2018ന്‍റെ പാട്ടോര്‍മ്മകള്‍
നൂറായിരം ഓര്‍മ്മകളായി പരിണമിക്കുന്ന പൂമ്പാറ്റകളാണ് ഓരോ പാട്ടും. കുറച്ചുകാലം കഴിയുമ്പോള്‍ ഇന്നലകളുടെ ഭാണ്ഡവും പേറി നമ്മെ തേടി പറന്നെത്തുന്നവര്‍. സുഖദു:ഖങ്ങളുടെയൊക്കെ പെരുങ്കടലിനെ നമ്മുടെ നെഞ്ചിലുണര്‍ത്തുന്നവര്‍. അങ്ങനെയുള്ള ചില മലയാളം പാട്ടുകളെക്കൂടി ഓര്‍മ്മകളിലേക്ക് ചേര്‍ത്ത് ഒരു വര്‍ഷം കൂടി കടന്നു പോകുകയാണ്.. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു
ചെറിയൊരു താളശകലത്തില്‍ നിന്നോ ഒരൊറ്റ വാക്കില്‍ നിന്നോ വിരിഞ്ഞുയര്‍ന്ന് നൂറായിരം ഓര്‍മ്മകളായി പരിണമിക്കുന്ന പൂമ്പാറ്റകളാണ് ഓരോ പാട്ടും. കുറച്ചുകാലം കഴിയുമ്പോള്‍ ഇന്നലകളുടെ ഭാണ്ഡവും പേറി നമ്മളെ തേടി പറന്നെത്തുന്നവര്‍. സുഖദു:ഖങ്ങളുടെയാകെ പെരുങ്കടലിനെ നെഞ്ചിലുണര്‍ത്തുന്നവര്‍. ഒറ്റയ്ക്കല്ലെന്ന് പറഞ്ഞ് കൂടെയിരിക്കുന്നവര്‍. പാടിയുറക്കുന്നവര്‍, ചിലപ്പോള്‍ ഉറക്കം നഷ്‍ടപ്പെടുത്തുന്നവര്‍. അങ്ങനെയുള്ള ചില മലയാളം പാട്ടുകളെക്കൂടി ഓര്‍മ്മകളിലേക്ക് ചേര്‍ത്ത് ഒരു വര്‍ഷം കൂടി കൊഴിഞ്ഞു പോകുകയാണ്.
2018ല്‍ ഏകദേശം 371 ഓളം സിനിമകളാണ് മലയാളത്തില്‍ പുറത്തിറങ്ങിയത്. ഇവയില്‍ നിന്നെല്ലാമായി ഏകദേശം 650 ഓളം ഗാനങ്ങള്‍ ഈ വര്‍ഷം ആസ്വാദകരുടെ കാതുകളിലേക്ക് പുതുതായി ഒഴുകിയെത്തിയെന്നാണ് കണക്ക്. പാട്ടുകളെ മാത്രം പ്രേക്ഷകരുടെ അടുത്തേക്കയച്ച് റിലീസിനൊരുങ്ങുന്ന ചില ചിത്രങ്ങളിലെ ഉള്‍പ്പെടെയുള്ള ഏകദേശ കണക്കുകളാണിത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെന്ന പോലെ ബി കെ ഹരിനാരായണനും റഫീഖ് അഹമ്മദും ഗാനങ്ങളുടെ എണ്ണം കൊണ്ടും എഴുത്തിലെ മാന്ത്രികത കൊണ്ടും പാട്ടെഴുത്തില്‍ മുന്നിട്ടു നിന്നു. എണ്ണത്തില്‍ ചുരുക്കമെങ്കിലും ശക്തമായ രചനകളുമായി അജീഷ് ദാസന്‍ (പൂമരം, ജോസഫ്), പി എം എ ജബ്ബാര്‍ (അഡാര്‍ ലൗ), ലക്ഷ്‍മി ശ്രീകുമാര്‍ (ഒടിയന്‍) തുടങ്ങിയവര്‍ വരവറിയിച്ചു. 42 ഓളം സിനിമകള്‍ക്കായി നൂറോളം ഗാനങ്ങളെഴുതിയ ഹരിനാരായണനാണ് ഗാനങ്ങളുടെ എണ്ണത്തില്‍ മുന്നില്‍. നേര്‍പകുതിയുമായി റഫീഖ് അഹമ്മദ് തൊട്ടു പിന്നാലെയുണ്ട്.
