മോഹന്‍ലാലിന്റെയും കമല്‍ഹാസന്റെയും പ്രണയം, നിവിന്റെ പ്രേമവും!
നിരവധി പ്രണയസിനിമകള്‍ നിറഞ്ഞോടിയ നാടാണ് കേരളം. പൂവണിഞ്ഞ പ്രണയവും വിരഹപ്രണയവും മലയാളികള്‍ ഒരുപോലെ ഏറ്റുവാങ്ങി. പ്രണയദിനത്തില്‍ ഇതാ മലയാളത്തിലെ മികച്ച ചില പ്രണയചിത്രങ്ങള്‍..
മഴ നനഞ്ഞെത്തിയ പ്രണയം
മണ്ണാര്‍ത്തുടി ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള പ്രണയം മലയാളിക്ക് ഗൃഹാതുരത്വത്തോടെയല്ലാതെ ഓര്‍ക്കാനാകില്ല. ഒരു മഴച്ചാറ്റലില്‍ കടന്നുവന്ന് ജയകൃഷ്‍ണന്റെ ഉള്ളുകവര്‍ന്ന ക്ലാര. ക്ലാര വരുമ്പോള്‍ എന്നും ഒപ്പം മഴയുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ പ്രണയത്തെ കുറിച്ചോര്‍ക്കുമ്പോള്‍ മഴയുടെ കുളിരും മലയാളി അനുഭവിക്കും.
മോഹന്‍ലാലാണ് ജയകൃഷ്‍ണനായി ഇഷ്ടംകൂടിയത്. ക്ലാരയായത് പ്രണം നിറഞ്ഞുകവിയുന്ന കണ്ണുകളുള്ള സുമലതയും. ആ പ്രണയത്തിന് ചലച്ചിത്രരൂപം സമ്മാനിച്ചത് ഗന്ധര്‍വന്‍ പത്മരാജനും.
നഖക്ഷതമേറ്റ പ്രണയം
രാമുവിന്റേയും ഗൗരിയുടേയും പ്രണയം മറക്കുന്നതെങ്ങനെ? ഗുരുവായൂര്‍ അമ്പലനടയില്‍ വച്ച് പൂവിട്ട അവരുടെ പ്രണയം പവിത്രമായിരുന്നു. ഒരുമിച്ചല്ലാതെ അവര്‍ക്ക് ജീവിതം സാധ്യമല്ലായിരുന്നു. അതുകൊണ്ടാണ് അവര്‍ ഈ ലോകത്ത് നിന്ന് കൈകോര്‍ത്ത് യാത്രയായത്.
അമ്മാവന്റെ ദ്രോഹങ്ങള്‍ സഹിക്കവയ്യാതെയാണ് രാമു നാടുവിടുന്നത്. ഒരു അഭിഭാഷകന്റെ വീട്ടില്‍ സഹായിയായി നില്‍ക്കുന്നു. അവിടെയാണ് ഗൌരിക്കും ജോലി. രാമുവിന്റെ പെരുമാറ്റങ്ങള്‍ ഇഷ്ടപ്പെട്ട അഭിഭാഷകന്‍ അവന്റേയും മകളുടേയും വിവാഹം ഉറപ്പിക്കുന്നു. പക്ഷേ രാമുവിന് ഗൌരിയെ കൈവിടാന്‍ പറ്റില്ലായിരുന്നു. അങ്ങനെയാണ് അവര്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നത്. 1986ല്‍ ഇറങ്ങിയ ഈ ചിത്രം മലയാളിക്ക് ഇന്നും ഒരു നൊമ്പരമാണ്.
എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരനാണ് ഈ ദുരന്ത പ്രണയ കാവ്യം ഒരുക്കിയത്. രാമുവായി വിനീതും ഗൌരിയായി മോനിഷയും ജീവിച്ചു.
കാഞ്ചനയുടെ മൊയ്‍തീന്‍
മുക്കത്തെ കാഞ്ചനമാലയുടേയും മൊയ്‍തീന്റേയും അനശ്വര പ്രണയകഥയാണ് ചിത്രം പറയുന്നത്. മൊയ്‍തീനായി പൃഥ്വിരാജും കാഞ്ചനമാലയായി പാര്‍വതിയും അരങ്ങുതകര്‍ത്തിരിക്കുന്നു.
