'നിലീ' -എ ബ്യൂട്ടിഫുള്‍ മിസ്റ്ററി- റിവ്യു
ആകാംക്ഷയുടെ മുള്‍മുനയില്‍ മുന്നോട്ടു പോകുന്ന പ്രേക്ഷകന്‍ ഇനിയെന്ത് എന്ന വിചാരത്തിലേക്ക് വീഴുന്നത് സംവിധായകന്റെ മിടുക്ക് തന്നെയാണ്
നീലി എന്ന സിനിമയുടെ റിവ്യു. നിസാർ മുഹമ്മദ് എഴുതുന്നു.
മലയാളത്തില്‍ ഇറങ്ങുന്ന 'ഹൊറര്‍' ചിത്രങ്ങളെക്കുറിച്ച് പൊതുവേ ഒരു വാചകമുണ്ട്. 'പ്രേതത്തെ കണ്ടാല്‍ ചിരിവരും' എന്നാണത്. ഒരിക്കല്‍ കൂടി പ്രേതത്തെ കണ്ടു ചിരിച്ചാലോ എന്ന് കരുതിയാണ് 'നീലി'ക്ക് ടിക്കറ്റ് എടുത്തത്. പക്ഷെ, പ്രേതത്തെ കണ്ടു ചിരിച്ചില്ല. പകരം സിനിമയിലെ കോമഡി കണ്ട് ചിരിച്ചു. പ്രേതത്തെ കണ്ടു പേടിച്ചോ എന്ന് ചോദിക്കരുത്. അതു സിനിമ കണ്ടു നിങ്ങള്‍ തന്നെ വിലയിരുത്തണം. 'എ ബ്യൂട്ടിഫുള്‍ മിസ്റ്ററി' എന്ന പരസ്യ വാചകത്തോട് ഏറെ അടുത്തു നില്‍ക്കുന്ന ചിത്രമാണ് നീലി. നീലിയുടെ നിഗൂഢതയ്ക്ക് ഒരു സൗന്ദര്യമുണ്ട്. പ്രേതം പേടിപ്പിക്കില്ലെന്ന ബോധ്യപ്പെടുത്തല്‍.
സംവിധായകന്‍ അല്‍ത്താഫ് റഹ്മാന്റെ ആദ്യചിത്രമാണ് നീലി. ഒമ്പതുവര്‍ഷമായി അല്‍ത്താഫ് സിനിമാ രംഗത്തുണ്ട്. എങ്കിലും, തോര്‍ത്ത് എന്ന ഷോര്‍ട്ട്ഫിലിമിന്റെ സംവിധായകന്‍ എന്നതാണ് അല്‍ത്താഫിന്റെ മേല്‍വിലാസം. സംവിധായകന്‍ കമലിന്റെ കൂടെ നിരവധി ചിത്രങ്ങളില്‍ പങ്കാളിയായതിന്റെ ഗുണം നീലിയുടെ സംവിധാനത്തില്‍ അല്‍ത്താഫിന് പ്രചോദനമാകുന്നുണ്ട്.
തുടക്കത്തില്‍ തന്നെ പാളിപ്പോകാവുന്ന കഥയാണ് നീലിയുടേത്. പക്ഷെ, ആകാംക്ഷയുടെ മുള്‍മുനയില്‍ മുന്നോട്ടു പോകുന്ന പ്രേക്ഷകന്‍ ഇനിയെന്ത് എന്ന വിചാരത്തിലേക്ക് വീഴുന്നത് സംവിധായകന്റെ മിടുക്ക് തന്നെയാണ്.
എടുത്തു പറയേണ്ട മറ്റൊരു കാര്യം അഭിനേതാക്കളുടെ തെരഞ്ഞെടുപ്പാണ്. മംമ്ത മോഹന്‍ദാസ് ലക്ഷ്മിയെന്ന സ്പീച്ച് തെറാപ്പിസ്റ്റ് കഥാപാത്രത്തിലൂടെ തിരശീലയിലെത്തുമ്പോള്‍, മറ്റാരെയും ആ സ്‌പേസില്‍ സങ്കല്‍പ്പിക്കാനേ കഴിയുന്നില്ല. അനൂപ് മേനോന്‍ മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണിയെ ഓര്‍മ്മിപ്പിക്കുന്നു. ഈസി ആക്ടിങ് ഫീല്‍ തോന്നിപ്പിക്കുന്നുണ്ട് അനൂപിന്റെ ചലനങ്ങളിലും സംഭാഷണങ്ങളിലും. ബാബുരാജാണ് എടുത്തു പറയേണ്ട മറ്റൊരാള്‍. പ്രഭാകരന്‍ എന്ന കള്ളന്റെ വേഷം ബാബുരാജിന് നന്നായി ഇണങ്ങുന്നുണ്ട്. നോക്കിലും വാക്കിലും തമാശ നിറയ്ക്കാന്‍ ബാബുരാജിന്റെ സാന്നിധ്യമാണ് സിനിമയുടെ മുതല്‍ക്കൂട്ട്.
റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദുണ്ണി എന്നിവര്‍ ചേര്‍ന്നെഴുതിയ തിരക്കഥയ്ക്ക് അത്ര ഭദ്രത പോര. എങ്കിലും സിനിമയുടെ ടോട്ടാലിറ്റിയെ അത് ബാധിക്കുന്നില്ല. ചിത്രത്തിന്റെ മേക്കിങ്, സസ്‌പെന്‍സ്, ഹൊറര്‍ എലമന്റ്‌സ് എന്നിവയാണ് ശ്രദ്ധേയം. ഇന്റര്‍വെല്‍ പഞ്ച് തന്നെ ഇതിന് ഉദാഹരണം. മനോജ് പിള്ളയുടെ ക്യാമറക്കണ്ണുകള്‍ പ്രേക്ഷകനെ കഥയുടെ കാമ്പിലേക്ക് നയിക്കുന്നുണ്ട്.