ഗോപിസുന്ദറിനു തന്നെയാണ് ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയതിന്‍റെ ക്രെഡിറ്റ്. ഏകദേശം 41 ഓളം ഗാനങ്ങള്‍ ഇദ്ദേഹത്തിന്‍റേതായിട്ടുണ്ട്. എന്നാല്‍ അരവിന്ദന്‍റെ അതിഥികള്‍, ഒരു അഡാര്‍ ലൗ തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെടെ 26 ഓളം ഈണങ്ങളുമായി ഷാന്‍ റഹ്മാനും ഒടിയന്‍, ആമി തുടങ്ങിയ ഈണക്കൂട്ടുകളാല്‍ എം ജയചന്ദ്രനും വേറിട്ടു നില്‍ക്കുന്നു. നവാഗതരില്‍ 'ജോസഫി'ന് ഈണമൊരുക്കിയ രഞ്‍ജിന്‍ രാജും പൂമരത്തിന്‍റെ ഈണക്കാരനായ ലീല ഗിരീഷ് കുട്ടനും ശ്രദ്ധേയരായി.
പാട്ടുകാരില്‍ വിജയ് യേശുദാസ്, ശ്രേയ ഘോഷാല്‍, വിനീത് ശ്രീനിവാസന്‍, സുദീപ് കുമാര്‍ തുടങ്ങിയവരുടെ ശബ്ദങ്ങള്‍ ഈ വര്‍ഷത്തിനൊപ്പം ആസ്വാദകര്‍ ചേര്‍ത്തു വായിക്കും. ഒടിയനിലൂടെ എം ജി ശ്രീകുമാര്‍ സാനിധ്യം അറിയിച്ചെങ്കിലും കെ ജെ യേശുദാസ്, പി ജയചന്ദ്രന്‍, കെ എസ് ചിത്ര തുടങ്ങിയവര്‍ ഇക്കഴിഞ്ഞ പല ന്യൂജന്‍ വര്‍ഷങ്ങളിലെയുമെന്ന പോലെ അത്ര സജീവമായിരുന്നില്ല. സിനിമാ ഇതര ഗാനങ്ങളില്‍ തരംഗിണിയുടെ അയ്യപ്പ ഭക്തഗാന സമാഹാരവുമായി ആലപ്പി രംഗനാഥ്, 'ശിവോഹം' എന്ന സമാഹാരവുമായി ടി എസ് രാധാകൃഷ്‍ണന്‍ തുടങ്ങിയ പഴമക്കാര്‍ ഈ വര്‍ഷവും കരുത്തറിയിച്ചു.
