നാനാ പടേക്കര്‍ മുതല്‍ മുകേഷ് വരെ; 'മീ ടൂ' ലൈംഗികാരോപണങ്ങളില്‍ ഇതുവരെ കുടുങ്ങിയവര്‍

മുന്‍പും അപൂര്‍വ്വം ചില നടിമാര്‍ അവസരങ്ങള്‍ക്കായി തങ്ങള്‍ നേരിടേണ്ടിവന്ന ചൂഷണങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും അവയൊക്കെ ഒറ്റപ്പെട്ടവയും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയവയുമായിരുന്നു. മീ ടൂ ക്യാംപെയ്ന്‍ ആരംഭിച്ചതിന് ശേഷം വന്ന ആദ്യത്തെ വലിയ ആരോപണം നാനാ പടേക്കറിനെതിരായ തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലായിരുന്നു. 

nana patekar to mukesh celebs accused of me to campaign
Author
Thiruvananthapuram, First Published Oct 9, 2018, 2:32 PM IST

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും തുറന്നുപറച്ചിലുകള്‍ എന്ന നിലയ്ക്കാണ് മി ടൂ (#metoo) എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയാ ക്യാംപെയ്ന്‍ ആരംഭിച്ചത്. ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഒന്നിലധികം സ്ത്രീകള്‍ ഒരേസമയം ആരോപണവുമായി രംഗത്തെത്തിയതോടെ 2017 ഒക്ടോബറോടെയാണ് ഈ സോഷ്യല്‍ മീഡിയ പ്രചരണം ലോകശ്രദ്ധ നേടിയത്. തുടര്‍ന്ന് ലോകത്തിന്‍റെ വിവിധ കോണുകളില്‍ പല തൊഴില്‍ മേഖലകളിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, വിശേഷിച്ചും വിനോദ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മീ ടൂ ഹാഷ് ടാഗില്‍ ആരോപണങ്ങളുമായി രംഗത്തെത്തി. എന്നാല്‍ ഇന്ത്യയില്‍ ഈ ക്യാംപെയ്‍ന്‍ അനുരണനങ്ങള്‍ സൃഷ്ടിക്കുവാന്‍ ഒരു വര്‍ഷത്തോളം എടുത്തിരിക്കുന്നു. മുന്‍പും അപൂര്‍വ്വം ചില നടിമാര്‍ അവസരങ്ങള്‍ക്കായി തങ്ങള്‍ നേരിടേണ്ടിവന്ന ചൂഷണങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും അവയൊക്കെ ഒറ്റപ്പെട്ടവയും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയവയുമായിരുന്നു. മീ ടൂ ക്യാംപെയ്ന്‍ ആരംഭിച്ചതിന് ശേഷം വന്ന ആദ്യത്തെ വലിയ ആരോപണം നാനാ പടേക്കറിനെതിരായ തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലായിരുന്നു. മീ ടൂ ക്യാംപെയ്നില്‍ ഇന്ത്യയില്‍ ഇതുവരെ ആരോപണവിധേയരായ പ്രശസ്തരുടെ ലിസ്റ്റാണ് ഇത്. നാനാ പടേക്കര്‍ മുതല്‍ മുകേഷ് വരെ..

നാനാ പടേക്കര്‍

nana patekar to mukesh celebs accused of me to campaign

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹോണ്‍ ഓകെ പ്ലീസ് എന്ന ബോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ നാനാ പടേക്കര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു തനുശ്രീ ദത്തയുടെ വെളിപ്പെടുത്തല്‍. ചിത്രത്തിലെ ഒരു ഗാനചിത്രീകരണത്തിനിടെ നാന പടേക്കര്‍ തന്റെ കൈയില്‍ കടന്നുപിടിച്ചെന്നും നൃത്തം ചെയ്യേണ്ട രീതി ഇതാണെന്ന് പറഞ്ഞ് കാണിച്ചുതന്നുവെന്നും തനുശ്രീ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്. അഭിനയം പൂര്‍ത്തിയാക്കുംമുന്‍പ് പിന്മാറിയ ചിത്രത്തിന് വാങ്ങിയ അഡ്വാന്‍സ് തിരിച്ചുകൊടുത്തതിന് പിന്നാലെ രാജ് താക്കറെയുടെ എംഎന്‍എസ് പാര്‍ട്ടിയില്‍ നിന്നുള്ള ഗുണ്ടകളെ വരുത്തി തന്നെ ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിച്ചിരുന്നു. നാന പടേക്കര്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്തം മോശം പ്രവര്‍ത്തികള്‍ക്ക് മറയാക്കാന്‍ അദ്ദേഹം ചെയ്യുന്നതാണെന്നും തനുശ്രീ ആരോപിച്ചു. പടേക്കറിനെതിരേ കേസും ഫയല്‍ ചെയ്തിട്ടുണ്ട് തനുശ്രീ ദത്ത.

