ഈണങ്ങളുടെ നീര്‍പ്പളുങ്കുകള്‍ വിതറിയ ഏകാന്ത ചന്ദ്രിക..!

എക്കോണമിക്‌സ് പഠിക്കാനായി കോയമ്പത്തൂരില്‍ പോയി സംഗീത സംവിധായകനായ കഥയാണ് പാലക്കാട് ചിറ്റലഞ്ചേരിക്കാരനായ എസ് ബാലകൃഷ്ണന്റേത്. കച്ചേരികള്‍ കേട്ടുകേട്ട് ലണ്ടന്‍ ട്രിനിറ്റി കോളേജിലെത്തി അദ്ദേഹം... പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

music director s balakrishnan remembrance

വര്‍ഷം 1989. ഫാസിലിന്റെ ശിഷ്യന്മാരായ സിദ്ദിഖും ലാലും സ്വതന്ത്ര സംവിധായകന്മാരാകാനൊരുങ്ങുകയാണ്. സംഗീതം ആരെ ഏല്‍പ്പിക്കണമെന്നതില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. എം ജി രാധാകൃഷ്ണനും ജോണ്‍സനുമൊക്കെ തിളങ്ങി നില്‍ക്കുന്ന സമയം. എം ബി ശ്രീനിവാസനായിരുന്നു അണിയറക്കാരുടെ മനസില്‍. എന്നാല്‍ 'മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍' എന്ന തന്റെ ചിത്രത്തില്‍ എം ബി എസിന്റെ സഹായിയായിരുന്ന പാലക്കാട്ടുകാരന്‍ ഫാസിലിന്റെ മനസില്‍. ഗുരുവിന്റെ വാക്കുകളെ സംവിധായകരും അവഗണിച്ചില്ല. അങ്ങനെ സ്വതന്ത്രനാവുന്ന സന്തോഷ വാര്‍ത്ത അയാളെ അറിയിച്ചു. പക്ഷേ എല്ലാവരെയും അമ്പരപ്പിച്ച് അയാള്‍ ആ ഓഫര്‍ നിരസിച്ചു. എം ബി ശ്രീനിവാസന്റെ അവസരം താന്‍ കവരുകയാണെന്നായിരുന്നു ആ പാവം മനുഷ്യന്റെ ചിന്ത. ഒടുവില്‍ എംബിഎസ് തന്നെ ശിഷ്യനെ സ്‌നേഹത്തോടെ നിര്‍ബന്ധിക്കേണ്ടി വന്നു സമ്മതിക്കാന്‍. 'റാംജി റാവു സ്പീക്കിംഗ്' എന്ന ചിത്രത്തിനൊപ്പം പുതുമുഖ സംഗീത സംവിധായകനെന്ന വിശേഷണത്തോടെ അയാളുടെ പേരും തെളിഞ്ഞു. എസ് ബാലകൃഷ്ണന്‍.

എക്കോണമിക്‌സ് പഠിക്കാനായി കോയമ്പത്തൂരില്‍ പോയി സംഗീത സംവിധായകനായ കഥയാണ് പാലക്കാട് ചിറ്റലഞ്ചേരിക്കാരനായ എസ് ബാലകൃഷ്ണന്റേത്. കച്ചേരികള്‍ കേട്ടുകേട്ട് ലണ്ടന്‍ ട്രിനിറ്റി കോളേജിലെത്തി. അവിടെ നിന്നും റെക്കോര്‍ഡറില്‍ മികച്ച വിദ്യാര്‍ത്ഥിയായി മടക്കം. പിന്നീട് ഗുണ സിംഗിന്റെ സഹായിയായി. വാദ്യോപകരണങ്ങള്‍ വായിക്കുന്നവര്‍ക്ക് മ്യൂസിക് നൊട്ടേഷന്‍സ് എഴുതിക്കൊടുക്കുകയായിരുന്നു ജോലി. പിന്നീട് രാജന്‍ നാഗേന്ദ്രന്മാരോടൊപ്പവും ഇളയരാജയ്‌ക്കൊപ്പവും പ്രവര്‍ത്തിച്ചു. വീണ്ടും ഗുണ സിംഗിനൊപ്പം. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, പടയോട്ടം എന്നിവയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് എം ബി ശ്രീനിവാസന്റെ അസിസ്റ്റന്റാകുന്നതും റാംജി റാവുവിലെത്തുന്നതും.

