മൈ സ്റ്റോറി: പുതുമകളില്ലാത്ത പ്രണയകഥ
- എന്ന് നിന്‍റെ മൊയ്‍തീന് ശേഷം പൃഥ്വിയും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രം
പൃഥ്വിരാജിന്‍റെ ഈ വര്‍ഷത്തെ ആദ്യ ചിത്രം, വലിയ ജനപ്രീതി നേടിയ എന്ന് നിന്‍റെ മൊയ്‍തീന് ശേഷം പാര്‍വ്വതിയും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം. സംവിധാനം ചെയ്യുന്നത് 14 വര്‍ഷമായി കന്നഡ, തമിഴ്, തെലുങ്ക് സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറായി പേരെടുത്ത റോഷ്‍നി ദിനകര്‍. പ്രധാന ലൊക്കേഷന്‍ പോര്‍ച്ചുഗല്‍. തീയേറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് മൈ സ്റ്റോറിയെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ഇത്രയുമൊക്കെയായിരുന്നു. പുറത്തെത്തിയ പാട്ടുകളില്‍നിന്ന് ചിത്രം ഒരു റൊമാന്‍റിക് ഡ്രാമ ആയിരിക്കുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഒളിച്ചുവച്ച അപ്രതീക്ഷിതത്വങ്ങളൊന്നുമില്ലാത്ത, ഇന്ത്യന്‍ പോപ്പുലര്‍ സിനിമ കാലങ്ങളായി പിന്‍പറ്റുന്ന മാതൃകകളില്‍ തന്നെയാണ് 'മൈ സ്റ്റോറി' എഴുതപ്പെട്ടിരിക്കുന്നതെന്ന് കാഴ്‍ചാനുഭവം. മൈ സ്റ്റോറി റിവ്യൂ. നിര്‍മല്‍ സുധാകരന്‍ എഴുതുന്നു.
ഒരു അഭിനേതാവായി സിനിമയില്‍ പേരെടുക്കണമെന്ന ആഗ്രഹവുമായി നടക്കുന്നയാളാണ് ജയകൃഷ്‍ണന്‍ (പൃഥ്വിരാജ്). പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സുഹൃത്തിന്‍റെ ശുപാര്‍ശയില്‍, അവസരം ലഭിക്കുന്ന ആദ്യസിനിമയില്‍ത്തന്നെ അയാള്‍ നായകനാവുന്നു. വില്യംസ് (മനോജ് കെ.ജയന്‍) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയകൃഷ്ണന്‍റെ നായികയാവുന്നത് പ്രശസ്‍ത അഭിനേത്രി താര (പാര്‍വ്വതി)യാണ്. തുടര്‍ന്ന് ജയകൃഷ്ണനും താരയ്‍ക്കുമിടയില്‍ ഉടലെടുക്കുകയും വളരുകയും ചെയ്യുന്ന ബന്ധമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ജയകൃഷ്‍ണന്‍ പറയുന്ന കഥയാണ് എന്നതിനാല്‍ അയാളുടെ കാഴ്‍ചപ്പാടിയാണ് 'മൈ സ്റ്റോറി'.
