ജോലി ഉപേക്ഷിച്ച് തിരക്കഥാകൃത്തായി; ഭാര്യ ചങ്കായി കൂടെ നിന്നു; മാംഗല്യത്തിന്‍റെ വിജയകഥയുമായി മഠത്തില്‍ ടോണി

കുടുംബത്തെക്കുറിച്ചുള്ള എന്ത് കഥയും ബോറടിപ്പിക്കാതെ മനോഹരമായി പറഞ്ഞാല്‍ ഏറ്റെടുക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. സ്വന്തം വീടിനകത്ത് തുറന്നുവച്ച കണ്ണാടിയാണെന്ന് ഏവര്‍ക്കും തോന്നുമെന്നതാണ് മാംഗല്യം തന്തുനാനേനയുടെ ഏറ്റവും വലിയ വിജയം. എന്‍റെ വീടാണല്ലോ എന്ന തോന്നല്‍ പ്രേക്ഷകന്‍റെ നെഞ്ചിനകത്ത് തോന്നിയത് കൊണ്ടാണ് അവര്‍ ചിത്രത്തെ നെഞ്ചിലേറ്റിയത്

madathil tony mangalyam thanthunanena writter

തിരുവനന്തപുരം: മാംഗല്യം തന്തുനാനേന ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ അത്യധികം സന്തോഷത്തിലാണ് മഠത്തില്‍ ടോണിയെന്ന തിരക്കഥാകൃത്ത്. ചിത്രം ഏറ്റെടുത്ത കുടുംബപ്രേക്ഷകരോടുള്ള നന്ദി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ പ്രകടിപ്പിച്ച ടോണി അനുഭവവും സ്വപ്നങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

മാംഗല്യം തന്തുനാനേനയുടെ വിജയത്തെക്കുറിച്ച്

ചിത്രത്തിന്‍റെ വിജയത്തില്‍ എവരും സന്തോഷത്തിലാണ്. കുടുംബങ്ങള്‍ ചിത്രം ഏറ്റെടുത്തതാണ് ശക്തിയായത്. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തിരക്ക് വര്‍ധിക്കുന്നത് നല്ല സുചനയാണ്. കൂടുതല്‍ പ്രദര്‍ശനങ്ങള്‍ സജ്ജമാക്കും. ഒരുപാട് പേര്‍ വിളിച്ച് സിനിമയെക്കുറിച്ച് നല്ല അഭിപ്രായം
പങ്കുവയ്ക്കുന്നതും സന്തോഷം നല്‍കുന്നുണ്ട്. ചിത്രം കണ്ടവര്‍ നല്ല അഭിപ്രായം പങ്കുവയ്ക്കുന്നതും മൗത്ത് പബ്ലിസ്റ്റിയും മാംഗല്യം തന്തുനാനേനയ്ക്ക് ഗുണം ചെയ്യുന്നു.

കുടുംബബന്ധം പ്രമേയമാക്കിയത് എന്തുകൊണ്ട്

കുടുംബ ബന്ധം പ്രമേയമാക്കിയതെന്തുകൊണ്ടെന്ന ചോദ്യത്തിന് ടോണിയ്ക്ക് വ്യക്തമായ മറുപടിയുണ്ട്. ലോക സിനിമ തന്നെ കുടുംബവുമായി ഇഴ ചേര്‍ന്നാണ് കിടക്കുന്നത്. സ്പീല്‍ ബര്‍ഗ് ചിത്രങ്ങള്‍ പോലും കുടുംബ ബന്ധത്തിന്‍റെ കഥ പറയുന്നു. മലയാളിയാകട്ടെ ലോകത്ത് ഏറ്റവും വൈകാരികമായി അറ്റാച്ച്ഡായ സമൂഹമാണ്. മറ്റെന്തിനെക്കാളും കുടുംബത്തിന് പ്രധാന്യം നല്‍കുന്നവര്‍. കുടുംബത്തെക്കുറിച്ചുള്ള എന്ത് കഥയും ബോറടിപ്പിക്കാതെ മനോഹരമായി പറഞ്ഞാല്‍ ഏറ്റെടുക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. സ്വന്തം വീടിനകത്ത് തുറന്നുവച്ച കണ്ണാടിയാണെന്ന് ഏവര്‍ക്കും തോന്നുമെന്നതാണ് മാംഗല്യം തന്തുനാനേനയുടെ ഏറ്റവും വലിയ വിജയം. എന്‍റെ വീടാണല്ലോ എന്ന തോന്നല്‍ പ്രേക്ഷകന്‍റെ നെഞ്ചിനകത്ത് തോന്നിയത് കൊണ്ടാണ് അവര്‍ ചിത്രത്തെ നെഞ്ചിലേറ്റിയത്.

