മോഹന്‍‌ലാലിനെ കുറിച്ച് രാജീവ് പിള്ള പറഞ്ഞത് ശരിതന്നെ!

Mohanlal Action Hero

വെബ് ഡെസ്ക്

നൃത്തരംഗങ്ങളിലായാലും ഗാനരംഗങ്ങളിലായാലും തമാശയായാലും എല്ലാം ഒരുപോലെ തകര്‍ത്തഭിനയിക്കുന്ന താരമാണ് മോഹന്‍ലാല്‍. ആക്ഷന്‍ രംഗങ്ങളിലും മോഹന്‍ലാലിന്റെ ടൈംമിഗ് അസാമാന്യമാണ്. ഇത് സ്റ്റണ്ട് മാസ്റ്റര്‍മാരടക്കം എടുത്തുപറഞ്ഞിട്ടുമുണ്ട്. മലയാളത്തിലെ ആക്ഷന്‍ ഹീറോ മോഹന്‍ലാലാണ് എന്നാണ് കഴിഞ്ഞ ദിവസം നടന്‍ രാജീവ് പിള്ളയും പറഞ്ഞത്. അമ്പത്തിയഞ്ചാം വയസ്സിലും സ്റ്റണ്ട് രംഗങ്ങളില്‍ മോഹന്‍ലാല്‍ കാണിക്കുന്ന പാടവം അമ്പരപ്പിക്കുന്നതാണ് എന്നാണ് ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന രാജീവ് പിള്ള പറയുന്നത്.

മോഹന്‍ലാലിന്റെ വ്യത്യസ്ത രീതിയിലുള്ള ആക്ഷന്‍ കഥാപാത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

കേട്ടതൊന്നുമല്ല മുരുകനെന്ന സത്യം!

വൈശാഖ് സംവിധാനം ചെയ്‍ത പുലിമുരുകനിലെ ടൈറ്റില്‍ കഥാപാത്രമായി നിറഞ്ഞാടിയ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഏറെ പ്രശംസ നേടിയതാണ്. പീറ്റര്‍ ഹെയ്നിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫിയില്‍ മലയാള സിനിമ ഇന്നോളം കണ്ടതില്‍ വ്യത്യസ്തമായ ആക്ഷന്‍ രംഗങ്ങളിലായിരുന്നു മോഹന്‍ലാല്‍ തിളങ്ങിയത്. ഡ്യൂപ്പില്ലാതെയാണ് മോഹന്‍ലാല്‍ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതെന്ന വാര്‍ത്തയും ഏറെ ശ്രദ്ധ നേടിയിരുന്നു. ഉദയ്കൃഷ്ണ തിരക്കഥ എഴുതിയ സിനിമ 100 കോടി രൂപയിലധികം നേടിയ ആദ്യ മലയാള സിനിമയെന്ന് റെക്കോര്‍ഡെന്നും സ്വന്തമാക്കി.

 

അധോലോകങ്ങളുടെ രാജകുമാരന്‍

മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറിന്റെ സിംഹാസനത്തില്‍ ഇരുത്തിയത് രാജാവിന്റെ മകന്‍ ആയിരുന്നു. വിന്‍‌സന്‍റ് ഗോമസ് എന്ന അധോലോക നായകനായി തിളങ്ങിയ മോഹന്‍ലാല്‍ വ്യത്യസ്തമായ അഭിനയശൈലിയായിരുന്നു ചിത്രത്തില്‍ സ്വീകരിച്ചത്. ചിത്രത്തിലെ ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും പ്രേക്ഷകര്‍ കയ്യടിച്ചു സ്വീകരിച്ചു.
 
“രാജുമോന്‍ ഒരിക്കലെന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമെല്ലാമുള്ള രാജാവ്. പിന്നീട് അവന്‍ എന്നെ കളിയാക്കി വിളിച്ചു - പ്രിന്‍സ്. അതേ, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍” തുടങ്ങിയ ഡയലോഗുകള്‍ ഇന്നും ആരാധകര്‍ക്ക് ആവേശമാണ്.

ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനം - ആണ് രാജാവിന്റെ മകന്‍ സംവിധാനം ചെയ്‍തത്.

 

പാവം ദേവനാരായണന്‍

അധോലോകത്തിലേക്ക് എത്തപ്പെട്ട ദേവനാരായണനെന്ന അമ്പലവാസി പയ്യന്റെ കഥയാണ് ആര്യന്‍ പറഞ്ഞത്. ബോംബെ അധോലോകത്തെ നിര്‍ണ്ണായക സ്വാധീനമായി മാറിയ ദേവനാരായണനും മോഹന്‍ലാലിന്റെ കരിയറിലെ തിളക്കമുള്ള ആക്ഷന്‍ കഥാപാത്രമാണ്. ടി ദാമോദരന്റെ തിരക്കഥയില്‍ പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്‍തത്.

