കര്‍വാന്‍- ഒരു അലസയാത്ര
ബോളിവുഡ് എന്ന വലിയ ഇന്‍റസ്ട്രിയില്‍ നിന്നുള്ള, ഹിന്ദി സംസാരിക്കുന്ന കഥാപാത്രം എന്നതൊഴിച്ചാല്‍ ദുല്‍ഖറിന് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമല്ല അവിനാശ് രാജ് പുരോഹിത്.
അടുപ്പമുള്ളതോ ഇല്ലാത്തതോ ആയ ഒരാളുടെ മരണം, മരണവാര്‍ത്തയോ മരിച്ചയാളുടെ ശവശരീരം തന്നെയോ വഹിച്ചുള്ള യാത്ര. മരണം+ യാത്ര എന്നത് പ്രധാന പ്രമേയമായി വരുന്ന പല സിനിമകള്‍ പലകാലത്ത് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. ജോണ്‍ എബ്രഹാമിന്‍റെ അമ്മ അറിയാനും സാംഗ് യാംഗിന്‍റെ ഗെറ്റിംഗ് ഹോമുമൊക്കെ പെട്ടെന്ന് മനസിലേക്ക് വരുന്നവ. ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റം എന്ന നിലയില്‍ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രം കര്‍വാന്‍റെ പ്രമേയവും ഇതുതന്നെ.
ഫോട്ടോഗ്രാഫറാവാനുള്ള ആഗ്രഹം അച്ഛന്‍റെ സമ്മര്‍ദ്ദം മൂലം ഉപേക്ഷിച്ച് ഐടി മേഖലയില്‍ കസ്റ്റമര്‍ റിലേഷന്‍സ് പ്രൊഫഷണലായി ജോലി ചെയ്യേണ്ടിവന്ന ആളാണ് അവിനാശ് രാജ് പുരോഹിത് (ദുല്‍ഖര്‍ സല്‍മാന്‍). അപ്രതീക്ഷിതമായി അയാള്‍ക്കൊരു ഫോണ്‍കോള്‍ വരുന്നു. തീര്‍ഥയാത്രയ്‍ക്ക് പോയ അച്ഛന് അപകടമരണം സംഭവിച്ചുവെന്നറിയിക്കാന്‍ ട്രാവല്‍ ഏജന്‍സിയില്‍ നിന്നുള്ളതാണ് ആ കോള്‍. എന്നാല്‍ കൊറിയര്‍ കമ്പനിയുടെ പിഴവുമൂലം അയാള്‍ക്ക് ലഭിക്കുന്നത് അപകടത്തില്‍ തന്‍റെ അച്ഛനൊപ്പം മരണപ്പെട്ട, ഫോര്‍ട്ട്കൊച്ചി സ്വദേശിയായ ഒരു സ്ത്രീയുടെ മൃതദേഹവും. അച്ഛന്‍റെ മൃതദേഹത്തിനായി, അപരിചിതയായ സ്ത്രീയുടെ മൃതദേഹവുമായി ജോലി ചെയ്യുന്ന ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് മറ്റ് രണ്ടുപേര്‍ക്കൊപ്പം ഒരു വാനില്‍ അവിനാശ് നടത്തുന്ന യാത്രയാണ് കര്‍വാന്‍റെ പ്ലോട്ട്.
ആദ്യ പതിനഞ്ച് മിനിറ്റിനുള്ളില്‍ത്തന്നെ സിനിമയെന്തെന്ന് പ്രേക്ഷകര്‍ മനസിലാക്കിയെടുക്കും, എന്നതാവും കര്‍വാന്‍ ഒരുക്കുമ്പോള്‍ സംവിധായകന്‍ ആകര്‍ഷ് ഖുറാന നേരിട്ട വലിയ വെല്ലുവിളി. ലീനിയര്‍ നരേറ്റീവ് ഉള്ള സിനിമ പ്രധാന ഭാഗമായ യാത്രയിലേക്ക് കടക്കുന്നത്, ആ യാത്രയുടെ കാരണം പറഞ്ഞുതന്നെയാണ്. മരണം+ യാത്ര എന്ന പ്രമേയത്തിന്‍റെ പ്രത്യേകത കൊണ്ട് തുടക്കത്തില്‍ത്തന്നെ എന്താണ് പ്രതീക്ഷിക്കാനുള്ളത് എന്ന ധാരണ സ്വാഭാവികമായും തരുന്നുണ്ട് സിനിമ. ആ ധാരണയെ ഊട്ടിയുറപ്പിക്കുന്നത് തന്നെ ചിത്രത്തിന്‍റെ തുടര്‍ന്നുള്ള ഒന്നേമുക്കാല്‍ മണിക്കൂറും (120 മിനിറ്റാണ് ചിത്രത്തിന്‍റെ ആകെ ദൈര്‍ഘ്യം).
