അതെ, അതൊരു തെറ്റു തിരുത്തലാണ്, അര്‍ജ്ജുനൻ മാഷോട്!
- എം കെ അര്‍ജ്ജുനന്‍റെ പുരസ്കാരം
- വൈകിയ തെറ്റു തിരുത്തല്‍
കൃത്യം അരനൂറ്റാണ്ട് മുമ്പ് 1968ലായിരുന്നു അത്. പി ഭാസ‍്കരന്‍ എഴുതി നീട്ടിയ ആ കടലാസു കഷ്‍ണത്തില്‍ കുറിച്ചിരുന്ന വാക്കുകള്‍ കണ്ട് എം കെ അര്‍ജ്ജുനന്‍ എന്ന മനുഷ്യന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞിരിക്കണം.
ഹൃദയമുരുകി നീ കരയില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം..
കാളിദാസ കലാകേന്ദ്രത്തിന്റെ ഹാര്‍മോണിസ്റ്റായും ഈണക്കാരനുമൊക്കെയായി മുന്നോട്ടുപോകുന്ന കാലം. നാടകകൃത്തും സുഹൃത്തുമായ സി പി ആന്റണിയുടെ നിര്‍ദ്ദേശാനുസരണമായിരുന്നു ആ ദിവസം അര്‍ജ്ജുന്‍ പി ഭാസ്‍കരന്റെ അരികിലെത്തിയത്. കറുത്ത പൗർണ്ണമി എന്ന തന്റെ സിനിമയ്‍ക്ക് സംഗീതം ഒരുക്കാന്‍ തിരക്കഥാകാരനായ ആന്റണിയുടെ മനസില്‍ എം കെ അര്‍ജ്ജുനന്‍ എന്ന പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംവിധായകന്‍ നാരായണന്‍ കുട്ടിക്കും സമ്മതം. എന്നാല്‍ നിര്‍മ്മാതാവിന് ബാബുരാജായിരുന്നു പഥ്യം.
ചിത്രത്തിനു ഗാനങ്ങൾ എഴുതുന്നത് പി ഭാസ്‍കരൻ. ഈണക്കാരനായി ആരു വേണമെന്ന തർക്കം ഒടുവിൽ ഭാസ്‍കരൻ മാഷിനു മുന്നിലെത്തി. താൻ ആദ്യം മൂന്നു പാട്ടുകള്‍ എഴുതിത്തരാം, അതിന് അർജുനൻ ഈണമിട്ട ശേഷം കാര്യങ്ങള്‍ തീരുമാനിക്കാം എന്നായിരുന്നു പി ഭാസ്‍കരന്റെ പക്ഷം. അങ്ങനെയാണ് ആ വരികള്‍ ഉള്‍പ്പെടെയുള്ള മൂന്നു പാട്ടുകളുടെ വരികള്‍ അര്‍ജ്ജുനന്റെ കൈകളില്‍ കിട്ടുന്നത്. തന്റെ 33 വര്‍ഷക്കാലത്തെ ജീവിതത്തിന്റെ കദനഭാരം മാത്രം മതിയായിരുന്നിരിക്കണം അര്‍ജ്ജുനന് ആ വരികള്‍ക്ക് അനായാസേന ഈണമൊരുക്കാന്‍.
ഫോർട്ടു കൊച്ചിക്കാരന്‍ കൊച്ചുകുഞ്ഞിന്റെയും പാര്‍വ്വതിയുടെയും പതിനാലു മക്കളിൽ പതിനാലാമനായി ജനിച്ചതും രണ്ടാം ക്ലാസ്സിൽ പഠനം നിർത്തിയതും ഒടുവില്‍ മരണം അവശേഷിപ്പിച്ച അമ്മയുടെയും മൂന്നു സഹോദരങ്ങളുടെയും വിശപ്പടക്കാൻ വീടുകളിൽ ജോലിക്കു പോയതും ചുമടെടുത്തതും പലഹാരമുണ്ടാക്കി വിറ്റു നടന്നതുമൊക്കെ ഓര്‍ത്തിട്ടുണ്ടാവണം. ബാല്യത്തിൻ മലർവനം കാലം ചുട്ടെരിച്ചെന്ന വരികള്‍ പഴനിയിലെ ആ അനാഥാലയ ജീവിതത്തെ ഓര്‍മ്മിപ്പിച്ചിട്ടുണ്ടാകണം. തരളമധുരമായ പാട്ടുകള്‍ പാടി പഠിപ്പിച്ച നാരായണ സ്വാമിയെന്ന ഗുരുവിനെ ഓര്‍ത്തിരിക്കണം.
