വികാരതീവ്രം, 'കൂടെ': റിവ്യൂ

  • അഞ്ജലി മേനോന്‍റെ മുന്‍ചിത്രങ്ങളുടെ ഏതെങ്കിലും വിധത്തിലുള്ള പകര്‍പ്പുകള്‍ പ്രതീക്ഷിച്ച് തീയേറ്ററുകളിലേക്ക് പോകരുതെന്നാണ് പ്രേക്ഷകരോട് പറയാനുള്ളത്. 
koode movie review

സംവിധാനം ചെയ്‍ത രണ്ട് സിനിമകളും ഒരു ലഘുചിത്രവും ഒരു തിരക്കഥയും കൊണ്ട് മലയാളസിനിമയില്‍ തന്‍റേതായ ഇടം കണ്ടെത്തിയ ഫിലിംമേക്കറാണ് അഞ്ജലി മേനോന്‍. മഞ്ചാടിക്കുരു അതിന് അനുയോജ്യരായ കാണികളെ കണ്ടെത്തിയ സിനിമയെങ്കില്‍ ബാംഗ്ലൂര്‍ ഡെയ്‍സും അന്‍വര്‍ റഷീദിനുവേണ്ടി തിരക്കഥയൊരുക്കിയ ഉസ്‍താദ് ഹോട്ടലും കഴിഞ്ഞ പത്താണ്ടത്തെ ജനപ്രിയസിനിമകളുടെ പട്ടികയെടുത്താല്‍ അതില്‍ ഉറപ്പായുമുണ്ടാവും. ഈ സംവിധായികയെക്കുറിച്ച് പറയുമ്പോള്‍ ഭൂരിഭാഗം പ്രേക്ഷകരും ഓര്‍ത്തെടുക്കുന്നത് അവസാനം പറഞ്ഞ രണ്ട് സിനിമകളുമാവും. പോപ്പുലാരിറ്റിയില്‍ വന്‍ വിജയം കണ്ട ബാംഗ്ലൂര്‍ ഡെയ്‍സ് പുറത്തിറങ്ങി നാല് വര്‍ഷത്തിന് ശേഷം അഞ്ജലി അടുത്ത സിനിമയുമായി വരുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷാഭാരം ആ പ്രോജക്ടിനുമേല്‍ സ്വാഭാവികമായുണ്ട്. പക്ഷേ സിനിമയുടെ പേസിംഗിലോ കഥാപാത്രങ്ങളുടെ ബിഹേവിയറല്‍ പാറ്റേണിലോ ഒന്നും ബാംഗ്ലൂര്‍ ഡെയ്‍സുമായോ ഉസ്‍താദ് ഹോട്ടലുമായോ എന്തെങ്കിലും സാമ്യം പുലര്‍ത്തുന്ന സിനിമയല്ല കൂടെ. മറിച്ച് പതിഞ്ഞ താളത്തില്‍ അലോഷിയുടെയും (സംവിധായകന്‍ രഞ്ജിത്ത്) ലില്ലിയുടെയും (മാലാ പാര്‍വ്വതി) അവരുടെ മക്കളുടെയും (ജോഷ്വ, ജെന്നി/ പൃഥ്വിരാജ്, നസ്രിയ നസിം) കഥ പറയുകയാണ് അഞ്ജലി. കഥാപാത്രങ്ങളുടെ ആന്തരിക അസ്ഥിത്വത്തിന് പ്രാധാന്യമുള്ള സിനിമയുടെ ഫോക്കസ്, അലോഷിയുടെ മക്കള്‍ തമ്മിലുള്ള, ജോഷ്വയും ജെന്നിയും തമ്മിലുള്ള, ജോഷ്വ ഏറെ വൈകി മാത്രം തിരിച്ചറിയുന്ന ബന്ധത്തിന്‍റെ ഊഷ്‍മളതയിലാണ്.

കുടുംബം നേരിട്ട ഒരു അപ്രതീക്ഷിത പ്രതിസന്ധിയെത്തുടര്‍ന്നുള്ള സാമ്പത്തിക ഞെരുക്കങ്ങളാല്‍ പഠനം പാതിയില്‍ മുറിച്ച് പതിനഞ്ചാം വയസ്സില്‍ ഗള്‍ഫിലേക്ക് പോകേണ്ടിവന്നയാളാണ് ജോഷ്വ. സ്വന്തം തെരഞ്ഞെടുപ്പുകളിലല്ലാത്ത ജീവിതം ജീവിക്കുന്നതിന്‍റെ എല്ലാത്തരം അതൃപ്തിയും അസന്തുഷ്ടിയും പേറുന്ന അയാള്‍ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും തിരിച്ചെത്തുന്നതും ഒരു ദു:ഖവാര്‍ത്ത അറിഞ്ഞിട്ടാണ്. കുടുംബത്തിനുവേണ്ടി ഉഴിഞ്ഞുവച്ചതെന്ന് താന്‍തന്നെ കരുതുന്ന ജീവിതം ഒരു 'കടമ നിറവേറ്റല്‍' മാത്രമായിരുന്നോ എന്ന ചോദ്യമാണ് അയാള്‍ക്ക് അവിടെ നേരിടാനുള്ളത്. സ്വന്തം ജീവിതത്തെ നിര്‍വ്വചിച്ച സാന്നിധ്യമെങ്കിലും അര്‍ഹിക്കുന്ന പരിഗണനകളൊന്നും ഇതുവരെ നല്‍കാതിരുന്ന അനുജത്തിയില്‍ നിന്ന് ബന്ധങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുതന്നെയുമുള്ള ജോഷ്വയുടെ തിരിച്ചറിവുകളിലേക്കും പരിവര്‍ത്തനത്തിലേക്കുമാണ് കൂടെയുടെ സഞ്ചാരം. ചെറിയ സൂചനകള്‍ പോലും സ്പോയ്‍ലര്‍ ആവുമെന്നതിനാല്‍ പ്ലോട്ടിലേക്ക് കൂടുതല്‍ കടക്കുക പ്രയാസകരം.

