പ്രണയം നിന്നുപെയ്ത സിനിമാക്കാലം; പ്രേം നസീറിന്റെ ഓര്‍മ്മകള്‍ക്ക് മുപ്പതാണ്ട്

മലയാളസിനിമയിലെ നിത്യഹരിത നായകന്‍ പ്രേം നസീര്‍ ഓര്‍മ്മയായിട്ട് മുപ്പതാണ്ട്. കൃഷ്‌ണേന്ദു വി എഴുതുന്നു...

prem nazir remembrance
Author
Thiruvananthapuram, First Published Jan 16, 2019, 4:49 PM IST

പ്രേംനസീര്‍ മലയാള സിനിമയുടെ ഒരു ശീലമായിരുന്നു. മണ്‍മറഞ്ഞ് കാലമിത്ര കഴിഞ്ഞിട്ടും മാറ്റിയെടുക്കേണ്ടെന്ന് നമ്മള്‍ നിര്‍ബന്ധിച്ചുറപ്പിച്ച ഒരു ശീലം. ഓര്‍മ്മയായിട്ട് മുപ്പതാണ്ട് തികയുന്നു. പക്ഷേ ആ പേരോര്‍മ്മിക്കാതെ, ഒരു ഫ്രെയിമിലെങ്കിലും അയാളെ കാണാതെ, അയാളുടെ ചുണ്ടിലൂടെ കേട്ട ഒരു വരിയെങ്കിലും മൂളാതെ മലയാളിയുടെ ഒരു ദിവസവും കടന്നുപോയിട്ടില്ല.

prem nazir remembrance

നിത്യഹരിത പ്രണയനായകന്‍ എന്ന വിശേഷണത്തിന് അന്നുമിന്നും ഒരേയൊരു ഉടമസ്ഥനേയുള്ളൂ മലയാള സിനിമയില്‍. നസീര്‍ മാത്രം. ഓര്‍മ്മയുടെ റീലുകളില്‍ നസീര്‍ കുസൃതിക്കണ്ണിറുക്കി ചിരിക്കുന്നു, പ്രണയിക്കുന്നു, പ്രകോപിതനാകുന്നു, എതിരാളികളെ മെയ്ക്കരുത്തില്‍ നിലംപരിശാക്കുന്നു. സെഫിയയില്‍ നിന്ന് ബ്ലാക്ക് ആന്റ് വൈറ്റിലേക്കും പിന്നെ ഈസ്റ്റ്മാന്‍ കളറിലേക്കും സിനിമാസ്‌കോപ്പിലേക്കും വളര്‍ന്ന സിനിമയുടെ സാങ്കേതികയ്‌ക്കൊപ്പം പ്രണയവാഹിയായ ഒരു കാലമായി നസീറെന്ന പ്രതിഭാസവും മലയാളസിനിമയ്‌ക്കൊപ്പം നിത്യഹരിതമായി നിലകൊണ്ടു.  

തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച അഭിനേതാവല്ലായിരുന്നു പ്രേം നസീര്‍. സ്വന്തം അഭിനയ ശരീരത്തിന്റെ കുറവുകളെപ്പറ്റി അദ്ദേഹം ബോധവാനുമായിരുന്നു. പക്ഷേ മലയാളിയുടെ നോട്ടത്തെയും ഭാവത്തെയും വേഷത്തെയും പെരുമാറ്റത്തെയും ശരീരഭാഷയെയും കാഴ്ച്ചപ്പാടിനെയും വരെ സ്വാധീനിച്ച ചലച്ചിത്രസാന്നിദ്ധ്യമായി അദ്ദേഹം നിലകൊണ്ടു.

നമുക്ക് മറക്കാനാകാത്ത ഒട്ടുമിക്ക പാട്ടുകള്‍ക്കും തിരശ്ശീലയില്‍ ചുണ്ടനക്കിയത് പ്രേംനസീറായിരുന്നു. യേശുദാസും ജയചന്ദ്രനും പ്രേംനസീറിലൂടെ പാടിയപ്പോള്‍ തിയേറ്ററില് കാറ്റിനു കസ്തൂരി മണത്തു. രാജീവനയനകള്‍ ആയിരം ചുംബനസ്മൃതിസുമങ്ങള്‍ ഏറ്റുറങ്ങി. തലമുറകളുടെ പ്രണയസങ്കല്‍പ്പങ്ങളെ നസീര്‍ അത്രയ്ക്കും ആഴത്തില്‍ സ്വാധീനിച്ചു. നിത്യഹരിത നായകനെന്ന പ്രയോഗം മിനിമം നസീറിന്റെ കാര്യത്തിലെങ്കിലും നമുക്കൊരു ക്ലീഷേ ആയില്ല.

അബ്ദുള്‍ ഖാദര്‍ എന്നായിരുന്നു ആദ്യത്തെ പേര്. ആദ്യ സിനിമയ്ക്ക് ശേഷം തിക്കുറിശ്ശിയാണ് അബ്ദുള്‍ ഖാദറിനെ നസീറാക്കി മാറ്റിയത്. പ്രണയാതുരമായ കണ്ണുകളുള്ള ആ ചെറുപ്പക്കാരന്റെ പേരിലും പ്രേമം വേണമെന്ന് തോന്നിയിട്ടാകാം ഉദയാ സ്റ്റുഡിയോയുടെ കുഞ്ചാക്കോ മുതലാളി നസീറിനെ പ്രേംനസീറാക്കി. പേരു പോലത്തന്നെ പ്രേംനസീര്‍  മലയാളി മനസ്സില്‍ ആ ഭാവത്തിന്റെ രൂപകമായി. മലയാളത്തിലെ  സങ്കല്‍പകാമുകന്മാര്‍ക്കെല്ലാം ഏറ്റവും എളുപ്പത്തില്‍ പ്രതിഷ്ഠിക്കാവുന്ന പ്രതിരൂപമായി പ്രേംനസീര്‍. വടക്കന്‍പാട്ട് നായകനായും കുറ്റാന്വേഷകനായും എഴുത്തുകാരനായും തൊഴിലന്വേഷിയായുമെല്ലാം തുടരെത്തുടരെ സിനിമകള്‍. വിജയിച്ച ഓരോ സിനിമയ്ക്കും അതേ മട്ടിലുള്ള തുടര്‍ച്ചകള്‍.

prem nazir remembrance

രണ്ടു ഗിന്നസ് റെക്കോഡുകളും മലയാളത്തിന്റെ നിത്യവസന്തത്തെ തേടിയെത്തി. നായകനായത്  എഴുന്നൂറോളം സിനിമകളില്‍. മിസ് കുമാരി മുതല്‍ അംബിക വരെ എണ്‍പതിലധികം നായികമാര്‍. ഷീലക്കൊപ്പം മാത്രം നൂറ്റിമുപ്പതോളം സിനിമകള്‍. ഇനിയൊരു തിരുത്തല്‍ അപ്രാപ്യമായ റെക്കോഡുകളായി മലയാളസിനിമയെ സംബന്ധിച്ച് ഇവയെല്ലാം. 

ഒരു സിനിമയിലെ മൂന്ന് കഥാപാത്രങ്ങളെ ഒരാള്‍ തന്നെ ചെയ്യുക എന്ന അപൂര്‍വ്വ പ്രതിഭാസം പ്രേംനസീറിന്റെ കാര്യത്തില്‍ മൂന്ന്  തവണ സംഭവിച്ചു. എറണാകുളം ജംഗ്ഷന്‍, അമ്മേ നാരായണ, പുഷ്പാഞ്ജലി എന്നീ സിനിമകളില്‍ നസീറെത്തിയത് ഒരേ സമയം മൂന്ന് വേഷത്തില്‍. ഓരോ വേഷത്തെയും യുവാക്കള്‍ മത്സരിച്ച് അനുകരിച്ചു. മലയാള സിനിമയെ പതിറ്റാണ്ടുകളോളം ഒരൊറ്റയാളെ ഭ്രമണം ചെയ്തു. എണ്‍പതുകളുടെ അവസാനത്തില്‍ ഇറങ്ങിയ സിനിമകളില്‍ നായകന്‍ അച്ഛനും ജ്യേഷ്ഠനുമൊക്കയായി മാറിയെങ്കിലും കയ്യേറ്റിയ കാമുകഭാവം പ്രേം നസീര്‍ അതിലും കൈ വെടിഞ്ഞില്ല.

1983 ല്‍ പദ്മഭൂഷണ്‍ നല്‍കി രാജ്യം അനശ്വര നടനെ ആദരിച്ചു. അവാര്‍ഡുകള്‍ക്കപ്പുറം  ഏതു താരതമ്യത്തെയും അപ്രസക്തമാക്കാന്‍ ആ നിത്യ വസന്തത്തിനായി. ആദ്യഘട്ടത്തില്‍ സത്യന്‍, മധു തുടങ്ങിയ സമകാലികര്‍,  പിന്നെ ജയന്‍, സോമന്‍, സുകുമാരന്‍.. ഒടുവില്‍ മമ്മൂട്ടി, മോഹന്‍ലാല്‍.. അങ്ങനെ തലമുറകള്‍ക്കൊപ്പം നസീര്‍ മലയാളസിനിമയിലെ പകരം വയ്ക്കാനില്ലാത്ത പേരായി നിലനിന്നു. എല്ലാക്കാലത്തും തിരശ്ശീലയിലെ വിലപിടിപ്പുള്ള താരസാന്നിദ്ധ്യമായി. 1989 ജനുവരി 16ന് ആ സര്‍ഗ്ഗജീവിതത്തിന് കാലം തിരശ്ശീലയിട്ടു. അവസാനമഭിനയിച്ചത് എ ടി അബു സംവിധാനം ചെയ്ത ധ്വനി എന്ന ചിത്രത്തില്‍. മൂന്നുപതിറ്റാണ്ടിനിപ്പുറവും പ്രേംനസീര്‍ എന്ന കാലം മലയാളിയുടെ ഹൃദയത്തില്‍ നിന്നുപെയ്യുന്നു.

Follow Us:
Download App:
  • android
  • ios