വിവേക് അഗ്നിഹോത്രി

nana patekar to mukesh celebs accused of me to campaign

2005ല്‍ ചോക്കളേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി മോശമായി പെരുമാറിയെന്ന് ആരോപിച്ചത് തനുശ്രീ ദത്ത തന്നെയാണ്. തുണിയഴിച്ച് നൃത്തം ചെയ്യാന്‍ അഗ്നിഹോത്രി ആവശ്യപ്പെട്ടെന്നും ആ സമയത്ത് നടന്മാരായ സുനില്‍ ഷെട്ടിയും ഇന്‍ഫാന്‍ ഖാനുമാണ് തനിക്ക് പിന്തുണ നല്‍കിയതെന്നും തനുശ്രീയുടെ വെളിപ്പെടുത്തല്‍. 

വികാസ് ബാല്‍

nana patekar to mukesh celebs accused of me to campaign

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന 2014ലെ ബോളിവുഡ് ചിത്രം ക്വീനിലെ നായിക കങ്കണ റണൗത്താണ് തിന്‍റെ സംവിധായകന്‍ വികാസ് ബാലിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ക്വീന്‍ ചിത്രീകരണത്തിനിടെ തന്നെ കാണുമ്പോഴൊക്കെ വികാസ് കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്യാറുണ്ടായിരുന്നെന്നും കഴുത്തിലും മുടിയിലും മുഖമമര്‍ത്താറുണ്ടായിരുന്നുവെന്നും കങ്കണയുടെ വെളിപ്പെടുത്തല്‍. ബലം പ്രയോഗിച്ചുള്ള ആലിംഗനത്തില്‍ നിന്ന് രക്ഷപെടാന്‍ തനിക്ക് ബലം പ്രയോഗിക്കേണ്ടി വന്നിരുന്നെന്നും.

അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ വികാസ് പീഡിപ്പിച്ചെന്ന് ഒരു യുവതി ആരോപിച്ചതിന് പിന്നാലെയായിരുന്നു കങ്കണയുടെയും തുറന്നുപറച്ചില്‍. വികാസ് ബാല്‍, അനുരാഗ് കാശ്യപ്, വിക്രമാദിത്യ മോട്‍വാനെ എന്നീ സംവിധായകരും മധു മണ്ടേന എന്ന നിര്‍മ്മാതാവും ചേര്‍ന്ന് 2011ല്‍ ആരംഭിച്ച നിര്‍മ്മാണക്കമ്പനി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. വികാസ് ബാലിനെതിരായ മീ ടൂ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു കമ്പനി പിരിച്ചുവിടാനുള്ള തീരുമാനം.

ഉത്സവ് ചക്രവര്‍ത്തി

nana patekar to mukesh celebs accused of me to campaign

മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍റ് അപ് കൊമേഡിയന്‍ ഉത്ലവ് ചക്രവര്‍ത്തിക്കെതിരായ ക്യാംപെയ്ന്‍ ട്വിറ്ററിലാണ് ആരംഭിച്ചത്. ടോപ്‍ലെസ് ചിത്രങ്ങള്‍ അയച്ചുതരാന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളോടടക്കം ആവശ്യപ്പെട്ടുവെന്ന് നിരവധി പേര്‍ ആരോപണവുമായെത്തി. ഒപ്പം നിരന്തരം ഇയാളില്‍ നിന്ന് ചാറ്റ് ബോക്സുകളിലൂടെ അശ്ലീല സന്ദേശങ്ങള്‍ വന്നിരുന്നുവെന്നും. തുടക്കത്തില്‍ ആരോപണങ്ങളെ നിഷേധിച്ച ഉത്സവ് അവസാനം ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു: "ഈ ചെകുത്താനെ നേരിടാനാണ് ഇക്കാലമത്രയുമുള്ള ജീവിതത്തില്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്."

