ത്രില്ലടിപ്പിക്കും ഈ 'മറഡോണ'; റിവ്യൂ
'ദൂരക്കാഴ്ചയില്‍ മായാനദിയെ എവിടെയൊക്കെയോ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ ചിത്രം. മാത്തന്‍റെയും മറഡോണയുടെയും, ജീവിതത്തിലും
അതിജീവനത്തിലുമുള്ള ചില സാമ്യങ്ങളാണ് അതിന് കാരണം.'
ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് 'മറഡോണ'. പണത്തിനുവേണ്ടി, വ്യക്തിപരമായി വിരോധമോ പരിചയമോ ഇല്ലാത്തവരെ അക്രമിക്കാന്‍ മടിയൊന്നുമില്ലാത്ത, അത് ജീവിതമാര്‍ഗ്ഗമാക്കിയ ചെറുപ്പക്കാരന്‍. മറഡോണ ഏറ്റെടുത്ത് നടപ്പാക്കുന്ന ഒരു ക്വട്ടേഷന്‍, അതിന്‍റെ പരിണിതഫലങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ നാട്ടില്‍നിന്ന് മാറുമ്പോള്‍ സംഭവിക്കുന്ന മറ്റൊരു ക്രൈം. സ്വയരക്ഷയ്‍ക്കായി നാടുവിട്ട്, തന്‍റെ മസില്‍ പവര്‍ ആവശ്യമുള്ളപ്പോഴെല്ലാം ഉപയോഗിക്കാറുള്ള ഒരു രാഷ്ട്രീയക്കാരന്‍റെ ബംഗളൂരുവിലുള്ള ബന്ധുവീട്ടില്‍ അഭയം തേടേണ്ടിവരുന്ന മറഡോണയുടെ ഏതാനും ദിനങ്ങളാണ് സിനിമയുടെ ടൈംലൈന്‍. അവിടെ അയാളെ കാത്തിരിക്കുന്ന അപ്രതീക്ഷിത അനുഭവങ്ങളും ഭയവും തിരിച്ചറിവുകളും അതിജീവനവുമൊക്കെയാണ് ടൊവീനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയുടെ പ്ലോട്ട്. ടൊവീനോയാണ് മറഡോണ. ത്രില്ലര്‍ ഡ്രാമാ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് വിഷ്‍ണു നാരായണിന്‍റെ ആദ്യ സംവിധാനശ്രമം. റിയലിസ്റ്റിക് പരിചരണമാണ് സിനിമയുടേത്.
'ത്രില്ലര്‍' എന്നത് ഒരു വെറും വിശേഷണപദമായി മാത്രം ചുരുങ്ങിപ്പോകാതിരുന്ന ചിത്രങ്ങള്‍ സമീപകാല മലയാളസിനിമയില്‍ നാമമാത്രമാണ്. അതിലൊന്നായിരുന്നു ആഷിക് അബുവിന്‍റെ സംവിധാനത്തില്‍ ടൊവീനോ തന്നെ നായകനായി, കഴിഞ്ഞവര്‍ഷം പ്രദര്‍ശനത്തിനെത്തിയ മായാനദി. നായകകഥാപാത്രത്തിന്‍റേതുള്‍പ്പെടെ, സംഭാഷണങ്ങളിലൂടെ നരേഷന്‍ മുന്നോട്ട് ചലിക്കുന്ന തൊണ്ണൂറുകളുടെ 'ത്രില്ലര്‍ ശീല'ത്തില്‍ നിന്ന് മോചനം നേടിയ സിനിമയായിരുന്നു മായാനദി. അതുപോലെ, കഥാപാത്രങ്ങളുടെയും പ്ലോട്ടിന്‍റെ മൊത്തത്തിലുമുള്ള വളര്‍ച്ചയ്ക്ക് ദൃശ്യപരമായ സ്പേസ് അനുവദിക്കുന്ന സിനിമ തന്നെ മറഡോണയും. ദൂരക്കാഴ്ചയില്‍ മായാനദിയെ എവിടെയൊക്കെയോ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ ചിത്രം. മാത്തന്‍റെയും മറഡോണയുടെയും, ജീവിതത്തിലും അതിജീവനത്തിലുമുള്ള ചില സാമ്യങ്ങളാണ് അതിന് കാരണം. അതേസമയം അടുത്തറിയുമ്പോള്‍ മാത്തനില്‍നിന്ന് വേറിട്ട വ്യക്തിത്വമുള്ളയാളാണ് മറഡോണ. സിനിമകളുടെ പരിചരണത്തിലുമുണ്ട് ആ വ്യത്യാസം. ഒരേ ഴോണറില്‍പ്പെടുന്ന രണ്ട് കഥാപാത്രങ്ങളെ ടൊവീനോ എങ്ങനെ വ്യത്യസ്തമായി സമീപിച്ചിരിക്കുന്നു എന്നതും മറഡോണ കണ്ടിരിക്കുമ്പോഴുള്ള കൗതുകമാണ്.
