പിന്നൊരിക്കലും മണിക്ക് കാണാനായില്ല ഈ പാട്ടെഴുതിയ ആ പയ്യനെ..!

അയാളെ ദയനീയമായി നോക്കിക്കൊണ്ട് അവന്‍ ഓടിവന്നതിന്‍റെ കിതപ്പടക്കി. എന്നിട്ടു പറഞ്ഞു: "ഞാനൊരു നാടന്‍ പാട്ടെഴുത്തിയിട്ടുണ്ട്.. ചേട്ടന്‍ അതൊന്നു കേട്ടിട്ട് മണിച്ചേട്ടനെക്കൊണ്ടൊന്ന് പാടിക്കാമോ?" അമ്പരന്നു നിന്ന അയാളെ നോക്കി അനുവാദമൊന്നും ചോദിക്കാതെ ആ കൊച്ചു പയ്യന്‍ ഇങ്ങനെ നീട്ടി പാടി. "ടാറിട്ട റോഡാണ് റോഡിന്‍റരികാണ് വീടിന്നടയാളം ശീമക്കൊന്നാ.."

പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

Odenda Odenda Kalabhavan Mani Song Story By Prashobh Prasannan

Odenda Odenda Kalabhavan Mani Song Story By Prashobh Prasannan

 

വേദന തിന്നും സമൂഹത്തിൽ നിന്ന് ഞാൻ..
വേരോടെ മാന്തിപ്പറിച്ചതാണീക്കഥ..

ടേപ് റെക്കോര്‍ഡറിനുള്ളില്‍ ചുറ്റിത്തിരിയുന്ന ചോലക്കാസറ്റിലിരുന്ന് ഒരു ഹാസ്യകഥ പറയാനൊരുങ്ങുകയാണ് കാഥികൻ. "ഞങ്ങളവതരിപ്പിക്കുന്ന പുതിയ കഥ. 'തപാലിലെത്തിയ ഹിറ്റ് പാട്ട്..!" സിമ്പലിന്‍റെ കിലുങ്ങുന്ന ശബ്ദത്തില്‍ തൊണ്ട ഒരിക്കല്‍ക്കൂടെ ശരിപ്പെടുത്തി അയാള്‍ അക്കഥ പറഞ്ഞു തുടങ്ങി: "കാലം തൊണ്ണൂറുകളുടെ രണ്ടാം പകുതി. പാലക്കാട്ടെ ഒരു കൊച്ചുഗ്രാമത്തിലാണ് ഈ കഥ നടക്കുന്നത്. അവിടെ ഒരിടത്ത് ഒരു പരിപാടി അവതരിപ്പിക്കാനെത്തിയതായിരുന്നു ആ സംഘം. അവര്‍ ആരാണെന്നല്ലേ, നാട്ടിലെ പേരുകേട്ട കോമഡി രാജാക്കന്മാര്‍. കൊച്ചിന്‍ കലാഭവന്‍കാര്‍.." വീണ്ടും സിമ്പല്‍ ശബ്ദം. 

Odenda Odenda Kalabhavan Mani Song Story By Prashobh Prasannan

കാഥികൻ തുടരുന്നു: "നമ്മുടെ കലാഭവന്‍ മണിയുടെ ആദ്യ ഹാസ്യകഥാപ്രസംഗ കാസറ്റായ 'തൂശിമ്മെ കൂന്താരോ' വന്‍ ഹിറ്റായി നില്‍ക്കുന്ന സമയമാണ്. ആ കാലത്താണ് ഈ കഥ നടക്കുന്നതും. നമുക്ക് പാലക്കാട്ടെ ആ കൊച്ചുഗ്രാമത്തിലെ ഉത്സവപ്പറമ്പിലേക്കു പോകാം. അതാ സ്റ്റേജിലേക്ക് കയറാനൊരുങ്ങുകയാണ് അയാള്‍. അതു മറ്റാരുമല്ല, തൂശിമ്മ കൂന്താരോയുടെ രചന നിര്‍വ്വഹിച്ച ഇരിങ്ങാലക്കുടക്കാരന്‍ മണികണ്ഠന്‍ എന്ന കലാഭവന്‍ മണികണ്ഠന്‍. അതിനിടെയായിരുന്നു സൂര്‍ത്തുക്കളേ ആ അമ്പരപ്പിക്കുന്ന സംഭവം.. അതാ അങ്ങോട്ടു നോക്കൂ.. സ്റ്റേജിനു പിന്നിലേക്ക് ഓടി വരികയാണൊരു പയ്യന്‍.. ഏറിയാല്‍ ഒരു പത്തൊമ്പത് പത്തൊമ്പതേകാല്‍ വയസ് പ്രായം.. സ്വര്‍ണ്ണക്കപ്പു കണ്ട പി ടി ഉഷയെപ്പോലെയതാ അവന്‍ മണികണ്ഠന്‍റെ നേരെ ഓടിയടുക്കുന്നു.. അതാ അയാളുടെ കൈകളില്‍ അവന്‍ കയറിപ്പിടിക്കുന്നു..എന്നിട്ട്.." വീണ്ടും സിംബല്‍

"ഞെട്ടിത്തിരിഞ്ഞു നോക്കിയ മണികണ്ഠനോട് ആ പയ്യന്‍ ഇങ്ങനെ പറഞ്ഞു":

"ചേട്ടാ എന്‍റെ പേര് യൂസഫ്.."