സിനിമകളുടെ സിറ്റ്വേഷന് അനുസരിച്ച് ഈണമിട്ട ശേഷം പാട്ടുണ്ടാക്കുക എന്ന ജോലി പക്കാ പ്രൊഫഷണലായിത്തുടങ്ങിയത് എണ്‍പതുകളുടെ തുടക്കത്തിലാണ്. ശ്യാമും ബിച്ചു തിരുമലയും കെ ജെ ജോയിയുമൊക്കെയായിരുന്നു അതിന്റെ പിന്നില്‍. സംഗീതാത്മകമായ ആ ധാര അണമുറിയാതെ സൂക്ഷിക്കുന്നതായിരുന്നു ബാലകൃഷ്ണന്റെ ഓരോ പാട്ടുകളും. റാംജിറാവുവിലെ 'കണ്ണീര്‍ക്കായലിലേതോ' എന്ന ഒരൊറ്റ പാട്ട് മതി ശുദ്ധസംഗീതം ഒട്ടുംചോരാതെ സിറ്റ്വേഷനനുസരിച്ചുള്ള ഈണമൊരുക്കുന്നതില്‍ ബാലകൃഷ്ണന്റെ പ്രതിഭയെ തിരിച്ചറിയാന്‍. സിന്ധു ഭൈരവിയുടെ ശോകതാളങ്ങള്‍ക്കൊപ്പം സിനിമയുടെ മാത്രമല്ല എത്രയെത്ര കേള്‍വിക്കാരുടെ ജീവിത സാഹചര്യങ്ങളെയാണ് ബാലകൃഷ്ണന്‍ സ്വാംശീകരിച്ചിരിക്കുന്നത്. 

വിയറ്റ്‌നാം കോളനി (1992)യിലെ 'പാതിരാവായി നേരം' എന്ന പാട്ടിലെത്തുമ്പോഴും അത് തുടരുന്നു. താരാട്ടും പ്രണയവുമൊക്കെ ഇഴചേര്‍ന്ന മറ്റൊരു സിന്ധു ഭൈരവി മാജിക്ക്. ബിച്ചു തിരുമലയുടെ വരികളും ബാലകൃഷ്ണന്റെ സംഗീതവും സിനിമാക്കഥ പോലെയാകുന്നതിന് ഇനിയുമുണ്ട് തെളിവുകള്‍. ഇതേ സിനിമയിലെ തന്നെ 'ലല്ലലം ചൊല്ലുന്ന' എന്ന പാട്ട് മലയാളി ഒരിക്കലും മറക്കില്ല. ബാലകൃഷ്ണനും ബിച്ചുവും ചേര്‍ന്ന് ആഭേരിയില്‍ മനോഹരമായ ഒരു മുത്തശ്ശിക്കഥ പറയുകയാണ്. കല്ലേല്‍ രാകി വേടന്‍ കത്തിയുടെ മൂര്‍ച്ച കൂട്ടുന്ന ശബ്ദം ആ കഥ പറച്ചിലിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. മീറ്ററിനനുസരിച്ച് ഇത്ര മനോഹരമായി തിരക്കഥയോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു ഗാനം മലയാളത്തില്‍ അധികമുണ്ടാകില്ല. മായാമാളവഗൌള രാഗത്തില്‍ ചിട്ടപ്പെടുത്തിയ 'പവനരച്ചെഴുതുന്നു'എന്ന ഗാനം ഒരേസമയം സിനിമാറ്റിക്കും ശാസത്രീയ സംഗീതത്തിന്റെ ലളിതാഖ്യാനമാകുന്നതും നമ്മള്‍ കേട്ടു.