മുതിരുമ്പോള്‍ അറിയപ്പെടുന്ന സിനിമാനടനാവുമെന്ന് പ്രവചിച്ച, നാട്ടിലെ ബാര്‍ബര്‍ഷോപ്പുകാരന്‍ കേശവനെക്കുറിച്ചുള്ള (നാസര്‍) ബാല്യകാലോര്‍മ്മകളിലാണ് ജയകൃഷ്‍ണന്‍ തന്‍റെ ജീവിതം പറഞ്ഞ് തുടങ്ങുന്നത്. എന്നാല്‍ ലീനിയര്‍ നരേറ്റീവിലല്ല റോഷ്‍നിയുടെ മുന്നോട്ടുള്ള കഥപറച്ചില്‍. ഏറെ വൈകാതെ ചിത്രം ജയകൃഷ്‍ണന്‍റെ സിനിമാ അരങ്ങേറ്റത്തിലേക്കും താരയെ പരിചയപ്പെടുന്നതിലേക്കും അവരുടെ ബന്ധത്തിലേക്കുമൊക്കെ വളരുന്നു. ജയകൃഷ്‍ണന്‍റെ രണ്ട് ജീവിതഘട്ടങ്ങളിലൂടെയാണ് നോണ്‍ ലീനിയറായി ചിത്രം കഥ പറയുന്നത്. ഒന്ന് അയാളുടെ സിനിമാ അരങ്ങേറ്റകാലവും മറ്റൊന്ന് 20 വര്‍ഷത്തിന് ശേഷമുള്ള രണ്ടാം ഘട്ടവും. ജയകൃഷ്ണന്‍റെ ബാല്യകാലോര്‍മ്മയില്‍ നിന്ന് അയാളുടെ സിനിമാ പരിശ്രമത്തിലേക്കും ആദ്യസിനിമയിലേക്കും '20 വര്‍ഷത്തിനും 200 സിനിമകള്‍ക്കും ശേഷ'മുള്ള ഒരു ചലച്ചിത്ര പുരസ്കാര വേദിയിലേക്കുമൊക്കെ വേഗത്തില്‍ വേഗത്തില്‍ കട്ട് ചെയ്‍തിരിക്കുകയാണ് റോഷ്‍നി ദിനകര്‍. മുഖ്യകഥാപാത്രത്തിലേക്ക് തന്നെ എത്താന്‍ പ്രേക്ഷകര്‍ക്ക് വേണ്ടത്ര സമയം നല്‍കാതെയുള്ള, ലളിതമല്ലാത്ത ഈ തുടരന്‍ കട്ടുകള്‍ കണ്ടിരിക്കുമ്പോള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതും നോണ്‍ ലീനിയര്‍ നരേറ്റീവിന്‍റെ മോശം മാതൃകയുമാണ്.
നായകനും നായികയ്ക്കുമിടയില്‍ ആദ്യ കാഴ്‍ചയില്‍ത്തന്നെ സംഭവിക്കുന്ന അടുപ്പം, അതിന്‍റെ സ്വാഭാവിക വളര്‍ച്ച, എന്നാല്‍ നായികയ്‍ക്കൊപ്പമുള്ള വിവാഹജീവിതത്തിന് അവകാശിയായ ധനികനായ മറ്റൊരാള്‍ ഇങ്ങനെ ഇന്ത്യന്‍ സിനിമയുടെ നാള്‍വഴികളില്‍, പലഭാഷകളില്‍, പല കാലത്ത് കണ്ട അനേകം സിനിമകളുടെ ആവര്‍ത്തനമാണ് പ്രമേയപരമായി മൈ സ്റ്റോറി. എന്നാല്‍ ജയകൃഷ്ണന്‍റെയും താരയുടെയും പ്രണയകഥയെ പേഴ്‍സണല്‍ ആക്കിയിട്ടുണ്ട് റോഷ്‍നി ദിനകര്‍. നായകന്‍ പറയുന്ന സ്വന്തം കഥയാണ് 'മൈ സ്റ്റോറി'യെങ്കിലും പാര്‍വ്വതിയുടെ താരയ്‍ക്ക് വലിയ പ്രാധാന്യമുണ്ട് സിനിമയില്‍. കഥപറച്ചിലിലും പുരുഷനേക്കാള്‍ ഒരു സ്ത്രീമനസ്സുണ്ട്. പലപ്പൊഴും പൃഥ്വിരാജിന്‍റെ ജയകൃഷ്‍ണനേക്കാള്‍ ചാരുത തോന്നുന്നതും സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നതും ആ കഥാപാത്രമാണ്. പ്രധാന കഥാപാത്രങ്ങളുടെ പശ്ചാത്തലം പരിചയപ്പെടുത്തുന്നതിലെ പിശുക്കും മറ്റ് കഥാപാത്രങ്ങളുടെ ദൌര്‍ലഭ്യതയും കൊണ്ട് ജയകൃഷ്‍ണനും താരയ്ക്കുമൊക്കെ ചിലപ്പോഴെങ്കിലും അവിശ്വസനീയതയുണ്ട്. എന്നാല്‍ സിനിമയുടെ പ്രധാന ഫോക്കസ് ആയ, അവര്‍ക്കിടയിലുള്ള ബന്ധത്തില്‍ അത്തരത്തിലൊരു അവിശ്വസനീയത തോന്നിപ്പിക്കാതിരിക്കാന്‍ സംവിധായികയ്‍ക്ക് ആയിട്ടുണ്ട്. പൃഥ്വിയുടെയും പാര്‍വ്വതിയുടെയും താരനിര്‍ണയം തന്നെ അതിന് പ്രധാന കാരണം. ഇരുവര്‍ക്കുമിടയിലെ കെമിസ്ട്രി സിനിമ നന്നായി വര്‍ക്കൌട്ട് ചെയ്തിട്ടുണ്ട്. പെര്‍ഫോമന്‍സില്‍ പാര്‍വ്വതി പൃഥ്വിയേക്കാള്‍ മികച്ചുനില്‍ക്കുന്നു.
പോര്‍ച്ചുഗല്‍ പ്രധാന ലൊക്കേഷനായ, മാഡ്രിഡിലും ജോര്‍ജിയയിലും ചെന്നൈയിലും മൈസൂറിലുമൊക്കെ ചിത്രീകരിച്ച സിനിമയ്‍ക്ക് മലയാളിത്തം തോന്നാത്തത് ഫ്രെയ്‍മുകളില്‍ കേരളം കടന്നുവരാത്തതുകൊണ്ട് മാത്രമല്ല. മലയാളം സംസാരിക്കുന്നതൊഴിച്ചാല്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് പോലും ഒരു മലയാളി അസ്ഥിത്വം അനുഭവപ്പെടുന്നില്ല. ആദ്യ സിനിമയുടെ ചിത്രീകരണത്തിനാണ് ജയകൃഷ്‍ണന്‍ ലിസ്ബണില്‍ എത്തുന്നതെങ്കിലും ശരീരഭാഷയിലെ ചുരുക്കം ചില അരക്ഷിതത്വങ്ങളൊഴിച്ചാല്‍ അയാള്‍ കാലങ്ങളായി അവിടെ താമസിക്കുന്നയാളെപ്പോലെയുണ്ട്. നേരത്തേ സന്തോഷ് ശിവനും (ഉറുമി) വി.കെ.പ്രകാശിനുമൊക്കെവേണ്ടി (നത്തോലി ഒരു ചെറിയ മീനല്ല) തിരക്കഥകള്‍ ഒരുക്കിയിട്ടുള്ള ആളാണ് ശങ്കര്‍ രാമകൃഷ്‍ണന്‍. ഇക്കുറി അദ്ദേഹം പക്ഷേ നിരാശപ്പെടുത്തുന്നു.
പറയുന്ന കഥകളിലെ ആവര്‍ത്തനവിരസത കൊണ്ട് വിദേശ ലൊക്കേഷനുകള്‍ കാണാനുള്ള അവസരമായി മാത്രം ചുരുങ്ങുന്ന ചിത്രങ്ങള്‍ മുന്‍പ് ബോളിവുഡില്‍ ഇടയ്ക്കിടെ എത്തിയിരുന്നു. മൈ സ്റ്റോറിയെ അത്തരമൊരു അവസ്ഥയില്‍നിന്ന് രക്ഷിച്ച് നിര്‍ത്തുന്നത് പൃഥ്വിരാജ്-പാര്‍വ്വതി കെമിസ്ട്രിയുടെ സ്ക്രീന്‍ പ്രസന്‍സ് മാത്രമാവും.