മഞ്ചാടിക്കുരുവിലും ബാംഗ്ലൂര്‍ ഡെയ്‍സിലും രചന നിര്‍വ്വഹിച്ച ഉസ്‍താദ് ഹോട്ടലിലുമൊക്കെ മനുഷ്യബന്ധങ്ങള്‍ എന്നതുതന്നെയായിരുന്നു അഞ്ജലിയുടെ ഫോക്കസ്. എന്നാല്‍ ആ സിനിമകളുടെ ഉല്ലാസഭരിതമായ മൂഡോ ട്രീറ്റ്മെന്‍റോ അല്ല, മറിച്ച് ബന്ധങ്ങളെക്കുറിച്ച് അല്‍പംകൂടി ഗൗരവപ്പെട്ട ഒരു നോട്ടമയയ്ക്കുകയാണ് അഞ്ജലി ഇവിടെ. അതിനാല്‍ത്തന്നെ സ്ക്രീനിലെത്തുന്ന പ്രധാനപ്പെട്ട കഥാപാത്രങ്ങളുടെയൊക്കെ ജീവിതപശ്ചാത്തലവും ഭൂതകാലവും പ്രേക്ഷകര്‍ക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ നരേഷന്‍റെ അനായാസതയ്ക്ക് ഇതുയര്‍ത്തുന്ന ചില തടസ്സങ്ങളുമുണ്ട്. ജോഷ്വയും ജെന്നിയും അവര്‍ക്കിടയിലുള്ള ബന്ധവുമാണ് ഫോക്കസിലെങ്കിലും ചുറ്റുമുള്ള ഒരുപറ്റം കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം കൊടുത്തിരിക്കുന്നതിനാല്‍ കഥപറച്ചിലിന്‍റെ ഒഴുക്കിന് ഇടയ്ക്കൊക്കെ തടസ്സം നേരിടുന്നുണ്ട്. പ്രധാന പ്ലോട്ടിനെ ചുറ്റിപ്പറ്റിയുള്ള കഥാവികാസത്തിനിടെ സംഭവിക്കുന്ന മറ്റ് കഥാപാത്രങ്ങളുടെ ഈ 'ഇടപെടല്‍' അല്‍പംകൂടി സൂക്ഷ്‍മമായ എഡിറ്റിംഗിലൂടെ പരിഹരിക്കേണ്ടിയിരുന്നുവെന്ന് കാഴ്‍ചാനുഭവം. 

