ഇദ്ദേഹമായിരുന്നു കിരീടത്തില്‍ കീരിക്കാടനാകേണ്ടിയിരുന്ന നടന്‍!
ചിത്രത്തില്‍ കീരിക്കാടന്‍റെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മോഹന്‍ രാജിനെ ആയിരുന്നില്ലെന്ന് കിരീടത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ദിനേഷ് പണിക്കരാണ് വെളുപ്പെടുത്തിയത്. ഒരു സ്വകാര്യചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍.
അക്കഥ ഇതാണ്. നിര്‍മ്മാതാക്കളായ കിരീടം ഉണ്ണിയും ദിനേശ് പണിക്കരും തിരക്കഥാകൃത്ത് ലോഹിതദാസും സംവിധായകന്‍ സിബി മലയിലും ചേര്‍ന്നാണ് കഥ പറയാന്‍ മോഹന്‍ലാലിനെ കാണാന്‍ എത്തിയത്. എന്നാല്‍ തിരക്കഥ പൂര്‍ണമായും വായിച്ച് കേട്ട മോഹന്‍ലാല്‍ വില്ലനാരാണെന്ന ചോദ്യം മാത്രമാണ് തിരികെച്ചോദിച്ചത്.
തെലുങ്ക് സിനിമയില്‍ തിളങ്ങി നിന്ന തെന്നിന്ത്യന്‍ താരം പ്രദീപ് ശക്തിയെയായിരുന്നു സിബി ഉള്‍പ്പെടെയുള്ളവര്‍ കീരിക്കാടനായി മനസ്സില്‍ കണ്ടിരുന്നത്. ഭരതന്‍റെ ചാമരത്തില്‍ ശക്തമായ ഒരു വേഷം അവതരിപ്പിച്ച പ്രദീപ് ശക്തി മലയാളത്തില്‍ സാനിധ്യം അറിയിച്ചിരുന്നു. അക്കാര്യം സംഘം മോഹന്‍ ലാലിനെ അറിയിച്ചു. പ്രദീപ് ശക്തിയുടെ കാര്യത്തില്‍ ലാലിനും എതിരഭിപ്രായം ഉണ്ടായിരുന്നില്ല.
പ്രദീപ് ശക്തിഅങ്ങനെ കിരീടത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പ്രദീപ് ശക്തിയെ സമീപിച്ചു. അദ്ദഹവും സമ്മതിച്ചു. തെലുങ്കിലും തമിഴിലുമൊക്കെ വില്ലനും സ്വഭാവനടനായുമൊക്കെ അദ്ദേഹം തിളങ്ങി നിന്നിരുന്ന സമയമായിരുന്നു അത്. അങ്ങനെ 25000 രൂപ പ്രദീപ് ശക്തിക്ക് അഡ്വാന്‍സായി അയച്ച് കൊടുത്തുവെന്നും ദിനേശ് പണിക്കര്‍ പറയുന്നു.
പക്ഷേ ഷൂട്ടിംഗിന്‍റെ തലേന്നും പ്രദീപ് ശക്തി കിരീടത്തിന്‍റെ ലൊക്കേഷനില്‍ എത്തിയില്ല. ഫോണില്‍ വിളിച്ചപ്പോള്‍ ഫോണെടുത്ത ഭാര്യ അദ്ദേഹം കേരളത്തിലേക്ക് തിരിച്ചതായും എത്തിയില്ലെ എന്നും ചോദിച്ചു. അതോടെ പ്രദീപ് ശക്തി എത്തില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പിച്ചു.ങ്ങനെ കീരിക്കാടനില്ലാതെ ചിത്രം പ്രതിസന്ധിയിലായി നില്‍ക്കുന്നതിനിടയില്‍ അന്ന് സഹസംവിധായകനായിരുന്ന കലാധരനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായിരുന്ന മോഹന്‍ രാജിനെക്കുറിച്ച് പറയുന്നത്. നല്ല ഉയരമുള്ള വ്യക്തി എന്നായിരുന്നു കലാധരന്‍ പറഞ്ഞത്.
മുമ്പ് മൂന്നാംമുറ എന്ന മോഹന്‍ ലാല്‍ ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തിരുന്ന മോഹന്‍രാജിനെ കണ്ടപ്പോള്‍ തന്നെ സിബി മലയില്‍ ഉള്‍പ്പെടെയുള്ളവര്‍ കീരിക്കാടന്‍ ഇതുതന്നെയെന്ന് ഉറപ്പിച്ചു. നല്ല മുടിയുണ്ടായിരുന്ന മോഹന്‍രാജിനെ മൊട്ടയടിപ്പിച്ച് മുഖത്തൊരു മുറിപ്പാടും നല്‍കി കീരിക്കാടന്‍ ജോസാക്കി മാറ്റുകയായിരുന്നു.
അങ്ങനെ എന്തോ അജ്ഞാത കാരണത്താല്‍ പ്രദീപ് ശക്തിക്ക് നഷ്‍ടമായ വേഷം മോഹന്‍ രാജിന്‍റെ ഭാഗ്യകിരീടമായി. മോഹന്‍രാജെന്ന അദ്ദേഹത്തിന്‍റെ യതാര്‍ത്ഥ പേരു പോലും ഇന്നും പലര്‍ക്കും അറിയില്ല. പ്രേക്ഷകര്‍ക്ക് ഇന്നും മോഹന്‍ രാജ് കീരിക്കാടനാണ്; അല്ലെങ്കില്‍ കീരിക്കാടന്‍ ജോസാണ്.
അയ്യര്‍ ദ ഗ്രേറ്റ് ഉള്‍പ്പെടെ ഏതാനും ചില മലയാള ചിത്രങ്ങളില്‍ പിന്നീട് വേഷമിട്ട പ്രദീപ് ശക്തി 2010ലാണ് മരണത്തിനു കീഴടങ്ങിയത്.