"അതിന് ഞാനെന്തു വേണം..?!" സ്റ്റേജിലേക്ക് ഓടാനൊരുങ്ങി നില്‍ക്കുന്ന മണികണ്ഠന് ദേഷ്യം വന്നു.

അയാളെ ദയനീയമായി നോക്കിക്കൊണ്ട് അവന്‍ ഓടിവന്നതിന്‍റെ കിതപ്പടക്കി. എന്നിട്ടു പറഞ്ഞു: "ഞാനൊരു നാടന്‍ പാട്ടെഴുത്തിയിട്ടുണ്ട്.. ചേട്ടന്‍ അതൊന്നു കേട്ടിട്ട് മണിച്ചേട്ടനെക്കൊണ്ട് പാടിക്കാമോ?" അമ്പരന്നു നിന്ന അയാളെ നോക്കി അനുവാദമൊന്നും ചോദിക്കാതെ ആ കൊച്ചു പയ്യന്‍ ഇങ്ങനെ നീട്ടി പാടി

ടാറിട്ട റോഡാണ് റോഡിന്‍റരികാണ്
വീടിന്നടയാളം ശീമക്കൊന്നാ
പച്ചരിച്ചോറുണ്ട് പച്ച മീൻ ചാറുണ്ട്.."

എന്നാല്‍ അവനത് പാടി മുഴുവനാക്കാനായില്ല, അതിനും മുന്നേ മൈക്കിലൂടെ മണികണ്ഠന്‍റെ പേര് വീണ്ടും വീണ്ടും മുഴങ്ങി. ആ പയ്യന്‍റെ കൈകള്‍ അടര്‍ത്തി മാറ്റി മണികണ്ഠന്‍. പിന്നെ ഒരു കടലാസില്‍ തന്‍റെ വീട്ടുവിലാസം പെട്ടെന്നു കുറിച്ചു. അതവനു കൊടുത്ത ശേഷം പറഞ്ഞു: "ഇപ്പോഴിത് മുഴുവന്‍ കേള്‍ക്കാനുള്ള സമയമില്ല. മോന്‍ ഈ അഡ്രസില്‍ എഴുതി അയച്ചു തന്നാല്‍ മതി. ഞാന്‍ വായിച്ചോളാം.."

ടേപ്പ് റെക്കോര്‍ഡറില്‍ കാഥികന്‍റെ ശബ്ദം വീണ്ടും മുഴങ്ങി. "വേദിയിലേക്ക് നടന്നകലുന്ന മനുഷ്യനെ നോക്കി കടലാസും കൈയ്യില്‍പ്പിടിച്ച് കിതപ്പടക്കി പ്രതീക്ഷയോടെ ആ പയ്യന്‍ നിന്നു.." സിംബലിന്‍റെ ചിതറുന്ന ശബ്ദത്തിനൊപ്പം അയാളുടെ വാക്കുകള്‍ വീണ്ടും കേട്ടു: "ഞങ്ങളവതരിപ്പിക്കുന്ന പുതിയ കഥ. 'തപാലിലെത്തിയ ഹിറ്റ് പാട്ട്..!'

