കിനാവള്ളി: ചിരിപ്പിച്ചും പേടിപ്പിച്ചും ഒരു ഗംഭീര യാത്ര
പഴയ ബംഗ്ലാവും അവിടെ പ്രേതം ഉണ്ടായിരുന്നുവെന്ന കഥയും പഴയതാന്നെകിലും അവതരണത്തിലെ പുതുമയാണ് കിനാവള്ളിയുടെ സവിശേഷത.
സിനിമാചരിത്രത്തില്‍, പ്രത്യേകിച്ച് മലയാള സിനിമയില്‍ പാലപ്പൂ മണവും വെള്ള സാരിയുമായി എത്തിയ പ്രേതങ്ങള്‍ പേടിപ്പിച്ചും ചിരിപ്പിച്ചുമൊക്കെ കടന്നുപോയിട്ടുണ്ട്. അവര്‍ മനുഷ്യരോട് വര്‍ത്തമാനം പറഞ്ഞും ചിലപ്പോള്‍ പ്രതികാരം ചെയ്തും ആത്മാക്കളായി ഇപ്പോഴും ഇവിടെയൊക്കെ കറങ്ങി നടക്കുന്നുണ്ട്. അതേയിടത്തില്‍ അതില്‍ നിന്നും വ്യത്യസ്തമായൊരു പ്രേതകഥയുമായാണ് സുഗീതിന്റെ കിനാവള്ളി വന്നിരിക്കുന്നത്. പഴയ ബംഗ്ലാവും അവിടെ പ്രേതം ഉണ്ടായിരുന്നുവെന്ന കഥയും പഴയതാന്നെകിലും അവതരണത്തിലെ പുതുമ തന്നെയാണ് കിനാവള്ളിയുടെ സവിശേഷത. സുധീഷ് പയ്യന്നൂര്‍ എഴുതുന്നു..
വിവേക്, ആന്‍ എന്നിവര്‍ വിവാഹിതരായ ശേഷം ഒരു പഴയ ബംഗ്ലാവിലാണ് താമസം. സിനിമ തുടങ്ങുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് ഒരേ വാട്സ് ആപ് വോയിസ് മെസേജ് വരുന്നു. ആ കാഴ്ചയില്‍ തന്നെ അവര്‍ സുഹൃത്തുക്കളാണെന്നും ഇപ്പോള്‍ ജോലിയുടെ ഭാഗമായി വെവ്വേറെ സ്ഥലങ്ങളിലാണെന്നും പറയുന്നു. തുടര്‍ന്ന് ആനിന്റെ ആവശ്യപ്രകാരം വിവേക് അവരുടെ വിവാഹ വാര്‍ഷികത്തിന് സര്‍പ്രൈസ് നല്‍കാന്‍ എല്ലാവരോടും വരാന്‍ പറയുന്നു. ശേഷം ആ ബംഗ്ലാവില്‍ നടക്കുന്ന കഥയാണ് കിനാവള്ളി പറയുന്നത്.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖങ്ങളാണ്. അജ്മല്‍, സുരഭി എന്നിവരാണ് വിവേക്, ആന്‍ എന്നിവരെ അവതരിപ്പിക്കുന്നത്. രണ്ടുപേരുടേതും ഗംഭീര പ്രകടനമാണ്. അവരുടെ അടുത്തേക്ക് നാല് സുഹൃത്തുക്കള്‍ വരുന്നതോടെ കഥ രസകരമായി മുന്നോട്ടുപോകുന്നു. അവതരണം തമാശയില്‍ മുങ്ങി മുന്നോട്ടുപോവുമ്പോള്‍ത്തന്നെ പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള ഹൊറര്‍ രംഗങ്ങളും സിനിമ നല്‍കുന്നുണ്ട്. ഹരീഷ് കണാരന്‍ രണ്ടാം പകുതിയില്‍ ഒരു പ്രധാന കഥാപാത്രമായി വരുന്നു. മികച്ച ക്യാമറാ വര്‍ക്കും സിനിമയ്ക്ക് മാറ്റേകുന്നുണ്ട്. ബംഗ്ലാവും അവിടുത്തെ പരിസരങ്ങളുമൊക്കെ ദുരൂഹത നിറച്ച് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പശ്ചാത്തല സംഗീതവും മികച്ചു നില്‍ക്കുന്നു.
ഓരോ കഥാപാത്രങ്ങള്‍ക്കും വ്യത്യസ്ത സ്വഭാവം ആയതുകൊണ്ടുതന്നെ അവരുടെ പെരുമാറ്റങ്ങളും ചിരിക്കാനുള്ള വക നല്‍കുന്നുണ്ട്. എല്ലാവരെയും പരിചയപ്പെടുത്തിയ ശേഷം കഥയിലേക്ക് കടക്കുമ്പോള്‍ ഇനിയെന്ത് സംഭവിക്കും, ഇതൊക്കെ തോന്നലാണോ, പ്രേതം ഉണ്ടോ എന്നുള്ള ചിന്തകള്‍ക്കിടയില്‍ നമ്മള്‍ ഇതുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത ഒരു ഫ്രഷ് സിനിമാനുഭവം നല്‍കാന്‍ സുഗീതിന് സാധിക്കുന്നുണ്ട്. കൃത്യമായി കാര്യങ്ങളെ അവതരിപ്പിക്കുന്ന തിരക്കഥയും എടുത്തു പറയേണ്ട ഒന്നാണ്. കുടുംബസമേതം ഒരു യാത്ര പോകുമ്പോള്‍ ഉണ്ടാകുന്ന രസങ്ങളെല്ലാം തിയേറ്റര്‍ കാഴ്ചയില്‍ ചിത്രം നല്‍കുന്നുണ്ട്. സുഗീത് അവതരിപ്പിച്ച പുതുമുഖങ്ങളെല്ലാം മികവുറ്റ പ്രകടനം നടത്തുമ്പോള്‍ വരുംകാല സിനിമയില്‍ അവര്‍ സ്ഥാനം ഉറപ്പിക്കും എന്നുതന്നെ പ്രതീക്ഷിക്കുന്നു.