മലയാള സിനിമ ഇന്ത്യൻ സിനിമയ്ക്ക് വെളിച്ചമാകുന്നു, കാതലിലെ മമ്മൂട്ടി അത്ഭുതപ്പെടുത്തി: ഷബാന ആസ്മി
മലയാളത്തിൽ അഭിനയിക്കാൻ ഭാഷ തടസ്സമാകുന്നുണ്ടെന്ന് പറഞ്ഞ ഷബാന ആസ്മി കാതലിലെ മമ്മൂട്ടി അത്ഭുതപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: മലയാളം സിനിമ ഇന്ത്യൻ സിനിമയ്ക്ക് വെളിച്ചമാകുന്നുവെന്ന് നടി ഷബാന ആസ്മി. കൂടുതൽ സമയം ഐഎഫ്എഫ്കെയിൽ ചെലവഴിക്കാൻ തോന്നുന്നുവെന്നും ഷബാന ആസ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഐഎഫ്എഫ്കെയിലെ ചിത്രങ്ങളും കാണികളും മികച്ചതാണെന്നും ഷബാന അഭിപ്രായപ്പെട്ടു. മലയാളത്തിൽ അഭിനയിക്കാൻ ഭാഷ തടസ്സമാകുന്നുണ്ടെന്ന് പറഞ്ഞ ഷബാന ആസ്മി കാതലിലെ മമ്മൂട്ടി അത്ഭുതപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി. ഒരു ഹിന്ദി താരവും കാണിക്കാത്ത ധൈര്യമെന്ന് ഷബാന ആസ്മി പറഞ്ഞു.
ഇന്ത്യൻ സിനിമയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയതിന്റെ തിളക്കത്തിലാണ് വിഖ്യാത നടി കേരള മേളയുടെ മുഖ്യാതിഥിയായെത്തിയത്. കേരള മേളയെ കുറിച്ചും ഇഷ്ടപ്പെട്ട മലയാള സിനിമകളെ കുറിച്ചു ഷബാന ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു. ഇന്ത്യൻ സിനിമയിലെ മികച്ച സ്ത്രീ കഥാപാത്രങ്ങളുടെ കണക്ക് എടുത്താൽ, ഷബാന ആസ്മി എന്ന് എത്ര വട്ടം പറയേണ്ടിവരും?
23ാമത്തെ വയസ്സിൽ അരങ്ങേറ്റ ചിത്രത്തിൽ ദേശീയ പുരസ്കാരം നേടിയത് മുതൽ, മണ്ഡിയിലെ റുക്മിണി ബായ് പോലെയുള്ള കഥാപാത്രങ്ങൾ വരെ. അഭിനയം കൊണ്ടും ചിന്താഗതികൊണ്ടും പകരം വയ്ക്കാനില്ലാത്ത പ്രതിഭ. ഷബാന ആസ്മിക്ക് ഇത് കേരള മേളയിലേക്കുള്ള മടങ്ങിവരവാണ്. ആദ്യ ചിത്രം അങ്കൂറിന്റെ പ്രത്യേക പ്രദർശനവും കണ്ടാണ് ഷബാന കേരളത്തിന് നിന്ന് മടങ്ങിയത്. കേരളം നൽകിയ മൊമെന്റോ നെഞ്ചോട് ചേർത്താണ് കേരളമേളയെ കുറിച്ച് ഷബാന സംസാരിച്ചത്.