Odenda Odenda Kalabhavan Mani Song Story By Prashobh Prasannan

ഇന്‍ലന്‍ഡിലെത്തിയ പാട്ട്
"പാലക്കാട്ടെ ആ പരിപാടി കഴിഞ്ഞ് നാട്ടിലെത്തി ഏകദേശം ഒന്നു രണ്ടാഴ്ചയൊക്കെ കഴിഞ്ഞിട്ടുണ്ടാവണം. ഒരു ദിവസം എന്നെത്തേടി പോസ്റ്റുമാനെത്തി.." തൃശൂര്‍ വെള്ളാങ്കല്ലൂരിലെ വീട്ടിലിരുന്ന് കലാഭവന്‍ മണികണ്ഠന്‍ രണ്ടു പതിറ്റാണ്ടോളം പഴക്കമുള്ള ഓര്‍മ്മകളുടെ ഭാണ്ഡം പൊടിതട്ടിയെടുത്തു."ആരാണെന്നറിയാതെയാണ് ഞാന്‍ ആ കത്ത് പൊട്ടിച്ചത്.. പാലക്കാട് വച്ച് ആ പയ്യന് അഡ്രസ് നല്‍കിയ കാര്യം പെട്ടെന്ന് ഓര്‍ത്തില്ല.." ഇന്‍ലന്‍ഡ് തുറന്ന മണികണ്ഠന്‍ അതില്‍ കുത്തിക്കുറിച്ചിട്ട ഒരു പാട്ടു കണ്ടു. അടിയില്‍ യൂസഫ് എന്ന പേരും. അന്ന് സ്റ്റേജിനു പിന്നിലേക്ക് ഓടിയെത്തിയ ആ പയ്യന്‍റെ രൂപം ഓര്‍മ്മ വന്നു. അവനന്ന് പാടിയ അതേ ഈണത്തില്‍ മണികണ്ഠന്‍ പാട്ട് പാടി നോക്കി. തുടക്കക്കാരന്‍റെ ചില പ്രശ്നങ്ങളുണ്ട്. എങ്കിലും അതില്‍ ഒരു നാടന്‍ ശീലിന്‍റെ ഇമ്പം തിരിച്ചറിഞ്ഞു മണികണ്ഠന്‍. പ്രണയത്തിന്‍റെ ഇഴയടുപ്പം കണ്ടു. 

Odenda Odenda Kalabhavan Mani Song Story By Prashobh Prasannan

ചിത്രം: കലാഭവന്‍ മണികണ്ഠന്‍

"മണിയുടെ രണ്ടാമത്തെ കാസറ്റായ 'പൂളുമ്മ പൂളുമ്മ ചോപ്പുള്ള മാങ്ങയുടെ' എഴുത്തു ജോലികളിലായിരുന്നു ഞാനപ്പോള്‍. ആ പയ്യന്‍ അയച്ചു തന്ന പാട്ട് അല്‍പ്പമൊന്ന് മാറ്റിപ്പിടിച്ചാല്‍ ഈ കാസറ്റില്‍ ഉള്‍പ്പെടുത്താമെന്ന് എനിക്കു തോന്നി. അങ്ങനെ ചില വരികള്‍ അങ്ങോട്ടുമിങ്ങോട്ടും പരസ്പരം മാറ്റി. 'ഓടേണ്ടാ ഓടേണ്ടാ ഓടിത്തളരേണ്ടാ' എന്ന വരികള്‍ അനുപല്ലവിയായിട്ടായിരുന്നു യൂസഫ് എഴുതിയിരുന്നത്. ഞാനതെടുത്ത് മുന്നിലിട്ടു. പിന്നെ പുതുതായി കുറച്ചു വരികള്‍ കൂടി എഴുതിച്ചേര്‍ക്കുകയും ചെയ്തു. ഒരു തവണ കേട്ടപ്പോള്‍ തന്നെ മണിക്കും ഭയങ്കര ഇഷ്ടമായി. അങ്ങനെയാണ് ഇപ്പോള്‍ കേള്‍ക്കുന്ന ഓടേണ്ടാ ഓടേണ്ടാ എന്ന പാട്ടുണ്ടാകുന്നത്..."

'പൂളുമ്മ പൂളുമ്മ ചോപ്പുള്ള മാങ്ങ'യും വന്‍ ഹിറ്റായിരുന്നു. 'ഓടേണ്ടാ ഓടേണ്ടാ' എന്ന ഗാനം കേരളക്കരയില്‍ തരംഗമായി. കാസറ്റില്‍ ഈ പാട്ട് രണ്ടുതരത്തില്‍ മണി പാടിയിട്ടുണ്ട്. കാമുകന്‍റെ ശബ്ദത്തിലും കാമുകിയുടെ മറുമൊഴിയായിട്ടും. പാട്ടെഴുതിയവരുടെ പേരോ ഫോട്ടോയോ ഒന്നും കാസറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കഥാപ്രസംഗ രചന എന്ന ഒറ്റവാക്കില്‍ ഈ പാട്ടുള്‍പ്പെടെ ഒതുങ്ങി. അന്ന് അതായിരുന്നു രീതി. "കാസറ്റില്‍ ഈ പാട്ടിന്‍റെ ക്രെഡിറ്റെങ്കിലും യൂസഫിന്‍റെ പേരില്‍ വയ്ക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു.  ആ പയ്യന് എന്തെങ്കിലും പ്രതിഫലം കൊടുക്കണമെന്നും പറഞ്ഞിരുന്നു. പക്ഷേ ഒന്നും നടന്നില്ല.." മണികണ്ഠന്‍ പറയുന്നു. പിന്നെ കലാഭവന്‍ മണിയെന്നാല്‍ ഈ പാട്ടായി, ഈ പാട്ടെന്നാല്‍ മണിയും. 'ഓടേണ്ടാ' എന്ന ഒരൊറ്റ വരി കേട്ടാല്‍ മനസില്‍ തെളിയുന്നത് കലാഭവന്‍ മണിയുടെ രൂപവും ശബ്ദവുമായി പലര്‍ക്കും. മണിയെന്ന പേരുകേട്ടാല്‍ ഓടേണ്ടാ എന്നു മൂളി പലരും.

