'തലൈവര്‍' തിരുമ്പി വന്തിട്ടേന്‍! 'പേട്ട' റിവ്യൂ
24 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒരു രജനി ചിത്രം ഇതിനുമുന്‍പ് പൊങ്കല്‍ കാലത്ത് റിലീസ് ചെയ്യപ്പെട്ടത്. ബാഷയായിരുന്നു ആ ചിത്രം. രണ്ട് പതിറ്റാണ്ടിനിപ്പുറം മറ്റൊരു പൊങ്കലിന് രജനീകാന്ത് ചിത്രമെത്തുമ്പോള്‍ സ്‌ക്രീന്‍ അയാള്‍ പ്രസരിപ്പിക്കുന്ന ഊര്‍ജ്ജത്തിന് വലിയ ചോര്‍ച്ചയൊന്നും സംഭവിച്ചിട്ടില്ല എന്നതാണ് കൗതുകം. രജനീകാന്ത് എന്ന ആ കൗതുകത്തിനായി ടിക്കറ്റെടുക്കാവുന്ന സിനിമയാണ് പേട്ട.
താരസാന്നിധ്യം ഉള്ളതുകൊണ്ട് മാത്രം സിനിമകള്‍ക്ക് മിനിമം ഗ്യാരന്റി ലഭിച്ചിരുന്ന കാലം ഓര്‍മ്മയായത് മലയാളത്തില്‍ മാത്രമല്ല. ബോളിവുഡടക്കം ഇന്ത്യയിലെ മിക്കവാറും ഭാഷാസിനിമകളുടെ ഇപ്പോഴത്തെ സ്ഥിതി അതാണ്. എന്നാല്‍ കാലികമായ സിനിമാഭിരുചികളെ പടിക്കുപുറത്ത് നിര്‍ത്താത്ത സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ വലിയ വാണിജ്യവിജയം കൊയ്യുന്നത് തുടരുന്നുമുണ്ട്. ടൈറ്റില്‍സില്‍ 'സൂപ്പര്‍സ്റ്റാര്‍' വിശേഷണം കൈയ്യാളുന്ന രജനീകാന്തിന്റെ സമീപകാല ചിത്രങ്ങളോടുള്ള പ്രേക്ഷകപ്രതികരണത്തിലും ഇത് ദൃശ്യമായിരുന്നു. പാ രഞ്ജിത്തിന്റെ കബാലി, കാല തുടങ്ങിയ ചിത്രങ്ങളിലൂടെ രജനി തന്റെ സ്‌ക്രീന്‍ ഇമേജിനെ മുന്‍നിര്‍ത്തി പരീക്ഷണം നടത്തിയപ്പോള്‍ സമ്മിശ്രപ്രതികരണമാണ് പതിവ് ആരാധകരില്‍ നിന്ന് ലഭിച്ചത്. പാ രഞ്ജിത്ത് ചിത്രങ്ങള്‍ നിരൂപകപ്രശംസ പിടിച്ചുപറ്റിയപ്പോള്‍ രജനിയുടെ വലിയ ആരാധകവൃന്ദത്തില്‍ ഒരു വിഭാഗത്തിന്റെ കൈയടികള്‍ കുറവായിരുന്നു. ഒരുപക്ഷേ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളിംഗ് കപ്പാസിറ്റിയുള്ള രജനീകാന്ത് എന്ന താരത്തെ അദ്ദേഹത്തിന്റെ എവര്‍ഗ്രീന്‍ ഹിറ്റുകളെ ഓര്‍മ്മപ്പെടുത്തുന്ന തരത്തില്‍, മാറിയ കാലത്ത് പുനരവതരിപ്പിക്കുകയാണ് ഇരൈവിയും ജിഗര്‍തണ്ടയുമൊക്കെ ഒരുക്കിയ കാര്‍ത്തിക് സുബ്ബരാജ്. വിന്റേജ് രജനീകാന്തിനെ സ്‌ക്രീനില്‍ പുനസൃഷ്ടിച്ച് ഒരു എന്റര്‍ടെയ്‌നര്‍ ഉണ്ടാക്കാനുള്ള ശ്രമത്തില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്.