കാഞ്ചന മൊയ്‍തീനുള്ളതാണ്. മൊയ്‍തീന്റെ വാക്കാണ് അത്. വാക്കാണ് സത്യം - മൊയ്‍തീനായി പൃഥ്വിരാജ് പറയുന്ന ഈ ഡയലോഗ് മലയാളക്കര ഏറ്റെടുത്തിരിക്കുന്നു. കലാമൂല്യത്തില്‍ കാര്യമായ വിട്ടുവീഴ്‍ച ചെയ്യാതെ തന്നെ കച്ചവടവിജയവും ചിത്രം നേടുന്ന കാഴ്‍ചയാണ് തീയേറ്ററുകളില്‍ കാണുന്നത്. വിമല്‍ ആണ് എന്നു നിന്റെ മൊയ്‍തീനും സംവിധാനം ചെയ്‍തിരിക്കുന്നത്. സായ്‍കുമാര്‍, ബാല, ടൊവിനോ തോമസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
അനിയത്തിപ്രാവിന്റെ പ്രേമം!
അവള്‍ ഏട്ടന്‍മാരുടെ അനിയത്തിപ്രാവായിരുന്നു. ഏട്ടന്‍മാരുടെ എല്ലാ ലാളനകളും ഏറ്റുവാങ്ങി വളര്‍ന്നവളാണ് മിനി. പക്ഷേ സുധിയുടെ ഹൃദയം കവര്‍ന്ന ഇണപ്രാവു കൂടിയായിരുന്നു അവള്‍. സുധിയും മിനിയും സുഹൃത്തുക്കളുടെ സഹായത്തോടെ ഒന്നിച്ചുജീവിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ വീട്ടുകാരെ പിണക്കി അധികനാള്‍ കഴിയാനും അവര്‍ക്കാകുന്നില്ല. മിനിയും സുധിയും വേര്‍പിരിയാന്‍ തീരുമാനിക്കുന്നു. ഒടുവില്‍, മിനിയുടേയും സുധിയുടേയും സ്‍നേഹത്തിന്റെ ആഴം തിരിച്ചറിഞ്ഞ വീട്ടുകാര്‍ അവരെ ഒന്നിച്ചുജീവിക്കാന്‍ അനുവദിക്കുന്നു.
അക്കാലത്ത് കാംപസുകളുടെ ഹരമായിരുന്നു ഈ സൂപ്പര്‍ഹിറ്റ് ചിത്രം. മിനിയായി ശാലിനിയും സുധിയായി കുഞ്ചാക്കോ ബോബനുമായിരുന്നു അഭിനയിച്ചത്. ചിത്രം സംവിധാനം ചെയ്‍ത് ഫാസിലും.
ജോര്‍ജ്ജിന്റെ പ്രേമം
യുവാക്കള്‍ ആഘോഷിച്ച ചിത്രമാണ് പ്രേമം. നിവിന്‍ പോളി നായകനായ ചിത്രം തീയേറ്ററില്‍ ഉത്സവമേളം തീര്‍ത്തു. ചിത്രത്തിലെ പാട്ടുകളും വന്‍ ഹിറ്റായി. ജോര്‍ജ്ജ് എന്ന നായകനു ജീവിതത്തിന്റെ വ്യത്യസ്‍ത കാലങ്ങളില്‍ തോന്നിയ പ്രണയമാണ് ചിത്രം പറഞ്ഞത്.
ചിത്രത്തിലെ നായികമാരായ അനുപമക്കും സായ് പല്ലവിക്കും പ്രേമമെന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ വന്‍ സ്വീകാര്യത ലഭിച്ചു. മേരിയെന്ന വിദ്യാര്‍ഥിയോടും മലരെന്ന ടീച്ചറോടും ജോര്‍ജ്ജിനു തോന്നിയ പ്രേമം തീയേറ്ററിലേക്ക് ആളെക്കൂട്ടിയപ്പോള്‍ തന്നെ വിവാദവുമായി. വിദ്യാര്‍ഥികളെ പ്രേമം പോലുള്ള ചിത്രങ്ങള്‍ വഴിതെറ്റിക്കുന്നുവെന്ന് പൊലീസ് മേധാവിയടക്കം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. എന്തായാലും ഈ ചിത്രത്തിലെ വിജയത്തോടെ നിവിന്‍ പോളിയെ സൂപ്പര്‍ സ്റ്റാറായി മലയാള സിനിമാപ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്‍തു.
തുളസി ഇപ്പോഴും കാത്തിരിപ്പുണ്ടോ?
തുളസി ഇപ്പോഴും ഉണ്ണികൃഷ്‍ണനെ കാത്തിരിപ്പുണ്ടോ? കാത്തിരിപ്പുണ്ടായിരിക്കും. അവര്‍ ഒന്നിച്ചിട്ടുണ്ടാകും. അവരുടെ പ്രണയമറിയുന്നവര്‍ക്ക് അങ്ങനെയല്ലാതെ എങ്ങനെ ചിന്തിക്കാനാകും?
വനം ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്‍ണന്‍ ജോലിസ്ഥലത്തുവച്ചാണ് തുളസിയെ പരിചയപ്പെടുന്നത്. ഉണ്ണി തുളസിയുമായി പ്രണയത്തിലാകുന്നു. വിവാഹിതരാകാന്‍ തീരുമാനിക്കുന്നു. ഇക്കാര്യം സുഹൃത്തുക്കളെ അറിയിക്കാന്‍ പോയിവരുന്ന വഴിയില്‍ ഉണ്ണികൃഷ്‍ണന്‍ ആളുമാറി അറസ്റ്റിലാകുകയാണ്. ഈ സമയത്ത് യാദൃശ്ചികമായി ഒരു പൊലീസുകാരന്‍ കൊല്ലപ്പെടാന്‍ ഉണ്ണികൃഷ്‍ണന്‍ കാരണമാകുന്നു. ജീവപര്യന്തം ശിക്ഷയ്‍ക്ക് വിധിക്കപ്പെടുന്നു.
ജയിലിലായ ഉണ്ണികൃഷ്‍ണന്‍, തന്നെ മറക്കാന്‍ തുളസിക്ക് കത്തെഴുതുന്നുണ്ട്. പക്ഷേ ശിക്ഷ അവസാനിക്കുമ്പോള്‍ ഉണ്ണിക്ക് തുളസിയെ കാണാന്‍ ആഗ്രഹം തോന്നന്നു. ജീവിച്ചിരുപ്പുണ്ടെങ്കില്‍ തനിക്ക് വേണ്ടി ദീപം തെളിയിക്കാന്‍ കത്തില്‍ ഉണ്ണികൃഷ്ണന്‍ തുളസിയോട് ആവശ്യപ്പെടുന്നുണ്ട്. ശിക്ഷ കഴിഞ്ഞ് തുളസിയെ തേടി ഉണ്ണികൃഷ്‍ണന്‍ യാത്ര തിരിക്കുകയാണ്. ഒരു മലയടിവാരം നിറയെ നിറചെരാതുകള്‍ പൂത്തു നില്‍ക്കെ ചലച്ചിത്രം വെള്ളിത്തിരയില്‍ പൂര്‍ത്തിയാകുന്നു. ബാലു മഹേന്ദ്രയാണ് യാത്ര എന്ന ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. ജോണ്‍ പോളാണ് കഥയും സംഭാഷണവും എഴുതിയത്. മമ്മൂട്ടിയായിരുന്നു ഉണ്ണികൃഷ്‍ണനെ അവതരിപ്പിച്ചത്. തുളസിയെ ശോഭനയും.
ആഘോഷിച്ച് തീരാത്ത 'പ്രേമോത്സവം'!
സര്‍വകലാവല്ലഭന്‍ കമല്‍ഹാസന്‍ പ്രണയനായകനായി ആടിത്തിമിര്‍ത്ത മലയാള ചിത്രമാണ് മദനോത്സവം. പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയെ പണക്കാരന്‍ പ്രണയിക്കുന്ന കഥയാണ് മദനോത്സവം പറഞ്ഞത്. വീട്ടുകാരുമായി തെറ്റി ഒന്നിച്ചുതാമസിക്കുന്ന കമിതാക്കള്‍. ഒടുവില്‍ അസുഖബാധിതനായി നായിക മരണത്തിനു കീഴടങ്ങുകയാണ്.
ഒരു തലമുറയെ പ്രണയവിവശരാക്കിയ ചിത്രത്തില്‍ നായകനായ രാജുവായാണ് കമല്‍ഹാസന്‍ അഭിനയിച്ചത്. നായിക എലിസബത്ത് ആയി സെറീന വഹാബ് വേഷമിട്ടു. എന്‍ ശങ്കരന്‍ നായരാണ് ചിത്രം സംവിധാനം ചെയ്‍തത്.
ആ മിഴിമുന ആരുടേതാവാം?
ഒരു നറുപുഷ്‍പമായ് എന്‍ നേര്‍ക്കു നീളുന്ന മിഴിമുനയാരുടേതാവാം...? ഈ പാട്ടുമാത്രം മതി മേഘമല്‍ഹാറിലെ പ്രണയത്തീ തിരിച്ചറിയാന്‍. എഴുത്തുകാരിയും ബാല്യകാലസഖിയുമായ നന്ദിതയോടുള്ള രാജീവ് മേനോന്റെ പ്രണയമാണ് മേഘമല്‍ഹാറില്‍ പൂത്തുലയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് മേനോനും നന്ദിതയും കണ്ടുമുട്ടുമ്പോള്‍ ഇരുവരും വിവാഹിതര്‍. പക്ഷേ ഓര്‍മ്മകളില്‍ ഇരുവരുടേയും പ്രണയം തിരിച്ചറിയപ്പെടുന്നു. വിവാഹത്തില്‍ മാത്രമേ പ്രണയം പൂര്‍ണതയിലെത്തൂവെന്ന സങ്കല്‍പ്പത്തിന് എതിരായിരുന്നു അത്. ബാല്യത്തിലെ ചങ്ങാത്തത്തിന്റേയും സംഗീതത്തിന്റേയും എഴുത്തിന്റേയും ഓര്‍മ്മകളുടേയുമൊക്കെ സുഗന്ധമുള്ള പ്രണയമായിരുന്നു അവരുടേത്.
ബിജു മേനോനും സംയുക്തയുമായിരുന്നു രാജീവിനേയും നന്ദിതയേയും അവതരിപ്പിച്ചത്. വെള്ളിത്തിരയില്‍ ജോടികളായിരുന്ന ഇവര്‍ സിനിമയ്ക്കു പിന്നാലെ ജീവിതത്തിലും ഹൃദയങ്ങള്‍ കൈമാറിയെന്നത് യാദൃശ്ചികതയോ പ്രണയസാഫല്യമോ ആയിരിക്കണം.
ഡോ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ കമലായിരുന്നു ഈ പ്രണയ കാവ്യം വെള്ളിത്തിരയിലേക്ക് പകര്‍ത്തിയത്. ഒ എന്‍ വി കുറുപ്പിന്റെ പ്രണയാതുരമായി വരികള്‍ക്ക് രമേഷ് നാരായണന്‍ ഈണം പകര്‍ന്നു.
മുന്തിരിത്തോപ്പുകളില്‍ പൂത്തുതളിര്‍ത്ത പ്രണയം
സോളമനും സോഫിയയും. മുന്തിരിത്തോപ്പുകളില്‍ അവരുടെ പ്രണയം തളിര്‍ത്തു. ഉത്തമഗീതത്തിലെ ഗീതങ്ങളില്‍ അവര്‍ പ്രണയസന്ദേശങ്ങള്‍ കൈമാറി.
"നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്‍തുവോ എന്ന് നോക്കാം. അവിടെവച്ചു ഞാന്‍ നിനക്കെന്റെ പ്രേമം തരും." സോഫിയ സോളമന്റെ പ്രണയം തിരിച്ചറിഞ്ഞു.
പക്ഷേ, കാമുകനെയോര്‍ത്ത് പ്രണയം നിറഞ്ഞൊഴുകുന്ന കാമുകീ ഹൃദയത്തോടെ കഴിയാന്‍പറ്റുന്ന സാഹചര്യമായിരുന്നില്ല സോഫിയക്ക്. വീടിനുള്ളില്‍ അവള്‍ പേടിച്ചരണ്ടായിരുന്നു കഴിഞ്ഞിരുന്നത്. അവള്‍ പേടിച്ചതെന്തോ അത് ഒടുവില്‍ സംഭവിക്കുകയും ചെയ്യുന്നു. രണ്ടാനച്ഛന്‍ സോഫിയയെ പീഡിപ്പിക്കുന്നു.
ഹൃദയം തകര്‍ന്ന് ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കുമ്പോഴാണ് സോഫിയിലേക്ക് സോളമന്റെ പ്രണയം കരുത്തോടെ എത്തുന്നത്. പതിവുനായക സങ്കല്‍പ്പത്തില്‍ വ്യത്യസ്തനായി സോളമന്‍ സോഫിയയെ സ്വീകരിക്കുന്നു. ശരീരം കൊണ്ടായിരുന്നില്ല അവര്‍ പ്രണയിച്ചിരുന്നത്. ഹൃദയം കൊണ്ടായിരുന്നു.
ഈ ധീര പ്രണയകാവ്യത്തിനും ചലച്ചിത്രഭാഷ ചമച്ചത് പി പത്മരാജനായിരുന്നു. കെ.കെ.സുധാകരന്റെ 'നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം' എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു പത്മരാജന്‍ നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചലച്ചിത്രം ഒരുക്കിയത്. സോളമനെ മോഹന്‍ലാലും സോഫിയെ ശാരിയും മികവുറ്റതാക്കി.
തട്ടത്തിന്‍ മറ നീക്കിയെത്തിയ പ്രണയം
"പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ ഞാന്‍ ഐഷയോടൊപ്പം നടന്നു. വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടുവരുന്നൊരു പ്രത്യേകതരം പാതിരാക്കാറ്റുണ്ട്. അതവളുടെ തട്ടത്തിലും മുടിയിലുമൊക്കെ തട്ടിത്തടഞ്ഞു പോകുന്നുണ്ടായിരുന്നു. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് ഓരോ തവണ വരുമ്പോഴും പെണ്ണിന്റെ മൊഞ്ച് കൂടിക്കൂടി വന്നു. അന്ന്, ആ വരാന്തയില്‍ വച്ച് ഞാന്‍ മനസ്സിലുറപ്പിച്ചു. മറ്റൊരുത്തനും ഇവളെ വിട്ടുകൊടുക്കൂലാന്ന്"
പ്രണയം പഴഞ്ചനായെന്ന് മലയാള സിനിമാക്കാര്‍ കരുതിയ കാലത്തായിരുന്നു വിനോദും ആയിഷയും എത്തിയത്. പുത്തന്‍ ആഖ്യാനശൈലിയില്‍ പ്രണയമെന്ന സുന്ദരവികാരം വിനോദിനേയും ആയിഷയേയും തോന്നിപ്പിച്ചത് യുവസംവിധായകന്‍ വിനീത് ശ്രീനിവാസന്‍. തട്ടത്തിന്‍ മറയത്ത് സൂപ്പര്‍ഹിറ്റായത് നായരു ചെക്കന്റേയും ഉമ്മച്ചി പെണ്ണിന്റേയും പ്രണയം മലയാളം ഏറ്റെടുത്തതിനാലായിരുന്നു. നായരുചെക്കനായി എത്തിയ നിവിന്‍ പോളി ഈ ചിത്രത്തിലൂടെ ആരാധകഹൃദയങ്ങളില്‍ ഇടംപിടിച്ചു. പുതുമുഖമായ ഇഷയും ആയിഷയായി ആരാകരുടെ പ്രിയം പിടിച്ചുപറ്റി.
ചിത്രത്തിന്റെ സ്വാധീനമെന്നോണം തട്ടം ഒരു ട്രെന്‍ഡുമായി. പ്രണയലേഖനങ്ങള്‍ ചിലരെങ്കിലും ഈ ചിത്രം കണ്ട് പൊടിതട്ടിയെടുത്തു. കാലം ഉത്തരാധുനികമായതിനാലും ചിലരുടെ പ്രണയലേഖനങ്ങളെങ്കിലും ചിതലുതിന്നുതുടങ്ങിയതിനാലും ചിത്രത്തില്‍ കാല്‍പ്പനികത അതിരുകവിഞ്ഞെന്ന് വിമര്‍ശനമുണ്ടായെങ്കിലും ചിത്രത്തെ മൊത്തത്തില്‍ അത് ബാധിച്ചില്ല.
അന്നയുടെ സ്വന്തം റസൂല്‍
പ്രണയം ഒരിക്കലും പഴഞ്ചനാകുന്നില്ല. ഏതുകാലത്തും പ്രണയം ഒരു നൊമ്പരമാണ്. വിരഹമാകുമ്പോള്‍ പറയുകയും വേണ്ട. അതുകൊണ്ടാണ് ഡിജിറ്റല്‍ കാലത്തും അന്നയും റസൂലും മലയാളി ഉളുളുരുകി കണ്ടത്.
റസൂലിന്റേയും അന്നയുടേയും പ്രണയമായിരുന്നു അന്നയും റസൂലും വെള്ളിത്തിരയില്‍ പകര്‍ത്തിയത്. അന്നയെ സ്വന്തമാക്കുക എന്ന ഒറ്റ സ്വപ്നം മാത്രമായിരുന്നു റസൂലിന്. ആ സ്വപ്നം പൂവണിയുകയും ചെയ്യുന്നു. പക്ഷേ ജീവിതവഴിയിലൊരിടത്ത് റസൂലിന് അന്നയെ നഷ്ടപ്പെടുന്നു. ഒരു ചതിയില്‍ പെട്ട് റസൂല്‍ ജയിലിലാകുകയാണ്. റസൂല്‍ തിരിച്ചെത്തുമ്പോള്‍ അന്ന മരിച്ചിരുന്നു. എങ്ങനെ മലയാളത്തിന്റെ ഉള്ളുനോവാതിരിക്കും?
റസൂല്‍ വെള്ളിത്തിരയിലേക്ക് എത്തിയത് ഫഹദിലൂടെയായിരുന്നു. അന്ന ആന്‍ഡ്രിയിലൂടെയും. ഇരുവരുടേയും അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റി. സന്തോഷ് രവിയുടെ തിരക്കഥയില്‍ രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്തത്.