പില്‍ക്കാലത്ത് പുറത്തിറങ്ങിയ മണിയുടെ വിവിധ നാടന്‍പാട്ടു കാസറ്റുകളിലും ഒന്നാമതായിരുന്നു ഈ പാട്ടിന്‍റെ സ്ഥാനം. കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിനു വേദികളില്‍ ഈ പാട്ടിനൊത്ത് മണിയും ജനവും പാടിയാടി. പക്ഷേ അപ്പോഴൊന്നും അതിന്‍റെ രചയിതാക്കളെ ആരും ഓര്‍ത്തില്ല. മണിയൊന്നും വ്യക്തമായി പറഞ്ഞുമില്ല. "അന്ന് ആ സ്റ്റേജിനു പിന്നിലെ അരണ്ട വെളിച്ചത്തില്‍ ഒരൊറ്റ തവണ മാത്രമാണ് അവനെ നേരില്‍ കണ്ടത്.. ഇപ്പോള്‍ അവന്‍റെ മുഖം പോലും ഓര്‍മ്മയിലില്ല.. തന്‍റെ വരികള്‍ മണി പാടുന്നതും ജനം ഏറ്റുപാടുന്നതും എപ്പോഴെങ്കിലും അവനും കേട്ടിരിക്കും.. ഒരുപക്ഷേ ഇപ്പോഴും അവനത് കേള്‍ക്കുന്നുണ്ടാവണം.. ചിലയിടങ്ങളില്‍ ഈ പാട്ടിന്‍റെ ക്രെഡിറ്റ് പൂര്‍ണമായും എനിക്ക് നല്‍കാറുണ്ട്.. പലപ്പോഴും പല കാരണങ്ങളാല്‍ എനിക്കത് നിഷേധിക്കാന്‍ പറ്റിയിട്ടില്ല..!" മണികണ്ഠന്‍റെ ശബ്ദത്തില്‍ തുളുമ്പുന്ന കുറ്റബോധം.

Odenda Odenda Kalabhavan Mani Song Story By Prashobh Prasannan

ചിത്രം: കലാഭവന്‍ മണി

മണിയിലെ പാട്ടുകാരനെ തിരിച്ചറിഞ്ഞതും ഈ മണി!
കലാഭവന്‍ മണിയെ കരിയറിലെ ആദ്യകാലത്ത് ഹാസ്യകഥാപ്രസംഗങ്ങളിലൂടെ സുപരിചിതനാക്കിയതില്‍ കലാഭവന്‍ മണികണ്ഠന് വ്യക്തമായ പങ്കുണ്ട്. അതിനൊരു കാരണവുമുണ്ട്. മണി സിനിമാ നടനായും നാടന്‍പാട്ടുകാരനായുമൊക്കെ നാടാകെ പേരെടുക്കുന്നതിനും മുമ്പാണ് ആ സംഭവം. മണി മിമിക്രിയുമായി വേദികളില്‍ അലയുന്ന കാലം. ഒരിക്കല്‍ യാദൃശ്ചികമായി നാട്ടില്‍ വച്ച് മണിയുടെ ഒരു മിമിക്രി പരിപാടി കാണാനിടയായി മണികണ്ഠന്‍. മിമിക്രിയുടെ ഇടയില്‍ മണി ഹൈപിച്ചില്‍ നീട്ടിപ്പാടുന്നതു കേട്ടു മണികണ്ഠന്‍. മിമിക്രി ഭാഷയില്‍ പറഞ്ഞാല്‍  അപ്പോഴാണ് പന്നിപ്പടക്കം പോലൊരു ആശയം മണികണ്ഠന്‍റെ തലയില്‍ പൊട്ടിവിടരുന്നത്. "വി ഡി രാജപ്പന്‍റെ കഥാപ്രസംഗങ്ങളും മിമിക്രി കാസറ്റുകളുമൊക്കെ തലയ്ക്ക് പിടിച്ചു നടക്കുന്ന കാലമാണ്. എങ്ങനെയെങ്കിലും ഒരു കാസറ്റില്‍ മുഖം കാണിക്കാന്‍ മോഹിച്ചു നടക്കുന്ന സമയം.." മണികണ്ഠന്‍ പറയുന്നു. "അപ്പോഴാണ് മണിയുടെ പാട്ട് കേള്‍ക്കുന്നത്. അങ്ങനെയാണ് മണിയെ വച്ചൊരു കഥാപ്രസംഗ കാസറ്റ് എന്ന ആശയമുദിക്കുന്നത്. അന്ന് മണി സിനിമാ നടനല്ല. സുഹൃത്തായ കലാഭവൻ കബീറിനോടും എം സി ഓഡിയോസ് ഉടമ സജിതനോടും ഇക്കാര്യം പറഞ്ഞു. നിരാശയായിരുന്നു ഫലം..."