തൊണ്ണൂറുകളിലെ സിനിമാ സംഗീതത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു ഇമ്പമാര്‍ന്ന ഓര്‍ക്കസ്‌ട്രേഷന്‍. ജോണ്‍സനും എസ് പി വെങ്കിടേഷും ഉള്‍പ്പെടെ അക്കാലത്തെ അതികായരുടെ പാട്ടുകളുടെയൊക്കെ പ്രത്യേകതയും ഈ ഓര്‍ക്കസ്‌ട്രേഷന്‍ സാധ്യതകളായിരുന്നു. എന്നാല്‍ ഈണങ്ങളുടെയും ഉപയോഗിക്കുന്ന വാദ്യോപകരണങ്ങളുടെയും ആവര്‍ത്തനമായിരുന്നു ഇവരുടെ പല ഗാനങ്ങളുടെയും പ്രധാന പ്രശ്‌നവും. പക്ഷേ എസ് ബാലകൃഷ്ണന്റെ ഈണങ്ങളും ഓര്‍ക്കസ്‌ട്രേഷനുകളും ഒന്നിനൊന്നു വ്യത്യസ്തങ്ങളായിരുന്നു. റാംജി റാവുവിലെ 'കളിക്കളം ഇത് കളിക്കളം' എന്ന ഗാനത്തിന്റെ കീബോര്‍ഡ് സാക്ഷാല്‍ എ ആര്‍ റഹ്മാനും ഡ്രം വായിച്ചിരിക്കുന്നത് ശിവമണിയുമാണ്. ട്രെന്‍ഡ് തിരിച്ചറിഞ്ഞുള്ള ബാലകൃഷ്ണന്റെ സൃഷ്ടികള്‍ക്ക് ഇന്‍ ഹരിഹര്‍ നഗറിലെ 'ഏകാന്ത ചന്ദ്രികേ', 'ഉന്നം മറന്ന്' ഗോഡ് ഫാദറിലെ 'മന്ത്രിക്കൊച്ചമ്മ' 'പൂക്കാലം' തുടങ്ങിയ ഗാനങ്ങളും തെളിവാണ്. മൂന്നു പതിറ്റാണ്ടോടക്കുമ്പോഴും ആ പാട്ടുകളില്‍ യുവത്വം തുടിക്കുന്നത് എത്ര മനോഹരമായാണ്.

അധികം പാട്ടുകള്‍ക്കൊന്നും ഈണമിട്ടിട്ടില്ല എസ് ബാലകൃഷ്ണന്‍. 17 സിനിമകളിലായി വെറും 84 ഗാനങ്ങള്‍ മാത്രം. എന്നാല്‍ എണ്ണത്തിലല്ല കാര്യമെന്ന് തെളിയിക്കാന്‍ ഈ പാട്ടുകളുടെയൊക്കെ യൂ ട്യൂബ് വ്യൂവും കമന്റുകളും മാത്രം മതിയാകും. 'ഏകാന്ത ചന്ദ്രികേ', 'ഉന്നം മറന്ന്' തുടങ്ങിയ ഗാനങ്ങള്‍ സിനിമയുടെ രണ്ടാം ഭാഗത്തിനായി മറ്റൊരു സംഗീത സംവിധായകന്‍ ഇലക്ട്രോണിക്ക് ബീറ്റുകള്‍ കുത്തിനിറച്ച്  റീമിക്‌സ് ചെയ്ത് അരോചകമാക്കിയതും മലയാളികള്‍ കേട്ടു. എന്നാല്‍ തന്റെ സൃഷ്ടികളെ ഒരാള്‍ വികൃതമാക്കുമ്പോഴും ബാലകൃഷ്ണന് പരാതിയൊന്നും ഉണ്ടായിരുന്നില്ലെന്നതാണ് കൗതുകം. വന്ന വഴി മറിക്കരുതെന്നായിരിക്കും അപ്പോഴും ആ പാവം മനുഷ്യന്‍ കരുതിയിരിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios