ആദ്യം ഓണമെത്തുന്നത് ഞങ്ങളുടെ ഗ്രാമത്തിലായിരുന്നു
''ഗ്രാമത്തിൽ ഓണം ആഘോഷിച്ചത് കൊണ്ടാകാം ഓണമെനിക്ക് ഗൃഹാതുരത്വമുണർത്തുന്ന ഒന്നാണ്. പതിനഞ്ച് വയസ്സുവരെ പുതിയ കാവ് എന്ന കുഗ്രാമത്തിലായിരുന്നു എന്റെ കുട്ടിക്കാലം. ആദ്യം ഓണം വരുന്നത് ഞങ്ങളുടെ നാട്ടിലായിരുന്നു.''
കൊച്ചിയിലെ പനമ്പിള്ളി നഗറിലെ ശ്രീലകം എന്ന വീട്ടിൽ ഇത്തവണത്തെ ഓണത്തിനൊരു പ്രത്യേകതയുണ്ട്. തന്റെ പഞ്ചാബി മരുമകൾക്ക് വേണ്ടി ഓണമൊരുക്കി നൽകാനുള്ള തയ്യാറെടുപ്പിലാണ് ഈ വീട്ടമ്മ. മലയാള സിനിമാഗാന രചനാ രംഗത്തെ ആദ്യത്തെ പെൺതൂലികയായ ശശികല വി. മേനോൻ ആണ് ഈ വീട്ടമ്മ. ''മൂന്ന് വർഷം മുമ്പ് വരെ ഞാൻ ഇവിടെ സദ്യയൊരുക്കുമായിരുന്നു. ഓലനും കാളനും മെഴുക്കുപുരട്ടിയും ഉപ്പേരിയും നാലുകൂട്ടം പായസവുമുൾപ്പെടുന്ന ഉഗ്രൻ ഓണസദ്യ. പിന്നീട് കുട്ടികളൊക്കെ ബാംഗ്ലൂർ സെറ്റിൽഡ് ആയപ്പോൾ സദ്യയൊരുക്കൽ നിർത്തി. പക്ഷേ ഈ വർഷത്തെ ഏറ്റവും വലിയ ഓണസന്തോഷം എന്റെ മരുമകളാണ്. പഞ്ചാബിൽ നിന്നുള്ള കുട്ടിയാണ് മകന്റെ ഭാര്യ. നമ്മുടെ നാടിന്റെ ആഘോഷങ്ങളും സന്തോഷങ്ങളുമൊക്കെ അവളെ അറിയിക്കാനുള്ള ഒരുക്കത്തിലാണ് ഞാൻ. കേരളസാരിയൊക്കെ വാങ്ങി വച്ചിട്ടുണ്ട്.'' ശശികല വി മേനോൻ ഈ വർഷം ഓണം ആഘോഷിക്കുന്നത് ഇങ്ങനെയാണ്.
മലയാള സിനിമയിലെ ആദ്യ പെൺപാട്ടെഴുത്ത്
പഴയ തലമുറയിൽ ശശികല വി. മേനോൻ എന്ന പേര് അപരിചിതമല്ല. എന്നാൽ പുത്തൻ തലമുറ ഈ പേര് കേട്ടിട്ടുണ്ടോ എന്നറിയില്ല. മലയാള സിനിമാ ഗാനരചനയിൽ ആൾപേരുകൾ മാത്രം വെള്ളിത്തിരയിൽ എഴുതിക്കാണിച്ചിരുന്ന സമയത്താണ് ശശികല പാട്ടെഴുത്തിലേക്ക് വരുന്നത്. അതും പതിമൂന്നാമത്തെ വയസ്സിൽ. 1976 ൽ സിന്ദൂരം എന്ന ചിത്രത്തിൽ എ.റ്റി. ഉമ്മറിന്റെ സംഗീതത്തിൽ ഒരു കൃഷ്ണഭക്തിഗാനത്തിലായിരുന്നു തുടക്കം. പിന്നീടിങ്ങോട്ട് നൂറ്റമ്പതിലേറെ സിനിമാ ഗാനങ്ങൾ. അതിനിടയിൽ വിവാഹം. ശേഷം ഇരുപത്തിരണ്ട് വർഷം ഗാനരചനാ രംഗത്ത് നിന്ന് മാറിനിന്നു. പിന്നീട് 2011 ലാണ് ആൽബങ്ങളിലൂടെ വീണ്ടും ഗാനരചനാ രംഗത്ത് തിരികെയെത്തുന്നത്. ജി. ദേവരാജൻ മാസ്റ്ററുടെ സംഗീതസംവിധാനത്തിലായിരുന്നു ശശികലയുടെ പാട്ടുകൾ ശ്രോതാക്കൾ കേട്ടത്. അക്കാലത്ത് ഗാനരംഗത്തെ ഇതിഹാസങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ട് ഈ പാട്ടെഴുത്തുകാരിയുടെ വാക്കുകളിൽ.
