സിൽവി കുമാലസരി ആലപിച്ച 'അന്നന്ന പാത്തിയാ' എന്ന ഗാനം ട്രെന്‍റിംഗ് ആണ്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയ്‍യും. ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഇവർക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരുമുണ്ട്. മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഇവർ വിവാഹിതരായത്. ഇരുവർക്കും ധ്വനി കൃഷ്ണ എന്ന പേരിൽ ഒരു മകളുമുണ്ട്. തങ്ങളുടെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോളിതാ ധ്വനിയും അനിയത്തി പാർവതിയുടെ മകൾ യാമികയും ചേർന്നുള്ള ഒരു ക്യൂട്ട് ഡാൻസ് ആണ് മൃദുല ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിലെ ട്രൻഡിങ്ങ് പാട്ടിനൊപ്പമാണ് ധനു എന്നു വിളിക്കുന്ന ധ്വനി കൃഷ്ണയുടെയും യാമി എന്നു വിളിക്കുന്ന യാമികയുടെയും പെർഫോമൻസ്. ഇന്തോനേഷ്യൻ ഗായിക സിൽവി കുമാലസരി ആലപിച്ച 'അന്നന്ന പാത്തിയാ ....' എന്ന വൈറൽ പാട്ടായിരുന്നു ബാക്ക്ഗ്രൗണ്ടിൽ. ഒരേ തരത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ധനുവിനെയും യാമിയെയും വീഡിയോയിൽ കാണുന്നത്. അടുക്കള ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇരുവരുടെയും നൃത്തം. രണ്ടു പേരും പൊളിച്ചു എന്നും ക്യൂട്ട് ആയിട്ടുണ്ട് എന്നുമാണ് ഭൂരിഭാഗം കമന്റുകളും. ''മൃദുല ഒരു നല്ല ചേച്ചി ആണെന്നും ആ മോൾക്ക് ഒരു കുറവും വരുത്തില്ല'', എന്നും മറ്റൊരാൾ കുറിച്ചു.
ധ്വനിയുടെയും യാമികയുടെയും ആദ്യത്തെ ഡാന്‍സ് പെര്‍ഫോമന്‍സിന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മൃദുലയുടെ ഭർത്താവും മിനിസ്ക്രീൻ താരവുമായ യുവ കൃഷ്ണയാണ് ഈ വീഡിയോയിൽ സംസാരിക്കുന്നത്. ''അവര്‍ അംഗന്‍വാടിയില്‍ പോയിത്തുടങ്ങിയിട്ട് കുറച്ചുനാളായി. ഞങ്ങളുടെ പഞ്ചായത്തിലെ അംഗന്‍വാടികളെല്ലാം ഒന്നിച്ച് ഒരു കലോത്സവം നടത്തിയിരുന്നു. അതില്‍ യാമിയും ധനുക്കുട്ടിയും ഡാന്‍സ് ചെയ്തിരുന്നു. കൂട്ടത്തില്‍ ഏറ്റവും ചെറിയ ആള്‍ ധനുവായിരുന്നു. അധികം സ്റ്റെപ്പുകളൊന്നും ധനുവിന് അറിയില്ല. മറ്റുള്ളവരെയൊക്കെ നോക്കിയങ്ങ് കളിച്ചു. രണ്ടര വയസാവുന്നതേയുള്ളൂ. എന്തെങ്കിലും ചെയ്യുന്നതൊക്കെ കാണാന്‍ നല്ല ക്യൂട്ടാണ്. ഇത്രയും വലിയ ഓഡിയന്‍സിന് മുന്നില്‍ സ്‌റ്റേജ് ഫിയറൊന്നുമില്ലാതെ കൂളായി അവർ നൃത്തം ചെയ്തു'', എന്നും യുവ പറഞ്ഞിരുന്നു.