അതിനിടയിൽ എം സി ഓഡിയോസിന് വേണ്ടി മാള അരവിന്ദനെ വച്ച് 'നിങ്ങളെന്നെ കാമുകനാക്കി' എന്നൊരു കഥയെഴുതി മണികണ്ഠന്‍. പക്ഷേ കാസറ്റ് ശ്രദ്ധിക്കപ്പെട്ടില്ല. പിന്നെയും കാലമേറെക്കഴിഞ്ഞു. അപ്പോഴും മണിയുടെ ആ ഹൈപ്പിച്ച് പാട്ടും അതൊക്കെ വച്ചൊരു കാസറ്റ് എന്ന മോഹവും മണികണ്ഠന്‍റെ നെഞ്ചില്‍ മായാതെ കിടന്നു. അങ്ങനെയിരിക്കെ ആ സന്തോഷ വാര്‍ത്തയെത്തി. മണിയെ വച്ച് കാസറ്റിറക്കാന്‍ കലാഭവന്‍ കബീറും സതീഷ് ബാബുവും തയ്യാര്‍. താന്‍ എപ്പോഴേ റെഡി എന്നായിരുന്നു കലാഭവന്‍ മണിയുടെ പ്രതികരണം. അങ്ങനെയാണ് അദ്ദേഹത്തിന്‍റെ ആദ്യ സൂപ്പര്‍ ഹിറ്റ് ഹാസ്യകഥാപ്രസംഗം 'തൂശിമ്മെ കൂന്താരോ' പിറക്കുന്നത്.

കഥയാക്കിയത് കൂട്ടുകാരന്‍റെ ജീവിതം 
എല്ലാം ഒത്തു വന്നപ്പോള്‍ അടുത്ത പ്രശ്നം. കാസറ്റിന് നല്ലൊരു കഥയില്ല. ഒരെണ്ണം എഴുതി പരാജയപ്പെട്ടു നില്‍ക്കുന്നതിനാല്‍ ഇരുന്നാലോചിച്ചു മണികണ്ഠന്‍. "നാട്ടിൽ എനിക്ക് സുന്ദരനായ ഒരു സുഹൃത്തുണ്ട്. അടുത്തു തന്നെയുള്ള വല്യവീട്ടിലെ ഒരു പെൺകുട്ടിക്ക് പുള്ളിയോട് കടുത്ത പ്രേമം. കഥയറിഞ്ഞ കാമുകീ പിതാവ് ആ പ്രേമം പൊളിക്കാൻ തീരുമാനിച്ചു. അതിനായി അയാള്‍ ഒരു കാര്‍ വാങ്ങി ഡ്രൈവറെയും വച്ചു. അവളുടെ കോളേജിലേക്കുള്ള പോക്കുവരവൊക്കെ അതിലാക്കി. അതോടെ കാമുകിയെ കാണാനോ മിണ്ടാനോ സുഹൃത്തിനു കഴിയാതായി. ഈ സങ്കടം സുഹൃത്ത് എന്നോട് പങ്കുവച്ചു. അതിലൊരു കഥയുണ്ടെന്ന് എനിക്ക് തോന്നി. അങ്ങനെ അവന്‍റെ കാമുകി ആ കാര്‍ ഡ്രൈവറുടെ കൂടെ ഒളിച്ചോടിപ്പോകുന്നതായി ഒരു കഥയുണ്ടാക്കി.." അതാണ് മലയാളികളെ ചിരിപ്പിച്ച 'തൂശിമ്മെ കൂന്താരോ'.

Odenda Odenda Kalabhavan Mani Song Story By Prashobh Prasannan

ചിത്രം:നിങ്ങളെന്നെ കാമുകനാക്കി എന്ന കാസറ്റിന്‍റെ കവര്‍

'തൂശിമ്മെ കൂന്താരോ' എന്നു പറഞ്ഞാല്‍ സൂചിമേല്‍ കോര്‍ക്കുക എന്നാണ് അര്‍ത്ഥം. തൃശൂര്‍ ജില്ലയിലെ പറയ സമുദായാംഗങ്ങള്‍ കുലത്തൊഴിലായ കൊട്ട നെയ്യുമ്പോഴും മറ്റും പാടുന്ന ഒരു പാട്ടിന്‍റെ ആദ്യവരിയാണത്. ഈ പേര് കഥാപ്രസംഗത്തിന് നല്‍കിയതിനു പിന്നിലും ഒരു കഥയുണ്ട്. "നിങ്ങളാരെ കാമുകനാക്കി എന്ന പേരായിരുന്നു ആദ്യം തീരുമാനിച്ചത്. റെക്കോര്‍ഡ് ചെയ്ത് എഡിറ്റ് ചെയ്‍ത കാസറ്റ് കേട്ടപ്പോള്‍ കോമഡി ഒരല്‍പ്പം കുറവാണെന്ന് അഭിപ്രായം ഉയര്‍ന്നു. ഒടുവില്‍ സ്ക്രിപ്റ്റ് പൊളിച്ചെഴുതി വീണ്ടും റെക്കോഡ് ചെയ്യേണ്ടി വന്നു. അതിനിടെ മണി നാദിര്‍ഷയുടെ 'ദേ മാവേലിക്കൊമ്പത്ത്' എന്ന കാസറ്റില്‍ 'തൂശിമ്മെ കൂന്തോരോ' എന്ന നാടന്‍ പാട്ടിന്‍റെ ചില ഭാഗങ്ങള്‍ പാടി. അതു കേട്ടപ്പോള്‍ എന്തോ ഒരു രസമുണ്ടെന്നു തോന്നി. അങ്ങനെ 'നിങ്ങളാരെ കാമുകനാക്കി' മാറ്റി 'തൂശിമ്മെ കൂന്തോരോ' എന്ന പേരെടുത്ത് കഥാപ്രസംഗ കാസറ്റിനിട്ടു. അവിടെ നിന്നാണ് കലാഭവൻ മണി എന്ന പ്രതിഭയുടെ തേരോട്ടം തുടങ്ങുന്നത്. മണികണ്ഠൻ എന്ന ചെറിയ എഴുത്തുകാരനും മാരുതി കാസറ്റ് എന്ന കമ്പനിയും ജനിക്കുന്നത്.. " മണികണ്ഠന്‍ ഓര്‍ക്കുന്നു. കാലമേറെക്കഴിഞ്ഞിട്ടും ആ പേരിനോടുള്ള ഇഷ്ടം ഒട്ടും കുറഞ്ഞിട്ടില്ല മണികണ്ഠന്. അടുത്തിടെ പുറത്തിറക്കിയ സ്വന്തം കഥാസമാഹരത്തിന്‍റെ പേരും മറ്റൊന്നല്ല, 'തൂശിമ്മെ കൂന്താരോ' എന്നു തന്നെ.

നാടന്‍ പാട്ടിന് മൂല്യമുണ്ടാക്കിയത് മണിയുടെ ശബ്‍ദം
കലാഭവന്‍ മണി പാടുന്നതിനു മുമ്പും ഇവിടെ നാടന്‍ പാട്ടുകളുണ്ടായിരുന്നുവെന്നും പക്ഷേ അന്നത് ആര്‍ക്കും വേണ്ടായിരുന്നുവെന്നും മണികണ്ഠന്‍ പറയും. "മണിയാണ് നാടന്‍പാട്ടുകള്‍ക്ക്  ഇന്നുള്ള മൂല്യമുണ്ടാക്കിക്കൊടുത്തതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 'തൂശിമ്മെ കൂന്താരോ ഉള്‍പ്പെടെയുള്ള കാസറ്റുകളിലൂടെ കേരളത്തിലാകെ പടര്‍ന്ന മണിയുടെ ശബ്ദമാണ് പൊതുജനങ്ങള്‍ക്കിടയില്‍ ഈ പാട്ടുകള്‍ക്ക് ഇത്ര സ്വീകാര്യതയുണ്ടാക്കിയത്. പലരും പഴയ പാട്ടുകളൊക്കെ പൊടിതട്ടിയെടുക്കാനും നാടന്‍പാട്ടു സംഘങ്ങളൊക്കെ സജീവമാകാനും മണി മാത്രമാണ് കാരണം.."