പ്രിയപ്പെട്ട ഓണപ്പാട്ട്
സ്വന്തമായി ഓണപ്പാട്ട് എഴുതി പുറത്തിറക്കിയിട്ടുണ്ടെങ്കിലും 'തിരുവോണപ്പുലരി തൻ തിരുമുൽക്കാഴ്ച വാങ്ങാൻ' എന്ന ഓണപ്പാട്ടാണ് തനിക്കേറ്റവും ഇഷ്ടമുള്ള പാട്ടെന്ന് ശശികല പറയുന്നു. ''അന്നൊക്കെ ഓണക്കാലമാകുമ്പോഴേയ്ക്കും ഓണപ്പാട്ടുകളിങ്ങനെ കേട്ടുകൊണ്ടേയിരിക്കും. ഞാൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് ഈ പാട്ടാണ്. പൂവിളി പൂവിളി പൊന്നോണമായി, ഉത്രാടപ്പൂനിലാവേ വാ അങ്ങനെയങ്ങനെ ഒരുപാട് പാട്ടുകൾ. നമുക്ക് എത്രയോ ഓണപ്പാട്ടുകളുണ്ട്.'' എല്ലാം പ്രിയപ്പെട്ട പാട്ടുകളെന്ന് ശശികല പറയുന്നു. ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം പാട്ടെഴുത്തിലേക്ക് തിരിച്ചു വന്നപ്പോൾ സംഗീത സംവിധായകൻ ശരതിനൊപ്പം ഓണപ്പാട്ട് ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. 'ഓണത്തുമ്പീ ഓടിവായോ' എന്ന് തുടങ്ങുന്ന പാട്ട് ആലപിച്ചത് നിഖിൽ രാജ് ആയിരുന്നു. സിനിമയിലെ ഓണപ്പാട്ടുകളേക്കാൾ ആൽബങ്ങളിലാണ് പാട്ടെഴുതിയിട്ടുള്ളതെന്നും ശശികല ഓർത്തെടുക്കുന്നു.
പാട്ടെഴുത്തിന്റെ തുടക്കം എന്റെ ഗ്രാമത്തിൽ നിന്ന്
എഴുത്തിന്റെ തുടക്കം നോർത്ത് പരവൂരിലെ പുതിയ കാവ് എന്ന കൊച്ചു ഗ്രാമത്തിൽ നിന്നായിരുന്നു. മൂന്നാമത്തെ വയസ്സിലാണ് മുത്തശ്ശിയുടെയും മുത്തശ്ശന്റെയും ഒപ്പം അവിടെയെത്തുന്നത്. പിന്നെ പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷമാണ് തിരികെ കൊച്ചിയിലേക്ക്. ഓണത്തിന്റെ ഏറ്റവും മനോഹരമായ ഓർമ്മകൾ അവിടെ നിന്നാണെന്ന് ശശികല ഗൃഹാതുരത്വത്തോടെ പറയുന്നു. ''മുത്തശ്ശിയാണ് കഥകൾ പറഞ്ഞ് തരുന്നത്. പാട്ടെഴുത്തിൽ നിറയുന്ന ഗ്രാമത്തിന്റെ ഭംഗിയും നന്മയുമൊക്കെ ലഭിച്ചത് അവിടെ നിന്നാണ്. ശരിക്കും കുഗ്രാമം എന്ന് വേണമെങ്കിൽ പറയാം. അങ്ങനെയൊരു നാടായിരുന്നു പുതിയകാവ്. പക്ഷേ ഓണം ഏറ്റവും ആഘോഷമായി