Courtesy: Mathrubhumiഎന്തായാലും പി ഭാസ്‍കരന്‍ എഴുതിവച്ചതുപോലെ സങ്കല്‍പത്തിൻ തന്ത്രികൾ മീട്ടി പാട്ടുകൾ കംപോസ് ചെയ്‍തു. ഭാസ്‍കരനെ കേൾപ്പിച്ചു. പക്ഷേ മാഷ് ഒന്നും മിണ്ടുന്നില്ല. പ്രതീക്ഷയോടെ നോക്കി നിന്നു. ഒടുവിൽ നാളെക്കാണാമെന്ന് മറുപടി കിട്ടി. ഹാർമ്മോണിയം തൂക്കി നിരാശയോടെ മടക്കം. നാടകം തന്നെ ശരണമെന്നു കരുതി. പക്ഷേ പിറ്റേന്ന് കാലത്ത് നിർമ്മാതാവ് വിളിച്ചു. നമ്മള്‍ മുന്നോട്ടു പോകുന്നുവെന്നായിരുന്നു അയാളുടെ വാക്ക്. ഭാസ്‍കരന്‍ മാസ്റ്ററുടെ മൗനത്തിന്റെ അര്‍ത്ഥം തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. പിന്നെയങ്ങോട്ട് മലയാള സിനിമകളില്‍ ശുദ്ധ സംഗീതം ചാലിച്ച മെലഡികളുടെ മധുമാസമായിരുന്നു.
മലയാളികളുടെ ഭാവനയുടെ മുറ്റത്ത് ഈണങ്ങളുടെ മഴവില്ലു കൊണ്ട് എം കെ അര്‍ജ്ജുനന്‍ നീളത്തില്‍ ഒരു അഴകെട്ടി. കസ്‍തൂരി മണക്കുന്ന 700 ഓളം സിനിമാ ഗാനങ്ങളും മുന്നൂറിലധികം സിനിമേതര ഗാനങ്ങളും അതില്‍ തൂക്കിയിട്ടു. ശ്രീകുമാരന്‍ തമ്പിയും എം കെ അര്‍ജ്ജുനനും ചേര്‍ന്ന ആ നാളുകള്‍ പാട്ടുകളുടെ പൂക്കാലമായിരുന്നു. ലളിത സുന്ദരങ്ങളായ ആ പാട്ടുകളുടെ മാസ്‍മരികതയില്‍ പാടാത്ത മലയാളി പോലും പാടിത്തുടങ്ങി. സ്വപ്‍നങ്ങളാൽ പ്രേമസ്വർഗ്ഗങ്ങൾ തീർത്തു. ചിന്തകളിൽ രാഗചന്ദ്രിക ചാലിച്ചു.
ജന്മാന്തരങ്ങൾ കഴിഞ്ഞാലും പിരിയാത്ത സംഗീത ബന്ധനത്തില്‍ ഗാനാസ്വാദകര്‍ ലയിച്ചു നിന്നു. തമ്പിക്കൊപ്പം 240 പാട്ടുകള്‍. വയലാറിനൊപ്പം 47ഉം പി ഭാസ്‍കരനൊപ്പം 46 ഉം വീതം. പൂവച്ചല്‍ ഖാദറും ചുനക്കരയും മങ്കൊമ്പുമൊക്കെ അക്ഷരക്കൂട്ടുകളുമായി കൂട്ടിനെത്തിയപ്പോള്‍ യേശുദാസും ജാനകിയമ്മയും മാധുരിയും സുശീലയുമൊക്കെ മലയാളി ഹൃദയങ്ങളിലേക്ക് പാടിക്കയറി.