ബാംഗ്ലൂര്‍ ഡെയ്‍സിന് ശേഷമുള്ള അഞ്ജലി മേനോന്‍ ചിത്രം എന്നതിനൊപ്പം റിലീസിന് മുന്‍പേ കാസ്റ്റിംഗ് കൊണ്ടും ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു കൂടെ. വിവാഹത്തിന് ശേഷം നസ്രിയയുടെ തിരിച്ചുവരവ് ചിത്രം, പൃഥ്വിരാജ്-പാര്‍വ്വതി ഹിറ്റ് കോംബോ, സംവിധായകന്‍ രഞ്ജിത്തിന്‍റെ മേക്കോവറോടെയുള്ള മുഴുനീള വേഷം എന്നിവയൊക്കെ താരനിര്‍ണയത്തിലെ പ്രത്യേകതകളായിരുന്നു. അഞ്ജലി പേപ്പറില്‍ എഴുതിവച്ച കഥാപാത്രങ്ങള്‍ ഈ കാസ്റ്റിംഗ് കൊണ്ടുതന്നെ പ്രേക്ഷകരുടെ വിശ്വാസ്യത പിടിച്ചുപറ്റും. നസ്രിയയുടെ ജെന്നിയില്‍ ഊന്നി വികസിക്കുന്ന പ്ലോട്ടാണ് സിനിമയുടേത്. നാല് വര്‍ഷത്തിന് ശേഷം തിരിച്ചുവരവിനായുള്ള മികച്ച തെരഞ്ഞെടുപ്പാണ് നസ്രിയയുടേത്. ബാംഗ്ലൂര്‍ ഡെയ്‍സിലെ ദിവ്യ പ്രകാശിനേക്കാളും, പെര്‍ഫോമന്‍സില്‍ എനര്‍ജി ആവശ്യപ്പെടുന്ന കഥാപാത്രത്തെ നസ്രിയ ഗംഭീരമാക്കിയിട്ടുണ്ട്. സ്വന്തം തെരഞ്ഞെടുപ്പിലല്ലാത്ത ജീവിതം ജീവിക്കുന്നതിന്‍റെ അസന്തുഷ്‍ടി പേറുന്ന പൃഥ്വിയുടെ ജോഷ്വയ്ക്ക് ഭൂതകാലത്തില്‍ നേരിടേണ്ടിവന്ന ചില ചൂഷണങ്ങളെക്കുറിച്ചുള്ള പരോക്ഷസൂചനകളുണ്ട് ചിത്രത്തില്‍. സ്നേഹരാഹിത്യവും ഉള്‍വലിവുമൊക്കെ അനുഭവിക്കുന്ന കഥാപാത്രം, ഇതുവരെ അവതരിപ്പിച്ചിട്ടുള്ളവയില്‍ തീവ്രത കൂടിയതെങ്കിലും പൃഥ്വിരാജിന്‍റെ സേഫ്സോണിലുള്ള കഥാപാത്രമാണ്. ജോഷ്വയുടെ അടക്കിപ്പിടിച്ച ഭാവം പൃഥ്വിയില്‍ ഭദ്രമാണ്. സംവിധായകന്‍ രഞ്ജിത്തിന്‍റേതാണ് മറ്റൊരു മികച്ച കാസ്റ്റിംഗ്. തന്‍റെ യഥാര്‍ഥവ്യക്തിത്വത്തില്‍ നിന്ന് അകന്നുനില്‍ക്കുന്നതെന്ന് രഞ്ജിത്ത് തന്നെ പറഞ്ഞിട്ടുള്ള അലോഷിയില്‍, ചില സീക്വന്‍സുകളിലൊക്കെ ഗംഭീരമായി പെര്‍ഫോം ചെയ്യുന്ന ഒരു നടനെ കാണാം. മൈ സ്റ്റോറിയിലേതിനേക്കാള്‍ സങ്കീര്‍ണതയുള്ള കഥാപാത്രത്തെ (സോഫി) പാര്‍വ്വതിയും ഗംഭീരമാക്കിയിട്ടുണ്ട്. അതുല്‍ കുല്‍ക്കര്‍ണി, മാലാ പാര്‍വ്വതി, പോളി വല്‍സന്‍, റോഷന്‍ മാത്യു, സിദ്ധാര്‍ഥ് മേനോന്‍ തുടങ്ങിയ വലിയ താരനിരയില്‍ ഓരോ കഥാപാത്രത്തിനും ചേരുന്നവരെത്തന്നെയാണ് അഞ്ജലി ഉപയോഗിച്ചിരിക്കുന്നത്.

സൗബിന്‍ ഷാഹിറിന്‍റെ പറവയിലൂടെ പ്രേക്ഷകശ്രദ്ധയിലേക്കെത്തിയ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയാമ്പ് ആണ് കൂടെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. കഥാപാത്രങ്ങളുടെ വൈകാരികഭാരം പ്രേക്ഷകരിലേക്കെത്തിക്കാനെന്നോണം ഇടയ്ക്കിടെ മഞ്ഞും മഴയുമൊക്കെയെത്തുന്ന ഹൈറേഞ്ചിലാണ് അഞ്ജലി സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. മനോഹരമായ ഫ്രെയ്‍മുകളില്‍ മാത്രമൊതുങ്ങാതെയും പശ്ചാത്തലത്തിലേക്ക് പ്രേക്ഷകശ്രദ്ധ തിരിയാതെയുമൊക്കെ കൂടെ ക്യാമറയിലാക്കിയിട്ടുണ്ട് ലിറ്റില്‍. എം.ജയചന്ദ്രനും രഘു ദീക്ഷിത്തും ചേര്‍ന്നൊരുക്കിയ പാട്ടുകളും നരേഷന് ചേര്‍ന്നതുതന്നെ.

അഞ്ജലി മേനോന്‍റെ മുന്‍ചിത്രങ്ങളുടെ ഏതെങ്കിലും വിധത്തിലുള്ള പകര്‍പ്പുകള്‍ പ്രതീക്ഷിച്ച് തീയേറ്ററുകളിലേക്ക് പോകരുതെന്നാണ് പ്രേക്ഷകരോട് പറയാനുള്ളത്. ആന്തരികജീവിതമുള്ള കഥാപാത്രങ്ങള്‍ സ്ക്രീനിലേക്ക് വല്ലപ്പോഴും മാത്രം വരുന്ന കാലത്ത് ജോഷ്വയും ജെന്നിയും അലോഷിയും സോഫിയുമൊക്കെ ആവശ്യപ്പെടുന്നതും മറ്റൊരുതരം സംവേദനമാണ്. നസ്രിയ, പൃഥ്വിരാജ്, പാര്‍വ്വതി, രഞ്ജിത്ത് തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങള്‍ക്കായും കൂടെ കാണാം.

Latest Videos
Follow Us:
Download App:
  • android
  • ios