പറയാനുള്ളതില്‍ ഒരു സാമ്പ്രദായിക സിനിമാക്കഥയുടെ തൊങ്ങലുകളൊക്കെയുണ്ടെങ്കില്‍, കഥാപാത്രങ്ങളെ സമീപിച്ചിരിക്കുന്ന രീതിയിലും പരിചരണത്തിലെ വ്യത്യസ്തതയിലുമാണ് മറഡോണ അതിന്‍റേതായ വ്യക്തിത്വം ആര്‍ജ്ജിക്കുന്നത്. ടൊവീനോയുടെ നായകനെ അയാളുടെ തൊഴില്‍പരിസരത്ത് (കുറ്റകൃത്യം) അവതരിപ്പിക്കുന്ന, തുടക്കരംഗത്തില്‍ത്തന്നെ കഥാപാത്രത്തിന്‍റെയും സിനിമയുടെതന്നെയും അപ്രവചനീയതയെക്കുറിച്ച് കാണിക്ക് സൂചന നല്‍കുന്നതില്‍ സംവിധായകന്‍ വിജയിക്കുന്നു. ഒരു ചെറിയ പെണ്‍കുട്ടിയുമായുള്ള 'എന്‍കൗണ്ടറി'ലൂടെയാണ് നായക കഥാപാത്രത്തെ, അയാളുടെ സ്വഭാവ സവിശേഷതയോടെ സംവിധായകന്‍ എസ്‍റ്റാബ്ലിഷ് ചെയ്യുന്നത്. ഒളിവുജീവിതത്തിനിടെ ദുര്‍ബ്ബലര്‍ക്ക് മുന്നില്‍ (കുട്ടി, വളര്‍ത്തുനായ, അയല്‍വക്കത്തെ പ്രായമുള്ളയാള്‍) സങ്കോചമൊന്നുമില്ലാതെ തന്നിലെ ഹിംസ പ്രകടിപ്പിക്കുന്ന 'മറഡോണ', സിനിമ തന്നെ എപ്പോള്‍ വേണമെങ്കിലും അതിന്‍റെ അപ്രതീക്ഷിതമായ അപായവഴികളിലേക്ക് തിരിഞ്ഞുപോകാമെന്ന സൂചനയാവുന്നുണ്ട്. പതിഞ്ഞമട്ടില്‍ മുന്നേറുന്നതെങ്കിലും നരേഷനില്‍ ഉടനീളം ഈ ത്രില്ലര്‍ മൂഡ് കൈമോശംവരാതെ നോക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ടൊവീനോയുടെ സേഫ് സോണില്‍ പെടുന്ന കഥാപാത്രമല്ല മറഡോണയിലെ നായകന്‍. നിയന്ത്രിതാഭിനയം ആവശ്യപ്പെടുന്ന, ഏത് നടനും പ്രകടനത്തിന് വേണ്ടുവോളം സ്പേസ് നല്‍കുന്ന മറഡോണയെ, മായാനദിയിലെ മാത്തന് ലഭിച്ച സ്വീകാര്യതയുടെ ആത്മവിശ്വാസവുമായിട്ടാവും ടൊവീനോ സ്വീകരിച്ചിട്ടുണ്ടാവുക. ഒന്നോ രണ്ടോ രംഗങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ടൊവീനോ മികവുറ്റതാക്കിയിട്ടുണ്ട് കഥാപാത്രത്തെ. അതിനാല്‍ത്തന്നെ സിനിമയുടെ നിര്‍ണായക സന്ദര്‍ഭങ്ങളിലൊക്കെ നായകനടന്‍റെ മുഖത്തേക്ക് ശങ്കയൊന്നും കൂടാതെ ക്യാമറ വച്ചിട്ടുമുണ്ട് സംവിധായകന്‍. മറഡോണയുടെ കൂട്ടാളിയായ സുധി (ടിറ്റൊ വില്‍സണ്‍/ യു-ക്ലാമ്പ് രാജന്‍), മറഡോണയെയും സുധിയെയും പിടിച്ചുകൊടുക്കാനുള്ള ക്വട്ടേഷനെടുത്ത ചെമ്പന്‍ വിനോദിന്‍റെ കഥാപാത്രം, രാഷ്ട്രീയനേതാവായ നിസ്‍താര്‍ അഹമ്മദ് തുടങ്ങി കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ കാസ്റ്റിംഗ് ആണ് ചിത്രത്തിന്‍റേത്.
