മുദ്ദുഗൗ വന്ന വഴികളിലൂടെ...
മലയാളിയുടെ മനസില്‍ പതിഞ്ഞ പേരാണ്, മുദ്ദുഗൗ, പ്രിയദര്‍ശന്‍ സൃഷ്ടിച്ച ഈ വാക്ക് തന്നെ പടത്തിന്‍റെ പേരായി ഉപയോഗിച്ചത് ഒരു കൗതുകത്തിന് വേണ്ടിയാണോ, അല്ല ചിത്രവുമായി ബന്ധമുണ്ടോ?
മുദ്ദുഗൗ എന്ന വാക്കില്ലെങ്കില്‍ ശരിക്കും ഈ ചിത്രം ഇല്ല, ഇതിന്‍റെ ആശയം മനസില്‍ എത്തിയതിന് അടുത്ത നിമിഷം തന്നെ നിശ്ചയിച്ച പേരാണ് അത്. ചിത്രത്തിന്‍റെ കഥയുമായി അടുത്ത ബന്ധം മാത്രമല്ല ചിത്രം ആകെ ഒരു ' മുദ്ദുഗൗ ' മയമാണ് എന്ന് പറയാം.
പ്രിയദര്‍ശനെ സമീപിച്ചിരുന്നോ, മുദ്ദുഗൗ എന്ന പേരില്‍ ഒരു ചിത്രം എടുക്കുന്നുവെന്ന് പറഞ്ഞ്?
ആദ്യം ഈ പേരിന്‍റെ റൈറ്റ്സിനും മറ്റുമായി പ്രിയന്‍ സാറിനെ സമീപിക്കുന്നത് നിര്‍മ്മാതാക്കളാണ്, അദ്ദേഹം വളരെ പൊസറ്റീവായാണ് കണ്ടത്. എല്ലാ റൈറ്റ്സും നല്‍കുകയും ചെയ്തു, കഥയുടെ ത്രെഡ് കേട്ടപ്പോള്‍ അദ്ദേഹം വളരെ എക്സൈറ്റഡായി. പിന്നീട് ചിത്രീകരണത്തിന്‍റെ ഒരു ദിവസം നടന്‍ ബൈജു ചേട്ടന്‍ വളരെ സര്‍പ്രൈസായി ഒരാള്‍ ലൈനിലുണ്ടെന്ന് പറഞ്ഞ് ഫോണ്‍ തന്നു, അപ്പുറത്ത് പ്രിയന്‍ സാറായിരുന്നു. ഏതാണ്ട് പത്ത് മിനുട്ടോളം അദ്ദേഹം സംസാരിച്ചു. എന്‍റെ സിനിമയെക്കുറിച്ചും അദ്ദേഹത്തിന്‍റെ സിനിമയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. എങ്ങനെ ഒരു സംവിധായകന്‍ പെരുമാറണം എന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. പിന്നീട് ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് ഒരു ദിവസം അദ്ദേഹത്തില്‍ വീട്ടില്‍പോയി കണ്ടു, അന്ന് ഏറെ സംസാരിച്ചു. തന്‍റെ ചിത്രത്തിന്‍റെ ഭാഗങ്ങള്‍ പുതുതലമുറ ഉപയോഗിക്കുന്നതില്‍ ഏറെ സന്തോഷിക്കുന്നയാളാണ് പ്രിയന്‍ സാര്‍ എന്നാണ് എനിക്ക് തോന്നിയത്.
ഷോര്‍ട് ഫിലിം രംഗത്ത് നിന്നു മലയാള ചലച്ചിത്രത്തിന്‍റെ മുഖ്യധാരയില്‍ എത്തുമ്പോള്‍ ഒരു മാറ്റം അനുഭവിക്കുന്നുണ്ടോ?