ശബരിമലയിലെ യുവതീ പ്രവേശന വിഷയം വലിയ ബഹളങ്ങള്‍ക്കിടയാക്കിയ വര്‍ഷം കൂടിയാണ് കൊഴിഞ്ഞു വീഴുന്നത്. 'അയ്യന്‍' എന്ന വേറിട്ട ആല്‍ബത്തിലൂടെ ബിജിബാലും ഹരിനാരായണനും അയ്യനെന്ന അയ്യപ്പന്‍റെ വേറിട്ട വായനയാണ് നടത്തിയത്. 'ഋതുമതിയെ അചാരമതിലാൽ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യൻ..' എന്നു തുടങ്ങുന്ന പാട്ടിലൂടെ ലളിതമായ ഭാഷയും ഒട്ടും സങ്കീര്‍ണമല്ലാത്ത ഈണവും ഉപയോഗിച്ച് അതിശക്തമായ രാഷ്ട്രീയം പറഞ്ഞു ഇരുവരും. ഒരുപക്ഷേ 'ആല്‍ബം' എന്ന മലയാളിയുടെ പരമ്പരാഗത സങ്കല്‍പ്പത്തിന്‍റെ തന്നെ പൊളിച്ചെഴുത്തായിരിക്കും 'അയ്യന്‍.' ഹ്രസ്വചിത്രങ്ങളിലും ആല്‍ബങ്ങളിലുമൊക്കെയായി ഇനിയുമേറെ ഗാനങ്ങള്‍ 2018ല്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ അവയില്‍ എത്രയെണ്ണം മനുഷ്യരുടെ നെഞ്ചകത്ത് ചേക്കേറിയെന്ന് വ്യക്തമല്ല. ഇക്കാര്യം അതിന്‍റെയൊക്കെ ശില്‍പ്പികള്‍ തന്നെ നെഞ്ചില്‍ കൈവച്ച് സ്വയം ചോദിക്കുന്നത് നന്നായിരിക്കും.
അരികു ചേര്‍ക്കപ്പെട്ട ചില മനുഷ്യര്‍ പാടിയ ചില പഴയ പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിനും കൈയ്യടിച്ചും കണ്ണുനിറച്ചുമൊക്കെ ജനം ഏറ്റുപാടുന്നതിനുമൊക്കെ 2018 സാക്ഷിയായി. 'വാതില്‍ തുറക്കു നീ കാലമേ' എന്നു നീട്ടിപ്പാടി കണ്ണു നനയിച്ച അന്ധനായ ആ കുരുന്നിനെ എങ്ങനെ മറക്കാനാണ്? ആ കുട്ടി ആരെന്ന് മണിക്കൂറുകളോളം നമ്മള്‍ തിരഞ്ഞു. ഒടുവില്‍ കാസര്‍കോഡ് ബളാലിലെ വൈശാഖാണ് അവനെന്ന് തിരിച്ചറിഞ്ഞു. ഹോട്ടൽ തൊഴിലാളിയായ രാഘവന്റെയും വീട്ടമ്മയായ ബിന്ദുവിന്‍റെയും മകനായ ആറുവയസുകാരന്‍റെ പാട്ട് ഇപ്പോഴും ചിലരുടെയെങ്കിലും നെഞ്ച് കലക്കുന്നുണ്ടാവണം.
ഇതേപോലെ ആലപ്പുഴ നൂറനാട് സ്വദേശിനി സുമിതയെന്ന വീട്ടമ്മയുടെ പാട്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ആരാണീ പാട്ടുകാരിയെന്നു നമ്മള്‍ പരസ്‍പരം ചോദിച്ചു. സുഹൃത്തിന്‍റെ തയ്യൽക്കടയിലിരുന്ന് പാടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‍ത 'ജാനകീ ജാനേ...' എന്ന പാട്ടാണ് സുമിതയുടെ ജീവിതം മാറ്റിമറിക്കുന്നത്. 'കണ്ണാളനേ' എന്ന ഗാനവും സുമിതയെ സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയാക്കി.
