‍ പതിനായിരം രൂപയുണ്ടായിരുന്നു.
അതും കഴിഞ്ഞ് ആറുമാസങ്ങള്‍ക്കു ശേഷമാണ് മന്‍മോഹന്‍ ദേശായിയുടെ വിളി വരുന്നത്, 'റോട്ടി'യുടെ സ്‌ക്രിപ്റ്റെഴുതാന്‍. അദ്ദേഹം അന്നത്തെ ഉറുദു എഴുത്തുകാരുടെ നാടകീയ ശൈലികളില്‍ മനം മടുത്തിരിക്കുകയായിരുന്നു. മനുഷ്യര്‍ പറയുന്ന ഭാഷയില്‍ സംഭാഷണങ്ങളെഴുതാന്‍ കഴിയുന്ന ഒരാളെത്തേടി നടന്ന അദ്ദേഹം ഒടുവില്‍ കാദര്‍ ഖാന്റെ അടുത്തെത്തി. കാദര്‍ ഖാന്റെ സംഭാഷണങ്ങളോടെ മെഗാ ഹിറ്റായ റോട്ടിയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതിഫലം ഒരു ലക്ഷം രൂപയാവുന്നത്. അന്ന് അത്ര പ്രതിഫലം കിട്ടിയിരുന്ന അപൂര്‍വം തിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്നു ഖാന്‍. പ്രകാശ് മെഹ്റയ്ക്കു വേണ്ടിയും ഖൂന്‍ പസീന, ലാവാരിസ്, മുകദ്ദര്‍ കാ സിക്കന്ദര്‍ പോലുള്ള മെഗാ ഹിറ്റുകള്‍ കാദര്‍ ഖാന്‍ എഴുതി. റോട്ടിക്കുശേഷം നിര്‍മാണത്തിലേക്ക് തിരിഞ്ഞ ദേശായി, കാദര്‍ ഖാന്റെ സംഭാഷണമികവില്‍ അമര്‍ അക്ബര്‍ ആന്റണി, നസീബ്, കൂലി തുടങ്ങിയ മെഗാ ഹിറ്റുകള്‍ നിര്‍മിച്ചു. അതിനുശേഷം മേരി ആവാസ് സുനോയില്‍ തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകളുടെ ഹിന്ദി പതിപ്പുകള്‍ക്ക് വേണ്ടിയും കാദര്‍ ഖാന്റെ തൂലിക ചലിച്ചു.
തന്റെ ജീവിതത്തിന്റെ ഉത്തരകാലത്തിലെന്നോ ഒരു അഭിമുഖത്തില്‍ അദ്ദേഹത്തോട് തന്റെ ഏറ്റവും പ്രിയപ്പെട്ട സംഭാഷണശകലത്തെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം മുകദ്ദര്‍ കാ സികന്ദറിലെ, അതേ ചുടുകാട്ടിലെ രംഗത്തേക്ക് തിരിഞ്ഞുനോക്കി. അതില്‍ ഫക്കീര്‍ (കാദര്‍ ഖാന്‍ തന്നെ), തന്റെ അമ്മ മരിച്ച സങ്കടത്തിലിരിക്കുന്ന അമിതാഭിനോട് പറയുന്ന വാക്കുകള്‍..
ഫക്കീര്‍: 'നീ ആരുടെ കബറിലാണ് ഇരുന്നു കരയുന്നത് മോനേ...?'
അമിതാഭ് : 'എന്റെ അമ്മ.. മരിച്ചുപോയി...'
ഫക്കീര്‍ : ' എണീറ്റ് വന്നു നോക്ക് നീ.. ദാ അവിടെ.. അത് ആരുടെയോ അമ്മയാണ്.. ഇത് ആരുടെയോ സഹോദരിയായിരുന്നു... ഇതാ സഹോദരന്‍.. അച്ഛന്‍... ഒക്കെയും മണ്ണിനുള്ളില്‍ അടിഞ്ഞുകിടപ്പാണ്.. ഇന്ന് അവരുടെ ഊഴമാണ്.. നാളെ നമ്മളുടേതും.. ഈ ഫക്കീര്‍ പറയുന്നത് ഓര്‍മ്മവെച്ചോളൂ.. സന്തോഷം വരുമ്പോള്‍ നീ പുഞ്ചിരിക്കുന്നെങ്കില്‍, സങ്കടം വരുമ്പോള്‍ നീ പൊട്ടിചിരിച്ചോളൂ.. ഈ ലോകത്തില്‍ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത് മരണത്തെ സധൈര്യം നേരിടുന്നവരാണ്. മരണത്തെ ഭയക്കുന്നവന്റെ ജീവിതം മരണതുല്യമാണ്. സുഖം വിശ്വാസ വഞ്ചകിയാണ്.. ഒന്നുരണ്ടു നാളേക്ക് നമ്മളെ തേടിവരും.. ഒരു തവായിഫിനെപ്പോലെ നൃത്തമാടും.. ഒരു നിമിഷത്തിനപ്പുറം നമ്മളെ വിട്ടുപോകും.. സങ്കടം അങ്ങനല്ല.. എന്നും നമ്മുടെ കൂടെത്തന്നെ കാണും.. ഒരിക്കല്‍ നമ്മളെത്തേടി വന്നാല്‍, പിന്നൊരിക്കലും വിട്ടുപോവില്ല നമ്മളെ.. അതുകൊണ്ട്, നീ ചെല്ല്.. സുഖത്തെ പുറംകാലുകൊണ്ട് തൊഴിക്ക്. ദുഃഖത്തെ നെഞ്ചോട് ചേര്‍ക്ക്.. നിന്റെ വിധി നിന്റെ കാല്‍ക്കീഴില്‍ വന്നുകിടക്കും.. വിധിയെ ജയിച്ചവനാവും നീ.. മുകദ്ദര്‍ കാ സിക്കന്ദര്‍.. '
(കടപ്പാട്: സുപ്രസിദ്ധ ഹിന്ദി സിനിമാ ഗവേഷക കോണി ഗഹാം 2007-ല്‍ കാദര്‍ ഖാനുമായി നടത്തിയ അഭിമുഖം.)