തീര്‍ച്ചയായും മാറ്റം ഫീല്‍ ചെയ്യും, നമ്മുടെ കയ്യിലെ ക്യാമറയില്‍ നമ്മുടെ ചെറിയ ബഡ്ജറ്റില്‍ ചെയ്യുന്നതായിരുന്നു ഷോര്‍ട് ഫിലിംസ്. എന്നാല്‍ വലിയൊരു ചിത്രമാകുമ്പോള്‍ അതിന്‍റെ ബാക്ഗ്രൗണ്ട് തന്നെ വ്യത്യാസമാണ്. ഈ ചിത്രത്തിന് വേണ്ടി വലിയൊരു തയ്യാറെടുപ്പ് തന്നെ നടത്തിയിട്ടുണ്ട്, അതാണ് വലിയ വ്യത്യാസമായി എനിക്ക് ഉണ്ടാക്കിയത്. മലയാള ചലച്ചിത്ര രംഗത്തെ ടോപ്പായ ടെക്നീഷ്യന്മാരെയാണ് ഈ ചിത്രത്തില്‍ ഉപയോഗിച്ചത്, അവരെ ഉപയോഗപ്പെടുത്താനും അവരുടെ പരിതസ്ഥിതിയിലേക്ക് ഇറങ്ങി ജോലി പൂര്‍ത്തിയാക്കാനും ഈ തയ്യാറെടുപ്പ് എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ഒരു വലിയ ചിത്രം എടുക്കാന്‍ മാനസികമായി തയ്യാറെടുക്കാന്‍ ഏതാണ്ട് രണ്ട് കൊല്ലം നീണ്ട തയ്യാറെടുപ്പ് എന്നെ സഹായിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. പറഞ്ഞ ഷെഡ്യൂളില്‍ പടം തീര്‍ക്കാനും മുന്‍ തയ്യാറെടുപ്പ് ഏറെ സഹായിച്ചിട്ടുണ്ട്.
എന്നും പുതുമുഖ സംവിധായകരെ അവതരിപ്പിച്ചവരാണ് ഫ്രൈഡേ ഫിലിം ഹൗസ്. അവരുടെ കൈയ്യിലേക്ക് 'മുദ്ദുഗൗ' എങ്ങനെ എത്തി?
ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കിയപ്പോള്‍ ആദ്യം വായിച്ച് കേള്‍പ്പിക്കുന്നത് അജു വര്‍ഗ്ഗീസിനെയാണ്, ആരാണ് നടന്മാര്‍ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, ഒരു പയ്യന്‍ വേണം, അതിന് ഓപ്പോസിറ്റായി ഞാന്‍ മനസില്‍ കാണുന്നത് വിജയ് ബാബുവിനെയാണ്, അല്‍പ്പം ഗെറ്റപ്പ് ചെയ്ഞ്ച് ഒക്കെ വേണ്ടിവരും. അങ്ങനെയാണ് നീനയില്‍ അഭിനയിക്കുന്ന കാലത്ത് വിജയ് ബാബുവിനോട് കഥ പറയുന്നത്. കഥ ഇഷ്ടപ്പെട്ട അദ്ദേഹം ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ നിര്‍മ്മാണം ഏറ്റെടുക്കുകയായിരുന്നു.
ചിത്രത്തില്‍ വിജയ് ബാബു അവതരിപ്പിച്ച വില്ലന്‍ ആദ്യം മുതല്‍ വാര്‍ത്തയായിരുന്നല്ലോ?
റാംബോ എന്നത് ചിത്രം ആവശ്യപ്പെടുന്ന ഒരു മേക്ക് ഓവറാണ്, ശരിക്കും ആ കഥാപാത്രത്തിന്‍റെ പേര് രാമകൃഷ്‍ണന്‍ ബോണക്കാട് എന്നാണ്. എഴുതുന്ന സമയത്ത് പല വന്‍ താരങ്ങളും മനസിലുണ്ടായിരുന്നു. പിന്നീട് വിജയ് ബാബിലേക്ക് എത്തി. എന്നാല്‍ കഥ ആദ്യം പറഞ്ഞപ്പോള്‍ ഞാന്‍ ചെയ്യണോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. നിര്‍മ്മാതാവ് നെഗറ്റീവ് റോള്‍ ചെയ്താല്‍ ചിത്രത്തെ മോശമായി ബാധിക്കില്ലേ എന്നും അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. ശരിക്കും ആ കഥാപാത്രം രൂപപ്പെടുത്തിയത് റാംബോയും, പഴ ഹിന്ദി സിനിമയിലെ മിഥുന്‍ ചക്രവര്‍ത്തിയുടെയും മറ്റും രൂപം ചേര്‍ത്താണ്. ഇത് പറഞ്ഞപ്പോള്‍ വിജയ് ചേട്ടന്‍ എന്നാല്‍ നമുക്കു മിഥുന്‍ ചക്രവര്‍ത്തിയെ കൊണ്ടുവരാം എന്നു പറഞ്ഞു. അങ്ങനെ മിഥുന്‍ ചക്രവര്‍ത്തിയെ ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തോട് കഥയും പറഞ്ഞു. അദ്ദേഹത്തെ തീരുമാനിക്കാം എന്ന ഫൈനല്‍ ഡിസിഷനില്‍ എത്തിയപ്പോഴാണ് ഞാന്‍ വീണ്ടും മാറി ചിന്തിച്ചത്. വിജയ് ചേട്ടനോട് പറഞ്ഞു, അല്ലെങ്കില്‍ വേണ്ട ചേട്ടന്‍ തന്നെ മതി റാംബോയായി, അത് എന്‍റെ ഒരു തീരുമാനമായിരുന്നു. ചിലപ്പോള്‍ മിഥുന്‍ ചക്രവര്‍ത്തിയെപ്പോലെ വലിയൊരു താരം എത്തുമ്പോള്‍ ചിലപ്പോള്‍ ചിത്രത്തിന്‍റെ രൂപവും ഭാവവും തന്നെ മാറിയേക്കാം അതായിരുന്നു എന്‍റെ ആശങ്ക. എന്തായാലും വിജയ് ബാബുവിന്‍റെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നാണ് റാംബോ എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
വില്ലനില്‍ നിന്ന് നായകനിലേക്ക് വന്നാല്‍, ഗോകുല്‍ സുരേഷ് എന്ന ഓപ്ഷന്‍ എങ്ങനെ വരുന്നു?
22 വയസിന് അടുത്തുള്ള ക്യൂട്ടും ചബ്ബിയും ആയ പയ്യന്‍, അതാണ് സ്ക്രിപ്റ്റ് ആവശ്യപ്പെടുന്നത്. അതിനായി തെരഞ്ഞപ്പോഴാണ് ഗോകുല്‍ സുരേഷ് എന്ന ഓപ്ഷന്‍ വരുന്നത്. നിര്‍മ്മാതാക്കളുടെതായിരുന്നു നിര്‍ദേശം. അങ്ങനെ ആദ്യം കാണുന്നത് സുരേഷ് ഗോപി സാറിനെയാണ്. കഥ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു, അവനോട് ചോദിക്കൂ അവന് ഇഷ്ടമാണെങ്കില്‍ ചെയ്യട്ടെ എന്ന് അദ്ദേഹം പറയും ഗോകുല്‍ സമ്മതിക്കുകയുമായിരുന്നു.
ഗോകുല്‍ പ്രതീക്ഷ തെറ്റിച്ചില്ലെന്ന് തന്നെ തോന്നുന്നു അല്ലെ?
തീര്‍ച്ചയായും. സത്യത്തില്‍ ഞങ്ങള്‍ക്ക് ഗോകുല്‍ എങ്ങനെ പടത്തെ സമീപിക്കുന്നു എന്ന കാര്യത്തില്‍ ആദ്യം വലിയ ഐഡിയ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഗോകുലിന്‍റെ രംഗങ്ങള്‍ ഒരു ബാക്ക് അപ് പ്ലാന്‍ തയ്യാറാക്കിയിരുന്നു. ഗോകുല്‍ ഏതുതരത്തില്‍ കംഫേര്‍ട്ട് ആകുന്നു, അപ്പോള്‍ ഫുള്‍ ഫ്ലോയില്‍ ഷൂട്ട് കൊണ്ടുപോകാം എന്നായിരുന്നു പ്ലാന്‍. പക്ഷെ അത് ഒന്നും ആവശ്യമായി വന്നില്ല എന്നതാണ് സത്യം. ഗോകുലിന് വലിയ ടെന്‍ഷനായിരുന്നു, പലപ്പോഴും സംശയം ചോദിച്ചു കൊണ്ടിരിക്കും എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തിയാല്‍ അവന്‍ തകര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ശരിക്കും ട്രാന്‍സ്ഫോര്‍മേഷന്‍ എന്ന് പറയാം. പലപ്പോഴും എതിരായി അഭിനയിക്കുന്ന നടന്മാര്‍ അവന്‍റെ അഭിനയം നോക്കിനില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
അച്ഛന്‍റെ മകന്‍ തന്നെ എന്ന് തെളിയിക്കാന്‍ ചില രംഗങ്ങള്‍ ചേര്‍ത്തിട്ടുണ്ടല്ലോ, ട്രെയിലറില്‍ കാണാം.. ഒറ്റക്കീറ് എന്ന രംഗം പോലെ?