കാല്‍പ്പാദങ്ങള്‍ വെള്ളം മൂടി നിറഞ്ഞു കിടക്കുന്ന ഒരു ഹാളിലെ കസേരയിലിരുന്ന് പാടി നമ്മുടെ നെഞ്ചുലച്ച ഒരു മനുഷ്യനും 2018ന്‍റെ മറക്കാനാവാത്ത പാട്ടോര്‍മ്മയാണ്. കേരളത്തെ പ്രളയം വിഴുങ്ങിയ കാലത്തായിരുന്നു അത്. ദുരിതാശ്വാസ ക്യാംപിലിരുന്ന് എം എസ് വിശ്വനാഥന്‍റെ 'ഹൃദയ വാഹിനി' പാടിയ വൈക്കം വടയാർ വാഴമനക്കാരന്‍ ഡേവിഡ് ചേട്ടനായിരുന്നു ആ മനുഷ്യന്‍. പാട്ടു പാടി സങ്കടങ്ങളെ ആട്ടിയോടിക്കുന്ന ഡേവിഡ് ചേട്ടന്‍റെ ദൃശ്യങ്ങള്‍ വൈറലായി. വൈക്കം ഗേൾസ് ഹൈസ്കൂളിലെ ആ ക്യാംപും ഡേവിഡ് ചേട്ടനും മലയാളിയുടെ സംഗീത ബോധത്തിന്‍റെയും സിനിമാപ്പാട്ട് പ്രണയത്തിന്‍റെയും നേര്‍ക്കാഴ്ച തന്നെയെന്ന് ഉറപ്പ്.
ടിക് ടോക്ക്, സ്‍മ്യൂള്‍ തുടങ്ങിയ ആപ്പുകളുടെ ഇടപെടലുകളും 2018ലും പാട്ട് മേഖലയെ സജീവമാക്കി. പലരും രസകരമായും സര്‍ഗ്ഗാത്മകമായും ഈ സാങ്കേതിക വിദ്യയെ ഉപയോഗിച്ച് വെളിച്ചപ്പെട്ടു. പക്ഷേ ചിലര്‍ ഇത് ദുരുപയോഗം ചെയ്യുന്നതും അരോചകമാക്കുന്ന കാഴ്ചയും കണ്ടു. ജാസി ഗിഫ്റ്റിന്‍റെ 'നില്ല് നില്ല്' എന്ന പഴയൊരു ഗാനം വൈറലായത് ടിക് ടോക്കിലെ ഒരു ചലഞ്ചിലൂടെയാണ്. പച്ചിലകൾ കയ്യിൽപ്പിടിച്ച് ഓടുന്ന വാഹനങ്ങള്‍ക്കു മുന്നിലേക്ക് എടുത്ത് ചാടി ഈ പാട്ടിനൊപ്പിച്ച് നൃത്തം ചെയ്യുന്ന യുവാക്കളുടെ വീഡിയോകള്‍ വൈറലായി.
ഓടിയെത്തുന്ന ബസ് ഉൾപ്പടെയുള്ളവയ്ക്കു മുന്നിലേക്ക് ഹെൽമറ്റ് ധരിച്ചും ധരിക്കാതെയുമൊക്കെ ചാടിവീഴുന്ന യുവാക്കൾ തുള്ളി മറിയുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ബൈക്ക്, ഓട്ടോ, ബസ് എന്തിനേറെ പോലീ സ് വാഹനത്തെ പോലും വെറുതെ വിട്ടില്ല ചിലര്‍. ഒടുവില്‍ ഈ ചലഞ്ചിനെതിരെ മുന്നറിയിപ്പുമായി സാക്ഷാല്‍ കേരള പൊലീസ് തന്നെ രംഗത്തെത്തി. ഒരു പാട്ടെഴുതി പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം അതിന്‍റെ പേരില്‍ സാഹസമരുതെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് ന്യൂജനറേഷനോട് പറയേണ്ടി വന്നതും 2018ലെ കൗതുകക്കാഴ്ചയായിരുന്നു.
ഈ പംക്തിയിലെ മറ്റ് ലേഖനങ്ങള്‍ വായിക്കാം
"പട പൊരുതണം... വെട്ടിത്തലകള്‍ വീഴ്ത്തണം..." ഇതാണ് ആ പാട്ടിന്‍റെ യഥാര്‍ത്ഥ കഥ!
"എന്നും വരും വഴി വക്കില്‍.." ആ കവിയും ഗായകനും മരിച്ചിട്ടില്ല!
പൂമുത്തോളിന്‍റെ പിറവി; ജോസഫിന്‍റെ പാട്ടുവഴി