പ്രേംനസീർ ഓര്‍മയായിട്ട് 27 വർഷം
700 ചിത്രങ്ങളിൽ നായകന്‍. പേരിനെ അനശ്വരമാക്കുംവിധം 85 നായികമാര്‍. എങ്കിലും മലയാളി നസീറിനെ കാണാന്‍ കൊതിച്ചത്, നടി ഷീലയ്‌ക്കൊപ്പമായിരുന്നു. അവരുടെ ഒരുമിക്കലിലെ രസതന്ത്രം മലയാളി ആസ്വദിച്ചു. അതുകൊണ്ടാണ് 130 ചിത്രങ്ങളിൽ അവര്‍ ഒന്നിച്ചഭിനയിച്ചിട്ടും പ്രേക്ഷകർക്ക് മടുക്കാതിരുന്നത്.
തിരുവനന്തപുരം ചിറയിന്‍കീഴിൽ ഷാഹുല്‍ ഹമീദിന്റെയും ആസുമ്മ ബീവിയുടെയും മകനായി 1927 ഏപ്രില്‍ ഏഴിനാണ് ജനനം. 1952ൽ പുറത്തിറങ്ങിയ മരുമകളിലൂടെ അരങ്ങേറ്റം. രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയിലെത്തിയപ്പോളാണ് പേര് മാറ്റിയത്. തിക്കുറിശ്ശി സുകുമാരന്‍ നായരാണ്, അബ്ദുൾ ഖാദറിനെ പ്രേം നസീറാക്കുന്നത്. ഇരുട്ടിന്റെ ആത്മാവ്, കളളിച്ചെല്ലമ്മ, ധ്വനി, മുറപ്പെണ്ണ്, അനുഭവങ്ങള്‍ പാളിച്ചകൾ, പടയോട്ടം തുടങ്ങിയ ചിത്രങ്ങളിലായിരുന്നു ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1950കളിലാണ് താര പരിവേഷത്തിലേക്കുള്ള നസീറിന്റെ ഉയര്‍ച്ച.
1967ല്‍ പുറത്തിറങ്ങിയ എംടി വാസുദേവന്‍നായരുടെ 'ഇരുട്ടിന്റെ ആത്മാവി'ലെ അഭിനയം നസീറിന് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് സ്വന്തമായ ഇടം നേടിക്കൊടുത്തു. 1979 ല്‍ മാത്രം നസീർ നായകനായി 39 സിനിമകളാണ് ഇറങ്ങിയത്. അക്കാലത്തെ നസീറിൻറെ സ്വീകാര്യതയാണ് ഇത് കാണിക്കുന്നത്. സൂപ്പര്‍ താരങ്ങളില്ലാത്ത ലോകത്ത് പകരം വക്കാനില്ലാത്ത സൂപ്പര്‍ താരമായിരുന്നു നസീര്‍. അല്‍പം അതിഭാവുകത്വമുള്ള പ്രണയഭാവങ്ങളെ പോലും നെഞ്ചേറ്റിയിരുന്ന ആരാധകരാണ് നസീറിനെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാറാക്കിയത്. നസീറിന് രാജ്യം, പദ്മഭൂഷൺ പത്മശ്രീ ബഹുമതികൾ നല്‍കി ആദരിച്ചു. 1989 ജനുവരി 16ന്, 62 -ാത്തെ വയസ്സിൽ ചെന്നൈയിൽ വെച്ചായിരുന്നു നിത്യഹരിതനായകന്‍ കാലയവനികയ്ക്കുള്ളില്‍ മറയുന്നത്.