പക്ഷേ കണ്ണുനീര്‍ മാത്രമായിരുന്നു ഈ പാവം മനുഷ്യന് പലപ്പോഴും ലഭിച്ച പ്രതിഫലം. ദേവരാജൻ മാസ്റ്ററുടെ ഈണങ്ങള്‍ പകര്‍ത്തുകയാണെന്നും മറ്റാരുടെയോ സഹായത്തോടെയാണ് ട്യൂണുകള്‍ ഉണ്ടാക്കുന്നതെന്നുമൊക്കെ ആരോപണം ഉയര്‍ന്നു. ഒടുവില്‍ ഇത് ശരിയാണോ എന്നറിയാൻ ഒരു നിര്‍മ്മാതാവ് തീരുമാനിച്ചു. അര്‍ജ്ജുനന്‍ മസ്റ്ററെ ഒരു റൂമില്‍ ഒറ്റയ്‍ക്ക് താമസിപ്പിച്ചു. ഈണമൊരുക്കുന്നത് നിരീക്ഷിക്കാനായിരുന്നു ഇത്. എന്നാല്‍ ഈ കടുത്ത അപഹാസങ്ങള്‍ക്കിടയിലും അദ്ദേഹത്തിന്റെ പ്രതിഭ ജ്വലിച്ചു നിന്നു. മൗലിക സൃഷ്‍ടികളുമായി ഈണങ്ങളുടെ നക്ഷത്ര കിന്നരന്മാര്‍ ആ വിരല്‍ത്തുമ്പുകളിലേക്ക് വീണ്ടും വീണ്ടും വിരുന്നു വന്നു. ജോളി എബ്രഹാം, സുജാത ഉള്‍പ്പെടെ നിരവധി പുതുമുഖഗായകരെ അരങ്ങിലെത്തിച്ചു. ആ വിരല്‍ത്തുമ്പുകളില്‍ പിടിച്ച് എ ആര്‍ റഹ്‍മാന്‍ എന്ന സംഗീത പ്രതിഭ ലോകത്തിന്റെ നെറുകിലേക്കു നടന്നു കയറി.
എന്നിട്ടും അര്‍ജ്ജുനനിലെ പ്രതിഭയ്‍ക്ക് ഔദ്യോഗിക പുരസ്‍കാരങ്ങളൊക്കെ എന്നും അന്യമായിരുന്നുവെന്നതാണ് മറ്റൊരു കൗതുകം. ആകെ ലഭിച്ചത് 2008ലെ കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്പ് മാത്രം. ഒടുവില്‍ ചരിത്രം ആ പിഴവ് തിരുത്തിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‍കാരം തേടിയെത്തിയിരിക്കുന്നു.
മലയാള സിനിമാ സംഗീതം ഉപകരണങ്ങളുടെയും പകര്‍പ്പെടുക്കലുകളുടെയും ബഹളങ്ങളും കെട്ടുകാഴ്‍ചകളും മാത്രമാകുന്ന കാലത്ത് വൈകിയെങ്കിലും അര്‍ജ്ജുനസംഗീതത്തിന് ലഭിച്ച ഈ പുരസ്‍കാരം ഒരു തെറ്റുതിരുത്തലാണ്. കസ്‍തൂരി മണക്കുന്ന അര്‍ജ്ജുന സംഗീതം മൗലികമാണെന്നു വിശ്വസിക്കാന്‍ തയ്യാറാകാതിരുന്ന ഒരു തലമുറയുടെ തെറ്റു തിരുത്തല്‍.
Info Courtesy: Malayalasangeetham, Kaumudi, Wikipedia, M3db
Image Courtesy: Mathrubhumi