രാഷ്‍ട്രീയക്കാരനായി തിളങ്ങുന്ന മോഹൻലാല്‍!
നാട്ടിൻപുറത്തുകാരനായും അധോലോക നായകനായും കാമുകനായും ഒക്കെ വിവിധ വേഷപ്പകര്‍ച്ചകളാടിയ താരമാണ് മോഹൻലാല്‍. അതില്‍ രാഷ്‍ട്രീയക്കാരനായിട്ടും എണ്ണം പറഞ്ഞ വേഷങ്ങളുമുണ്ട്. അടുത്തടുത്തായി പുതിയ സിനിമകളിലും രാഷ്‍ട്രീയക്കാരനായിട്ടാണ് മോഹൻലാല്‍ വേഷമിടുന്നത്.
നാട്ടിൻപുറത്തുകാരനായും അധോലോക നായകനായും കാമുകനായും ഒക്കെ വിവിധ വേഷപ്പകര്‍ച്ചകളാടിയ താരമാണ് മോഹൻലാല്‍. അതില്‍ രാഷ്‍ട്രീയക്കാരനായിട്ടും എണ്ണം പറഞ്ഞ വേഷങ്ങളുമുണ്ട്. അടുത്തടുത്തായി പുതിയ സിനിമകളിലും രാഷ്‍ട്രീയക്കാരനായിട്ടാണ് മോഹൻലാല്‍ വേഷമിടുന്നത്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന ആകര്‍ഷണമുള്ള ലൂസിഫറിലും മോഹൻലാല്‍ രാഷ്‍ട്രീയക്കാരനാണ്. സ്റ്റീഫൻ നെടുമ്പള്ളി എന്ന പൊതുപ്രവര്‍ത്തകനെയാണ് മോഹൻലാല്‍ അവതരിപ്പിക്കുന്നത്. സൂര്യക്കൊപ്പം തമിഴില്‍ ചെയ്യുന്ന ചിത്രത്തിലും മോഹൻലാല്‍ രാഷ്‍ട്രീയക്കാരന്റെ വേഷത്തിലാണ് എത്തുന്നത്. പ്രധാനമന്ത്രിയായിട്ടാണ് മോഹൻലാല്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. വീണ്ടും രാഷ്‍ട്രീയക്കാരനായി കസറാൻ ഒരുങ്ങുകയാണ് മോഹൻലാല്‍.
മോഹൻലാലിന്റെ ഹിറ്റ് രാഷ്‍ട്രീയ ചിത്രങ്ങള്‍ ചുവടെ.
മന്ത്രിക്കസേരയിലിരുന്ന മോഹൻലാല്‍!
മോഹൻലാലിനെ സൂപ്പര്‍ സ്റ്റാറാക്കിയ തമ്പി കണ്ണന്താനം ഒരുക്കിയ ചിത്രമായിരുന്നു ഭൂമിയിലെ രാജാക്കൻമാര്‍. തെക്കുംകൂർ രാജകുടുംബത്തിലെ മഹേന്ദ്ര വര്‍മ്മയായിട്ടാണ് മോഹൻലാല്‍ വേഷമിട്ടത്. എല്ലാ അലമ്പത്തരങ്ങളും നടത്തുന്ന മഹേന്ദ്ര വര്‍മ്മ രാഷ്‍ട്രീയത്തിലേക്ക് ഇറങ്ങുകയാണ്. എല്ലാ തന്ത്രങ്ങളും പയറ്റിയ മഹേന്ദ്ര വര്‍മ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുന്നു. മന്ത്രിയായ മഹേന്ദ്ര വര്‍മ്മ പക്ഷേ പിന്നീട് അനീതികള്‍ക്കെതിരെയുള്ള പോരാട്ടത്തിലേക്ക് തിരിയുകയാണ്. തമ്പി കണ്ണന്താനത്തിനൊപ്പമുള്ള മറ്റ് സിനിമകളിലേതു പോലെ നെഗറ്റീവ് ഷേയ്ഡുള്ള കഥാപാത്രമായി പിന്നീട് നായകനായി മാറുകയാണ് മോഹൻലാലിന്റെ കഥാപാത്രം. കൌശലക്കാരനായ രാഷ്‍ട്രീയക്കാരനായി തുടങ്ങിയ മഹേന്ദ്ര വര്‍മ്മ സിനിമയുടെ അവസാനഘട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പമാണ്. മഹേന്ദ്ര വര്‍മ്മയായി മോഹൻലാല്‍ തിളങ്ങിയപ്പോള്‍ സിനിമയും സൂപ്പര്‍ഹിറ്റ്.
നെട്ടൂരാനോട് കളി വേണ്ട!
ബീഡിയുണ്ടോ സഖാവേ തീപ്പെട്ടിയെടുക്കാൻ, തീപ്പെട്ടിയുണ്ടോ സഖാവെ ബീഡിയെടുക്കാൻ.. സുഹൃത്തുക്കള്‍ തമ്മില്‍ 90കളിലും പിന്നീടും പല തവണ ആവര്‍ത്തിക്കപ്പെട്ട സംഭാഷണം. നെട്ടൂരാനും ആന്റണിയും തമ്മിലുള്ള സംഭാഷണമായിരുന്നു അത്.. മോഹൻലാലും മുരളിയും തമ്മില്‍ പറഞ്ഞ് പ്രേക്ഷകരിലേക്ക് എത്തിച്ച സംഭാഷണം. കേരളത്തിലെ രാഷ്‍ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ലാല്‍സലാം എന്ന ചിത്രം മലയാളികളുടെ മനസ്സില്‍ അത്രത്തോളം സ്വീകാര്യതയായിരുന്നു നേടിയത്. കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ സ്റ്റീഫൻ നെട്ടൂരാൻ എന്ന കഥാപാത്രമായിട്ടായിരുന്നു മോഹൻലാല്‍ വേഷമിട്ടത്. വേണു നാഗവള്ളിയാണ് ചിത്രം സംവിധാനം ചെയ്‍തത്.
അവര്‍ ഇരുവര്‍
തമിഴകത്തെ മുടിചൂടാമന്നനായ എംജിആറിന്റെ വേഷത്തില്‍ പ്രേക്ഷകര്‍ക്ക് ഇനി മറ്റാരെയെങ്കിലും കാണാനാകുമോ? സാധ്യത കുറവാണ്. കാരണം മോഹൻലാല്‍ തന്നെ. അത്രത്തോളം എംജിആറായി മോഹൻലാല്‍ പകര്‍ന്നാടിയിരിക്കുന്നു. മണിരത്നത്തില്‍ സംവിധാനത്തില്‍ ഒരുങ്ങിയ ഇരുവറില്‍ ആനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിച്ചത്. എംജിആറിന്റെ ജീവിതാംശങ്ങള്‍ ചേര്‍ത്ത് ഒരുക്കിയ കഥാപാത്രമായിരുന്നു, ആനന്ദൻ. എംജിആറിന്റെ അഭിനയജീവിതവും രാഷ്‍ട്രീയജീവിതവും ഒരുപോലെ സമ്മേളിപ്പിച്ച് ആനന്ദനായി മോഹൻലാല്‍ എത്തിയപ്പോള്‍ രാജ്യത്തെ എക്കാലത്തെയും ക്ലാസിക് ചിത്രവുമായി മാറി, ഇരുവര്‍.