Odenda Odenda Kalabhavan Mani Song Story By Prashobh Prasannan

മണികണ്ഠൻ ഒരു പഴയ ചിത്രം

പക്ഷേ കലാഭവന്‍ മണിയുടെ പല പാട്ടെഴുത്തുകാരെയും ഈണക്കാരെയുമൊന്നും പുറംലോകം അറിഞ്ഞില്ലെന്നും അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്ന പരാതിയും മണികണ്ഠനുണ്ട്. 'പൊട്ടണ് പൊട്ടണ് എന്‍മനം പൊട്ടണ്' എന്ന പാട്ട് തൂശിമ്മെ കൂന്താരോയിലൂടെയാണ് ജനം കേട്ടത്. "പണ്ട് ജെസിബിയും ടിപ്പറുകളുമൊന്നും ഇല്ലാത്ത കാലത്ത് മണ്ണ് കൊത്തിയെടുക്കുകയാണ് പതിവ്. ഈ മണ്ണ് പെണ്ണുങ്ങള്‍ കുട്ടയില്‍ ചുമന്നു വേണം ലോറിയില്‍ കയറ്റാന്‍. അപ്പോള്‍ ജോലിയുടെ കാഠിന്യം കുറയ്ക്കാന്‍ വേണ്ടി തൊഴിലാളികള്‍ ഉണ്ടാക്കിപ്പാടിയിരുന്ന ഒരു പാട്ടാണിത്.." നാട്ടിമ്പുറത്തുള്ള ഒരു മണ്ണുപണിക്കാരന്‍ ചൊല്ലിക്കൊടുത്ത ഈ വരികള്‍ എഴുതിയെടുത്ത് മണിയെക്കൊണ്ട് പാടിക്കുകയായിരുന്നു മണികണ്ഠന്‍ ഓര്‍ക്കുന്നു. 

'ചന്ദനമെന്തിന് സിന്ദൂരമെന്തിന്' എന്നു തുടങ്ങുന്ന പാട്ടും ഏതോ ഒരജ്ഞാതന്‍ എഴുതി അയച്ചു തന്നതാണ്. പിന്നെയത് മാറ്റിയെഴുതുകയായിരുന്നു. അങ്ങനെ ഒരുപാട് പാട്ടുകളുണ്ടാക്കിയിട്ടുണ്ട്. പക്ഷേ ഇത്തരം സൃഷ്ടികളിലൊന്നും സ്വന്തം പേരു വയ്ക്കാറില്ല. തൂശിമ്മെ കൂന്താരോ, പൂളുമ്മ പൂളുമ്മ ചോപ്പുള്ള മാങ്ങ, ആനവായില്‍ അമ്പഴങ്ങ തുടങ്ങിയ കാസറ്റുകളിലെ ഉള്‍പ്പെട നിരവധി പാരഡി ഗാനങ്ങളും മണികണ്ഠനെഴുതിയതാണ്. 'എത്രയും ബഹുമാനപ്പെട്ട' എന്നു തുടങ്ങുന്ന കത്തുപാട്ടിന്‍റെ സൂപ്പര്‍ ഹിറ്റ് പാരഡിയും ഒഎന്‍വി കവിതയുടെ പാരഡിയുമെല്ലാം അതില്‍പ്പെടും. 

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മണികണ്ഠന്‍ കലാരംഗത്ത് ചുവടുറപ്പിക്കുന്നത്. "കാണാന്‍ സുന്ദരനല്ലെന്ന കോംപ്ലക്സുണ്ടായിരുന്നു അന്ന്. അതുകൊണ്ട് പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ മോണോ ആക്ടും മിമിക്രിയുമൊക്കെ പരീക്ഷിച്ചു. പക്ഷേ അതൊരു ഉപജീവനമാര്‍ഗ്ഗമാകുമെന്ന് അന്നു കരുതിയില്ല" മണികണ്ഠന്‍റെ മുഖത്ത് ചിരി. കൊച്ചിൻ സെഞ്ച്വറിയിലൂടെയാണ് മണികണ്ഠന്‍ പ്രൊഫഷണൽ കലാരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. "ടിനി ടോം, മനോജ് ഗിന്നസ് തുടങ്ങിയവരുടൊപ്പം മമ്മി സെഞ്ച്വറിയാണ് എന്നെയും കൈപിടിച്ചുയര്‍ത്തുന്നത്. പിന്നീട് 'കീര്‍ത്തനം' എന്ന സിനിമയില്‍ വേണു ബി നായരുടെ  അസിസ്റ്റന്‍റായി. അതിനു ശേഷമാണ് കലാഭവനില്‍ എത്തുന്നത്.  മഹാനദി, നായകൻ, ഇന്ത്യൻ, അവ്വൈഷന് മുഖി, തെന്നാലി എന്നീ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴി മാറ്റിയപ്പോള്‍ കമല്‍ഹാസന് ശബ്ദം നൽകിയത് മണികണ്ഠനായിരുന്നു.

"