കൊണ്ടാടുന്നത് അവിടെയുള്ളവർ ആയിരുന്നു. വലിയൊരു തറവാടായിരുന്നു ഞങ്ങളുടേത്. എല്ലാ ബന്ധുക്കളും അവരുടെ കുട്ടികളും വരും. മുറ്റത്ത് വലിയ പൂക്കളമിടും. ഒന്നിച്ചാണ് എല്ലാവരും എല്ലാക്കാര്യങ്ങളും ചെയ്യുന്നത്. അതിലേറ്റവും രസമുള്ള ഓർമ്മ അന്നേ ദിവസം കിട്ടുന്ന ഓണക്കോടിയാണ്. ധാരാളം കുട്ടികൾ ഉളളത് കൊണ്ട് മുത്തശ്ശൻ എല്ലാവർക്കും കോടിയെടുത്ത് തരും. പക്ഷേ എല്ലാം ഒരേപോലെയുള്ളതായിരിക്കും. ഒരാൾക്ക് തന്നെ ഒരേപോലെത്തെ മൂന്നാല് ഡ്രസ്സുണ്ടായിരിക്കും. വീട്ടിലെത്തുമ്പോൾ അനിയത്തിമാരൊക്കെ നല്ല സ്റ്റൈലായിട്ട് ഉടുപ്പിടുമ്പോൾ എനിക്ക് മാത്രം യൂണിഫോം പോലെയുള്ള ഡ്രസ്സ്. പക്ഷെ എല്ലാത്തിനുമപ്പുറം ഭയങ്കര സന്തോഷമായിരിക്കും ഓണദിവസങ്ങളിൽ.'' ശശികലയുടെ ഓണം ഓർമ്മകളിൽ ഗ്രാമത്തിന്റെ ഭംഗിയും നന്മയുമുണ്ട്.
ഓണം സങ്കടത്തിന്റേത് കൂടിയാണ്
''എന്റെ മുത്തശ്ശി മരിക്കുന്നത് ഒരു ഓണക്കാലത്താണ്. ഞാൻ പാട്ടിന്റെ റെക്കോർഡിംഗുമായി ബന്ധപ്പെട്ട് മദ്രാസിലായിരുന്നു. മുത്തശ്ശിക്ക് സുഖമില്ലെന്ന് അറിഞ്ഞപ്പോൾ പാട്ടെഴുതിക്കൊടുത്ത് തിരികെ വന്നു. ഞാൻ വന്നതിന് ശേഷം ഞാൻ അടുത്തിരിക്കുമ്പോഴാണ് മുത്തശ്ശി മരിക്കുന്നത്.'' ഓണം ഒരു സങ്കട ഓർമ്മ കൂടിയാണെന്ന് ശശികല പറയുന്നു. ഓണക്കഥകളും ഓണപ്പാട്ടും ഐതിഹ്യവുമൊക്കെ കിട്ടിയത് മുത്തശ്ശിയിൽ നിന്നായിരുന്നു. ഇന്നത്തെ കുട്ടികൾക്ക് ഓണത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാനും ആരുമില്ല, പറഞ്ഞ് കൊടുത്താൽ തന്നെ അത് കേട്ടിരിക്കാൻ അവർക്കും നേരമില്ല. ഉപ്പേരിയും പായസവും അവിയലും ഓലനും സാമ്പാറും കാളനും ഒരുക്കി പൂക്കളമിട്ട് കുടംബത്തോടൊപ്പമായിരിക്കും ഈ വർഷത്തെ എന്റെ ഓണം.'' എന്തായാലും ഓണം പറയാനും കേൾക്കാനും മരുമകൾ വരുന്ന സന്തോഷത്തിലാണ് ശശികല വി മേനോൻ. കൊച്ചി മുൻ മേയറാണ് ശശികലയുടെ ഭർത്താവ് എൻ വേണുഗോപാൽ.