 

മുംബൈ അധോലോകത്തിന്റ ഹരിയണ്ണന്‍

മുംബൈ അധോലോകം അടക്കിവാണ ഹരികൃഷ്‍ണന്‍ എന്ന ഹരിയണ്ണനും ഇന്നും ആരാധകര്‍ക്ക് ആവേശമാണ്. അധോലകത്തെ നിയന്ത്രിച്ച ഹരിയണ്ണന്‍ ഒടുവില്‍ പൊലീസിന്റെ വെടിയുണ്ടകള്‍ക്ക് ഇരയാകുന്ന കഥ പറഞ്ഞ അഭിമന്യു എന്ന സിനിമ  മോഹന്‍ലാലിന്റെ ആക്ഷന്‍ ഹിറ്റുകളില്‍ മുന്‍നിരയിലുള്ളതാണ്. ടി ദാമോദരന്റെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ ആണ് സിനിമ സംവിധാനം ചെയ്‍തത്.

 


മംഗലശ്ശേരി നീലകണ്ഠന്‍

മലയാള സിനിമയില്‍‌ ആണത്തിന്റെ അവസാന വാക്കായാണ് മംഗലശ്ശേരി നീലകണ്ഠനെ ആരാധകര്‍ കാണുന്നത്. മീശ പിരിച്ച് മുണ്ടു മടക്കിക്കുത്തി വെള്ളിത്തിരയില്‍ എത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ആരാധകര്‍‌ ആഘോഷിക്കുന്ന കഥാപാത്രമാണ്, നല്ല കലാകാരന്‍മാരെയും നല്ല ചട്ടമ്പികളെയും മാത്രം സ്നേഹിക്കുന്ന മംഗലശ്ശേരി നീലകണ്ഠന്‍. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ വി ശശിയാണ് ചിത്രം ദേവാസുരം സംവിധാനം ചെയ്‍തത്. മംഗലശ്ശേരി നീലകണ്ഠനെയും മകന്‍ കാര്‍ത്തികേയനെയും ഒന്നിപ്പിച്ച് രഞ്ജിത്ത് രാവണപ്രഭു എന്ന ചിത്രം സംവിധാനവും ചെയ്‍തു. മംഗലശ്ശേരി നീലകണ്ഠന്‍‌ എന്ന കഥാപാത്രത്തിന്റെ  ശൈലികളുടെ ചുവടുപിടിച്ചാണ് പിന്നീട് ആറാംതമ്പുരാനിലെ ജഗനാഥനും നരസിംഹത്തിലെ ഇന്ദുചൂഢനും ഒക്കെ വന്നത്.


 


ആടിന്റെ ചങ്കിലെ ചോര കുടിക്കുന്ന തോമ

ആടുതോമയാണ് മോഹന്‍ലാല്‍ ആരാധകരെ ത്രസിപ്പിക്കുന്ന മറ്റൊരു കഥാപാത്രം.  “ആടിന്‍റെ ചങ്കിലെ ചോര കുടിക്കും. അതാണ് എന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം. എന്‍റെ ജീവണ്‍ ടോണ്‍” എന്ന് കോടതിയില്‍ ജഡ്ജിയോട് പറയുന്ന തോമ തീയേറ്ററിനകത്തും പുറത്തും സൂപ്പര്‍ ഹിറ്റായി. ഡോ സി ജി രാജേന്ദ്രബാബുവിന്റെ തിരക്കഥയില്‍ ഭദ്രനാണ് സ്ഫടികം സംവിധാനം ചെയ്‍തത്.


 

കണ്ണന്‍‌നായരുടെ ഇന്ദ്രജാലം!


ബോംബെ അധോലോകം പശ്ചാത്തലമായുള്ള ഒരു പ്രതികാര കഥ പറഞ്ഞ ഇന്ദ്രജാലത്തിലാണ് കണ്ണന്‍ നായര്‍ തകര്‍ത്താടിയത്. മോഹന്‍ലാലിന്റെ ഗംഭീര ആക്ഷന്‍ പ്രകടനങ്ങള്‍ തന്നെയായിരുന്നു ഇന്ദ്രജാലത്തിന്റെ പ്രത്യേകത. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനം ആണ് സിനിമ സംവിധാനം ചെയ്‍തത്.

Latest Videos
Follow Us:
Download App:
  • android
  • ios