മന:പൂര്‍വ്വം ചേര്‍ത്തതാണെന്ന് പറയാന്‍ സാധിക്കില്ല. ചിത്രത്തിന്‍റെ കഥഗതിക്ക് ഒപ്പം നില്‍ക്കുമ്പോള്‍ രസകരമാണെന്ന് തോന്നിയതിനാലാണ് അതേ ചേര്‍ത്തത്. പെട്ടെന്ന് തോന്നിയ ഐഡിയ ആയിരുന്നു. ആ രംഗം എടുത്തപ്പോള്‍ ഞങ്ങളുടെ ക്രൂവിന് തന്നെ ചിരി അടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. അതിനാല്‍ അത് വര്‍ക്ക് ഔട്ടായി എന്നാണ് തോന്നുന്നത്. എന്നാല്‍ മന:പൂര്‍വ്വം അത്തരം രംഗങ്ങള്‍ കുത്തിക്കയറ്റാന്‍ ശ്രമിച്ചിട്ടില്ല. പിന്നെ ഗോകുല്‍ നല്ല ഓബ്സര്‍വറാണ്. സുരേഷ് സാറിന്‍റെ പഴയ കാലവും ഇപ്പോഴത്തെ സംസാരവും മറ്റും നന്നായി അനുകരിക്കും.
പുതുമുഖ നായകന്‍, നായിക, ഇവരെ എക്സ്പീരിയന്‍സ്ഡ് ആയ ഒരു ക്രൂവിന് ഒപ്പം കൊണ്ടുപോകാന്‍ സംവിധായകന്‍ ബുദ്ധിമുട്ടിയോ?
ഒരിക്കലും ഇല്ല, ഗോകുലും അര്‍ത്ഥനയും വളരെ കോപ്പറേറ്റീവ് ആയിരുന്നു. ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗത്തില്‍ ചിത്രത്തിലെ ഒട്ടുമിക്ക താരങ്ങളും സ്ക്രീനില്‍ എത്തുന്നുണ്ട്. ആ ഫ്ലോറില്‍ സെന്‍ട്രലില്‍ ഇവര്‍ രണ്ടുമായിരുന്നു. എന്നാല്‍ വളരെ നന്നായി അവര്‍ ചെയ്യുന്നതിനാല്‍ തന്നെ മികച്ച രീതിയില്‍ ഈ രംഗം എടുക്കാന്‍ സാധിച്ചു. രണ്ടുപേരും നേരത്തെ എത്തി രംഗങ്ങള്‍ എന്നോട് ഡിസ്കസ് ചെയ്യുകയും റിഹേസല്‍ എടുക്കുകയും ചെയ്യുമായിരുന്നു. പല ഡയലോഗുകളുടെ അവതരണത്തിലും അവര്‍ തന്നെ ചില റഫറന്‍സ് ഒക്കെ പറയുമായിരുന്നു. പലപ്പോഴും ഇവരുടെ രംഗങ്ങള്‍ എടുക്കാന്‍ കൂടിയാല്‍ മൂന്ന് ഷോട്ട് അത്രയേ വേണ്ടിവന്നുള്ളൂ. ചിത്രീകരണം പുരോഗമിക്കുമ്പോള്‍ ആദ്യമായി അഭിനയിക്കുന്നവരാണ് ഗോകുലും അര്‍ത്ഥനയും എന്ന് തോന്നിയേ ഇല്ല.
ശരിക്കും ' മുദ്ദുഗൗവില്‍' നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കേണ്ടത് എന്താണ്?
പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ടാകുമെന്ന് തോന്നുന്നു. ഒന്ന് ഫ്രൈഡേ ഫിലിം ഹൗസിന്‍റെ പടം, രണ്ട് ഗോകുലിന്‍റെ പടം. പക്ഷെ ഈ സിനിമ ഒരു ഫണ്‍ റെയ്ഡ് സിംപിള്‍ സിനിമയാണ്. ഒരു നോര്‍മല്‍ സിനിമയെ എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ഇതില്‍ നടത്തിയിരിക്കുന്ന ട്രീറ്റ്മെന്‍റ്. ചിത്രത്തിന്‍റെ ആദ്യം 20 മിനുട്ട് ചിലപ്പോള്‍ ഒരു നോര്‍മല്‍ മോഡ് ഫീല്‍ ചെയ്യാന്‍ പറ്റുമെങ്കിലും പിന്നീട് അത് കയറിവരും.. അത് നല്ല രീതിയില്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.