ആക്ഷന് പ്രാധാന്യമുള്ള റിവഞ്ച് ഡ്രാമയാണ് ചിത്രം. 'പേട്ടവേല്‍' എന്നാണ് രജനിയുടെ ടൈറ്റില്‍ കഥാപാത്രത്തിന്റെ പേര്. വിദ്യാര്‍ഥികളുടെ അച്ചടക്കരാഹിത്യത്തിന് 'പേരുകേട്ട' ഊട്ടിയിലെ ഒരു കോളെജിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ തുടക്കം. നവാഗതരെ റാഗ് ചെയ്യുന്ന കുഴപ്പക്കാരായ സീനിയേഴ്‌സിനിടയിലേക്ക് ഒരു ഹോസ്റ്റര്‍ വാര്‍ഡനായാണ് രജനിയുടെ കടന്നുവരവ്. ഒരു രജനി കഥാപാത്രത്തിന്റെ പരമ്പരാഗത ചേരുവകളെല്ലാം ചേര്‍ന്ന 'പേട്ടവേല്‍' വ്യക്തിപ്രഭാവം കൊണ്ട് കോളെജ് ഹോസ്റ്റലിലെ അച്ചടക്കം തിരിച്ചുപിടിക്കുന്നു. പക്ഷേ അപൂര്‍വ്വം ചില വിദ്യാര്‍ഥികളില്‍ നിന്ന് അയാള്‍ക്കെതിരേ ഗൂഢാലോചന രൂപപ്പെടുന്നുണ്ട്. ഒരു വാലന്റൈന്‍സ് ദിനത്തിലെ റാഗിങില്‍ നിന്ന് അന്‍വര്‍ എന്ന വിദ്യാര്‍ഥിയെ രക്ഷിക്കുന്നതോടെ പേട്ടവേലിന്റെ 'ഹോസ്റ്റര്‍ വാര്‍ഡന്‍' കടന്നുവരവില്‍ മറ്റ് ചില ഉദ്ദേശങ്ങളുണ്ടെന്ന് പിന്നാലെ വെളിപ്പെടുന്നു. പൊടുന്നനെ രൂപപ്പെടുന്ന നിഗൂഢതയുടെ കാരണം പിന്തുടരുകയാണ് രജനിയുടെ ക്യാരക്ടര്‍ എസ്റ്റാബ്ലിഷ്മെന്റിന് ശേഷം സിനിമ, മിച്ചം വരുന്ന രണ്ടര മണിക്കൂറോളം (രണ്ട് മണിക്കൂര്‍ 52 മിനിറ്റാണ് ആകെ ദൈര്‍ഘ്യം) സമയമെടുത്ത്.
ഇത്തരത്തില്‍ മള്‍ട്ടി സ്റ്റാര്‍ കാസ്റ്റുള്ള ഒരു രജനീകാന്ത് ചിത്രം അപൂര്‍വ്വമാണ്. സാധാരണ ആദിമധ്യാന്തം 'രജനിമയം' ആയിരിക്കുമെങ്കില്‍ വിജയ് സേതുപതിയും നവാസുദ്ദീന്‍ സിദ്ദിഖിയും കരിയറില്‍ ആദ്യമായി ഒരു രജനീകാന്ത് ചിത്രത്തില്‍ എത്തുന്നതിന്റെ കൗതുകം കൂടിയാണ് പേട്ട. രജനീകാന്തിന്റെ അസാധ്യ സ്‌ക്രീന്‍ പ്രസന്‍സിനൊപ്പം വിജയ് സേതുപതിയുടെയും നവാസുദ്ദീന്‍ സിദ്ദിഖിയുടെയും നെഗറ്റീന് ഷേഡുള്ള കഥാപാത്രങ്ങള്‍ കൂടി ചേരുമ്പോള്‍ നരേഷന്‍ കൊഴുക്കുന്നു. ടൈറ്റില്‍സില്‍ രജനീകാന്തിനോടുള്ള ആരാധന വെളിപ്പെടുത്തുന്നുണ്ട് കാര്‍ത്തിക് സുബ്ബരാജ്. വിന്റേജ് രജനിയെ തിരിച്ചുപിടിക്കാനുള്ള ശ്രമം 'പേട്ടവേലി'ന്റെ അപ്പിയറന്‍സിലടക്കമുണ്ട്. പലകാലത്ത് തീയേറ്ററുകളില്‍ വന്‍ വിജയങ്ങള്‍ തീര്‍ത്ത 'ബാഷ' അടക്കമുള്ള ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ലുക്കുകളാണ് പേട്ടയിലെ നായകന് പലപ്പോഴായി നല്‍കിയിരിക്കുന്നത്. കോസ്റ്റിയൂമും ഹെയര്‍സ്‌റ്റൈലും കൊണ്ട് തിരിച്ചുപിടിക്കുന്ന അപ്പിയറന്‍സില്‍ മാത്രമല്ല ആ വിന്റേജ് രജനിയെ കാണാനാവുക, മറിച്ച് രജനീകാന്തിന്റെ പ്രകടനത്തിലും ഇടയ്‌ക്കെപ്പോഴോ നഷ്ടമായിപ്പോയ ആ ചടുലതയും ഊര്‍ജ്ജവുമുണ്ട്.
വടക്കേഇന്ത്യയില്‍ വേരോട്ടമുള്ള ഒരു ഹൈന്ദവ ഫാസിസ്റ്റ് കക്ഷിയുടെ നേതാവും അയാളുടെ മകനുമായാണ് (നേര്‍മകനായല്ല, ഭാര്യയുടെ മുന്‍ബന്ധത്തിലുള്ള മകനായി) നവാസുദ്ദീന്‍ സിദ്ദിഖിയുടെയും വിജയ് സേതുപതിയുടെയും കഥാപാത്രങ്ങള്‍ യഥാക്രമം അവതരിപ്പിക്കപ്പെടുന്നത്. ഒരു വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്ന യുവതീയുവാക്കളെ അക്രമിക്കാന്‍ നേതൃത്വം കൊടുക്കുന്നയാളായാണ് വിജയ് സേതുപതിയുടെ 'ജിത്തു' എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോ. സേതുപതിയുടെയും നവാസുദ്ദീന്റെയും സിമ്രാന്റെയും ത്രിഷയുടെയും ശശികുമാറിന്റെയും ബോബി സിംഹയുടെയുമൊക്കെ സാന്നിധ്യം തിരക്കഥാഘട്ടം മുതലേ കാര്‍ത്തിക് സുബ്ബരാജിന് നല്‍കിയിരിക്കാവുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. സിനിമ തുടങ്ങി ഒട്ടുനേരം പിന്നിട്ടതിന് ശേഷമെത്തുന്ന വിജയ് സേതുപതിയുടെയും പിന്നാലെ നവാസുദ്ദീന്റെയുമൊക്കെ രംഗപ്രവേശം സിനിമയുടെ ഏകതാനകസ്വഭാവത്തെ കൃത്യമായ ഇടവേളകളില്‍ മുറിയ്ക്കുന്നുണ്ട്. ഇരുവരും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കിയപ്പോള്‍ മധുര പശ്ചാത്തലമായുള്ള ഫ്ളാഷ്ബാക്ക് ഭാഗത്ത് നവാസുദ്ദീന്റെ ലിപ്സിങ്ക് പലസ്ഥലത്തും മുഴച്ചുനില്‍ക്കുന്നതായി അനുഭവപ്പെട്ടു. ഈ നടന്‍ ഒട്ടേറെ തവണ കെട്ടിയാടിയ, ഉള്ളില്‍ ഭയം പേറുന്ന, അത്മവിശ്വാസം കുറഞ്ഞ, എന്നാല്‍ അവസരം കിട്ടിയാല്‍ അക്രമണകാരിയായേക്കാവുന്ന ആള്‍ തന്നെയാണ് പേട്ടയിലെ സിംഗാരന്‍ എന്ന കഥാപാത്രവും. എന്നാല്‍ സിംഗാരനിലേക്ക് നവാസിനെ കാസ്റ്റ് ചെയ്തപ്പോള്‍ ലഭിച്ച റിസള്‍ട്ട് ഗംഭീരമാണ്. രജനിയുടെ അഭിമുഖം നില്‍ക്കുന്നതിന്റെ ആവേശത്തിലാണ് വിജയ് സേതുപതിയിലെ നടന്‍.
രജനീകാന്തിന്റെ ആഘോഷിക്കപ്പെട്ട സ്‌ക്രീന്‍ ഇമേജിനെ തിരിച്ചുകൊണ്ടുവരുമ്പോള്‍, കഥപറച്ചിലിലും ഇന്ത്യന്‍ പോപ്പുലര്‍ സിനിമയില്‍ അന്യംനിന്നുകൊണ്ടിരിക്കുന്ന ആ വിന്റേജ് ഫീല്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട് കാര്‍ത്തിക് സുബ്ബരാജ്. ഏറെക്കാലത്തിന് ശേഷം അത്തരമൊരു പഴയതരം നരേഷന്‍ ഒരു രജനി ചിത്രത്തിലൂടെ കണ്ടിരിക്കുമ്പോഴുള്ള കൗതുകം നല്‍കുന്നുണ്ട് പേട്ട. ഒരു പോപ്പുലര്‍ മസാല ഫോര്‍മാറ്റ് ചിത്രമായിരിക്കുമ്പോള്‍ത്തന്നെ, അടിത്തട്ടില്‍ പറയുന്ന രാഷ്ട്രീയം കാലികമാണ്. ഫ്യൂഡല്‍ വേരുകളുള്ള, പുറമേയ്ക്ക് പാരമ്പര്യവാദിയായ നവാസുദ്ദീന്റെ സിംഗാരന്‍ നിലവില്‍ ഉത്തര്‍പ്രദേശിലെ ഒരു (കല്‍പിത) ഹൈന്ദവ ഫാസിസ്റ്റ് കക്ഷിയുടെ നേതാവാണ്, സിംഗാര്‍ സിങ് എന്ന പേരില്‍.
തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നിറങ്ങള്‍ നിറച്ച ഒരു വിഷ്വല്‍ സ്‌റ്റൈലേസേഷനാണ് ശ്രമിച്ചിരിക്കുന്നതെങ്കിലും ഊട്ടി പശ്ചാത്തലമാകുന്ന ആദ്യഭാഗത്ത് ഒരുതരം കൃത്രിമത്വം അനുഭവപ്പെടുന്നുണ്ട്. സ്‌ക്രീന്‍ ബ്രൈറ്റ്നസൊക്കെ ആവശ്യത്തിലധികം കൂട്ടിയിട്ടിരിക്കുന്ന നമ്മുടെ തീയേറ്ററുകളില്‍ പേട്ടയിലെ ആദ്യഭാഗത്തെ ലൈറ്റിംഗ് മുഴച്ചുനില്‍ക്കുന്നുണ്ട്. എന്നാല്‍ പിന്നാലെ വരുന്ന മധുരയും ഉത്തര്‍പ്രദേശും പശ്ചാത്തലമാകുന്ന ഭാഗങ്ങളിലൊക്കെ ദൃശ്യപരിചരണം നന്നായി. അനിരുദ്ധ് രവിചന്ദറിന്റെ ഗാനങ്ങള്‍ റിലീസിന് മുന്‍പേ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. പശ്ചാത്തലസംഗീതം ഇടയ്ക്ക് കാതടപ്പിക്കുന്നതുപോലെ തോന്നുന്നുവെങ്കിലും ഇത്തരത്തിലുള്ള ഒരു ഹൈ എനര്‍ജി മാസ് സിനിമയ്ക്ക് ചേരുന്നമട്ടിലുള്ള ബീറ്റുകളാണ് അവ.
തമിഴ്നാട്ടിലെ പ്രധാന ഉത്സവ സീസണും സിനിമാ സീസണുമാണ് പൊങ്കല്‍. 24 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒരു രജനി ചിത്രം ഇതിനുമുന്‍പ് പൊങ്കല്‍ കാലത്ത് റിലീസ് ചെയ്യപ്പെട്ടത്. ബാഷയായിരുന്നു ആ ചിത്രം. രണ്ട് പതിറ്റാണ്ടിനിപ്പുറം മറ്റൊരു പൊങ്കലിന് രജനീകാന്ത് ചിത്രമെത്തുമ്പോള്‍ സ്‌ക്രീനില്‍ അയാള്‍ പ്രസരിപ്പിക്കുന്ന ഊര്‍ജ്ജത്തിന് വലിയ ചോര്‍ച്ചയൊന്നും സംഭവിച്ചിട്ടില്ല എന്നത് കൗതുകം പകരുന്ന വസ്തുതയാണ്. രജനീകാന്ത് എന്ന ആ കൗതുകത്തിനായി ടിക്കറ്റെടുക്കാവുന്ന സിനിമയാണ് പേട്ട.