പനോരമയിലേക്ക് മലയാളത്തില്‍ നിന്നുള്ള ഏക ഹ്രസ്വചിത്രമായി 'മിഡ്‌നൈറ്റ് റണ്‍'
കാലിഫോര്‍ണിയയില്‍ നടന്ന ഇന്‍ഡീ ബെസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഇന്‍ഡീ ഷോര്‍ട്ട് ഫിലിമായി തെരഞ്ഞെടുക്കപ്പെട്ട ചിത്രം
മലയാളത്തിന് മികച്ച പ്രാതിനിധ്യമുള്ള ഇത്തവണത്തെ ഇന്ത്യന്‍ പനോരമയില്‍ ഒരു ഹ്രസ്വചിത്രവും ഇടംപിടിച്ചിട്ടുണ്ട്. രമ്യ രാജ് സംവിധാനം ചെയ്ത മിഡ്‌നൈറ്റ് റണ്‍. ജൂലൈ അവസാനം തിരുവനന്തപുരത്ത് നടന്ന അന്തര്‍ദേശീയ ഹ്രസ്വചിത്ര മേളയില്‍ പ്രദര്‍ശനമാരംഭിച്ച ചിത്രം തെരഞ്ഞെടുക്കപ്പെടുന്ന പതിനൊന്നാമത്തെ അന്തര്‍ദേശീയ മേളയാണ് ഐഎഫ്എഫ്‌ഐ.
ഇതില്‍ കാലിഫോര്‍ണിയയില്‍ നടന്ന ഇന്‍ഡീ ബെസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഇന്‍ഡീ ഷോര്‍ട്ട് ഫിലിമായി തെരഞ്ഞെടുക്കപ്പെട്ടു. ഹംഗറിയിലെ സെവന്‍ ഹില്‍സ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍, ബെലാറസില്‍ നടന്ന കിനോസ്മെന-മിന്‍സ്‌ക് ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ബംഗളൂരില്‍ നടന്ന ബാഗ്ലൂര്‍ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ മത്സരവിഭാഗത്തില്‍ ഫൈനലിസ്റ്റ് ആയിരുന്നു മിഡ്നൈറ്റ് റണ്‍. ഐഎഫ്എഫ്‌ഐക്ക് പുറമെ തൃശൂരില്‍ നടക്കുന്ന സൈന്‍സ് ഫെസ്റ്റിവല്‍, ഹൈദരാബാദില്‍ നടക്കുന്ന ആള്‍ ലൈറ്റ്സ് ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍, പോളണ്ടിലെ അലേകിനോ യംഗ് ഓഡിയന്‍സ് ഫിലിം ഫെസ്റ്റിവല്‍, സെര്‍ബിയയില്‍ വച്ച് നടക്കുന്ന ഫിലിം ഫ്രണ്ട് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ മത്സരവിഭാഗത്തിലും മിഡ്നൈറ്റ് റണ്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഒരു രാത്രി തൊഴിലിടത്തില്‍ നിന്നും മടങ്ങുന്ന ആണ്‍കുട്ടിയും അപരിചിതനായ ഒരു ലോറി ഡ്രൈവറുമാണ് 14 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഡ്രൈവറെ അവതരിപ്പിക്കുന്നത് ദിലീഷ് പോത്തനും ആണ്‍കുട്ടിയെ അവതരിപ്പിക്കുന്നത് ചേതന്‍ ജയലാലുമാണ്. സംഭാഷണത്തെക്കാള്‍ രണ്ട് കഥാപാത്രങ്ങളുടെ പ്രകടനങ്ങളെ കേന്ദ്രീകരിച്ചാണ് കഥ പറച്ചില്‍. റിയലിസ്റ്റിക് ത്രില്ലര്‍ സ്വഭാവത്തിലുള്ള ഷോര്‍ട്ട് ഫിലിമിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. രംഗനാഥ് രവി സൗണ്ട് ഡിസൈനും കിരണ്‍ ദാസ് എഡിറ്റിംഗും ശങ്കര്‍ ശര്‍മ്മ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. സതീഷ് എരിയലത്താണ് നിര്‍മ്മാണം. സഹസംവിധായികയായ രമ്യാ രാജിന്റെ ആദ്യ ഹ്രസ്വചിത്രമാണ് മിഡ്നൈറ്റ് റണ്‍. ബി ടി അനില്‍ കുമാറിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായിക തന്നെ.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് രണ്ട് ഡോക്യുമെന്ററികളും ഇടംപിടിച്ചിട്ടുണ്ട്. വേലുത്തമ്പി ദളവയുടെ ജീവിതത്തെ ആസ്പദമാക്കി ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത 'സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി'യാണ് അതില്‍ ഒന്ന്. മറ്റൊന്ന് പ്രശസ്ത മോഹിനിയാട്ടം കലാകാരി ഡോ: സുനന്ദ നായരുടെ കലാജീവിതം പറയുന്ന വിനോദ് മങ്കരയുടെ 'ലാസ്യ'വും.