ദൃശ്യപരമായി 'വൃത്തിയുള്ള' ഒരു ത്രില്ലര്‍ ഒരുക്കുന്നതില്‍ സംവിധായകന് പിന്തുണ നല്‍കിയ ഛായാഗ്രഹണത്തെയും വിശേഷിച്ച് എഡിറ്റിംഗിനെയും കുറിച്ച് പറയേണ്ടതുണ്ട്. നരേഷനിലെ പതിഞ്ഞതാളം സൃഷ്ടിച്ചെടുക്കാന്‍ വിഷ്‍ണു നാരായണെ നന്നായി പിന്തുണച്ചിട്ടുണ്ട് ക്യാമറ കൈകാര്യം ചെയ്‍ത ദീപക് ഡി.മേനോനും എഡിറ്റിംഗ് നിര്‍വ്വഹിച്ച സൈജു ശ്രീധരനും. ആക്ഷന്‍ സീക്വന്‍സുകളില്‍ ഒഴികെ മൂവ്മെന്‍റുകള്‍ പരമാവധി ചുരുക്കി, കഥാപാത്രങ്ങളുടെ പ്രകടനങ്ങളിലേക്ക് ഫോക്കസ് ചെയ്തിരിക്കുന്നതാണ് ദീപക്കിന്‍റെ ക്യാമറ. നോണ്‍ ലീനിയര്‍ നരേറ്റീവ് അല്ലെങ്കിലും അത്തരം നരേറ്റീവിന്‍റെ സ്വഭാവങ്ങള്‍ ഇടയ്ക്കിടെ കടന്നുവരുന്ന, കഥാപാത്രങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ പെരുമാറുന്ന കഥപറച്ചിലില്‍ സൈജു ശ്രീധരന്‍ എന്ന എഡിറ്റര്‍ സൂക്ഷ്‍മമായി തന്‍റെ പണി നിര്‍വ്വഹിച്ചിട്ടുണ്ട്. മോശം എഡിറ്റിംഗില്‍ ആകെ മുറുക്കം ചോര്‍ന്നുപോകുന്ന കാഴ്ചാനുഭവമായേനെ മറഡോണ.
കുറ്റവാളിയുടെ ജീവിതം, പശ്ചാത്താപം എന്നത് കലയുടെ നാനാവിധ മീഡിയങ്ങളില്‍, സിനിമകളിലും ആവര്‍ത്തിക്കാറുള്ള പ്രമേയങ്ങളിലൊന്നാണ്. മനുഷ്യനായിരിക്കുക എന്നതിന്‍റെ നിസ്സാരതകളിലേക്കുള്ള നോട്ടമാകാറുണ്ട് ചിലപ്പോഴൊക്കെ ഈ പ്രമേയത്തിലെത്തുന്ന മികവുറ്റ സൃഷ്ടികള്‍. അത്രയ്ക്കൊന്നുമില്ലെങ്കിലും മറഡോണയിലൂടെയും അയാളുടെ സുഹൃത്തും കൂട്ടാളിയുമായ സുധിയിലൂടെയും കുറ്റവാളികള്‍ എങ്ങനെ ആത്യന്തികമായി ഇരകളുമാകുന്നുവെന്ന് നോട്ടമയയ്ക്കാന്‍ ശ്രമിക്കുന്നുണ്ട് സിനിമ. ഒന്നും സംഭാഷണങ്ങളിലൂടെ സന്ദേശമാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് മാത്രം. ത്രില്ലറുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യപൂര്‍വ്വം തെരഞ്ഞെടുക്കാവുന്ന സിനിമയാണ് മറഡോണ. ദൃശ്യപരമായി ഒരു മികച്ച പാക്കേജ്, ഒപ്പം ടൊവീനോയിലെ വളരുന്ന അഭിനേതാവും ടിക്കറ്റെടുക്കാനുള്ള ആകര്‍ഷണങ്ങളാണ്.