ചേതന്‍ ഭഗത്

nana patekar to mukesh celebs accused of me to campaign

ഫൈവ് പോയിന്‍റ് സംവണ്‍, വണ്‍ നൈറ്റ് അറ്റ് ദി കോള്‍ സെന്‍റര്‍ തുടങ്ങിയ നോവലുകളിലൂടെ ഇന്ത്യന്‍ യുവത്വത്തെ ആരാധകരാക്കിയ എഴുത്തുകാരന്‍. ചേതന്‍ ഭഗത്തുമായുള്ള വാട്സ് ആപ് ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകളുമായാണ് ഒരു യുവതി ആരോപണവുമായി എത്തിയത്. ചേതന്‍ ഭഗത് വിവാങാഭ്യര്‍ഥന നടത്തിയെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് ചേതന്‍ രംഗത്തെത്തി. സംഭവം ശരിയാണെന്ന് സ്ഥിരീകരിച്ച് യുവതിയോടും സ്വന്തം ഭാര്യയോടും ചേതന്‍ ഭഗത് ക്ഷമാപണം നടത്തി.

രജത് കപൂര്‍

nana patekar to mukesh celebs accused of me to campaignnana patekar to mukesh celebs accused of me to campaign

ഒരു മാധ്യമപ്രവര്‍ത്തകയടക്കം രണ്ട് സ്ത്രീകളാണ് നടന്‍ രജത് കപൂറിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. രജത് കപൂറുമായി നടത്തിയ ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ നേരിട്ട മോശം അനുഭവമാണ് മാധ്യമപ്രവര്‍ത്തക പങ്കുവച്ചത്. ശബ്ദം കേള്‍ക്കുന്നതുപോലെ സെക്സി ആണോ എന്നും തന്‍റെ ഉടലളവുകളും ആരാഞ്ഞെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ രജത് കപൂര്‍ പിന്നീട് ക്ഷമാപണം നടത്തി. തന്‍റെ നടപടി ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്ന് ക്ഷമ ചോദിക്കുന്നുവെന്നും ജീവിതത്തില്‍ ഇനി കൂടുതല്‍ നല്ല മനുഷ്യനാവാന്‍ ശ്രമിക്കുമെന്നുമായിരുന്നു ട്വീറ്റ്.

കൈലാഷ് ഖേര്‍

ഗായകനും സംഗീത സംവിധായകനുമായ കൈലാഷിനെതിരേ ഒരു മാധ്യമപ്രവര്‍ത്തകയാണ് ആരോപണവുമായെത്തിയത്. അനവസരത്തില്‍ തന്‍റെ തുടയില്‍ അയാള്‍ കൈവച്ചു എന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് നിഷേധിക്കുകയായിരുന്നു കൈലാഷ് ഖേര്‍. മനുഷ്യരെ, വിശേഷിച്ച് സ്ത്രീകളെ എത്രത്തോളം ബഹുമാനിക്കുന്നയാളാണ് ഞാനെന്ന് എന്നെ പരിചയമുള്ളവര്‍ക്ക് അറിയാം. കൈലാഷ് ഐഎഎന്‍എസിനോട് പ്രതികരിച്ചു.

മുകേഷ്

nana patekar to mukesh celebs accused of me to campaignnana patekar to mukesh celebs accused of me to campaign

മി ടൂ ക്യാംപെയ്നിന്‍റെ ഭാഗമായി ഒരു മലയാളിക്കെതിരേ ഉയര്‍ന്ന ആദ്യ ആരോപണം. ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം  ടെസ് ജോസഫ് ആണ് വെളിപ്പെടുത്തിയത്. അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്‍റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ടെലിവിഷന്‍ പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് പറയുന്നത്. കൊല്‍ക്കത്ത സ്വദേശിയായ ടെസ് ഇപ്പോള്‍ കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ്.

"ചെന്നൈയിലാണ് സംഭവം നടന്നത്, അന്ന് കോടീശ്വരന്‍ എന്ന ക്വിസ് പരിപാടിയുടെ ചിത്രീകരണത്തിനിടയിലാണ് സംഭവം. പരിപാടിയുടെ മലയാളം അവതാരകനായ മുകേഷ് നിരന്തരം വിളിച്ച് തന്‍റെ അടുത്ത റൂമിലേക്ക് മാറുവാന്‍ നിര്‍ബന്ധിച്ചു. അതില്‍ പ്രയാസം അന്നത്തെ തന്‍റെ മേധാവി ഡെറിക്ക് ഓബ്രയാനെ അറിയിച്ചു. അദ്ദേഹവുമായി ഒരു മണിക്കൂറോളം സംസാരിച്ചു. അദ്ദേഹം അന്നു തന്നെ തന്നെ അവിടെ നിന്നും മാറ്റി. അതിന് ഡെറിക്കിനോട് നന്ദി അറിയിക്കുന്നു. അന്ന് എനിക്ക് 20 വയസായിരുന്നു, ഇപ്പോള്‍ 19 കൊല്ലം കഴിയുന്നു", ടെസ് ജോസഫ് ട്വിറ്ററില്‍ കുറിച്ചു.

Follow Us:
Download App:
  • android
  • ios