ജീവിതം ഇതുവരെ

എഞ്ചിനിയറായിരുന്നു. എട്ട് വര്‍ഷം ജോലി ചെയ്തു. ചെറുപ്പം മുതല്‍ എഴുതാന്‍ ആഗ്രഹമുണ്ടായിരുന്നു. ഒടുവില്‍ ജോലി ഉപേക്ഷിക്കാനും എഴുത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും  ജീവിത പങ്കാളിയാണ് മാര്‍ഗം തെളിച്ചത്. മംഗല്യം തന്തുനാനേനയിലെ നായകന്‍ റോയിയുടെ ജീവിതത്തിലെ പോലെ എന്‍റെ സ്വപ്നങ്ങളെ താലോലിക്കാന്‍ ഭാര്യ കൂടെ നിന്നു. റോയിയുടെ ജീവിതത്തിലെ പ്രശ്നങ്ങളെ വിവിധ തലങ്ങളില്‍ നിന്ന് പഠിച്ച് പരിഹാരം കണ്ടെത്തുന്ന ക്ലാരയുടെയും സിനിമയുടെയും വിജയഘടകമായത്. അതുപോലെ എന്‍റെ സ്വപ്നങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കി ഒപ്പം നില്‍ക്കാന്‍ ഭാര്യക്ക് സാധിച്ചു. വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ കാണുന്ന മതിലിലെ പോസ്റ്ററില്‍ എന്‍റെ പേര് കാണുകയെന്നത് വലിയ ആഗ്രഹമായിരുന്നു. അത് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചതില്‍ വലിയ സ്വന്തോഷമുണ്ട്. രണ്ട് സുഹൃത്തുകളും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തി.

കുഞ്ചാക്കോ ബോബനും നിമിഷയും

ഒരു സാധാരണക്കാരന്‍റെ ജീവിതമായിരുന്നു ചിത്രത്തിന്‍റെ പ്രമേയം. സൂപ്പര്‍ ഹീറോയല്ലാത്ത കോമണ്‍മാനായ നായകന്‍. അതായിരുന്നു സിനിമയ്ക്ക് വേണ്ടിയിരുന്നതും. കുഞ്ചാക്കോ ബോബനായിരുന്നു ഏറ്റവും അനുയോജ്യന്‍. റോയിയെന്ന കഥാപാത്രമായി ചാക്കോച്ചന്‍ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ചു. ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാനുള്ള മികവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ചാക്കോച്ചന്‍റെ നോട്ടങ്ങള്‍ക്ക് പോലും ആഴങ്ങളുണ്ടെന്ന് ചിത്രം തെളിയിക്കുന്നു. 

അതേസമയം ഒരുപാട് നായികമാരെ പരിഗണിച്ച ശേഷമാണ് നിമിഷയില്‍ എത്തിയത്. കഥ പറഞ്ഞപ്പോള്‍ തന്നെ നിമിഷ കഥാപാത്രമായി മാറുന്നത് കാണാമായിരുന്നു. പ്രേക്ഷകന്‍ തീയറ്ററിലിരുന്ന്  ചിത്രം കാണുമ്പോള്‍ എന്താണോ ആഗ്രഹിക്കുന്നത് അത് സമ്മാനിക്കാന്‍ നിമിഷയ്ക്ക്
സാധിക്കുമെന്ന് ഉറപ്പായിരുന്നു. ചിത്രം വിജയത്തിലേക്കെത്തുമ്പോള്‍ നിമിഷയ്ക്ക് ലഭിക്കുന്ന കൈയ്യടി ആ വിശ്വാസത്തെ ശരിവയ്ക്കുന്നതാണ്.

പുതുമുഖ സംവിധായികയുടെ സാന്നിധ്യം

സംവിധായിക എന്നതിനെക്കാള്‍ സൗമ്യ അടുത്ത സുഹൃത്താണ്.  ഒരു പോലെ ചിന്തിക്കുന്നവരല്ലെങ്കിലും ഒരാള്‍ എന്ത് ചിന്തിക്കുമെന്ന്
തിരിച്ചറിയാനും അതിനെ ബഹുമാനിക്കാനും സാധിക്കും എന്നതാണ് ഏറ്റവും വലിയ ഗുണം.  സിനിമ സംവിധായകന്‍റേത് ആകുമ്പോള്‍ തന്നെ
എഴുത്തുകാരന്‍ എന്ന നിലയില്‍ ആവശ്യത്തിന് സ്വാതന്ത്യം കിട്ടി.

ഇനി എന്ത്

കഴിഞ്ഞ ആറ് വര്‍ഷമായി ചലച്ചിത്രമേഖലയുടെ ഭാഗമായിരുന്നു. നിരവധി സിനിമകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഇനിയും ഇവിടെ ഉണ്ടാകും. രണ്ട്
സിനിമകളുടെ ചര്‍ച്ച നടക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാറായിട്ടില്ല. അധികം വൈകാതെ തന്നെ ഏവരെയും തീരുമാനം
അറിയിക്കും. തിരക്കഥ മാത്രമല്ല നോവലും എഴുതാറുണ്ട്. ആദ്യ നോവല്‍ പബ്ലിഷ് ചെയ്യാനുള്ള തിരക്കിലാണ്. വരുന്ന ഫെബ്രുവരിയോടെ
അതുണ്ടാകും.

എല്ലാ വിധ വിമര്‍ശനങ്ങളെയും അഭിപ്രായങ്ങളെയും സ്വീകരിക്കുന്നതായും ടോണി ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട് പറഞ്ഞു. മാംഗല്യം
തന്തുനാനേന എല്ലാം തികഞ്ഞതാണെന്ന അഭിപ്രായമില്ല. എങ്കിലും നായിക കരയുമ്പോള്‍ കൂവാറുള്ള പ്രേക്ഷരുടെ പ്രവണത മാംഗല്യം
തന്തുനാനേനയ്ക്കിടെ ഉണ്ടായില്ല എന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Videos
Follow Us:
Download App:
  • android
  • ios