കഥാപാത്ര സംഭാഷണങ്ങളിലൂടെ നേരിട്ടോ അല്ലാതെയോ ദാര്‍ശനികമായി സംസാരിക്കാനുള്ള ത്വര റോഡ് മൂവികള്‍ക്ക് മൊത്തത്തിലുണ്ട്. കര്‍വാന്‍റേതുപോലെ മരണം കൂടെ പ്രമേയമാവുന്ന റോഡ് മൂവികളില്‍ ആവശ്യത്തിലേറെയുണ്ടാവും ആ ദാര്‍ശനികത. അത്തരം ദാര്‍ശനികതയുടെ അമിതഭാരമൊന്നുമില്ലാതെ മുകളില്‍ പറഞ്ഞ ബേസിക് പ്ലോട്ടില്‍, ഒരു ഫീല്‍ ഗുഡ് എന്‍റര്‍ടെയ്‍നര്‍ ഒരുക്കാനാണ് ആകര്‍ഷ് ഖുറാനയുടെ ശ്രമം. എന്നാല്‍ പ്ലോട്ട് പരിചയപ്പെടുത്തിയതിന് ശേഷം കാണിയുടെ സജീവശ്രദ്ധ ആവശ്യപ്പെടുന്ന യാതൊന്നും സമ്മാനിക്കാത്ത, അലസമായ കാഴ്‍ച അനുവദിക്കുന്ന സിനിമയാവുകയാണ് കര്‍വാന്‍.
സിനിമയുടെ പകുതിയിലേറെയും കേരളമാണ്, പ്രധാനമായും കൊച്ചി. എന്നാല്‍ മനോഹരമായ ഫ്രെയ്‍മുകള്‍ക്ക് വേണ്ട പശ്ചാത്തലം എന്നതിനപ്പുറമുള്ള പരിഗണനകളിലൊന്നുമല്ല കേരളം ചിത്രത്തില്‍. ഹിന്ദി സംസാരിക്കുന്ന ഒരു ആഭ്യന്തര ടൂറിസ്റ്റിന്‍റെ കാഴ്‍ചപ്പാടില്‍ എന്നതുപോലെയാണ് ചിത്രത്തില്‍ കേരളം പ്രത്യക്ഷപ്പെടുന്നത്. കേരളത്തിന്‍റെ ദൃശ്യവല്‍ക്കരണത്തിന് സമാനമായാണ്, മൃതദേഹവുമായെത്തുന്ന അവിനാശിനെയും സംഘത്തെയും ഇടവേളയ്ക്ക് ശേഷം അനുഭവപ്പെടുക. അച്ഛന്‍റെ മൃതദേഹം കൈപ്പറ്റാന്‍ എത്തിയതാണെങ്കിലും 'ഗോഡ്‍സ് ഓണ്‍ കണ്‍ട്രി'യില്‍ ചില ഒഴിവുദിനങ്ങള്‍ ചിലവിടാന്‍ എത്തിയതുപോലെ. എന്നാല്‍ ഇത് സംവിധായകന്‍റെ ബോധപൂര്‍വ്വമുള്ള ട്രീറ്റ്മെന്‍റ് ആയും അനുഭവപ്പെടുന്നില്ല. സിനിമയുടെ 'ലൈറ്റ്നെസ്' നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ ഇത്തരമൊരു പ്രമേയത്തില്‍ കടന്നുവരാവുന്ന ബ്ലാക്ക് ഹ്യൂമര്‍ സാധ്യതകള്‍ പോലും സൂക്ഷിച്ച് മാത്രമേ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ ആകര്‍ഷ് ഖുറാന. അപ്രതീക്ഷിതത്വമൊന്നുമില്ലാത്ത, മിക്കവാറും ക്ലീഷേകളിലേക്ക് വീഴുന്ന ആ ബ്ലാക്ക് ഹ്യൂമര്‍ ശ്രമങ്ങള്‍ കാണിക്ക് സമ്മാനിക്കുന്നതും അലസമായ കാഴ്ച തന്നെ.
ബോളിവുഡ് എന്ന വലിയ ഇന്‍റസ്ട്രിയില്‍ നിന്നുള്ള, ഹിന്ദി സംസാരിക്കുന്ന കഥാപാത്രം എന്നതൊഴിച്ചാല്‍ ദുല്‍ഖറിന് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമല്ല അവിനാശ് രാജ് പുരോഹിത്. മലയാളത്തിലും അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള പല കഥാപാത്രങ്ങളുടെ ശ്രേണിയില്‍ വരുന്ന, ദുല്‍ഖറിലെ അഭിനേതാവിന്‍റെ സേഫ് സോണില്‍പ്പെടുന്ന കഥാപാത്രം തന്നെ അവിനാശും. എന്നാല്‍ ബോളിവുഡിലെ തുടക്കമെന്ന പകപ്പൊന്നുമില്ലാതെ അനായാസമായി അവിനാശിനെ അവതരിപ്പിച്ചിട്ടുണ്ട് ദുല്‍ഖര്‍. അപ്രതീക്ഷിത കഥാപാത്രമൊന്നുമല്ലെങ്കിലും ഇര്‍ഫാന്‍ ഖാന്‍ അവതരിപ്പിക്കുന്ന വാന്‍ ഡ്രൈവറാണ് സിനിമയെ മടുപ്പില്‍ വീഴാതെ പലപ്പൊഴും കാക്കുന്നത്. ദുല്‍ഖര്‍-ഇര്‍ഫാന്‍-നായിക മിഥില പല്‍ക്കര്‍ കെമിസ്ട്രി ചിത്രത്തില്‍ നന്നായി വന്നിട്ടുണ്ട്. എന്നാല്‍ ആദ്യ ബോളിവുഡ് ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനൊപ്പം ദുല്‍ഖര്‍ എന്ന തരത്തിലുണ്ടായിരുന്ന പ്രതീക്ഷകള്‍ക്ക് നിരാശ സമ്മാനിക്കുകയാണ് കര്‍വാന്‍.