വീഡിയോ: ഇന്ത്യന്‍ എന്ന ചിത്രത്തിലെ മണികണ്ഠന്‍റെ ഡബ്ബിംഗ്

ഭക്തിഗാന കാസറ്റുകള്‍ ഉള്‍പ്പെടെ ഏകദേശം അമ്പതിലധികം കാസറ്റുകള്‍ ചെയ്തിട്ടുണ്ടെന്നുള്ള ധാരണയല്ലാതെ ഇക്കാര്യത്തില്‍ കണക്കൊന്നും എഴുതി സൂക്ഷിച്ചിട്ടില്ല മണികണ്ഠന്‍. 'നമുക്ക് കച്ചവടമറിയില്ലല്ലോ' എന്ന് ലളിതമായ മറുപടി. ഒപ്പമുള്ളവരെപ്പോലെ നീ വളര്‍ന്നില്ലല്ലോ മണ്യേ എന്ന് ആക്കി ചോദിക്കുന്നവരോട് 'എന്നാരു പറഞ്ഞു വയസ് അമ്പതാകാറായെന്ന്' ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി. ഇങ്ങനെ തമാശ വരുന്ന വഴിയേതെന്നു ചോദിച്ചാലോ തോമസ് പാലായുടെ ഹാസ്യനോവലുകളും വേളൂർ കൃഷ്‌ണൻകുട്ടിയുടെ കഥകളും ടോംസിന്റെ കാർട്ടൂണുകളും പ്രിയദർശന്‍റെ സിനിമകളുമൊക്കെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്ന് പറയും മണികണ്ഠന്‍. മണിയെക്കുറിച്ചു പറയുമ്പോള്‍ മണികണ്ഠന്‍റെ കണ്ണുനിറയും. മണിയുടെ മരണ ശേഷം സഹോദരന്‍ രാമകൃഷ്ണന്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ആ മരണം പോലെ തന്നെ വേദനപ്പിച്ചെന്ന് മണികണ്ഠന്‍ പറയും. "മണിയുമായി ബന്ധമുള്ള എല്ലാ കലാകാരന്മാരെയും ക്ഷണിച്ചിട്ടും എന്നോടൊരു വാക്കു പോലും പറഞ്ഞില്ല.." പിന്നീട് സംവിധായകന്‍ സുന്ദര്‍ദാസിന്‍റെ നേതൃത്വത്തില്‍ ചാലക്കുടയില്‍ നടന്ന മണി അനുസ്മരണ യോഗത്തില്‍ 'മിന്നാമിനുങ്ങേ' എന്ന മണിപ്പാട്ടിന്‍റെ ഈണത്തിന് അനുസരിച്ച് മണികണ്ഠനെഴുതിയ പാട്ടുകേട്ട് ജനം കരഞ്ഞത് മറ്റൊരു ചരിത്രം.

"മണിയുടെ നീലസാരി വാങ്ങിത്തരാം എന്ന പാട്ട് എഴുതി ഈണമിട്ടത് ഞാനാണ്. പക്ഷേ മരിക്കുന്നതു വരെ മണിക്ക് ഇക്കാര്യം അറിയില്ലായിരുന്നു. ഞാനൊട്ട് പറഞ്ഞുമില്ല. ഇപ്പോള്‍ ആ പാട്ട് മറ്റാരുടെയോ പേരിലാണ്. അതൊക്കെ ഓരോരോ ചതികള്‍.. ഈ മേഖലയൊക്കെ ഇങ്ങനെയാണ്.."  

ഹാസ്യം കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചിട്ടും മണികണ്ഠന്‍റെ ശബ്ദത്തില്‍ തെളിയുന്ന വേദന തിരിച്ചറിഞ്ഞു. അപ്പോള്‍ പാലക്കാടുകാരന്‍ യൂസഫെന്ന പയ്യനെ വീണ്ടും ഓര്‍ത്തു. പാലക്കാടന്‍ പന പോലെ തന്‍റെ ഗാനവും വളര്‍ന്നുയരുന്നതും കാറ്റിലാടുന്നതും കണ്ട് അവനും വലുതായിട്ടുണ്ടാകും. ഈ പാട്ട് കേള്‍ക്കുമ്പോഴൊക്കെ അവന്‍റെയുള്ളില്‍ എന്തു വികാരമാവും അലയടിച്ചിരിക്കുക? സന്തോഷമോ അതോ വേദനയോ?

Odenda Odenda Kalabhavan Mani Song Story By Prashobh Prasannan

ഈ പംക്തിയിലെ മറ്റ് ലേഖനങ്ങള്‍ വായിക്കാം

കാതരമൊരു പാട്ടായ് ഞാനില്ലേ..?!

ജീവിതം തന്ന ഫാത്തിമ...!

2018ന്‍റെ പാട്ടോര്‍മ്മകള്‍

"പട പൊരുതണം... വെട്ടിത്തലകള്‍ വീഴ്ത്തണം..." ഇതാണ് ആ പാട്ടിന്‍റെ യഥാര്‍ത്ഥ കഥ!

ശാന്തിഗീതമാണെനിക്ക് അയ്യന്‍..

"എന്നും വരും വഴി വക്കില്‍.." ആ കവിയും ഗായകനും മരിച്ചിട്ടില്ല!

പൂമുത്തോളിന്‍റെ പിറവി; ജോസഫിന്‍റെ പാട്ടുവഴി

ആരായിരുന്നു ജോയ് പീറ്റര്‍?


 

Latest Videos
Follow Us:
Download App:
  • android
  • ios